സ്നേഹം സൗഹൃദം ബന്ധങ്ങൾ
ആപത്തിങ്കൽ ഓടിയെത്തുന്നവൻ ബന്ധു ആവശ്യത്തിനുപകരിക്കുന്നവൻ സുഹൃത്ത് ഈ ചൊല്ല് എത്രയോ തവണ പലയിടത്തും ഞാൻ ഉദ്ധരിച്ചിട്ടുണ്ട്. പിന്നെയും ആവർത്തിക്കുന്നത് ജീവിതം പിന്നെയും പിന്നെയും അത് എന്നെ ഓർമിപ്പിക്കുന്നത് കൊണ്ടാണ്. ഈയിടെ ഒരു സുഹൃത്ത് എനിക്കെഴുതി. ‘‘പ്രതിസന്ധികളിൽ പെട്ടുഴലുമ്പോൾ നിങ്ങൾക്ക്
ആപത്തിങ്കൽ ഓടിയെത്തുന്നവൻ ബന്ധു ആവശ്യത്തിനുപകരിക്കുന്നവൻ സുഹൃത്ത് ഈ ചൊല്ല് എത്രയോ തവണ പലയിടത്തും ഞാൻ ഉദ്ധരിച്ചിട്ടുണ്ട്. പിന്നെയും ആവർത്തിക്കുന്നത് ജീവിതം പിന്നെയും പിന്നെയും അത് എന്നെ ഓർമിപ്പിക്കുന്നത് കൊണ്ടാണ്. ഈയിടെ ഒരു സുഹൃത്ത് എനിക്കെഴുതി. ‘‘പ്രതിസന്ധികളിൽ പെട്ടുഴലുമ്പോൾ നിങ്ങൾക്ക്
ആപത്തിങ്കൽ ഓടിയെത്തുന്നവൻ ബന്ധു ആവശ്യത്തിനുപകരിക്കുന്നവൻ സുഹൃത്ത് ഈ ചൊല്ല് എത്രയോ തവണ പലയിടത്തും ഞാൻ ഉദ്ധരിച്ചിട്ടുണ്ട്. പിന്നെയും ആവർത്തിക്കുന്നത് ജീവിതം പിന്നെയും പിന്നെയും അത് എന്നെ ഓർമിപ്പിക്കുന്നത് കൊണ്ടാണ്. ഈയിടെ ഒരു സുഹൃത്ത് എനിക്കെഴുതി. ‘‘പ്രതിസന്ധികളിൽ പെട്ടുഴലുമ്പോൾ നിങ്ങൾക്ക്
ആപത്തിങ്കൽ ഓടിയെത്തുന്നവൻ ബന്ധു ആവശ്യത്തിനുപകരിക്കുന്നവൻ സുഹൃത്ത്
ഈ ചൊല്ല് എത്രയോ തവണ പലയിടത്തും ഞാൻ ഉദ്ധരിച്ചിട്ടുണ്ട്. പിന്നെയും ആവർത്തിക്കുന്നത് ജീവിതം പിന്നെയും പിന്നെയും അത് എന്നെ ഓർമിപ്പിക്കുന്നത് കൊണ്ടാണ്. ഈയിടെ ഒരു സുഹൃത്ത് എനിക്കെഴുതി.
‘‘പ്രതിസന്ധികളിൽ പെട്ടുഴലുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും, ആരാണ് നിങ്ങളുടെ ബന്ധു. ആരാണ് യഥാർത്ഥ സുഹൃത്ത് എന്നെല്ലാം.’’ ഞാനത് ശരി വയ്ക്കുന്നു.
