ഞാനും ഞാനുമെന്റാളും ആ മധുവിധു യാത്രയും
വിവാഹം കഴിഞ്ഞാലുടൻ ഒരു ഹണിമൂൺ ട്രിപ്പൊന്നും പണ്ടത്തെക്കാലത്ത് പതിവില്ല. വീട്ടിനകത്തുള്ളതൊക്കെ മതി. പിന്നെ ബന്ധുവീടുകളിലേക്ക് ഒരു വിരുന്നു പോക്ക്. അതൽപം അകലെയാണെങ്കിൽ ഒരു യാത്രയുടെ രസം നവവധുവിനും വരനും.
വിവാഹം കഴിഞ്ഞാലുടൻ ഒരു ഹണിമൂൺ ട്രിപ്പൊന്നും പണ്ടത്തെക്കാലത്ത് പതിവില്ല. വീട്ടിനകത്തുള്ളതൊക്കെ മതി. പിന്നെ ബന്ധുവീടുകളിലേക്ക് ഒരു വിരുന്നു പോക്ക്. അതൽപം അകലെയാണെങ്കിൽ ഒരു യാത്രയുടെ രസം നവവധുവിനും വരനും.
വിവാഹം കഴിഞ്ഞാലുടൻ ഒരു ഹണിമൂൺ ട്രിപ്പൊന്നും പണ്ടത്തെക്കാലത്ത് പതിവില്ല. വീട്ടിനകത്തുള്ളതൊക്കെ മതി. പിന്നെ ബന്ധുവീടുകളിലേക്ക് ഒരു വിരുന്നു പോക്ക്. അതൽപം അകലെയാണെങ്കിൽ ഒരു യാത്രയുടെ രസം നവവധുവിനും വരനും.
ഞാനും ഞാനുമെന്റാളും. ... വളരെയധികം പോപ്പുലറായ ഒരു പാട്ടിന്റെ തുടക്കമാണിത് എന്നറിയാത്ത മലയാളികൾ ഉണ്ടാവില്ല. പക്ഷേ ഈ ലേഖനപരമ്പരയിൽ ഇതിനെന്താണ് ഇപ്പോൾ പ്രസക്തി ? പറയാം. ഒരു രാത്രി ഞാൻ വെറുതെ ഒന്നു മൂളിനോക്കി.
‘ഞാനും ഞാനുമെന്റാളും കന്യാകുമാരി കാണാൻ പോയി.’
മിലിയുടെ പൊട്ടിച്ചിരി കേട്ടപ്പോഴാണ് ഞാൻ പാടുകയായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചത്.
‘അമ്മൂമ്മയുടെ കോമഡി.’ അവൾ അഭിനന്ദിച്ചു.
അപ്പോൾ ആ പഴയ കന്യാകുമാരി യാത്ര ഞാൻ ഓർത്തെടുത്തു. വിവാഹം കഴിച്ചതോ ആ ബന്ധം വേണ്ടെന്ന് വച്ചതോ ഞാൻ രഹസ്യമായി ചെയ്ത കാര്യങ്ങളല്ല. അതുകൊണ്ട് പഴയതെന്തെങ്കിലും ഓർത്തു പറയുമ്പോൾ ഒരു വിഷമവും തോന്നാറില്ല. അതൊന്നും എന്റെ കുറ്റമോ കുറവോ അല്ല. എന്റെ ജീവിതതിൽ സംഭവിച്ചു പോയ കാര്യങ്ങളാണ്. മറ്റാരെയും മുറിപ്പെടുത്താതെ അതു പറയുന്നതിൽ എന്താണ് തെറ്റ്?
‘ശരിയാണ്. എന്റെ വിവാഹം കഴിഞ്ഞ ഇടയ്ക്ക് ഞാനും എന്റെ ആളും കൂടി കന്യാകുമാരിക്ക് പോയിരുന്നു’.
ഞാൻ കഥ തുടങ്ങി..
‘എന്നിട്ട്’ കുട്ടിക്ക് ആകാംക്ഷയായി.
‘എന്നിട്ടെന്താ. വഴിനീളെ ഛർദ്ദിച്ചു. അവിടെ പോയി ഹോട്ടലിൽ കിടന്നുറങ്ങി. ആള് എന്നെ ഒരുപാടു ശകാരിച്ചു.’
‘ഓ അപ്പോൾ അന്നുമുണ്ടോ ഈ ട്രാവൽ സിക്ക് നെസ്?’ മിലി ചോദിച്ചു.
