ജോലി രാജി വയ്ക്കുന്നത് മാത്രമാണോ ഒരു ‘വച്ചൊഴിയൽ’ !
‘‘ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ രാജി വച്ചിട്ടുണ്ടോ?...’’ ചോദ്യം ഒരു സുഹൃത്തിന്റേതാണ്. എന്നോട് മാത്രമല്ല എല്ലാ പരിചയക്കാരോടുമുള്ള ഒരു ചോദ്യമായിരുന്നു അത്. ഒരിക്കൽ രാജി വച്ചപ്പോഴുണ്ടായ തീവ്രമായ അനുഭവങ്ങൾ ആർദ്രമായ ഒരു കുറിപ്പിൽ അയാൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആ വാക്കുകൾ ഒരു ഇളംകാറ്റായി എന്നെ
‘‘ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ രാജി വച്ചിട്ടുണ്ടോ?...’’ ചോദ്യം ഒരു സുഹൃത്തിന്റേതാണ്. എന്നോട് മാത്രമല്ല എല്ലാ പരിചയക്കാരോടുമുള്ള ഒരു ചോദ്യമായിരുന്നു അത്. ഒരിക്കൽ രാജി വച്ചപ്പോഴുണ്ടായ തീവ്രമായ അനുഭവങ്ങൾ ആർദ്രമായ ഒരു കുറിപ്പിൽ അയാൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആ വാക്കുകൾ ഒരു ഇളംകാറ്റായി എന്നെ
‘‘ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ രാജി വച്ചിട്ടുണ്ടോ?...’’ ചോദ്യം ഒരു സുഹൃത്തിന്റേതാണ്. എന്നോട് മാത്രമല്ല എല്ലാ പരിചയക്കാരോടുമുള്ള ഒരു ചോദ്യമായിരുന്നു അത്. ഒരിക്കൽ രാജി വച്ചപ്പോഴുണ്ടായ തീവ്രമായ അനുഭവങ്ങൾ ആർദ്രമായ ഒരു കുറിപ്പിൽ അയാൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആ വാക്കുകൾ ഒരു ഇളംകാറ്റായി എന്നെ
‘‘ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ രാജി വച്ചിട്ടുണ്ടോ?...’’ ചോദ്യം ഒരു സുഹൃത്തിന്റേതാണ്. എന്നോട് മാത്രമല്ല എല്ലാ പരിചയക്കാരോടുമുള്ള ഒരു ചോദ്യമായിരുന്നു അത്. ഒരിക്കൽ രാജി വച്ചപ്പോഴുണ്ടായ തീവ്രമായ അനുഭവങ്ങൾ ആർദ്രമായ ഒരു കുറിപ്പിൽ അയാൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആ വാക്കുകൾ ഒരു ഇളംകാറ്റായി എന്നെ വഹിച്ചുകൊണ്ടു പോയി ; സമാനമെങ്കിലും അല്പം വ്യത്യസ്തമായ ചില അനുഭവങ്ങളെക്കുറിച്ചുള്ള ഓർമകളിലൂടെ.
ചോദ്യം എന്നോടു തന്നെ ഞാൻ ആവർത്തിച്ചു. അങ്ങനെയെങ്കിൽ ജീവിതത്തിൽ ഒരു തവണയല്ലല്ലോ ഞാൻ രാജി വച്ചിട്ടുള്ളത്. ഉദ്യോഗം രാജി വയ്ക്കുന്നത് മാത്രമാണോ ഒരു ‘വച്ചൊഴിയൽ’. അല്ല. ജീവിതയാത്രയ്ക്കിടയിൽ പലപ്പോഴും പലയിടത്തു നിന്നും നമ്മൾ നിരുപാധികം രാജി വച്ചു പോകേണ്ടിവരും. ഔദ്യോഗിക ജീവിതത്തിൽ നിന്ന് രാജി വച്ചതിനെ തുടർന്നുണ്ടായ നീറ്റുന്ന അനുഭവങ്ങൾ എനിക്ക് ഒരു യുദ്ധത്തിൽ ക്രൂരമായ ആയുധങ്ങൾ കൊണ്ടേറ്റ ഉണങ്ങാത്ത മുറിവുകൾ തന്നെയായിരുന്നു. നിസ്സഹായയായ ഞാൻ തോറ്റു.
അച്ഛനും അമ്മയും സർക്കാരുദ്യോഗസ്ഥരായിരുന്നതു കൊണ്ട് അതിന്റെ സുഖത്തിലും സുരക്ഷിതത്വത്തിലുമാണ് ഞാനും സഹോദരങ്ങളും വളർന്നത്. അച്ഛൻ കേരള ഗവൺമെന്റിന്റെ സ്റ്റേഷനറി ഡിപ്പാർട്മെന്റിൽ ക്ലാർക്ക് ആയിട്ടാണ് ഉദ്യോഗത്തിൽ പ്രവേശിച്ചത്. പക്ഷേ അവിടെനിന്ന് പടിപടിയായി ഉയർന്ന് കൺട്രോളർ ഓഫ് സ്റ്റേഷനറി, എന്ന ഡിപ്പാർട്മെന്റ് മേധാവിയുടെ പദവിയിൽ നിന്നാണ് അച്ഛൻ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്. അമ്മയാകട്ടെ സെക്രട്ടേറിയറ്റ് ലോ ഡിപ്പാർട്മെന്റിൽ ലീഗൽ അസിസ്റ്റന്റ് ആയി ചേർന്നു. അഡീഷനൽ ലോ സെക്രട്ടറി എന്ന ഉന്നത സ്ഥാനത്തെത്തിയിട്ടാണ് അമ്മയും റിട്ടയർ ചെയ്തത്. അങ്ങനെ ബ്യൂറോക്രസിയുടെ സുഖസൗകര്യങ്ങൾ ഞങ്ങൾക്ക് ഏറെ ലഭിച്ചിരുന്നു.
വിദ്യാഭ്യാസപരമായി വളരെ സമ്പന്നമായിരുന്നു ഞങ്ങളുടെ കുടുംബം. അപ്പൂപ്പനും അമ്മൂമ്മയും വരെ അന്നത്തെക്കാലത്ത് അദ്ധ്യാപകരായിരുന്നു എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വീട്ടിൽ വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം കല്പിച്ചിരുന്നു. ‘നന്നായി പഠിക്കണം. നല്ല ഒരു ജോലി നേടണം. വലിയ നിലയിലെത്തണം.’ ഇതായിരുന്നു എന്നും കേൾക്കുന്ന പല്ലവി. അങ്ങനെ കേട്ടു കേട്ട് അത് എന്റെ ജീവിതലക്ഷ്യമായി മാറി. അമ്മ ഒരു ജോലിയുള്ളതിന്റെ ഗുണങ്ങൾ ഇടയ്ക്കിടെ എടുത്തു പറയും.
‘സ്വന്തം കാലിൽ നിൽക്കുക, സ്വയം അധ്വാനിച്ച് ജീവിതമാർഗം നേടുക. അതൊരഭിമാനമാണ്. ആരുടെ മുന്നിലും കൈ നീട്ടാൻ ഇടയാകരുത്...’ ഇതൊക്കെ കാതിൽ വീണു. മനസ്സിൽ പതിഞ്ഞു. നന്നായി പഠിക്കാൻ തീരുമാനിക്കുകയും അതനുസരിച്ച് പ്രയത്നിക്കുകയും ചെയ്തു. പക്ഷേ നമ്മുടെ ലക്ഷ്യത്തിലെത്താൻ കഴിയാതെ നമ്മളെ പരാജയപ്പെടുത്തുന്നത് മിക്കപ്പോഴും നമ്മൾ തന്നെയാണ്. അത് തിരിച്ചറിയുന്നത് ഒരുപാടു കാലത്തിനു ശേഷമാവും. പിന്നെ ചിന്തിച്ചിട്ട് കാര്യമില്ലല്ലോ.
