ഇതു തലമൂത്തവരുടെ പണ്ട് തൊട്ടേയുളള ഒരു ഏർപ്പാടാണ്. ഒരു സമ്മാനം വാഗ്ദാനം ചെയ്യുക. അതും ഇളംതലമുറയിൽ പെട്ട ഒരാളോട്. പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ കിട്ടുന്നതോ ഒരു പഴഞ്ചൻ സാധനം. ഇത്തരം അനുഭവങ്ങൾ നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് ഉണ്ടായിക്കാണും. ‘സമ്മാനാത്രേ സമ്മാനം’ എന്ന് ദേഷ്യപ്പെട്ട് വലിച്ചെറിയാനാവാതെ പിറുപിറുത്ത് നമ്മൾ നിൽക്കും. പ്രതിഷേധം അമ്മയോടോ മറ്റോ കാണിച്ചാലുമായി.
ജോലി കിട്ടുമ്പോൾ അച്ഛൻ ഒരു വണ്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം ഉണ്ണി ഇടയ്ക്കിടെ ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങൾ കൂട്ടുകാരെല്ലാം ആൺപെൺ ഭേദമന്യേ ജോലികൾ മോഹിച്ച് ശ്രമിച്ചു നടന്ന കാലം. ഉണ്ണിക്ക് ജോലിയേക്കാൾ മോഹം കിട്ടാൻ പോകുന്ന പുതിയ വണ്ടിയോടായിരുന്നു. ബൈക്ക്– അതാണല്ലോ ആൺകുട്ടികളുടെ സ്വപ്നം. അങ്ങനെ ഞങ്ങളുടെ കൂട്ടത്തിൽ ആദ്യം തന്നെ അവനു ജോലി കിട്ടി. ജോയിൻ ചെയ്യുന്നതിന് മുൻപു തന്നെ അവൻ അമ്മയുടെ പിന്നാലെ കൂടി. അച്ഛനോടൊന്നു ശുപാർശ ചെയ്യാൻ. അപ്പോൾ വളരെ ഗൗരവത്തിൽ അച്ഛൻ ഉണ്ണിയെ വിളിച്ചു പറഞ്ഞു.
‘ഇതാ നിനക്കുള്ള സമ്മാനം’ ഉണ്ണി ഞെട്ടിപ്പോയി. അച്ഛൻ ഏറെനാൾ ഉപയോഗിച്ച് ഈയിടെ ഓടിക്കാൻ വയ്യാതെ ഷെഡ്‌ഡിൽ മൂടിപ്പുതച്ചു വച്ചിരിക്കുന്ന അച്ഛന്റെ പഴയ ബൈക്ക്’! കൂടെ അച്ഛന്റെ വക ഒരു കമന്റും.
‘നല്ല വണ്ടിയാ. ഒന്ന് സർവീസ് ചെയ്യിച്ചെടുത്താൽ നിനക്ക് ഓഫിസിൽ ഗമയ്ക്ക് പോകാം.’ ശേഷം കഥ പറയേണ്ടല്ലോ.
കൗമാര പ്രായക്കാർക്ക് ചെറിയ സ്വർണാഭരണങ്ങൾ ഉണ്ടായിരിക്കണം എന്നത് ഞങ്ങളുടെ ചെറുപ്പത്തിലെ ഒരു രീതിയായിരുന്നു. (ഇന്നത്തെ പെൺകുട്ടികൾക്ക് അത് ഓർക്കാൻ കൂടി പറ്റുകയില്ല.) അങ്ങനെ ഞാനും അനിയത്തിയും പാവാടക്കാരികൾ ആയപ്പോൾ ഞങ്ങൾക്ക് സ്വർണവള വാങ്ങാൻ അമ്മ പ്ലാനിട്ടു. ഒരാൾക്ക് രണ്ടുവീതം. നാലു വേണം എന്ന് ഞാൻ വാശി പിടിച്ചു. നടന്നില്ല. അനിയത്തിക്ക് രണ്ടു പുതിയ വള കിട്ടി. പിണങ്ങി നിന്ന എനിക്ക് പുതിയത് കിട്ടിയില്ല എന്ന് മാത്രമല്ല അമ്മയുടെ കയ്യിൽ കിടന്ന് ഇറുകിയ മൂന്നു വളകൾ തട്ടാനെക്കൊണ്ട് മുറിപ്പിച്ചെടുത്ത് അയാളെക്കൊണ്ട് തന്നെ, ഉരുക്കി മുറിച്ചിടം ചേർത്ത് എനിക്കു തന്നു. മിണ്ടാതെ വാങ്ങി കുറേനാൾ കയ്യിലിട്ടു നടന്നു. അല്ലാതെന്തു ചെയ്യാൻ!
