‘നാക്കിന്റെ നെറികേട്‌ കൊണ്ടും പല്ലിനു കേടുവരാം’

talkative
Representative Image. Photo Credit : Prostock-studioth/Shutterstock.com
SHARE

‘സംസാരം ആരോഗ്യത്തിന് ഹാനികരം?’. അത് കുറെ നാൾ മുൻപ് വന്ന ഒരു സിനിമയുടെ പേരല്ലേ?

ഇത് അതല്ല. വർത്തമാനം, സംഭാഷണം എന്നൊക്കെ നമ്മൾ പറയുന്ന സംസാരം. സംസാരിക്കാനുള്ള കഴിവ് ഈശ്വരൻ മനുഷ്യനു നൽകിയിട്ടുള്ള അനേകം അനുഗ്രഹങ്ങളിൽ ഒന്നു തന്നെയാണ്. സംശയമില്ല. സംസാരിക്കാൻ കഴിവില്ലായിരുന്നു എങ്കിൽ നമ്മൾ എങ്ങനെ ആശയവിനിമയം നടത്തുമായിരുന്നു? മൃഗങ്ങളും പക്ഷികളും സംസാരിക്കാറുണ്ടോ? ഉണ്ടാവും. അവരുടേതായ ഒരു ഭാഷയിൽ അവർ തമ്മിൽ സംസാരിക്കുന്നുണ്ടാവും. നമുക്കറിയില്ലല്ലോ. 

മനുഷ്യരുടെ ഇടയിലെ സംസാരം പല രീതിയിലാണ്. ചിലർ തീരെ കുറച്ചേ സംസാരിക്കൂ. അത്യാവശ്യത്തിനു പോലും വായ തുറക്കുകയില്ല. അതൊരു സ്വഭാവമാണോ, ശീലമാണോ, മനഃപൂർവമുള്ള ഒരു പെരുമാറ്റമാണോ എന്നറിയില്ല. ‘മിണ്ടാപ്പൂതങ്ങൾ’ എന്ന് വേണമെങ്കിൽ പറയാം. ഇത്തരത്തിൽ തീരെ മിണ്ടാത്തവരോട് ഇടപെടാൻ എനിക്ക് മടിയാണ്. എന്താണവരുടെ മനസ്സിൽ എന്ന് അറിയാൻ സാധിക്കില്ല. നമ്മൾ പറയുന്നത് ഇഷ്ടമായില്ലെങ്കിലോ എന്ന തോന്നൽ ഉണ്ടാവും. ഒന്നും ഇവർ തുറന്നു പറയുകയുമില്ല. ഇക്കൂട്ടർ വിശാലഹൃദയരല്ല എന്ന് ഞാനങ്ങു വെട്ടിത്തുറന്നു പറഞ്ഞാൽ അത്തരത്തിലുള്ള എന്റെ സുഹൃത്തുക്കൾക്ക് പരിഭവം തോന്നരുത്.

ചിലർ അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്നവരാണ്. ചോദിക്കുന്നതിനു മാത്രം ഉത്തരം പറയും. ചുരുങ്ങിയ വാക്കുകളിൽ നമ്മളോട് അത്യാവശ്യകാര്യങ്ങൾ സംസാരിക്കുകയും ചെയ്യും. ‘മിതഭാഷികൾ’ എന്ന് പറയാറില്ലേ ? അത് തന്നെ. മിത  ഭാഷണം എപ്പോഴും നല്ലതാണ്. ആവശ്യമില്ലാത്ത വിഡ്ഢിത്തങ്ങൾ വിളമ്പുകയില്ലല്ലോ.

ഗുണവും ദോഷവും ഇല്ല .

ഇനി ഒരു കൂട്ടർ നന്നായി സംസാരിക്കും. രസകരമായി കാര്യങ്ങൾ പറയും. ബോർ അടിപ്പിക്കില്ല. ‘ടാക്കറ്റിവ്’ എന്ന് പറയാം .സംഭാഷണപ്രിയർ, രസികർ. ഇവർ നല്ല ശ്രോതാക്കളുമാണ്. ആരും ഇഷ്ടപ്പെട്ടുപോകും ഇത്തരക്കാരെ. അവരോടു സംസാരിക്കാനും അവരുടെ സംസാരം കേൾക്കാനും യാതൊരു വിഷമവുമില്ല. തേൻമൊഴി, മധുരമൊഴി എന്നൊക്കെ പറയാറില്ലേ ?