ഒരു വിധം നന്നായി പഠിച്ചു കൊണ്ടിരുന്ന എനിക്ക് ദുർവിധിയുടെ കടുത്ത ഇടപെടൽ കൊണ്ടാവാം പത്തൊൻപതു വയസ്സിൽ ഒരു വിവാഹം കഴിക്കാൻ തോന്നി. പൊതുവേ പെൺകുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കുന്ന പതിവ് ആ നാട്ടിലും എന്റെ വീട്ടിലും അന്നുണ്ടായിരുന്നു. വിവാഹശേഷവും ഞാൻ പഠിപ്പു തുടർന്നു. ജോലി എന്ന സ്വപ്നം അന്നുമുണ്ടായിരുന്നു. എംഎ കഴിഞ്ഞപ്പോൾ ടെസ്റ്റുകൾ എഴുതാൻ തുടങ്ങി. ജോലിക്ക് അപേക്ഷ അയക്കലും പരീക്ഷ എഴുത്തും ഇന്റർവ്യൂകളും ഒരു നിഷ്ഠ പോലെ ഞാൻ തുടർന്നു. അങ്ങനെ ഏറെ മോഹിച്ച ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കേരളാ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് ഗ്രേഡ് II ആയി നിയമനം ലഭിച്ചു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എനിക്കൊരു സർക്കാർ ജോലി! എന്റെ ദൈവമേ! അന്ന് അച്ഛനും അമ്മയും ജോലിയിൽ വലിയ സ്ഥാനങ്ങളിൽ എത്തിയിരുന്നു. ഇത്രയും നല്ല ഉദ്യോഗസ്ഥരുടെ മകൾക്ക് ഒരു ക്ലാർക്ക് പണിയോ? പലരും പരിഹസിച്ചു. പോരെങ്കിൽ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഡോക്ടറും. ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? ഞാനോ എന്റെ വീട്ടിലുള്ളവരോ അതൊന്നും കേട്ടതായി ഭാവിച്ചില്ല. എന്റെ മകന് അന്ന് അഞ്ചു വയസ്സ് കഴിഞ്ഞിരുന്നു. എന്റെ വീട്ടിലാണ് താമസം. ഓഫിസാണെങ്കിൽ നടന്നു പോകാവുന്ന ദൂരത്ത്. ഒരു അസൗകര്യവുമില്ല. ഞാൻ ഉത്സാഹത്തോടെയാണ് ജോലിക്കു പൊയ്‌ക്കൊണ്ടിരുന്നത്.
എന്റെ സ്വപ്നങ്ങളെ തല്ലി തകർക്കുന്നതിൽ ആനന്ദിച്ചിരുന്ന ദുർവിധി പതുക്കെ വിളയാട്ടം തുടങ്ങി. എന്റെ മകന് വിട്ടു മാറാത്ത ഒരു പനി തുടങ്ങി. അവനെ നോക്കിയിരുന്ന ശിശുരോഗവിദഗ്ധൻ പരാജയപ്പെട്ടപ്പോൾ, അന്ന് മറ്റൊരു നഗരത്തിൽ സ്ഥിരതാമസമാക്കിയ അവന്റെ അച്ഛന്റെ അടുത്തേയ്ക്ക് പോകാൻ ഞാൻ നിർബന്ധിതയായി. അത്രമാത്രം ശകാരവും അധിക്ഷേപവും അയാളുടെ വശത്തു നിന്നുണ്ടായി. എനിക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അച്ഛനമ്മമാരുടെ സമ്മതമില്ലാതെ ഞാൻ കുട്ടിയെയുമെടുത്ത് ട്രെയിനിൽ കയറിപ്പോയി. അവിടെ എന്നെ സ്വീകരിച്ചത് കടുത്ത നിന്ദയും അവഹേളനവുമായിരുന്നു. മകനെയോർത്ത് സഹിച്ചു. തുടർന്ന് കടുത്ത പരീക്ഷണങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്.