കൂടെ നിന്നവരുടെ എണ്ണമെടുക്കാൻ എളുപ്പമാണ്. കാരണം അത് വളരെ കുറവാണ്. (എന്നു പറയാമോ ? താരതമ്യേന കുറവാണെന്നേയുള്ളു, ധാരാളം പേരുണ്ട് കൂടെ ..) എന്നാൽ ഈ അവസരത്തിൽ ബുദ്ധിപൂർവം ഒഴിഞ്ഞു മാറിയവർ ഒരുപാടൊരുപാടാണ്. അടുത്ത ബന്ധുക്കൾ, പ്രിയപ്പെട്ട സുഹൃത്തുക്കൾ. അവർ ബന്ധുക്കളായിരുന്നോ? സുഹൃത്തുക്കളായിരുന്നോ? അത് വെറുമൊരു തോന്നലായിരുന്നില്ലേ?
പത്തു പതിനേഴു കൊല്ലം മുൻപാണ് ഞാൻ ഇവിടെ ഈ കഥയില്ലായ്മകൾ എഴുതാൻ തുടങ്ങിയത്. നാലഞ്ചു കോളം വന്നു കഴിഞ്ഞപ്പോൾ എന്റെ മെയിൽ ഐഡിയിലേക്ക് മെയിലുകളുടെ പ്രവാഹം. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ കാലത്ത് പോസ്റ്റിൽ വരുന്ന കത്തുകളിലൂടെയായിരുന്നു വായനക്കാർ പ്രതികരിച്ചത്. അക്കാലത്ത് എന്റെ മകൻ അതിനൊരു പേരിട്ടു. ‘ഫാൻ മെയിൽ.’ ആ കത്തുകൾ ഞാനൊരു ഫയലിൽ സൂക്ഷിച്ചിരുന്നു. ഫാൻ മെയിൽ എന്ന് ആ ഫയലിനു പുറത്ത് എഴുതി വയ്ക്കുകയും ചെയ്തു.
ഇപ്പഴിതാ ഫാൻ മെയിൽ വരുന്നത് മെയിൽ ഐഡിയിലൂടെയാണെന്നു മാത്രം. അഭിനന്ദനത്തിന്റെയും ആസ്വാദനത്തിന്റെയും പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങി. അപൂർവമായി വിമർശനങ്ങളും പരിഹാസങ്ങളും ചോദ്യം ചെയ്യലുകളും കിട്ടിയിട്ടുണ്ട്. അതും സന്തോഷം തന്നെ. എന്റെ ലേഖനം അവർ വായിച്ചുവല്ലോ. അവരുടെ അഭിപ്രായങ്ങൾ പോസിറ്റീവായാലും നെഗറ്റീവായാലും എന്നെ അറിയിച്ചല്ലോ. വളരെ വളരെ സന്തോഷം. ഓരോ മെയിലിനും ഒരു വരിയെങ്കിലും മറുപടി ഞാൻ കൊടുത്തിരുന്നു.
ഓൺലൈൻ വായനക്കാർ അധികവും പ്രവാസി മലയാളികളാണ്. കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമായി ലോകമെമ്പാടും പരന്നു കിടക്കുന്ന മലയാളികൾക്കിടയിൽ ചിലർ എന്റെ ലേഖനം കാണുന്നവരുണ്ട്, വായിക്കുന്നവരുണ്ട്, എന്നതിൽ എനിക്ക് വലിയ അഭിമാനം തോന്നി. അതിൽ കുറേപ്പേർ സൗഹൃദത്തിനായി കൈ നീട്ടി. ഫോൺ നമ്പർ വാങ്ങി, ഇടയ്ക്ക് വിളിച്ചു. അഡ്രസ് ചോദിച്ചു. നാട്ടിലെത്തിയപ്പോൾ എന്നെ സന്ദർശിക്കുകയും ചെയ്തു. കൊച്ചുകൊച്ചു സമ്മാനങ്ങളുമായാണ് അവർ എത്തിയത്. ചോക്ലേറ്റ്, ബാഗ്, പേന, പെർഫ്യൂം അങ്ങനെ ചെറിയ സാധനങ്ങൾ. സ്വർണവും മുത്തും പവിഴവുമൊക്കെ ചില എഴുത്തുകാർക്ക് വായനക്കാർ സമ്മാനിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അത്രയ്ക്കൊന്നുമില്ല. വേണ്ട താനും. വലിയ സമ്മാനങ്ങൾ ഒരു ഭാരമല്ലേ ? അയർലൻഡ്, ദുബായ്, അബുദാബി, ആസ്‌ട്രേലിയ, യു എസ്, യു കെ,സ്വിറ്റ് സർലൻഡ്, ഫ്രാൻസ്, ജർമ്മനി എന്നുവേണ്ട ഏതെല്ലാം രാജ്യങ്ങളിൽ നിന്നാണ് എന്റെ ആരാധകരെത്തിയത് !
