കാലം വരുത്തുന്ന മാറ്റങ്ങൾ

comparison-portrait-beautiful-woman-problem-clean
Representative Image. Photo Credit : Master1305 / Shutterstock.com
SHARE

കാലം കഴിയുമ്പോൾ നഗരങ്ങളും ഗ്രാമങ്ങളും രൂപം മാറും. മരങ്ങളും മതിലുകളും മാറും. കടൽ കരയാകും, കര പിന്നെ കടലാകും. ഇലകൾ കൊഴിയും, പൂക്കൾ വിടരും വാടിവീഴും. പഴയ മനുഷ്യർ മൺ മറയും. പകരം പുതിയവർ വരും. ധനികൻ ദരിദ്രനാകും പാവപ്പെട്ടവൻ  പണക്കാരനാകും. മാറ്റം ജീവിതത്തിന്റെ അനിവാര്യതയാണ്.

അതൊക്കെ വലിയ വലിയ കാര്യങ്ങൾ. കൊച്ചു കൊച്ചുകാര്യങ്ങളെപ്പറ്റി ചിന്തിച്ചാലോ. മനുഷ്യരിൽ വരുന്ന മാറ്റങ്ങൾ നമ്മളെ അമ്പരപ്പിക്കും. രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും മാത്രമല്ല മാറ്റങ്ങൾ. ജീവിതം തന്നെ മാറി മറിഞ്ഞു പോകും ചിലപ്പോൾ. ശൈശവം, ബാല്യം, കൗമാരം,യൗവ്വനം, വാർദ്ധക്യം ഇങ്ങനെ ദശകളിലൂടെ കടന്നു പോകുന്നു മനുഷ്യജന്മം. ഒരു ചെറിയ കുഞ്ഞായി പിറക്കുന്ന മനുഷ്യൻ ഈ ഘട്ടങ്ങളിലൂടെ എല്ലാം കടന്ന് ജീവിത സായാഹ്നത്തിലെത്തുന്നത് ഞൊടിയിട കൊണ്ടാണെന്നു തോന്നിപ്പോകും. കാലം കഴിഞ്ഞു പോകുന്നത് നമ്മൾ അറിയുകയില്ല. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.

അതല്ലേ കവി പാടിയത്, ‘കാലം മാറി വരും, കാറ്റിൻ ഗതി മാറും’ എന്ന്.

അതേ വസന്തവും വേനലും വർഷവും വരും പോകും പിന്നെയും വരും. സൂര്യനും ചന്ദ്രനും ഭൂമിയും സൗരയൂഥവുമൊക്കെ മാറുന്നുണ്ട്. നമ്മൾ അതറിയുന്നില്ല എന്നേയുള്ളു. 

മനുഷ്യ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമാണ് ബാല്യം എന്ന് പറയപ്പെടുന്നു. (എല്ലാവർക്കും ഇങ്ങനെ ആവണമെന്നില്ല. ദുഃഖവും ദുരിതവും അനുഭവിക്കുന്ന ബാല്യങ്ങളുണ്ടാവും. വെറും സാധാരണ മനുഷ്യരെപ്പറ്റി പൊതുവായി പറയുകയാണിവിടെ.)

ജീവിതത്തിലെ വസന്തത്തിന്റെ ആരംഭമാണ് കൗമാരം. യൗവ്വനം അതിന്റെ ക്‌ളൈമാക്സും. (ഇവിടെയും അപവാദങ്ങൾ ഉണ്ടാവും. അതും വിടുന്നു.) ജീവിതത്തിന്റെ അവസാന അദ്ധ്യായമാണ് വാർദ്ധക്യം. യാതനകളുടെ കാലം (സംതൃപ്തമായ ജീവിതം നയിച്ച് സമാധാനപരമായ വാർദ്ധക്യവും കടന്ന് പോകുന്നവരുമുണ്ട് )

‘‘വാർദ്ധക്യം ഒരു കഷ്ടം തന്നെയാണ്.’’ ഈയിടെ ഒരു കൂട്ടുകാരി പറഞ്ഞു ‘‘വിട്ടുമാറാത്ത രോഗങ്ങൾ, തളർച്ചകൾ, വയ്യായ്കകൾ. എന്തിനിങ്ങനെ?’’ അവൾ ചോദിക്കുന്നു. അവൾക്കു നൂറായിരം അസുഖങ്ങളാണ്. പാവം. അപ്പോൾ ഞാൻ വർഷങ്ങൾക്ക് മുൻപ് ഡോക്ടർ രാജൻപറഞ്ഞതോർത്തു. ‘‘മനുഷ്യന്റെ ജീവിതം അവസാനിക്കണമല്ലോ. എന്നുമിങ്ങനെ ഭൂമിയിൽ കഴിയാനാവുമോ? മരിക്കാൻ ഒരു കാരണം വേണ്ടേ? അത് കൊണ്ടാണ് വാർദ്ധക്യവും തുടർന്ന് രോഗങ്ങളുമെത്തുന്നത്’’

(ചെറുപ്പത്തിലും ചില ജീവിതങ്ങൾ അവസാനിക്കാറില്ലേ? അത് വിധി എന്ന് സമാധാനിക്കാം.)

അതി സുന്ദരിയല്ലെങ്കിലും സുന്ദരി തന്നെ എന്നഭിമാനിച്ചിരുന്നു ഞാനും ചെറുപ്പത്തിൽ. രണ്ടു തവണ വന്ന കാൻസർ രോഗം, പിന്നീട് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന നിർഭാഗ്യങ്ങൾ, തീവ്രമായ ദുഃഖങ്ങൾ ഇതെല്ലം ചേർന്ന് വയസ്സാകും മുന്നേ തന്നെ എന്റെ രൂപം മാറ്റിയിരുന്നു. പിന്നെ മെല്ലെ മെല്ലെ കടന്നു വന്ന വാർദ്ധക്യവും.

‘‘എന്തിനാണ് വയസ്സാകുന്നത് ? എന്നും ചെറുപ്പമായി തന്നെ ഇരുന്നു കൂടെ? ആയുസ്സു തീരുമ്പോൾ അങ്ങ് മരിച്ചാൽ പോരെ? കാലം യുവത്വവും സൗന്ദര്യവും ആരോഗ്യവും തല്ലി കൊഴിക്കുന്നതെന്തിന്?’’ എന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ ജെറാർഡ് എന്ന സുഹൃത്ത് മറുപടി നൽകി .

‘‘അങ്ങനെ അഴകോടെ ആരോഗ്യത്തോടെ ജീവിച്ചാൽ ഭൂമി വിട്ടു പോകാൻ തോന്നുകയില്ല. ജീവിതം മടുത്ത്, രോഗങ്ങളും ഒറ്റപ്പെടലും വാർദ്ധക്യവും അലട്ടി ഒടുവിൽ മരണം വരുമ്പോൾ പോകാൻ വൈമനസ്യമുണ്ടാവില്ല’’ (ഓർമയിൽ നിന്ന് എഴുതിയതാണ്. ഇതേ വാക്കുകളായിരുന്നില്ല ജെറാർഡ് പറഞ്ഞത്. പക്ഷേ ആശയം ഇത് തന്നെ)

കാര്യം ശരിയാണ്. എന്നാലും എൺപതു വയസ്സുവരെ ആളുകൾ  ജരാനരകൾ ബാധിക്കാതെ അരോഗ്യദൃഢഗാത്രരായി ജീവിച്ചു മരിച്ചാൽ അത് നല്ലതല്ലേ എന്ന് തന്നെ എനിക്കപ്പോഴും തോന്നി. ആരെയും മയക്കുന്ന മുഖവും ലോക സുന്ദരിമാരുടെ മെയ്യളവുകളുമുള്ള ഒരുവൾ തടിച്ചു വീർത്ത് വീപ്പക്കുറ്റിയായി, അല്ലെങ്കിൽ പല്ലും മുടിയും കൊഴിഞ്ഞ് എല്ലും തോലുമായി വിരൂപയാകുന്നതെന്തിന്? സിക്സ് പായ്ക്കും ആറടി ഉയരവും പൗരുഷമുള്ള മുഖശ്രീയുമുള്ള ഒരുവൻ കുടവയറും കഷണ്ടിയുമായി ഒരു മദ്ധ്യവയസ്കനും പിന്നെ അതിലും മോശമായ ഒരു വൃദ്ധനും ആകുന്നത് എന്തൊരു കഷ്ടമാണ് .(പിന്നെ യുവത്വവും തേജസ്സും കുറച്ചു  കാലത്തേയ്ക്കുള്ളതാണെന്നും എല്ലാം കാലം കവർന്നെടുക്കുമെന്നും ആണല്ലോ  ജീവിതഗതി .)

പേരക്കുട്ടിയുടെ വിവാഹത്തിന് എന്നെ ക്ഷണിച്ചു കൊണ്ട് മഹിമ പറഞ്ഞു . ‘‘അവളെ കാണാൻ വന്നതും ഫ്ലാനലിൽ പൊതിഞ്ഞ് അവളെ വാരിയെടുത്തതും ഓർക്കുന്നോ ദേവിച്ചേച്ചി? അവൾ വലിയ പെണ്ണായി. ജോലിയായി. കല്യാണമായി.’’