എന്റെ യാത്രച്ചൊരുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്തുചെയ്യാൻ ? അതും എന്റെ കുറ്റമല്ലല്ലോ. എല്ലാവരും ഒരുമിച്ചുള്ള യാത്രകളിൽ എന്റെ ഈ അസുഖം എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. യാത്രകൾ അധികം ഇല്ലാതിരുന്ന കുട്ടിക്കാലത്തുണ്ടായിരുന്നു. പിന്നെ യാത്രകൾ പതിവായപ്പോൾ അതങ്ങു മാറിയതാണ്. പക്ഷേ ഇപ്പോഴിതാ യാത്രകൾ കുറഞ്ഞപ്പോൾ ആ അസുഖം വീണ്ടും തലപൊക്കി. ഇപ്പോൾ പിന്നെ യാത്രയ്ക്ക് മുൻപ് ഛർദ്ദിക്കാതിരിക്കാനുള്ള ഗുളിക കഴിച്ചിട്ടേ ഞാൻ പോകാറുള്ളൂ.
‘എന്താ ഓർത്തിരിക്കുന്നത് ?ബാക്കി കഥ പറയൂ.’ എന്ന് കുട്ടി വീണ്ടും.
‘പിറ്റേന്ന് കന്യാകുമാരിയൊക്കെ കണ്ട് ഉദയവും അസ്തമയവും കണ്ടു മടങ്ങി.’ അത്രയല്ലേ മിലിയോട് പറയാനാവൂ.
വിവാഹം കഴിഞ്ഞാലുടൻ ഒരു ഹണിമൂൺ ട്രിപ്പൊന്നും പണ്ടത്തെക്കാലത്ത് പതിവില്ല. വീട്ടിനകത്തുള്ളതൊക്കെ മതി. പിന്നെ ബന്ധുവീടുകളിലേക്ക് ഒരു വിരുന്നു പോക്ക്. അതൽപം അകലെയാണെങ്കിൽ ഒരു യാത്രയുടെ രസം നവവധുവിനും വരനും. അന്നുതന്നെ മടങ്ങാനായില്ലെങ്കിൽ ഒരു ദിവസം അവിടെ തങ്ങും. വയർ നിറഞ്ഞു പൊട്ടുന്ന സത്ക്കാരങ്ങൾ. ചെറിയ സമ്മാനങ്ങൾ. പുതുപ്പെണ്ണിനൊരു സാരി, ചെറുക്കന് ഒരു മുണ്ട്. ബന്ധുക്കളുടെ ധനശേഷി അനുസരിച്ച് പെണ്ണിനൊരു കമ്മലോ ചെറുക്കന് വാച്ചോ ഒക്കെയാവാം. (ഇതൊക്കെ ഞങ്ങളുടെ വീടുകളിലെ രീതിയാണ്. എല്ലായിടത്തും ഉണ്ടോ എന്നറിയില്ല.) ഇതിനു പുറമേ കാഴ്ചകൾ ഉള്ള സ്ഥലമാണെങ്കിൽ,ഉദാഹരണത്തിന് - ബീച്ച്, പാർക്ക്, കാഴ്ചബംഗ്ലാവ്, മൃഗശാല, നദികൾ, വെള്ളച്ചാട്ടങ്ങൾ, അണക്കെട്ടുകൾ - ഇങ്ങനെ സമീപത്തുള്ള എന്തുമാകാം. ആ വീടുകളിലുള്ള ചെറുപ്പക്കാർ വിരുന്നുകാരെ കൊണ്ടു പോയി അതെല്ലാം കാണിക്കും. ഇരുകൂട്ടർക്കും സന്തോഷമാകും. അങ്ങനെ മധുവിധു കഴിയും. പയ്യൻ ജോലിക്കും പെൺകുട്ടി ജോലിക്കോ പഠിത്തം തുടരാനോ പോകും. അതൊന്നുമില്ലെങ്കിൽ അവൾ അടുക്കളയിൽ ഒതുങ്ങിക്കൂടും. പിന്നെയെല്ലാം സാധാരണപോലെ.
അന്നൊക്കെ വിവാഹം നടക്കണമെങ്കിൽ. കുടുംബവും ജാതിയും ജാതകവുമൊക്കെ ചേരണം. പിന്നെ ആ കാലത്ത് സ്ത്രീധനം ഇന്നത്തെപ്പോലെ പ്രചാരത്തിലില്ല.. ‘പെണ്ണിനെ പോറ്റാൻ കഴിവുള്ളവൻ കല്യാണം കഴിച്ചാൽ മതി’ എന്നായിരുന്നു ഞങ്ങളുടെയൊക്കെ കുടുംബങ്ങളിലെ രീതി. വരുന്നവർ സ്ത്രീധനം ചോദിക്കുകയുമില്ല. അതവർക്ക് ‘കുറച്ചിലാണ്’. അന്നത്തെക്കാലത്തു സ്ത്രീധനം കൊടുത്തും വാങ്ങിച്ചും ഒരു കല്യാണം ഞങ്ങളുടെ വീടുകളിൽ നടന്നിട്ടില്ല. (ഇന്നത്തെ തലമുറ ഇത് വിശ്വസിക്കുകയില്ല. 1950 -70 കാലത്തെ കാര്യമാണ് പറയുന്നത്. അന്ന് ജീവിച്ചവർ പലരും ഇപ്പോഴുമുണ്ട്. ചോദിച്ചു സംശയം തീർക്കാവുന്നതേയുള്ളൂ).
ആവശ്യത്തിന് ആഭരണങ്ങൾ ഇട്ട് പെണ്ണിനെ അയയ്ക്കും. പിന്നെ കാരണവന്മാർ എന്നെങ്കിലും സ്വത്തുക്കൾ (ഉണ്ടെങ്കിൽ) ഭാഗം വയ്ക്കുമ്പോൾ അവൾക്കും ഓഹരി കിട്ടും. എന്നുവച്ച് പെൺവീട്ടുകാർ അവളെ നട തള്ളി (അങ്ങനെയുള്ളവരും ഉണ്ട്.) എന്ന് കരുതരുത്. വിവാഹാനന്തര ചടങ്ങുകളും അവളുടെ ഗർഭവും പ്രസവവും അതിനോടൊക്കെ അനുബന്ധിച്ചുള്ള ചടങ്ങുകളും അവർ ഏറ്റെടുത്ത് ഭംഗിയായി നടത്തും. സമ്പന്നരാണെങ്കിൽ അരിയും തേങ്ങയും എണ്ണയുമൊക്കെ അവൾക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യും.
ഞങ്ങളുടെ കൗമാരക്കൂട്ടത്തിൽ ആദ്യം വിവാഹിതയായത് രഞ്ജിനിയാണ്. അവൾക്കപ്പോൾ പതിനെട്ടു തികഞ്ഞതേ ഉള്ളു. ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അവൾ ഒരു വാർത്ത പറഞ്ഞു. അവളും അവളുടെ വിനോദും കൂടി മധുവിധു ആഘോഷിക്കാൻ മലമ്പുഴ പോകുന്നു. ഞങ്ങൾ കണ്ണു മിഴിച്ചു. ഞങ്ങൾ ഇങ്ങനെയൊരു കാര്യം ആദ്യം കേൾക്കുകയാണ്. ഏതായാലും അവൾ പോയി വന്നു. വിശേഷങ്ങൾ കേൾക്കാൻ ഞങ്ങൾ കാത്തിരുന്നു. ഒന്നോ രണ്ടോ വർഷങ്ങൾക്കകം ഞങ്ങൾക്കും ഇതൊക്കെ വേണ്ടതാണല്ലോ. ആദ്യരാത്രി വിശേഷങ്ങൾ മുതൽ ഞങ്ങൾ അവളോട് ചോദിക്കുന്നതാണ്. അവളുണ്ടോ പറയുന്നു?
‘പിന്നേ. .. നീയൊക്കെ അനുഭവിച്ചറിഞ്ഞാൽ മതി. അങ്ങനെ കേട്ടറിയണ്ട.’ അവളുടെ ഗമ! ഇപ്പോഴും അതുതന്നെ. അവൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല.
‘ഞങ്ങളുടെ മുല്ലയും പൂക്കും’ എന്ന്, അന്ന് പതിനെട്ടു തികഞ്ഞിട്ടില്ലാത്ത ഞങ്ങൾ അവളെ നോക്കി ‘വെവ്വെവ്വെ’ എന്ന് കൊഞ്ഞനം കാട്ടി.
ഏറെ താമസിയാതെ എന്റെ മുല്ല പൂത്തു. എന്റെ കല്യാണമായി. രണ്ടു മൂന്നു നാൾ കഴിഞ്ഞപ്പോൾ എന്റെ ആള് ഒരു യാത്ര പ്ലാൻ ചെയ്തു. കന്യാകുമാരിയിൽ ഒരു മധുവിധു. എനിക്ക് സന്തോഷമായി. കൂട്ടുകാരോട് ഗമ കാട്ടാലോ. ആ രഞ്ജിനിയെപ്പോലെ.
ബസ്സിലാണ് പോയത്. ആളിന് ജോലി ആയതേയുള്ളൂ. കാറു വാങ്ങാനുള്ള സ്ഥിതി ആയിട്ടില്ല. സ്ത്രീധനമായി കാറു കൊടുക്കുന്ന പതിവില്ല എന്ന് നേരത്തേ പറഞ്ഞല്ലോ.
തിരുവനന്തപുരം – കന്യാകുമാരി അത്ര ദൂരമൊന്നുമല്ല. പക്ഷേ യാത്രകൾ എനിക്ക് ശീലമില്ലല്ലോ. ഞാൻ ബസിലിരുന്നു ഛർദ്ദിക്കാൻ തുടങ്ങി. ആള് ശകാരിക്കാനും തുടങ്ങി. ‘നേരത്തേ പറഞ്ഞെങ്കിൽ മരുന്ന് തന്നേനേ’ എന്ന്. കല്യാണം കഴിഞ്ഞ് ഒരാഴ്ചയേ ആയിട്ടുള്ളൂ. എങ്ങനെ പറയാനാണ്. മാത്രമല്ല ഛർദ്ദി വരുമെന്ന് എനിക്ക് അറിയുകയുമില്ല.
വല്ല വിധവും കന്യാകുമാരിയിലെ കേരളാ ഹൗസിലെത്തി. കുളിച്ചു ഭക്ഷണം കഴിച്ചപ്പോൾ ആശ്വാസമായി. വൈകുന്നേരം കടൽക്കരയിൽ നടന്ന് അസ്തമയമൊക്കെ കണ്ടുമടങ്ങിയതും അതാ വീണ്ടും വില്ലൻ -ഛർദ്ദി! ബാത്ത് റൂമും വാഷ്‌ബേസിനും ഒക്കെ നിറഞ്ഞു. ‘എനിക്ക് തീരെ വയ്യ’ എന്നോ മറ്റോ എങ്ങനെയോ പറഞ്ഞൊപ്പിച്ചു ഞാൻ കിടക്കയിൽ വീണു, ഉറങ്ങിപ്പോയി. പാതിരാത്രി എപ്പോഴോ ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ എന്റെ ആള് ജനലരികിൽ കടലും കണ്ടിരിപ്പാണ്. ഞാനെഴുന്നേറ്റു ചെന്നതും ആള് എന്നോട് കഠിനമായി ദേഷ്യപ്പെട്ടു. വിവാഹത്തിന്റെ ആദ്യനാളുകളാണ് എന്ന പരിഗണനപോലുമില്ലാതെ. ആസ്വദിക്കേണ്ട ഒരു രാത്രി പോയതു മാത്രമല്ല, ലീവു പോയി, പൈസ പോയി, എല്ലാം കുളമായി എന്നൊക്കെ. ഞാൻ പേടിച്ചു പോയി. പോയതു പോട്ടെ, ഇനിയും ജീവിതം എത്രയോ ഉണ്ട് എന്ന് പറയാൻ എനിക്ക് ധൈര്യം വന്നില്ല. ഞാൻ കരയാൻ തുടങ്ങി. അപ്പോൾ ആളിന്റെ ദേഷ്യം കൂടി. ആളിനെ സമാധാനിപ്പിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല . (പിന്നീടും ജീവിതത്തിൽ ഒരിക്കലും അത് സാധിച്ചിട്ടില്ല. )
പ്രായം കുറവ്. ജീവിതത്തെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമില്ല. അപ്പോഴും കോളജിൽ പോകുന്നുണ്ട്. പഠിത്തം പൂർത്തിയാക്കണം. അതൊക്കെ കൊണ്ടാവാം വിവാഹജീവിതം വളരെ ആസ്വാദ്യകരമായൊന്നും എനിക്ക് തോന്നിയില്ല. എങ്കിലും കഴിയുന്നത്ര പൊരുത്തപ്പെട്ടു പൊയ്ക്കൊണ്ടിരുന്നു. ഡിഗ്രിയും പിജിയും കഴിഞ്ഞു രണ്ടു മക്കളുടെ അമ്മയായി. പ്രായവും പാകതയുമെത്തി. പക്ഷേ അപ്പോഴേയ്ക്കും മധുവും വിധുവുമൊന്നുമില്ലാത്ത ഒരു ജീവിതത്തിലേക്കു ഞാൻ എത്തിച്ചേരുകയാണുണ്ടായത് .
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു തമാശപോലെ. വീണ്ടുമൊന്ന് മൂളിപ്പാടട്ടെ,
‘ഞാനും ഞാനുമെന്റാളും പണ്ട് കന്യാകുമാരി കാണാൻ പോയി.’
Content Summary: Kadhayillaimakal column written by Devi JS on Travel Sickness