പത്താം ക്ലാസ്സിൽ ഡിസ്റ്റിങ്ഷൻ വാങ്ങിയാൽ ഒരു പുതിയ കാഞ്ചീപുരം പട്ടുപാവാടയാണ് പ്രിയയ്ക്ക് അവളുടെ അമ്മ പറഞ്ഞിരുന്ന സമ്മാനം. പക്ഷേ മാർക്ക് കിട്ടി പ്രീഡിഗ്രിക്ക് ചേരാൻ നേരം ചേച്ചി പ്രീതയുടെ ഉടുക്കാതെ വച്ചിരുന്ന പഴയ പട്ടുസാരി വെട്ടി അമ്മ അവൾക്കു പാവാട തയ്ച്ചു കൊടുത്തു. കരയാനും വഴക്കിടാനും വേണ്ടാന്ന് പറയാനും അന്നത്തെ കുട്ടികൾക്കാവില്ല. പഴയ കാലമല്ലേ?
‘കല്യാണത്തിന് ഞാൻ നിനക്കൊരു ഡയമണ്ട് നെക്‌ലേസ് വാങ്ങിത്തരും’ എന്നായിരുന്നു ഒരു ഏട്ടൻ അനുജത്തിക്കു നൽകിയ വാക്ക്. ബിസിനസ് പൊട്ടി അവതാളത്തിലായ ഏട്ടൻ ഏട്ടത്തിയുടെ ഒരു പഴയ നെക്‌ലേസ് അവൾക്കു സമ്മാനിച്ച് വാക്കു പാലിച്ചു. അനുജത്തി തൃപ്തയായി. അതെങ്കിലും കിട്ടിയല്ലോ.
വിവാഹ ശേഷം പഠിത്തം തുടരാൻ തീരുമാനിച്ച് കോളജിൽ ചേർന്ന മൈഥിലിയോട് ശ്വശുരൻ പറഞ്ഞു:
‘കോളജിൽ പോകുമ്പോൾ കുട്ടിക്ക് അച്ഛന്റെ വക ഒരു സമ്മാനമുണ്ട്’
മൈഥിലി കാത്തിരുന്നു. ഒടുവിൽ കോളജ് തുറക്കുന്ന ദിവസം വന്നു. അച്ഛൻ മൈഥിലിയെ വിളിച്ച് ആ സമ്മാനം നീട്ടി. ഒരു പഴയ പേന!
‘ഇതാണ് മകളേ എന്റെ മകൻ, നിന്റെ ഭർത്താവ് എല്ലാ പരീക്ഷകളും ഒന്നാം റാങ്കിൽ എഴുതി പാസ്സായ പേന. ഇതു മോൾക്കു തന്നെ’
ചമ്മിയ ചിരി അമർത്താൻ അവൾ പെട്ട പാട്.
പഴയ സമ്മാനങ്ങൾ നന്നല്ല എന്നു പറഞ്ഞുകൂടാ. പലതും വിലമതിക്കാനാവാത്തതാവും. പക്ഷേ പുതിയ സമ്മാനങ്ങൾ ആശിച്ചു നിൽക്കെ പഴയത് നിരാശപ്പെടുത്തും. അത്രേയുള്ളൂ. പക്ഷേ പിന്നീട് ഓർത്തു ചിരിക്കാനുള്ള കാര്യങ്ങളല്ലേ ഇതെല്ലാം.‘അതാണോ ഈ പാമ്പും പഴയതാണ് നല്ലത് എന്ന് പറയുന്നത്’? ഈ ചോദ്യം ആരുടേതായാലും രസകരം.
Content Summary : Old Gifts And Some Memories