എനിക്കിത്തിരി ഗമയൊക്കെ തോന്നി
അപ്പോഴാണ് ഓർക്കാപ്പുറത്ത് ഞാൻ ദുർവിധിയുടെ കടുത്ത പ്രഹരമേറ്റ് തകർന്നു വീണത്. എന്റെ മകന് ആപത്തു പിണഞ്ഞു ആശുപത്രിയിലായി. കുറെ ദിവസത്തേയ്ക്ക് എനിക്ക് പ്രജ്ഞയറ്റു പോയിരുന്നു. കുറേശ്ശേ നോർമൽ ആയപ്പോൾ ഞാൻ, എന്റെ വായനക്കാരിൽ സുഹൃത്തുക്കളായി മാറിയവരെ വിവരമറിയിച്ചു. പലരും ആശ്വാസമെത്തിച്ചു. ആ സമയത്ത് ഏറ്റവും വലിയ ആശ്വാസം പണം തന്നെയായിരുന്നു. ആപത്തുകൾ അപ്രതീക്ഷിതമല്ലേ? എങ്ങനെയാണു പിടിച്ചു നിൽക്കുക. മകന്റെ ജീവൻ രക്ഷിക്കാൻ ഒരു പാട് പണം വേണമായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ അനുഭവപാഠം എനിക്ക് ലഭിച്ചത് അപ്പോഴായിരുന്നു. മകനെപ്പോലെ, മകളെപ്പോലെ, സഹോദരനെപ്പോലെ, അനുജത്തിയെപ്പോലെ, സ്നേഹിതരെപ്പോലെ കരുതിയവർ അപ്രത്യക്ഷരായിരിക്കുന്നു. ഫോൺ വിളികൾ, മെസ്സേജുകൾ, മെയിലുകൾ ഒന്നുമില്ല. ഞാൻ വല്ലാതെ അമ്പരന്നു. ദുരന്തക്കടലിൽ മുങ്ങുന്നവരുമായി ചങ്ങാത്തം കൂടാൻ മിക്കവർക്കും മടിയാണ്. ഒന്ന് , എന്തിനാണ് ദുഃഖഭാരം പങ്കിടുന്നത്? പിന്നെ കരകയറാൻ സഹായിക്കേണ്ടി വന്നാലോ, പ്രത്യേകിച്ചും സാമ്പത്തികമായി. എന്തിനാണ് ഈ പൊല്ലാപ്പൊക്കെ. അങ്ങ് മാറി നിന്നാൽ കുഴപ്പമില്ലല്ലോ. ഇനി ഇതും എന്റെ തോന്നലാണോ? എന്തെങ്കിലും അസൗകര്യം കൊണ്ടാവില്ലേ അവർ വിളിക്കാത്തതും എഴുതാത്തതും, വന്നു കാണാത്തതും. പിന്നീട് ബോധ്യമായി ഇത് എന്റെ വെറും തോന്നലാണെന്ന്. മനഃപൂർവം തന്നെയാണ് എന്നെ അവർ ഒഴിവാക്കുന്നത്. വളരെ അടുപ്പമുണ്ടായിരുന്ന ഒരാൾ ചോദിച്ചു ‘നിങ്ങൾ ഒരാൾക്ക് മാത്രമെന്താ എന്നുമിങ്ങനെ ട്രാജഡികൾ സംഭവിക്കുന്നത്? അതിന്റെ കാരണം ഒന്നറിയണമല്ലോ’. കാരണം എനിക്കും അറിയില്ലായിരുന്നു. ‘കാരണം അറിഞ്ഞിട്ടേ സഹായിക്കൂ’ എന്നു കൂടി അയാൾ പറഞ്ഞു. മറുപടി പറയാൻ എനിക്കായില്ല.
അകലങ്ങളിൽ നിന്ന് പിന്നെ അവരാരും നാട്ടിൽ വന്നിട്ടില്ലേ? ഉണ്ടാവും, തീർച്ചയായും. ഏതു തിരക്കിനിടയിലും അല്പം സമയം കണ്ടെത്തി എന്നെ വന്നു കണ്ടിരുന്ന ആ കൂട്ടുകാർക്ക് എന്തു പറ്റി ? നെടുമ്പാശ്ശേരിയിലേയ്ക്ക് വിമാനം കയറാൻ പോകുന്ന പോക്കിൽ പോലും, ‘ചേച്ചിയെ ഒന്ന് കണ്ടിട്ടേ പോകൂ’ എന്ന് പറഞ്ഞിരുന്നവർ ! ഓ അന്ന് ഞാൻ ഒരു ദുരന്ത കഥാപാത്രം ആയിരുന്നില്ലല്ലോ .
എനിക്ക് മനസിലാവാത്തത് സഹായിക്കേണ്ടി വരും എന്നിവർ ചിന്തിക്കുന്നതെന്തിനാണ്? ഞാനൊന്നും ചോദിക്കുകയില്ല. പ്രതീക്ഷിക്കുന്നുമില്ല. അപ്പോൾ തരേണ്ടതാണ് എന്ന ബോധം അവരുടെ ഉള്ളിലുണ്ട്. തരാൻ മടിക്കുന്നതിൽ കുറ്റബോധവും. അതല്ലേ മുങ്ങിക്കളയുന്നത്? പിന്നെ തന്നാൽ ഞാൻ വാങ്ങും, എന്തു ചെറിയ സാധനമായാലും.. അതെന്റെ മര്യാദ. ഒരു സമ്മാനമായാലും സഹായമായാലും അതിന്റെ വലിപ്പമോ വിലയോ ഞാൻ നോക്കാറില്ല. അതിനു പിന്നിലെ ആ നല്ല മനസ്സ്, അതാണ് ഞാൻ കണക്കിലെടുക്കുന്നത്.
മുൻപ് അവധിക്കു വരുമ്പോഴെല്ലാം ഇവിടെ വരികയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു കുടുംബം. അവർ പിന്നെ വന്നിട്ടേയില്ല. മറ്റൊരു സ്നേഹിത കുടുംബസമേതം വന്ന് ഒന്നോ രണ്ടോ ദിവസം താമസിച്ച് ,കൊച്ചിയിൽ മുഴുവൻ ഷോപ്പിംഗ് നടത്തിയിട്ടാണ് മടങ്ങിയിരുന്നത്. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല . എന്റെ സുഹൃത്തുക്കൾ മാത്രമല്ല, മരുമകന്റെ പഴയ സഹപാഠികൾ, മകളുടെ ചങ്ങാതിമാർ ഇവരെല്ലാം ഇവിടെ വരാറുണ്ട്. എന്റെ സ്നേഹവും, സ്വീകരണവും സത്കാരവും ഏറ്റു വാങ്ങി സന്തോഷത്തോടെയാണ് മടങ്ങിയിരുന്നത്. ഇപ്പോൾ അവരൊക്കെ വന്നാൽ ഹോട്ടലിലാണ് തങ്ങുക. രോഗി കിടക്കുന്ന വീട്ടിൽ വന്നു ശല്യപ്പെടുത്തേണ്ട എന്ന് കരുതിയാവും എന്നു പിന്നെയും എനിക്ക് തോന്നും. പക്ഷേ അബദ്ധത്തിൽ സിറ്റിയിലെങ്ങാനും വച്ച് കണ്ടാൽ അവർ വിളറുന്നതും വാക്കുകൾ തിരയുന്നതും ഉരുളുന്നതും കാണുമ്പൊൾ എന്റെയാ തോന്നൽ മാറും. സൂരജിനെ കുറിച്ചുള്ള അന്വേഷണം അവർ കരുതലോടെ ഒഴിവാക്കും. ഞാനും ആ വിഷയം മിണ്ടുകയില്ല. എന്തിന് ? അവരാരും നമ്മുടെ ആരുമല്ലല്ലോ. വെറും പരിചയക്കാർ മാത്രം.