‘‘അതങ്ങനെയാണ്. പരിണാമചക്രം. അത് തിരിഞ്ഞു കൊണ്ടേയിരിക്കും. നമ്മളുമൊക്കെ ശിശുക്കളായിരുന്നില്ലേ? പിന്നെ വളർന്നു. അമ്മയായി , അമ്മുമ്മയായി... ഇനി ഇനി’’ ഞാൻ പറഞ്ഞു 

അതുകേട്ടു നിന്ന രവി പറഞ്ഞു .

‘‘ഇതാ ഞാനും അച്ഛനായി അപ്പുപ്പനായി. നരച്ച്  കൊരച്ച്  മുത്തശ്ശനാകാനായി’’

‘‘എല്ലാവരും അങ്ങനെ തന്നെയല്ലേ ..ദേവിച്ചേച്ചിയേയും എന്നെയും ഒക്കെ നോക്കൂ ..’’ മഹിമ പറഞ്ഞു .

‘‘once beautiful, always beautiful എന്നാരോ പറഞ്ഞിട്ടില്ലേ? കുറഞ്ഞപക്ഷം മനസ്സിലെങ്കിലും’’ രവി ആശ്വസിപ്പിച്ചു .

ഇപ്പോൾ ഞാൻ പഴയ ഒരു കഥ ഓർക്കുന്നു. കോട്ടയത്ത് എനിക്ക് സ്വന്തം വീട് പോലെ അടുപ്പമുള്ള ഒരു ജ്യോതി ജ്വല്ലറിയുണ്ട്. വർഷങ്ങൾ ഞാൻ അവിടത്തെ സ്ഥിരം സന്ദർശകയായിരുന്നു. ചെറിയ വരുമാനം മാത്രമുണ്ടായിരുന്ന ഒരമ്മയായതു കൊണ്ട് കുറേശ്ശേ കുറേശ്ശേ ആഭരണങ്ങൾ ഞാൻ മകൾക്കായി വാങ്ങി വയ്ക്കുന്നുണ്ടായിരുന്നു, മകളുടെ വിവാഹം വരെ. കല്യാണ സമയമായപ്പോൾ മകൾക്ക് ഒഡ്യാണം (ബെൽറ്റ്) പണിയാനായി പാറ്റേൺ ഒക്കെ കൊടുത്തു കഴിഞ്ഞപ്പോൾ ബാബു (കടയുടമ) ചോദിച്ചു ‘എത്ര നീളം വേണം?’  ഞാൻ അയാളുടെ കയ്യിൽ നിന്ന് ടേപ്പ് വാങ്ങി. സാരിയുടെ മീതെ കൂടി എന്റെ ഇടുപ്പിൽ ചുറ്റി അളവെടുത്തു. ‘‘നിങ്ങളുടെയല്ല, കുട്ടിയുടെ അളവാണ് വേണ്ടത്.’’ ബാബു കളിയാക്കി .

‘‘അതേന്നെ... ഇത് മതി. ഇരുപത്താറ് ഇഞ്ച്. ഇരുപത്തെട്ട് ഇട്ടോളൂ. കുറഞ്ഞു പോകണ്ട. പിറകിൽ വർണച്ചരട് വേണം കെട്ടാൻ.’’ ഞാൻ പറഞ്ഞു.

ബാബുവിന്റെയും സഹായി സണ്ണിയുടെയും അന്നേരത്തെ മുഖഭാവം ഞാനിന്നും മറന്നിട്ടില്ല. ഇത്രയും ഓർത്തപ്പോൾ ഞാൻ ആ സുഹൃത്തിനെ ഒന്ന് ഫോണിൽ വിളിച്ചു. കുശലങ്ങൾ പറഞ്ഞശേഷം ഞാൻ പറഞ്ഞു.

‘‘മെലിഞ്ഞു നീണ്ട ആ  പഴയ ദേവിയൊന്നുമല്ല ഞാനിപ്പോൾ.. കോലം കെട്ടു. വയസ്സായി’’

‘‘ഏയ് എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത്. അത് കാലം വരുത്തുന്ന മാറ്റങ്ങളല്ലേ ? അതിൽ വിഷമിക്കാനൊന്നുമില്ല.’’

വാർദ്ധക്യം ബാധിക്കുന്നതിനെപ്പറ്റി ഇത്രയും പോസിറ്റീവായ ഒരു കമന്റ് അതിനു മുൻപ് ഞാൻ കേട്ടിട്ടില്ല.

English Summary: Web Column Kadhaillayimakal on Overview of ageing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.