പുനർ എന്ന വാക്കിന്റെ അർഥമെന്താണ് ? വീണ്ടും എന്നു തന്നെയല്ലേ ? പുനർജനി, പുനർവായന, പുനരധിവാസം ... എല്ലായിടത്തും വീണ്ടും എന്ന് തന്നെ. ജീവിതത്തിൽ പല കാര്യങ്ങളും നമ്മൾ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നു.
ദീർഘകാല ദാമ്പത്യത്തിനു ശേഷം ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാമതൊരു വിവാഹം ചെയ്ത ഒരാളെപ്പറ്റി സംസാരിക്കുകയായിരുന്നു സരോജിനിയും ഞാനും. അയാളുടെ ആദ്യഭാര്യ, സുന്ദരിയും സുശീലയും സമ്പന്നയുമായ അമല ഞങ്ങളുടെ കൂട്ടുകാരിയുമായിരുന്നു.
‘‘അയാൾക്ക് മറ്റൊരുത്തിയിൽ താത്പര്യം തോന്നിയത് അമലയുടെ തെറ്റല്ല. അയാൾക്ക് അവളെ മടുത്തു പോയി എങ്കിൽ ആ മടുപ്പ് അവൾക്കും തോന്നാമല്ലോ.’’ ഞാൻ രോഷം കൊണ്ടു.
‘‘അഗ്നി സാക്ഷിയായി ആദ്യം പരിണയിക്കുന്നവളാണ് പത്നി. പിന്നീട് വരുന്നതൊക്കെ ഒരു പകരം വയ്ക്കൽ. അഡ്ജസ്റ്റ്മെന്റ്. വയസ്സു കാലത്ത് അയാളെ ശുശ്രൂഷിക്കാൻ ഒരു നഴ്‌സ് ! ഇക്കാര്യത്തിൽ അത്രേയുള്ളൂ.’’ സരോജിനി പറഞ്ഞു. അവളുടെ സംസ്കാരം അതാവാം.
ഞങ്ങൾ പിന്നീട് അമലയെ കണ്ടപ്പോൾ അവൾ ‘കാം ആൻഡ് കൂൾ’. എനിക്ക് അത്ഭുതം തോന്നി. ഈ പെണ്ണുങ്ങൾ എങ്ങനെയാണ് ഇതൊക്കെ ക്ഷമിക്കുന്നത് ? എന്റെ ചിന്താഗതി മനസ്സിലാക്കിയിട്ടാവാം, അമല പറഞ്ഞു.
‘അയാളുടെ ജീവിതം അയാളുടേതല്ലേ? അയാൾക്കിഷ്ടമുള്ളതു പോലെ ജീവിക്കട്ടെ.’
പിൽക്കാലത്ത് അതേ അനുഭവം എനിക്കുണ്ടായപ്പോൾ ഞാൻ അമലയുടെ വാക്കുകൾ കടമെടുത്തു. ദുഃഖമോ, നിരാശയോ, വൈരാഗ്യമോ തോന്നാതെ ക്ഷമിക്കാൻ എനിക്കും കഴിഞ്ഞു. (എന്തും ഞാൻ ക്ഷമിക്കും. പക്ഷേ ഒന്നും ഞാൻ മറക്കുകയില്ല എന്ന് കൂടി കൂട്ടിച്ചേർത്തു കൊള്ളട്ടെ )
‘‘ദേവി ചെറുപ്പമല്ലേ? എന്ത് കൊണ്ട് പിന്നീട് ഒരു വിവാഹം കഴിച്ചില്ല ?’’ ഒരു സുഹൃത്ത് ആയിടെ ചോദിച്ചു.
‘‘ഒരു റീ മാര്യേജിൽ താത്പര്യം തോന്നിയില്ല.’’ ഞാൻ പറഞ്ഞു.
‘‘റീ എന്ന് ചേർക്കേണ്ട കാര്യമില്ല. ആദ്യത്തേത് നിലനിൽക്കുന്നില്ലല്ലോ. അപ്പോൾ പിന്നെ മാര്യേജ് എന്ന് പറഞ്ഞാൽ പോരെ ?’’ സുഹൃത്ത് ചിരിച്ചു.
‘‘പുനർ വിവാഹം എന്നല്ലേ നമ്മൾ പറയുക.’’ ഞാൻ സംശയിച്ചു.
വിവാഹത്തിന്റെ കാര്യത്തിൽ ആ പ്രയോഗം തെറ്റാണ്. ഒരേ പുസ്തകംതന്നെ വീണ്ടും വായിക്കുന്നതാണ് പുനർവായന ഒരേ ആളെ തന്നെയല്ലല്ലോ വീണ്ടും വിവാഹം കഴിക്കുന്നത്?
സുഹൃത്തിന്റെ വിശദീകരണം അംഗീകരിച്ച് ഞാൻ കൈകൂപ്പി ചിരിച്ചു.