ധനികരായ ബന്ധുക്കൾ എന്നെ പിന്നെ ഓർത്തതേയില്ല. അവരുടെ വീടുകളിലെ കല്യാണമോ മരണമോ എന്നെ അറിയിക്കാറുമില്ല. ആർഭാടങ്ങൾക്ക് ഒരുപാട് പൈസ ചെലവഴിക്കുന്നവരാണവർ. അവരിൽ ചിലർ വലിയ പരോപകാരികളുമാണ്. പക്ഷേ പേരും പ്രശസ്തിയും ലഭിക്കുന്ന, പത്രത്തിൽ പടം വരുന്ന, ടി വി യിൽ വാർത്ത വരുന്ന സഹായങ്ങളേ അവർ ചെയ്യാറുള്ളൂ. എന്നെ വന്നു കണ്ടതു കൊണ്ട് എന്റെ മകനെ സഹായിച്ചതു കൊണ്ട് അവർക്കെന്തു കിട്ടാൻ ?
ഒരു കസിൻ ഒരിക്കൽ എന്നോട് പറഞ്ഞു.
‘‘ചേച്ചിക്കും മോനും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.’’
പ്രാർത്ഥന നല്ലതു തന്നെ. ഞാൻ കേട്ടു നിന്നു. അപ്പോൾ സമ്പന്നയായ അവൾ തുടർന്നു. .
‘‘വേറെ ഒന്നുമില്ല. ഒന്നും തരാനില്ല.’’
എന്തിനാണ് അവളതു പറഞ്ഞത്. ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.
‘‘പണ്ട് തരുന്നതു പോലെ കുറച്ചു ചോക്ലേറ്റ്സ് തന്നാൽ പോരല്ലോ’’ എന്ന് മറ്റൊരാൾ. ശ്ശെടാ... അത് തന്നെയും വേണമെന്നില്ല. ഒരു സ്നേഹ സന്ദർശനം തീർച്ചയായിട്ടും ആശ്വാസം പകരും. നമുക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ. അത് ധാരാളം മതി.
ഇതിനു മുൻപ് ഇടയ്ക്കിടെ വിളിക്കുകയോ കാണുകയോ പതിവില്ലാത്ത ചിലർ ആപത്തിൽ ഓടിയെത്തിയത് എന്നെ ആശ്ചര്യപ്പെടുത്തി. അവരാണ് യഥാർത്ഥ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നെനിക്കു തോന്നി. അതിന്നും തുടരുന്നു .
ഇത് പോലെ ഓടിയെത്തിയ ചില ഗ്രൂപ്പുകളുണ്ട്. മകന്റെ കൂടെ സ്‌കൂളിൽ ഒന്നിച്ചു പഠിച്ചവർ, കോളജ് മേറ്റ്സ് , ജോലി സ്ഥലത്തെ സഹപ്രവർത്തകരായിരുന്നവർ. ഇപ്പോൾ അതാണല്ലോ ട്രെൻഡ്. അങ്ങനെ എത്തിയ ഒരു ഗ്രൂപ്പിന്റെ തലവൻ പറഞ്ഞു.
‘‘ആന്റി ഇനി വിഷമിക്കുകയെ വേണ്ട. എല്ലാ മാസവും ഒരു തുക ആന്റിയുടെ അക്കൗണ്ടിൽ വന്നിരിക്കും.’’ ഞാൻ ഞെട്ടാനും മാത്രം വലിയ ഒരു തുകയായിരുന്നു അയാൾ ഓഫർ ചെയ്തത്.. വർഷങ്ങൾ ഏഴെട്ടു കഴിഞ്ഞു. ഇനി വേണം അവരെ കാണാൻ ! എന്തിനാണ് പാവങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത് !