കുത്തും കോമയുമില്ലാതെ, ശ്വാസം വിടാതെ സംസാരിക്കും ചിലർ. ‘ലാത്തി’ എന്നാണ് പണ്ട് ഞങ്ങളുടെ നാട്ടിൽ അവരെപ്പറ്റി പറഞ്ഞിരുന്നത്. ‘കത്തി’ എന്ന് വേണമെങ്കിലും പറയാം. ഇവരുടെ വളവളാന്നുള്ള വർത്തമാനം അരോചകമാണ്. വിഷയമൊന്നും വേണ്ട, അങ്ങ് പറഞ്ഞോളും. ഇതിനെയാണ് ‘ലൂസ് ടോക്ക്’ എന്ന് പറയുന്നത്. ഭയങ്കര ലാത്തികളെയും കത്തികളെയും ഒറ്റ വക്കിൽ വിശേഷിപ്പിക്കാം .അസഹനീയം . മറ്റുള്ളവർക്ക് താത്പര്യമുണ്ടോ, അവർ ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും നോക്കാതെ ‘ചലപില കലപില’ പറഞ്ഞുകൊണ്ടിരിക്കും. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ശ്രദ്ധിക്കുകയേയില്ല. കേട്ടഭാവമില്ലാതെ അവർ തുടരും. ഓടി രക്ഷപ്പെടുകയല്ലാതെ മറ്റു മാർഗമില്ല. പക്ഷേ എന്ത് ചെയ്യാം ചിലപ്പോൾ പെട്ടുപോകും .

വായിച്ചപുസ്തകങ്ങളിലെ ചില സന്ദർഭങ്ങൾ, കണ്ട സിനിമയിലെ ചില രംഗങ്ങൾ ഇവയൊക്കെ വിവരിക്കുന്നതാണ് എന്റെ ചില സുഹൃത്തുക്കളുടെ ഹോബി. ‘ഞാൻ വായിച്ചതാണ് ആ പുസ്തകം. ഞാൻ കണ്ടതാണ് ആ സിനിമ’ എന്നൊക്കെ ഞാൻ ഇടയ്ക്കു കയറിപ്പറയും. ‘ഒന്ന് നിർത്തൂ എനിക്ക് വല്ലാതെ ബോറടിക്കുന്നു’ എന്ന് പറയുന്നതിനു പകരം. എന്നാലുണ്ടോ നിർത്തുന്നു? ഫോണിലായാലും ഇക്കൂട്ടർ ഇങ്ങനെ തന്നെ. അറുബോറൻ ചൊല്ലുകൾ, വഷളൻ തമാശകൾ, ഇതൊക്കെ കൊണ്ട് നമ്മളെ രസിപ്പിക്കുകയല്ല, സ്വയം രസിക്കുകയാണിവർ. ‘എനിക്കല്പം ജോലിയുണ്ട്. ഞാൻ പിന്നെ വിളിക്കാം’ എന്ന് പറഞ്ഞു ഒഴിവാക്കിയാൽ പരിഭവം ഇല്ല . ശുദ്ധഗതിക്കാരാണ് .

സംഭാഷണം -മറ്റെല്ലാമെന്നപോലെ -ഒരു കലയാണ്. പറയുന്നയാൾക്കും കേൾക്കുന്നയാൾക്കും രസകരമാവണം. അങ്ങനെയല്ലെങ്കിൽ പിന്നെ മിണ്ടാതിരിക്കുന്നതാണ് ഭേദം.

സമയവും സന്ദർഭവും സദസ്സും ശ്രദ്ധിച്ചു വേണം സംസാരിക്കാൻ എന്ന് മുതിർന്നവർ പറയാറില്ലേ ? കുടുംബവും കുട്ടികളും ബന്ധുക്കളും ഒത്തു ചേരുന്ന സദസ്സിൽ സാഹിത്യവും രാഷ്ട്രീയവും പറ്റിയ വിഷയങ്ങളല്ല. എല്ലാവരും ആസ്വദിച്ചെന്നു വരില്ല. പലർക്കും മനസ്സിലായെന്നും വരില്ല. സ്വന്തം അറിവും വാചാലതയും പ്രകടിപ്പിക്കാനുള്ള വേദിയല്ല ഇത്തരം സദസ്സുകൾ എന്ന് ചിലർ മറന്നു പോകുന്നു.

ഇനി സംസാരം ചിലപ്പോൾ ആരോഗ്യത്തിനു ഹാനികരമായേക്കും. വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞാൽ ചിലപ്പോൾ തല്ലു കൊള്ളും. നാക്കിന്റെ നെറികേട്‌ കൊണ്ട് പല്ലിനാണ് കേടുവരിക എന്ന് കേട്ടിട്ടില്ലേ.  

പരസ്പരം സംസാരിക്കുക എന്നത് മനുഷ്യന് അത്യാവശ്യമായ കാര്യമാണ്. എന്നാൽ മൗനം വിദ്വാനുമാത്രമല്ല, എല്ലാവർക്കും ചിലപ്പോഴൊക്കെ ഭൂഷണമാണ്.  

Content Summary: Kadhayillaimakal column on talkative nature       

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS