മലയാളത്തിലെ ആദ്യത്തെ പ്രേത സിനിമയാണോ അതെന്നറിയില്ല, എന്നാൽ ‘ഭാർഗ്ഗവീനിലയം’ എന്ന ചലച്ചിത്രം ഞാൻ ചെറുപ്പത്തിൽ കണ്ട ആദ്യത്തെ പ്രേതസിനിമയാണ്. ഭയന്നു വിറയ്ക്കുന്ന ഇപ്പോഴത്തെ ഹൊറർ സിനിമകൾ പോലെയല്ല, പ്രേതത്തെ അതിമനോഹരമായ ഒരു കവിത പോലെ ആവിഷ്കരിച്ച ഒരു ചിത്രമായി ഇന്നും അത് എന്റെ ഓർമ്മകളിലുണ്ട്. വെള്ള സാരിയും ബ്ലൗസുമണിഞ്ഞ്, പാട്ടുപാടി, ഊഞ്ഞാലിലാടുന്ന ‘ഭാർഗ്ഗവിക്കുട്ടി’ യെക്കണ്ടപ്പോൾ അന്ന് ഒരു ചെറിയ കുട്ടിയായിരുന്നിട്ടും എനിക്ക് പേടി തോന്നിയില്ല. എന്നാലും ‘ഏകാന്തതയുടെ അപാരതീരം’ എന്ന പാട്ടു കേൾക്കുമ്പോൾ നേരിയ ഒരു ഭയം തോന്നിയിരുന്നു .
ഏകാന്തത ഭയപ്പെടുത്തുന്നതാണ് എന്ന് ചിലർ പറയാറുണ്ട്. അമ്പത്തിയേഴു കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം എന്റെ അച്ഛൻ പോയപ്പോൾ ഒറ്റയ്ക്കായി എന്നൊരു തോന്നൽ എന്റെ അമ്മയ്ക്കുണ്ടായി. ‘‘വഴക്കിടാനാണെങ്കിലും ഒരു ആളില്ലാതെ പോയല്ലോ. ഒരാൾ പോകുമ്പോൾ നഷ്ടമാകുന്നത് അതാണ് ഒരു കൂട്ട്! ’’ അമ്മ പാതി ഗൗരവത്തിലും പാതി ചിരിച്ചു കൊണ്ടും പറഞ്ഞു. അമ്മയുടെ ഏകാന്തത മാറ്റാൻ ഞാൻ കുറേക്കാലം അമ്മയുടെ കൂടെ നിൽക്കുകയും ചെയ്തു.
റോസിയും ഇത് തന്നെ പറഞ്ഞു. ‘‘പങ്കാളി മരിച്ചാൽ പിന്നെ തനിച്ചാണ്. മക്കൾ അകലെയല്ലേ? ഏകാന്തത അസഹനീയം.’’
‘‘കല്യാണം കഴിഞ്ഞു വരുമ്പോൾ വീട് നിറയെ ആളുണ്ടായിരുന്നു. ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹ സമൃദ്ധി. വയസ്സായവർ ഓരോരുത്തരായി യാത്രയായി. മറ്റുള്ളവർ വീട് വച്ച് മാറിപ്പോയി. ഇപ്പോൾ ഈ വലിയ വീട്ടിൽ തനിയെ. എന്തൊരു ഏകാന്തത. എനിക്കിതു താങ്ങാൻ വയ്യ.’’ സുമതിക്കുട്ടിയുടെ അനുഭവം.
പക്ഷേ ലളിത തിരിച്ചാണ് പറഞ്ഞത് .
‘‘അവിടെ ഫ്ലാറ്റിൽ ആരുണ്ട് കൂടെ?’’ എന്ന എന്റെ ചോദ്യത്തിന് അവർ മറുപടി പറഞ്ഞു.
‘‘പുള്ളിക്കാരൻ മരിച്ചു പോയ ആ സമയത്ത് തന്നെ ഞാൻ തീരുമാനിച്ചു. ആരും കൂട്ട് വേണ്ട. അങ്ങനെ ആരെയെങ്കിലും വിളിച്ചു നിർത്തിയാൽ പിന്നെ അത് ശീലമാകും. പിന്നെ ആളില്ലാതെ പറ്റില്ലെന്നാകും.’’
ലളിതയുടെ മക്കൾ വിദേശത്താണ്. നാട്ടിൽ വരുന്നത് അപൂർവം. ഫോൺ വിളികളിൽ ഒതുങ്ങുന്ന സുഖാന്വേഷണം. പിന്നെ അവർ സമ്പന്നയാണ്. മക്കൾ കൊടുത്തിട്ടു വേണ്ട കഴിയാൻ. അങ്ങനെയും ഒരു ബാധ്യതയില്ല. ‘‘സുഖം സ്വസ്ഥം. ഈ ഏകാന്തത എനിക്ക് ശീലമായി’’ എന്നാണവർ പറഞ്ഞത്.
ഭർത്താവ് ഉപേക്ഷിച്ചു ജീവിതത്തിൽ തനിച്ചായപ്പോൾ വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു എന്നാണ് നവനീത പറഞ്ഞത്. പക്ഷേ മക്കൾ അവളുടെ ഏകാന്തത മാത്രമല്ല ദുഃഖവും തുടച്ചു മാറ്റി.
ഇങ്ങനെ ഏകാന്തത ഇഷ്ടമുള്ള പലരുമുണ്ട്.
ഒരു ജീവിതകാലത്തിലെ മുഴുവൻ പ്രാരാബ്ധങ്ങൾക്കും ചുമതലകൾക്കും അദ്ധ്വാനത്തിനും ശേഷമുള്ള വിശ്രമം. അത് തനിച്ചായാലെന്താ എന്ന് ശാന്തമ്മ ചോദിക്കുന്നു.
‘‘പ്രത്യേക സ്വഭാവ രീതികളും ചിട്ടകളും നിഷ്ഠകളുമാണ് എന്റേത്. മക്കളുമായും മരുമക്കളുമായും പൊരുത്തപ്പെട്ടു പോകാൻ പ്രയാസമാണ്. ആരോഗ്യമുള്ളിടത്തോളം എന്റെ വീട്ടിൽ, എന്റെ ഇഷ്ടത്തിനു ജീവിക്കട്ടെ’’ എന്ന് പറയുന്നു റിട്ടയേർഡ് അധ്യാപകനായ രാമചന്ദ്രൻ സർ. ഏകനാണ് എന്ന തോന്നൽ അദ്ദേഹത്തിനുണ്ടായിരുന്നില്ല .
‘‘മക്കൾക്ക് ഭാരമാകേണ്ട, മക്കൾ നമുക്ക് ശല്യവുമാകേണ്ട. എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാം. പിന്നെ വയ്യാതാകുമ്പോൾ, അത് അന്നല്ലേ, അന്ന് കണ്ടതുപോലെ’’ എന്നാണ് മറിയാമ്മ ചേച്ചി പറയുന്നത് .
പക്ഷേ ഇതൊന്നും ചിലപ്പോൾ മക്കൾ സമ്മതിച്ചു തരില്ല. ഏകാന്തതയ്ക്ക് അതിന്റേതായ റിസ്ക് ഉണ്ട്. വിദേശത്തു അവർക്ക് സമാധാനമായി കഴിയണ്ടേ? ഇവിടെ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നോർത്ത്, നല്ല ജോലിയുണ്ടെങ്കിലും ധാരാളം പണമുണ്ടെങ്കിലും പുതിയ വീട് വാങ്ങിയാലുമൊന്നും അവർക്ക് മനഃസുഖം ലഭിക്കില്ല. എന്നാണവരുടെ പരാതി. പോംവഴി അവർ തന്നെ കണ്ടു പിടിക്കും. മാതാപിതാക്കളെ വൃദ്ധ സദനത്തിലാക്കി അവർ പോകും .
വൃദ്ധസദനത്തിലെ എന്റെ കൂട്ടുകാരാണ് ലീലാമ്മ ചേച്ചിയും അരുണ ചേച്ചിയും. അവർ പറയുന്നതിങ്ങനെ .
‘‘കുറ്റം പറയാനാവില്ല. കഥകളിലും സിനിമയിലും ഒക്കെ കാണുന്നപോലെ ക്രൂരതയൊന്നുമില്ല. അവധിക്കു വരുമ്പോൾ മക്കൾ വന്നു കൂട്ടിക്കൊണ്ടു പോകും. അവർ തിരിച്ചുപോകും വരെ അവരോടൊത്ത് സുഖമായി സന്തോഷമായി കഴിയും. പിന്നെ തിരിച്ചു കൊണ്ടാക്കും.’’
അവർക്കു രണ്ടാൾക്കും അവിടെ സിംഗിൾ റൂം ഉണ്ട്. അതിനകത്ത് ഫ്രിഡ്ജ്, ടി വി, അലമാര ഒക്കെയുണ്ട്. രണ്ടു പേരും അവിടെ ഹാപ്പിയാണ്. അത് ഇടയ്ക്ക് അവരെ സന്ദർശിക്കുമ്പോൾ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്ര നല്ലൊരു വൃദ്ധ സദനം ഞാൻ കണ്ടിട്ടും കേട്ടിട്ടുമില്ല. ഏകാന്തത വേണമെങ്കിൽ മുറിക്കുള്ളിൽ അതാവാം. കൂട്ട് കൂടണമെങ്കിൽ അതുമാവാം. ബഹളങ്ങളില്ലാത്ത ശാന്തമായ ഒരിടം.
ഏകാന്തത ആസ്വദിക്കുന്ന ഒരാളാണ് ഞാനും. എപ്പോഴുമല്ല. ഇടയ്ക്കൊക്കെ. എല്ലാ തിരക്കുകളിൽ നിന്നുമൊഴിഞ്ഞ് ഏകാന്തതയുടെ സ്വപ്ന തീരങ്ങളിൽ എന്റേതായ ഒരിടം. അങ്ങനെ എന്റെ വീട്ടിൽ തനിയെ ഞാൻ കുറേക്കാലം താമസിച്ചിട്ടുണ്ട്. അന്ന് ആ ഏകാന്തവാസം എന്നെ വിഷമിപ്പിച്ചിരുന്നില്ല. ഭയവും ടെൻഷനും ഉത്കണ്ഠയുമില്ലാത്ത മനസ്സാണ് നമ്മുടേതെങ്കിൽ ഏകാന്തത ചിലപ്പോഴൊക്കെ നല്ലതാണ്.
English Summary: Web Column Kadhaillayimakal on loneliness