പിന്നീടു വന്ന കൂട്ടർ അതിലും കേമന്മാർ. ചെറിയൊരു തുകയാണ് അവർ ഓഫർ ചെയ്തത്. പക്ഷേ അതിന്റെ കൂടെ മറ്റൊരു ഓഫർ കൂടി വച്ചു. അവർ ഒരു ട്രസ്റ്റ് ഉണ്ടാക്കും. എന്റെ മകന് കിട്ടുന്ന സഹായങ്ങൾ മുഴുവൻ അതിൽ നിക്ഷേപിക്കണം. പിന്നെ കാര്യങ്ങൾ നടത്തുന്നത് അവരാണ്. എന്തായാലും ഞാനത് സമ്മതിച്ചില്ല .
‘‘എനിക്കങ്ങനെ കോടികൾ ഒന്നും കിട്ടുന്നില്ല. അടുപ്പമുള്ളവർ അവരുടെ കഴിവനുസരിച്ച് ചെറിയ സഹായങ്ങൾ ചെയ്യാറുണ്ട്. അത് ട്രസ്റ്റിലിടാൻ മാത്രമൊന്നുമില്ല. ഇവിടുത്തെ ചെലവുകൾക്കേ വരൂ..’’ ഞാൻ പറഞ്ഞു.
അതോടെ അവർ സ്ഥലം വിട്ടു. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനുള്ള പ്ലാൻ ചീറ്റിപ്പോയില്ലേ ?
ഈ കഥയെല്ലാം ഇപ്പോൾ ഓർക്കാൻ കാരണം ഈയിട ഒരു സുഹൃത്ത് കാണാൻ വന്നു .
‘‘മധുരങ്ങൾ ഒന്നും കൊണ്ടു വരാഞ്ഞത് ദേവിക്ക് ഷുഗർ ഉണ്ടോ എന്നറിയാഞ്ഞിട്ടാണ്’’ എന്ന് അയാൾ പറഞ്ഞു .
‘‘വിളിച്ചു ചോദിക്കാമായിരുന്നില്ലേ ?’’ ഞാൻ ചോദിച്ചു .
‘‘അയ്യേ അത് മോശമല്ലേ’’വഎന്നായി അയാൾ.
‘‘എന്ത് മോശം ? ഷുഗർ ഇല്ല എന്ന് പറഞ്ഞാൽ പിന്നെ കൊണ്ടു വരേണ്ടി വരില്ലേ?’’ ഞാൻ കളിയാക്കി .
ഇതെല്ലം കേട്ട് അകത്തു നിന്ന എന്റെ പരിചാരിക ചോദിച്ചു .
‘‘സൂരജിനും ഷുഗർ ഉണ്ടോ? രോഗിയെ കാണാൻ വെറും കയ്യോടെ ആരും വരാറില്ലല്ലോ .’’
ഇതൊക്കെ എഴുതിയത് ആരെയും കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ അല്ല . എല്ലാവർക്കും ഇതൊരു
പാഠമാവണം. ദുരിതങ്ങൾ എപ്പോഴും പിന്നാലെയുണ്ട്. ആർക്കും സംഭവിക്കാവുന്നതേയുള്ളു. അപ്പോൾ മനസ്സിലാകും ആരാണ് ബന്ധുക്കൾ ,ആരാണ് സുഹൃത്തുക്കൾ !
ദുഃഖത്തിന്റെയും ദുരിതത്തിന്റെയും ദീനതയുടെയും ആഴങ്ങളിൽ മുങ്ങിക്കിടക്കുന്നവർക്കു പിടിച്ചു കയറാൻ സന്മനസ്സിന്റെ ശക്തമായ പാശങ്ങളാണ് വേണ്ടത്. പൊള്ളയായ വൈക്കോൽ തുരുമ്പുകളല്ല .
Content Summary: Kadhayillaimakal column written by Devi JS on True friendship