വില കൊടുത്ത് ഒരു ഭർത്താവിനെ നേടേണ്ട എന്ന് ഓരോ പെൺകുട്ടിയും തീരുമാനിക്കണം

dowry
Representative Image. Photo : 271 EAK MOTO / Shutterstock.com
SHARE

‘Say no to dowry’ സ്ത്രീധനത്തിനെതിരെ... എന്ന വിഷയത്തിൽ നടത്തിയ ഒരു പോസ്റ്റർ രചനാ മത്സരത്തിൽ സമ്മാനം നേടിയ  എട്ടാം ക്ലാസ്സുകാരനായ ഒരു കൊച്ചു കൂട്ടുകാരൻ വരച്ച ഒരു ചിത്രം ! ഈ പോസ്റ്റർ മത്സരവും ആ കൊച്ചു കുട്ടികൾ വരച്ച പോസ്റ്ററുകളും അതിനവർ നൽകിയ തല വാചകങ്ങളും (ചിത്ര വിവരണം) ആണ് ഈ ലേഖനത്തിനു പ്രചോദനമായത്. പതിമൂന്നിനും പതിനഞ്ചിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളെയാണ് ഈ മത്സരത്തിൽ പങ്കെടുപ്പിച്ചത് എന്നത് എന്നെ അദ്‌ഭുതപ്പെടുത്തി. സാമൂഹ്യ തിന്മകളെക്കുറിച്ച് ഇന്നത്തെ കുട്ടികൾ എത്ര ബോധമുള്ളവരാണ് എന്നത് അഭിനന്ദനാർഹം തന്നെ.

എട്ടാം ക്ലാസ്സിലെ സോഷ്യൽ സ്റ്റഡീസ് ടെക്സ്റ്റിൽ പൊളിറ്റിക്സ് വിഭാഗത്തിൽ ജുഡിഷ്യറിയെയും കോടതി വിധിയേയും അപ്പീൽ കൊടുക്കുന്നതിനെയും പറ്റി പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അവിടെ കീഴ് കോടതി വിധി കഴിഞ്ഞ്, മേൽക്കോടതിയിലേയ്ക്ക് അപ്പീൽ പോകുന്നതിന്, ഉദാഹരണമായി 1980 ലെ സുധാ ഗോയലിന്റെ കേസ് വിശദീകരിക്കുന്നുണ്ട്. കൂടുതൽ കൂടുതൽ ധനം ആവശ്യപ്പെട്ട്, ഭർത്താവു ലക്ഷ്മണും അയാളുടെ അമ്മ ശകുന്തളയും സുധയെ കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഒടുവിൽ ഒരു നാൾ അവർ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആ പാവം പെൺകുട്ടിയെ കൊന്നു. സുപ്രീം കോടതിലെത്തിയ ആ കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയുണ്ടായി. ഈ പാഠം അധ്യാപിക പഠിപ്പിച്ചപ്പോഴാണ് സ്ത്രീധനം എന്ന ആചാരത്തിന്റെ ഫലമായുണ്ടാകുന്ന അതി ഭീകരമായ ക്രൂരത കുട്ടികൾക്ക് ബോധ്യമായത്.  

illustration-kadhayillaimakal

സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും ഇപ്പോൾ നമ്മുടെ നാട്ടിൽ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇതാണിപ്പോഴത്തെ ട്രെൻഡ് എന്ന് പറഞ്ഞാൽ പോലും അതിശയിക്കാനില്ല. ഇങ്ങനെയുളള  വാർത്തകൾ ഇല്ലാതെ ഒറ്റ ദിവസം പോലും പത്രം ഇറങ്ങുന്നില്ല. ഈ വാർത്തകൾക്കുള്ള പ്രാധാന്യമോ, വളരെ കുറച്ചു സമയം മാത്രം - വീണ്ടുമൊരു പെൺകുട്ടി കൊല്ലപ്പെടുന്നത് വരെ, അല്ലെങ്കിൽ ഗാർഹികപീഡനം സഹിക്കാനാവാതെ അവൾ ആത്മഹത്യ ചെയ്യും വരെ. കേസും കൂട്ടവുമൊക്കെ അതിന്റെ വഴിക്കു നടക്കുന്നുണ്ടാവും. വർഷങ്ങൾ കഴിഞ്ഞു ശിക്ഷ കിട്ടിയാലായി. (ഈ സംഭങ്ങളുടെ തുടർച്ചയായിരുന്നു പോസ്റ്റർ രചനാമത്സരം.)

എന്തു കൊണ്ടാണ് ഇതിങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുന്നത്? കാര്യകാരണങ്ങൾ എന്തൊക്കെ നിരത്തിയാലും, പണത്തോടുള്ള ചിലരുടെ ആർത്തിയുടെ പേരിൽ ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെടുന്നു. പണക്കൊതികൊണ്ട് അവളെ കൊല്ലാനോ (അത് ആത്മഹത്യയാക്കി മാറ്റാനോ) അല്ലെങ്കിൽ സഹനത്തിന്റെ പരിധി കഴിഞ്ഞ അവളെ ആത്മഹത്യയിലെത്തിക്കാനോ അവർ തയാറാകുന്നു. അതല്ലേ സത്യം ?   . 

സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും കൊടുക്കുന്നതും നമ്മുടെ രാജ്യത്തിലെ നിയമപ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. സ്ത്രീധനത്തിന്റെ പേരിലുള്ള മരണത്തിനുത്തരവാദികളാവുന്നത്, ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന വ്യക്തമായ കുറ്റകൃത്യമാണ്. എന്നിട്ടും ഈ ദുരന്തം സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റാൻ ആകാത്തതെന്തേ?

വർധിച്ചു വരുന്ന ധനമോഹമോ, ശിക്ഷയെക്കുറിച്ചുള്ള ഭയമില്ലായ്മയോ എന്താണ് ഇതിനു കാരണം? നമ്മുടെ കോടതികളും നിയമങ്ങളും ദുർബലമായിപ്പോയോ ?

ചോദ്യങ്ങൾ ഒരുപാടുണ്ട്. ഉത്തരങ്ങൾ പക്ഷേ തൃപ്തികരമല്ല. സ്ത്രീധനം കിട്ടാത്തതിന്റെ പേരിൽ പെണ്ണിനെ കൊല്ലുന്നതെന്തിന് ? ഉപേക്ഷിച്ചാൽ പോരെ ? ഉപേക്ഷിച്ചാൽ അവളുടെ സ്വത്തുക്കൾ തിരിച്ച് കൊടുക്കേണ്ടി വരില്ലേ ?

കൊന്ന് ഒഴിവാക്കിയാൽ കൂടുതൽ സ്ത്രീധനം വാങ്ങി മറ്റൊരുവളെ വിവാഹം കഴിക്കാമല്ലോ. പിടിക്കപ്പെട്ടാലോ ?

പിടിക്കപ്പെടില്ല എന്ന പ്രതീക്ഷയാണല്ലോ എല്ലാ കുറ്റകൃത്യങ്ങൾക്കും ധൈര്യം പകരുന്നത് ശിക്ഷിക്കപ്പെട്ടാലോ ?

എത്ര കുറച്ചു കാലത്തേയ്ക്കാണ് ശിക്ഷ. അത് കഴിഞ്ഞാലും ജീവിതം ബാക്കിയുണ്ടല്ലോ എന്ന ആശ്വാസം. പുതിയൊരു ജീവിതമാകാം എന്ന ശുഭ പ്രതീക്ഷ! ഇതെല്ലാമാവാം ഓരോ കുറ്റവാളിയുടെയും ചിന്ത ! 

പെൺകുട്ടികൾ എന്താണ് രക്ഷപെടാൻ ശ്രമിക്കാത്തത്?

kadhayillaimakal-poster

അവരുടെ നിസ്സഹായത. മടങ്ങിച്ചെന്നാൽ അവരുടെ വീട്ടുകാർ പോലും അവർക്ക് അഭയം കൊടുത്തെന്നു വരില്ല.

മാതാപിതാക്കളുടെ ഈ നിലപാട് ക്രൂരമാണ്. സമ്മതിച്ചു. പക്ഷേ എന്തിനാണ് അഭയം തേടുന്നത്?

സ്വയം ജീവിക്കാനുള്ള മനസ്സാന്നിധ്യവും ഒരു ജീവിതമാർഗവുമല്ലേ പെൺകുട്ടികൾ നേടേണ്ടത് ! 

ഇത്രയേറെ അനുഭവങ്ങളുണ്ടായിട്ടും പെൺകുട്ടികളും അവരുടെ മാതാപിതാക്കളും പഠിക്കുന്നില്ല എന്നതും ഒരു കാര്യമാണ്. ഒരു പെൺകുട്ടിക്കു വമ്പിച്ച സ്ത്രീധനം കൊടുത്താലേ ഒരു ഭർത്താവിനെ കിട്ടുകയുള്ളോ ?

ഒരു പെണ്ണിനെ കൊന്നു ശിക്ഷകഴിഞ്ഞ് അല്ലെങ്കിൽ ശിക്ഷിക്കപ്പെടാതെ വരുന്നവന് വീണ്ടും പെണ്ണു കൊടുക്കാൻ ഇവിടെ ആളുണ്ട്, പെൺകുട്ടികളും തയാറാണ്, എന്നത് വലിയൊരു തമാശയാണ്. ഇത്ര നിസ്സരമോ ഒരു പെണ്ണിന്റെ  ജീവൻ?

ഇതിനൊരു മാറ്റം വരണമെങ്കിൽ യുവ തലമുറ മനസ്സ് വയ്ക്കണം. വില കൊടുത്തു ഒരു ഭർത്താവിനെ നേടേണ്ട എന്ന് ഓരോ പെൺകുട്ടിയും തീരുമാനിക്കണം. പൊന്നും പണവും കാറും വാങ്ങി ഒരു വിവാഹം കഴിക്കുകയില്ല എന്ന് ആൺകുട്ടികളും തീരുമാനമെടുക്കണം. വരും തലമുറയെങ്കിലും ഇതിനെതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കട്ടെ അതിന്  ഇത്തരം മത്സരങ്ങളും പ്രോജെക്ട്കളും സെമിനാറുകളും പ്രേരകമാവട്ടെ.  

Content Summary: Kadhayillaimakal column written by Devi J.S. Dowry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS