വാർധക്യം പലർക്കും ഒറ്റപ്പെടലിന്റെ കാലമാണ്. അച്ഛൻ തനിച്ച്, അമ്മ തനിച്ച്. അല്ലെങ്കിൽ വയസ്സായ അച്ഛനും അമ്മയും അവരുടെ അവശതകളും രോഗങ്ങളും മനോവിഷമങ്ങളുമായി അങ്ങനെ ജീവിച്ചു പോകുന്നു. മക്കൾ ജോലി സംബന്ധമായി ദൂരെ. അഥവാ അടുത്തുണ്ടെങ്കിൽ തന്നെ വൃദ്ധരുമായി പൊരുത്തപ്പെടാനാവാതെ മാറി പാർക്കുന്നു. ഇടയ്ക്ക് വന്നാലായി, വന്നില്ലെങ്കിലായി. അന്വേഷിച്ചാലായി ഇല്ലെങ്കിലായി. ഇതിനു വിപരീതമായി അകലെയാണെങ്കിൽ കൂടി അച്ഛനമ്മമാരുടെ ആവശ്യങ്ങൾക്ക് ഓടിയെത്തുകയും അവർക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്യുന്ന മക്കളും മരുമക്കളുമുണ്ടെന്നുള്ളത് മറക്കുന്നില്ല. എന്നാലും ഏകാന്തത അസഹനീയം എന്ന് പരാതിപ്പെടുന്നവരാണ് അധികവും.
എന്നാൽ ഏകാന്തത ഒരു പരിധിവരെ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ എന്ന് പലയിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്.
ഈ ഏകാന്തത എത്ര ധന്യം
ഈ നിശബ്ദത എത്ര ശാന്തം
ഈ ഏകാഗ്രത എത്ര വിശുദ്ധം
എന്നൊക്കെ ഞാൻ എവിടയോ കുറിച്ചിട്ടത് വായിച്ച കൂട്ടുകാർ എന്നെ കുറ്റപ്പെടുത്തി .
‘‘ഓ ദേവിക്കിതൊക്കെ പറയാം. ദേവിക്ക് എഴുതാം വായിക്കാം. അതിനിടെ ഒറ്റപ്പെടലിനെക്കുറിച്ചൊക്കെ ചിന്തിക്കാൻ നേരമെവിടെ?’’
എഴുതുകയും വായിക്കുകയും മാത്രമല്ല., മുഴുവൻ സമയവും (ഉറങ്ങുമ്പോഴൊഴികെ) എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന ശീലമാണെന്റേത്. എത്രയോ വർഷങ്ങളായി ഞാൻ അങ്ങനെയാണ്. ഉത്തരവാദിത്വങ്ങൾ കൂടിയതോടെ കൂടുതൽ കൂടുതൽ ജോലികളിൽ മുഴുകി. വീട്ടു ജോലികൾ ചെയ്തു. മക്കളുടെ കാര്യങ്ങൾ ശ്രദ്ധിച്ചു. ഓഫീസിലും പോയി. ഇതിനിടെ എഴുതുകയും വായിക്കുകയും ചെയ്തു. കത്തുകൾ എഴുതാനും ഫോണിൽ വിളിക്കാനും വേണ്ടപ്പെട്ടവരെ സന്ദർശിക്കാനും സമയം കണ്ടെത്തി. റിട്ടയർ ചെയ്തു വീട്ടിലിരുന്നിട്ടും മാറ്റമില്ല. ഇപ്പോഴും ജോലികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം എന്റെ മിടുക്കുകൊണ്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ ഇങ്ങനെയാണ്. എനിക്ക് ഞാനാവാനേ കഴിയൂ.
‘‘ഒന്നിനും സമയമില്ല’’ എന്ന് പറയുന്നവരോട് ഞാൻ പറയാറുണ്ട്. ‘‘എല്ലാവർക്കുമുണ്ട് ഒരു ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂർ.’’
‘‘ഒന്ന് നോക്കുമ്പോൾ ഒറ്റക്കാണ് നല്ലത്. മക്കൾക്ക് നമ്മൾ ശല്യമാകണ്ട, അവർ നമുക്ക് ഭാരമാകണ്ട. വല്ലപ്പോഴും തമ്മിൽ കാണുമ്പോൾ, ഒന്നോ രണ്ടോ ദിവസം ഒന്നിച്ചു കഴിയുമ്പോൾ എല്ലാവർക്കും സന്തോഷം. കൂടുതലായാൽ അസ്വസ്ഥതകൾ ഉണ്ടാവും.’’ ഇത് പറയുന്നത് വളരെ പ്രയോഗികമതിയായ ഒരു പരിചയക്കാരിയാണ്. അവർ അത് ജീവിതത്തിൽ നടപ്പിലാക്കുകയും ചെയ്തു. ഒരു ഫ്ലാറ്റിൽ തനിയെ താമസിക്കുന്നു. മക്കൾ വല്ലപ്പോഴും വന്നു പോകും.
‘‘ഇപ്പോൾ ആരോഗ്യമുള്ളിടത്തോളം ഇങ്ങനെ പോകട്ടെ... വയ്യാതാകുമ്പോൾ... അതന്നല്ലേ?’’ അവർ തുടരുന്നു. പക്ഷികളെ നോക്കൂ. പറക്കമുറ്റിയാൽ കിളിക്കുഞ്ഞുങ്ങൾ പറന്നകലും. മൃഗങ്ങളിലും അത് തന്നെ. തനിയെ ജീവിക്കാറായാൽ സ്വയം ഇരതേടാൻ പ്രാപ്തരായാൽ അവർ വിട്ടു പോകും.
എന്റെ അഭിപ്രായവും ഏതാണ്ട് ആ പരിചയക്കാരിയുടേത് പോലെ തന്നെയായിരുന്നു! കുറെക്കാലം അങ്ങനെ കഴിയുകയും ചെയ്തു. ജീവിതത്തിന്റെ അദ്‌ഭുതകരമായ ഗതിവിഗതികൾ ആരറിയുന്നു! എന്റെ ലോകം തന്നെ മാറിമറിഞ്ഞുപോയില്ലേ ? അതവിടെ നിൽക്കട്ടെ, കുറെ വർഷങ്ങളായി സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരമ്മയാണ് ചന്ദ്രിക. ഏയ്, വൃദ്ധയൊന്നുമല്ല. ഒരു എഴുപതു വയസ്സുണ്ടാവും. പക്ഷേ കണ്ടാൽ അൻപതേ പറയൂ. അതിനടുത്ത ലുക്കും, ആരോഗ്യവും ഉണ്ട്. (പിന്നെ അല്ലറ ചില്ലറ അസുഖങ്ങൾ ആർക്കാണില്ലാത്തത് ?). മക്കൾ ഉദ്യോഗം പ്രമാണിച്ച് പല നഗരങ്ങളിലാണ്. ഇടയ്ക്കു കുടുംബത്തോടെ വരും, അമ്മയോടൊപ്പം രണ്ടു നാൾ താമസിക്കും, പോകും. അമ്മയെ അവരുടെ സ്ഥലങ്ങളിലേക്ക് ഇടയ്ക്കിടെ കൊണ്ടുപോവുകയും ചെയ്യും. ഏകാന്തത, ശൂന്യത, മടുപ്പ് എന്നൊക്കെ പരാതി പറയുന്ന ടൈപ്പല്ല ചന്ദ്രിക. ഒരുപാടു കാര്യങ്ങൾ ചെയ്യും. വീട്ടു ജോലികൾ , ഗാർഡനിങ്ങ്, ചിത്രമെഴുത്ത്, ജ്വല്ലറി ആർട്ട് എന്ന് വേണ്ട - മിടുമിടുക്കി എന്നാരും സർട്ടിഫിക്കറ്റ് എഴുതി ഒപ്പിട്ടു കൊടുത്തു പോകും.
ഈയിടെ ഒരു ദിവസം ചന്ദ്രിക എന്നെ ഫോണിൽ വിളിച്ചു. വിശേഷങ്ങളുടെ കൂട്ടത്തിൽ ഒരു തമാശക്കഥയും പറഞ്ഞു. നേരത്തെ പറഞ്ഞതുപോലെ അവർക്കു ചെറിയ തോതിൽ കുറെ അസുഖങ്ങൾ ഉണ്ട്. ഗൗരവതരമല്ല. എന്നാലും ഒറ്റയ്ക്കാവുമ്പോൾ അലട്ടുന്നത് രോഗങ്ങൾക്ക് ഒരു രസമാണല്ലോ. അങ്ങനെ ഒരു രാത്രി പെട്ടന്ന് ചന്ദ്രികയ്ക്കു വയ്യാതായി. വല്ലാത്ത നെഞ്ചു വേദന!, ഗാസല്ല, വേറെ കടുത്തതെന്തോ ആണ്. ചന്ദ്രിക ഉറപ്പിച്ചു. തലകറക്കവും തളർച്ചയും ഒക്കെ കൂട്ടിനെത്തി. ദൂരെയുള്ള മക്കളെ വിളിച്ചു പേടിപ്പിച്ചിട്ടെന്തു കാര്യം? അസുഖം കൂടിയാൽ പോരെ അയൽക്കാരെ ശല്യപ്പെടുത്തുന്നത്. എന്തായാലും ചന്ദ്രിക എഴുന്നേറ്റു. ഭംഗിയും വൃത്തിയുമുള്ള അടിവസ്ത്രങ്ങൾ എടുത്ത് ഇട്ടു. (ഡോക്ടർമാർക്ക് പരിശോധിക്കാനുള്ളതല്ലേ?). നല്ല ഒരു സാരിയും ബ്ലൗസും ധരിച്ചു. (ആശുപത്രിയിൽ പോകേണ്ടി വന്നാലോ. തീരെ വയ്യാതായാൽ വേഷം മാറാൻ ഒക്കുമോ?). മുടി ഭംഗിയായി ചീകി പിന്നിയിട്ടു. പൗഡറിട്ടു, കണ്ണെഴുതി, പൊട്ടു തൊട്ടു. പിന്നെ പതിവായി കഴിക്കുന്ന ഗുളികകൾ കഴിച്ചു. കട്ടിലിൽ പോയി നീണ്ടു നിവർന്നു കിടന്നു.
ഇത്രയും കഥകേട്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി. ‘ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണമെന്നാണല്ലോ ചൊല്ല് ! അതാണോ ചന്ദ്രിക ഇതൊക്കെ ചെയ്തത്? (ഏതായാലും ചത്തിട്ടില്ല. ഫോണിൽ വിളിച്ചല്ലോ. ആൾ ജീവനോടെയുണ്ട്.)
ഇനിയിപ്പോൾ ഹൊറർ സ്റ്റോറികളിലെപ്പോലെ പ്രേതമാണോ വിളിച്ചത്?
ഞാനങ്ങനെ ഭയന്നു നിൽക്കെ ചന്ദ്രിക തുടർന്നു.
‘‘കേൾക്കുന്നുണ്ടോ ?’’
‘‘ഉണ്ട് , പറയൂ’’
‘‘പിറ്റേന്നു രാവിലെയാണ് ഞാൻ കണ്ണ് തുറന്നത്.’’
‘‘എന്നിട്ട് ?’’
‘‘എന്നിട്ടെന്താ ഞാനങ്ങനെ ഒരുങ്ങി ചമഞ്ഞ് എന്റെ കട്ടിലിൽ കിടക്കുന്നു. നേരം നന്നേ പുലർന്നിരുന്നു. നെഞ്ചു വേദന ഒന്നുമില്ല’’ ചന്ദ്രിക ചിരിച്ചു. ഒപ്പം ഞാനും ചിരിച്ചുപോയി .
ഓരോരുത്തരുടെ ഭാവനയിൽ വിരിയുന്ന ഏകാന്ത സുന്ദര ചിന്തകളേ ...! നമുക്ക് ചിരിക്കാനും ചിന്തിക്കാനും ഇത്തരം ഭാവനകൾ അവസരമൊരുക്കുന്നു.
Content Summary: Kadhaillayimakal, Column by Devi JS on loneliness in old age