പുനർ വിവാഹം കഴിക്കുന്നത് ഒരു തെറ്റ് എന്നല്ല ഞാൻ പറഞ്ഞു കൊണ്ടു വരുന്നത്. ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരും, അത് എപ്പോഴും സാധിച്ചു എന്നു വരില്ല, എന്ന് അനുഭവസ്ഥർ പറയുന്നു. എന്നാലും ചില സന്ദർഭങ്ങളിൽ ചിലർക്ക് ഒരു രണ്ടാം വിവാഹം അനിവാര്യമായി വരും.
അഡ്ജസ്റ്റ്മെന്റിന്റെ കാര്യം പറഞ്ഞപ്പോൾ വളരെ പ്രശസ്തയായ ഒരു വനിത ഒരിക്കൽ എന്നോട് പറഞ്ഞു.
‘‘ആദ്യഭാര്യയോടു കാണിക്കുന്ന പുരുഷമേധാവിത്വം രണ്ടാം ഭാര്യയോട് കാണിക്കില്ല. അതാണ് പുരുഷന്റെ കൗശലം. ഒന്നാമത് രണ്ടാമത്തവൾ അത് സഹിച്ചെന്ന് വരില്ല. പിന്നെ അവൾ കൂടി പോയാൽ സമൂഹം അവനെ ആക്ഷേപിക്കില്ലേ ? സൊസൈറ്റിയുടെ മുന്നിൽ നല്ലവൻ ആകണമല്ലോ.’’
ഇത് ഏറെക്കുറെ ശരിയാണ് എന്ന് പലയിടത്തും ഞാൻ കണ്ടറിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോൾ എന്റെ ആൺ സുഹൃത്തുക്കൾ പിണങ്ങരുത്.
ചാർളിയുടെ ഭാര്യ വിനി പെട്ടെന്നൊരു ദിവസം ഹൃദയം സ്തംഭിച്ച് മരിക്കുകയായിരുന്നു. മക്കൾ വലുതായതു കൊണ്ട് അവരെ നോക്കാൻ രണ്ടാമതൊരമ്മയുടെ ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ ചാർളി വീണ്ടും വിവാഹം കഴിച്ചത് അയാൾക്കു വേണ്ടി തന്നെയായിരുന്നു. മാനസികമായും ശാരീരികമായും കുടുംബപരമായും സാമൂഹികമായും അത് ആവശ്യമായിരുന്നു എന്നാണ് ചാർളി പറഞ്ഞത്. വിധവയായ സൂസൻ ഒരു മകന്റെ അമ്മയും, നന്നേ ചെറുപ്പവും ആയിരുന്നു. എന്ത് പറയാൻ? ചാർളിയുടെ മക്കൾക്ക് അച്ഛന്റെ ഭാര്യയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അവളുടെ ചെറിയ മകനെ അവർക്ക് സഹിക്കാനായില്ല. ഫലമോ? ചാർളിയുടെ സ്വൈരം കെട്ടു. ഞങ്ങൾ ഓഫീസിൽ ഒരുമിച്ചിരിക്കുമ്പോൾ ഒരു ദിവസം പോലും വിനിയെപ്പറ്റി അയാൾ പറയാതിരുന്നിട്ടില്ല. എനിക്ക് ചിലപ്പോഴൊക്കെ വല്ലാതെ വിഷമം തോന്നിയിട്ടുണ്ട്. വിനിയെ ചാർളി ഇപ്പോഴും എത്ര മാത്രം മിസ്സ് ചെയ്യുന്നു, കഷ്ടം.
‘‘മക്കൾ ഇനിയിപ്പോൾ പഠിക്കാനും ജോലിക്കുമൊക്കെയായി ദൂരെ പോകുമല്ലോ. അപ്പോൾ നിങ്ങൾ രണ്ടാളും തനിച്ചാകും. പ്രശ്നങ്ങൾ ഒക്കെ തീരും.’’ ഞാൻ ആശ്വസിപ്പിക്കും. അത് തന്നെയാണ് അവരുടെയും പ്രതീക്ഷ !
വിവാഹ മോചനം കഴിഞ്ഞിട്ടായാലും പങ്കാളികളിലൊരാൾ മരണപ്പെട്ടിട്ടായാലും പുതിയൊരു ജീവിതം തുടങ്ങുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവും. വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും എന്ന് പലരും പറഞ്ഞിട്ടുണ്ട്.
പണ്ട് പണ്ട് ഈ വിഷയം ഒരു മനഃശാസ്ത്രജ്ഞനുമായി സംസാരിക്കാനിടയായി. ഒരു ലേഖനത്തിനു വേണ്ടി തന്നെ. അദ്ദേഹം പറഞ്ഞു .
‘‘ഇത്തരം സഹചാര്യങ്ങളിൽ, രണ്ടു പേരല്ല നാലുപേരുടെ സാന്നിദ്ധ്യമാണ് അനുഭവപ്പെടുക. ഭാര്യയുടെ പഴയ ഭർത്താവും ഭർത്താവിന്റെ പഴയ ഭാര്യയും. ഓർക്കാതിരിക്കാൻ കഴിയില്ല. മറക്കാൻ എളുപ്പവുമല്ല. മനുഷ്യമനസ്സല്ലേ, കല്ലോ ഇരുമ്പോ അല്ലല്ലോ.’’
ഇതിനെപ്പറ്റി ചോദിച്ചപ്പപ്പോൾ എഴുത്തുകാരനായ ഒരു സുഹൃത്ത് പറഞ്ഞു.
ഒരു പുനർ വിവാഹം, മിക്കപ്പോഴും കൂടെയൊരാൾ, കൂട്ടിനൊരാൾ, ഒരു തണൽ ഒരു തുണ, ചായാനൊരു ചുമൽ, ഇതൊക്കെ ആശിച്ചുണ്ടാവുന്നതാണ്. കഴിഞ്ഞു പോയ ജീവിതവുമായി ഒരു താരതമ്യം ഉണ്ടാവാതെ മുന്നോട്ടു പോകാൻ ശ്രമിക്കണം. അല്ലെങ്കിൽ ശരിയാവില്ല. രണ്ടു മക്കളുള്ളപ്പോൾ വിഭാര്യനായ അദ്ദേഹം ഭർത്താവു നഷ്ടപ്പെട്ട രണ്ടു മക്കളുള്ള ഒരു സ്നേഹിതയെ ആണ് സ്വീകരിച്ചത് . എല്ലാവരുമായി പൊരുത്തപ്പെട്ടു സുഖമായി മുന്നോട്ടു പോകുന്നു എന്നാണ് ആ സുഹൃത്ത് പറഞ്ഞത് . എനിക്ക് സന്തോഷം തോന്നി. അങ്ങനെ പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന അച്ഛനും അമ്മയും മക്കളും ഉണ്ടല്ലോ. നല്ലത് !
വിവാഹിതരായ മക്കൾ കട്ടയ്ക്ക് എതിർത്തിട്ടും അറുപത്തിരണ്ടാം വയസ്സിൽ വിവാഹിതനായ ഒരാൾ പറയുന്നു.
‘‘ഈ വലിയ വീട്ടിൽ ഞാൻ തനിച്ചാണ്. എനിക്ക് വയ്യാതായാൽ എന്റെ മകൾ അവളുടെ ജോലിയും , ഭർത്താവിനെയും മക്കളെയും വിട്ട് എന്റെ അടുത്ത് വന്നു നിൽക്കുമോ? എന്റെ മകനെയും കൊണ്ട് സ്വന്തം വീട്ടിൽ പോയി താമസിക്കുന്ന മരുമകൾ വരുമോ എന്നെ ശുശ്രൂഷിക്കാൻ? എന്റെ കാര്യങ്ങൾ നോക്കാൻ ഒരാൾ വേണ്ടേ ? അതൊരു ഭാര്യ ആവുന്നതല്ലേ നല്ലത് ?’’
അദ്ദേഹം പറയുന്നത് ശരിയല്ലേ ? കുറേക്കൂടി പ്രായം കുറഞ്ഞ ആരോഗ്യവതിയായ രണ്ടാം ഭാര്യയുടെ പരിചരണത്തിൽ അദ്ദേഹം സന്തുഷ്ടനാണ്.
ഇതുപോലെ ഒരു രണ്ടാം വിവാഹത്തോടെ സന്തോഷകരമായ ഒരു ജീവിതം ലഭിച്ചയാളാണ് എന്റെ ചെറിയമ്മ. ആദ്യ വിവാഹം ഒരു പരാജയമായിരുന്നു. വിവാഹമോചനം നേടുമ്പോൾ അവർക്ക് പ്രായം ഇരുപതോ ഇരുപത്തൊന്നോ. അവരെ രണ്ടാമത് വിവാഹം ചെയ്തയാൾ (അത് അദ്ദേഹത്തിന്റെ ആദ്യവിവാഹമായിരുന്നു) വളരെ സ്നേഹസമ്പന്നനും കാര്യബോധമുള്ളയാളുമായിരുന്നു. അവർക്കു പിന്നീട് രണ്ടു കുട്ടികളുമുണ്ടായി. ‘സൗഭാഗ്യം’ എന്നാണ് ചെറിയമ്മ അവരുടെ കുടുംബജീവിതത്തെ വിശേഷിപ്പിക്കുന്നത്.
ഇനി ആദ്യം പറഞ്ഞത് ഒന്നുകൂടി പറയട്ടെ. ഓരോരുത്തരുടെയും ജീവിതം അവരവരുടേതാണ്. അതെങ്ങനെ വേണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. പുനർ വിവാഹത്തിന്റെ കാര്യവും അങ്ങനെ തന്നെ.
Content Summary : Kadhaillayimakal column by Devi JS on Second Marriage