എൺപത്തൊൻപതു ദിവസം എനിക്ക് ലീവ് അനുവദിച്ചു കിട്ടി. അന്ന് പ്രൊബേഷൻ കഴിയാതെ അത്രയ്‌ക്കേ വകുപ്പുള്ളൂ. കുട്ടിയുടെ അസുഖം മാറി. പക്ഷേ ലീവ് കഴിഞ്ഞ് എനിക്കു ജോയിൻ ചെയ്യാൻ സാധിച്ചില്ല. ദാമ്പത്യം അല്ലെങ്കിൽ ജോലി. രണ്ടിലൊന്ന് തിരഞ്ഞെടുത്തേ മതിയാകൂ എന്ന നിസ്സഹായാവസ്ഥയിൽ ഞാൻ വലഞ്ഞു. കടുത്ത മാനസിക സംഘർഷം എന്റെ മനസ്സിന്റെ സമനില തെറ്റിക്കുമെന്നു തോന്നി. കൂനിന്മേൽ കുരു എന്നപോലെ രണ്ടാമതൊരു ഗർഭവും. തകർന്ന മനസ്സോടെ, ഒഴുകുന്ന കണ്ണീരോടെ ഞാൻ ജോലി വിട്ടു.
ഏറെ ആശിച്ചു കിട്ടിയ ജോലി ഉപേക്ഷിച്ച് കുടുംബ ജീവിതം രക്ഷിച്ചതിനുള്ള പ്രതിഫലമായി എനിക്ക് ലഭിച്ചത് പാരലൽ കോളജിൽ തുച്ഛമായ ശമ്പളത്തിൽ ഒരു ജോലിയാണ്. ഞാനും കൂടി സമ്പാദിച്ചാലേ ജീവിത ചെലവുകൾ നേരിടാനാവൂ എന്ന ഗതികേടിലാണ് ഞാൻ പെട്ടത്. അസഹനീയമായ മാനസിക പീഡനത്തിനിരയാക്കി ഈ നിലയിൽ എന്നെ കൊണ്ടെത്തിച്ചത് വിധിയോ മനുഷ്യനോ സമയദോഷമോ ? ആരെയും പഴിച്ചിട്ടു കാര്യമില്ല. തെറ്റ് എന്റേതാണ്.
എന്റെ ഐച്ഛികം തെറ്റായിരുന്നു എന്ന് ബോധ്യപ്പെടാൻ പിന്നെയും ആറേഴു വർഷമെടുത്തു. ജോലി എന്ന ആഗ്രഹം വീണ്ടും തലപൊക്കിയപ്പോൾ ഞാൻ ബിഎഡിനു ചേർന്നു . വീണ്ടും അപേക്ഷകളയയ്ക്കാനും ടെസ്റ്റുകൾ എഴുതാനും തുടങ്ങി. അതിന്റെ പേരിൽ ഞാൻ കേട്ട കുറ്റപ്പെടുത്തലുകൾക്കും ആക്ഷേപങ്ങൾക്കും കണക്കില്ല. ‘വീടും വീട്ടുകാര്യങ്ങളും നോക്കാൻ കഴിവില്ല. ഇനിയൊരു ജോലിക്കു കൂടി പോകാത്തതിന്റെ കുറവേയുള്ളു’ എന്ന അധിക്ഷേപം ഞാൻ അവഗണിച്ചു.
‘‘അവനവന് ഒരു വരുമാനമുണ്ടെങ്കിൽ സംഗതികൾ എത്ര വ്യത്യസ്തമാണെന്നോ...’’ അമ്മയുടെ ആ വാക്കുകൾ എപ്പോഴും ഓർക്കേണ്ട ദുരവസ്ഥയായിരുന്നു പിന്നീടെനിക്ക്. വീട്ടു ചെലവുകൾക്കും കുട്ടികളുടെ ആവശ്യങ്ങൾക്കും (എനിക്ക് പിന്നെ ആവശ്യങ്ങളേയില്ലല്ലോ) മറ്റൊരാളുടെ മുന്നിൽ കൈനീട്ടേണ്ട സ്ഥിതി. അതും പത്തുരൂപയുടെ അവസാന പൈസയ്ക്കു പോലും കണക്കു പറയേണ്ടി വന്നു, സമ്പദ് സമൃദ്ധിയിൽ വളർന്ന ഈ ഞാൻ. വേറെയും പല പ്രശ്നങ്ങൾ ക്രൂരനഖങ്ങളാഴ്ത്തി ദ്രോഹിക്കാൻ തുടങ്ങിയപ്പോൾ നിൽക്കക്കള്ളിയില്ലാതെ ദാമ്പത്യം എന്ന രാക്ഷസത്തടവിൽ നിന്ന് ഒരടിമ എന്ന പദവി രാജി വയ്ക്കാൻ ഞാൻ തയാറായി.
കാര്യകാരണങ്ങൾ എന്ത് തന്നെയായാലും ജീവിതത്തിൽ ഒറ്റപ്പെടുന്ന ഒരുവൾക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഏറെയാണ്. സ്വയം ജീവിതം നശിപ്പിച്ചില്ലേ? ദാമ്പത്യത്തിനു വേണ്ടി ജോലി കളഞ്ഞു. ഇപ്പോൾ ദാമ്പത്യവും നഷ്ടപ്പെടുത്തി. ഒരു ഗതിയുമില്ലാതായില്ലേ? ഇങ്ങനെ ഞാൻ കേട്ട അധിക്ഷേപത്തിന് കണക്കില്ല. എന്റെ അച്ഛനമ്മമാരേയും നാട്ടുകാർ കുറ്റപ്പെടുത്തി. ‘എന്നാലും ആ കുട്ടിക്ക് കിട്ടിയ ജോലി ഇല്ലാതാക്കാൻ നിങ്ങളും സമ്മതിച്ചില്ലേ?’ പിന്നെ കുറെപ്പേർക്ക് ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള കാര്യകാരണങ്ങളാണ് അറിയേണ്ടത്. എന്നെയും എന്റെ വീട്ടുകാരെയും ഈ അന്വേഷണം കൊണ്ടവർ സ്വൈരം കെടുത്തി. വീണ്ടും തൊഴിൽ തേടാൻ തുടങ്ങിയപ്പോൾ നിരുത്സാഹപ്പെടുത്താനും എത്തി അഭ്യുദയകാംക്ഷികൾ. ‘ഓ ഇനി ഇപ്പോൾ കിട്ടാൻ പോണു ജോലി...’
അന്നാണ് ഞാൻ ഉറപ്പിച്ചത്. ജീവിതം എനിക്കൊരു യുദ്ധമാണ്. തോൽക്കുകയില്ല എന്നുറപ്പിച്ചു കൊണ്ട് തന്നെ ഞാൻ പോരാടി. അപ്പോൾ കോട്ടയത്ത് ഒരു പുതിയ യൂണിവേഴ്സിറ്റി ഉണ്ടായി. തീരാത്ത സങ്കടത്തോടെ ഞാൻ ഉപേക്ഷിച്ച അതേജോലി തന്നെ അവിടെ എനിക്ക് കിട്ടി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് ഗ്രേഡ് II. ഈ ഭാഗ്യം എനിക്ക് വച്ച് നീട്ടിയത് വിധിയോ കാലമോ എന്റെ മനഃസ്ഥൈര്യമോ ? അറിയില്ല.
ഓരോ പെൺകുട്ടിയോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ജോലി ചെയ്തു ജീവിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ അതിന് ശ്രമിക്കണം. നിങ്ങളുടെ പരിശ്രമം കൊണ്ട് നിങ്ങൾ നേടിയ ജോലി നിങ്ങളുടേതായ കാരണങ്ങൾ കൊണ്ടല്ലാതെ ഒരിക്കലും രാജി വയ്ക്കരുത്. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി അല്ലെങ്കിൽ കൂടുതൽ നല്ല ഒരു ജോലിക്കായി. അതല്ലാതെ മറ്റൊരാളുടെ നിർബന്ധത്തിനു വഴങ്ങി ഒന്നും ചെയ്യരുത്. ഒടുവിൽ തോറ്റു നിൽക്കുമ്പോൾ നിങ്ങൾക്ക് നിങ്ങൾ മാത്രമേ ഉണ്ടാവൂ.
Content Summary : Kadhaillayimakal Column - Why is a career so important for women?