മറ്റുള്ളവരെ പറ്റിക്കുന്നത് ചിലർക്ക് ഒരു രസമാണ്. ചിലപ്പോൾ പറ്റിക്കപ്പെടുന്നവർക്കും അതൊരു രസമാകും. എന്നാൽ എപ്പോഴും അങ്ങനെയല്ല. ചിലർ മനപ്പൂർവം കളിപ്പിക്കുന്നതല്ല. അബദ്ധം പറ്റിപ്പോകുന്നതാണ്. ഏതായാലും കളിപ്പിക്കപ്പെടുന്നവർക്ക് വിഷമവും സങ്കടവും അപമാനവും തോന്നാം. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. ഭീകരമായ ചതികളെക്കുറിച്ചല്ല (അവയും പറ്റിക്കലുകൾ ആണല്ലോ ).കൊച്ചുകൊച്ചു കളിപ്പീരുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
എന്നെപ്പറ്റിക്കാൻ എളുപ്പമാണ്. കാരണം എന്നെപ്പോലെയാണ് എല്ലാവരും എന്നാണ് എന്റെ ധാരണ. എനിക്ക് അകത്തൊന്ന് പുറത്തൊന്ന് എന്നില്ല. നേരേവാ നേരെ പോ .
ഇനിപറയട്ടെ ഒരു കഥ . എന്റെ ഒരു കൂട്ടുകാരി ആനി കുറെ പുതിയ ചുരിദാറുകൾ തയ്പ്പിച്ചു. അവൾ അതെല്ലാം എന്നെ കൊണ്ട് വന്ന് കാണിക്കുകയും ചെയ്തു. അന്ന് ഞാനും ചുരിദാർ ധരിക്കുന്ന കാലമാണ്.
" ദേ ഇത് എനിക്കൊന്ന് ഇടാൻ തരണം . വളരെ ഇഷ്ടപ്പെട്ട ഒരെണ്ണം ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു ."
"ഓ അതിനെന്താ , എപ്പോൾ വേണം , പറഞ്ഞോളൂ ." ആനി പറഞ്ഞു.
ഞങ്ങൾ പല കൂട്ടുകാരും ഇങ്ങനെ പരസ്പരം ഡ്രസ്സുകൾ മാറി ഇടാറുണ്ട്. (അന്ന്ഈ കൊറോണയൊന്നും ഇല്ലല്ലോ ). ആനി ഞങ്ങളുടെ അയല്പക്കത്തെ ഒരു ആന്റിയുടെ സാരി ഉടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ സാരികൾ വേണോയെന്നു ഞാൻ ചോദിച്ചിട്ടുണ്ട് . അതിനുള്ള അവസരം വന്നില്ല, അവൾ എടുത്തുമില്ല. അവൾ പറഞ്ഞത് വിശ്വസിച്ച് ഒരു ദിവസം ഞാൻ ചെന്ന് ആ ചുരിദാർ ചോദിച്ചു.
"അയ്യോ ഞാനത് ഒരുപ്രാവശ്യമേ ഇട്ടുള്ളൂ. തരാൻ പറ്റില്ല." അവൾ മുഖത്തടിച്ചതുപോലെ പറഞ്ഞു. ഞാൻ ചമ്മിപ്പോയി. തിരിഞ്ഞു നടക്കുമ്പോൾ ഞാൻ സ്വയം ശകാരിച്ചു.
"ഇടാൻ ഒന്നും ഇല്ലാഞ്ഞിട്ടല്ലേ, ഇരക്കാൻ പോയത്? നാണമില്ലേ ?ഇപ്പോൾ കിട്ടിയല്ലോ ."
തരാമെന്നു വെറുതെ അവൾ അപ്പോൾ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ന്യായീകരിച്ചു .അവൾ പറ്റിച്ചതാണ് എന്നിപ്പോഴാണറിഞ്ഞത്.
ഈ കഥ ഞാൻ പറഞ്ഞപ്പോൾ നിർമ്മല മറ്റൊരു അനുഭവം പറഞ്ഞു. ദിവ്യ അവളുടെ ഭർത്താവ് വിനോദ് ന്റെ പരിചയക്കാരിയാണ്. ഒരു ദിവസം എന്തോ ആവശ്യത്തിന് സിറ്റിയിൽ വന്ന ദിവ്യയ്ക്ക് അന്ന് മടങ്ങാനായില്ല. ഒരു രാത്രി താങ്ങാനായി അവൾ വിനോദിനെ സമീപിച്ചു . വീട്ടിലേയ്ക്ക് വിനോദ് അവളെ കൂട്ടിക്കൊണ്ട് വന്നു. നിർമ്മലയ്ക്ക് അവളെ അത്ര പരിചയമില്ല. എന്നാലും സ്വീകരിച്ചു. ദിവ്യയുടെ വസ്ത്രമെല്ലാം ആകെ മുഷിഞ്ഞിരുന്നു. മാറാൻ ഡ്രസ്സൊന്നും കരുതിയിരുന്നില്ല. അന്നു തന്നെ പോകാനല്ലേ വന്നത്. ഇഷ്ടമായില്ല ,എങ്കിലും പുറമെ കാണിക്കാതെ, നിർമ്മല ഒരു ചുരിദാറും ടോപ്പും കൊടുത്തു. പിറ്റേന്ന് രാവിലെ തന്നെ ദിവ്യ പോയി. 'ഈ ഡ്രസ്സ് ഞാൻ അലക്കി കൊണ്ട് തരാം' എന്ന് പറഞ്ഞു പോയവളെ പിന്നെ ആ നഗരത്തിലേ കണ്ടില്ല.
'ഓ ഒരു ഡ്രസ്സല്ലേ പോട്ടെ' ഞാൻ ആശ്വസിപ്പിച്ചു.
"ശ്ശോ , എന്റെ ഭർത്താവ് വളരെ ഇഷ്ടപ്പെട്ടു വാങ്ങിത്തന്നതാണ്. അവളെന്നെ പറ്റിച്ചു.കള്ളി." നിർമ്മല പറഞ്ഞു .
''ഭർത്താവിനെത്തന്നെ അടിച്ചു മാറ്റുന്നു ,പിന്നെയാ ഭർത്താവു വാങ്ങിത്തന്ന ചുരിദാറ്." ഞാൻ പൊട്ടിച്ചിരിച്ചു.
നവമിയെ അവളുടെ ഭർത്താവും അവളുടെ കൂട്ടുകാരിയും ചേർന്ന് വളരെ സൂത്രത്തിൽ പറ്റിച്ചകാര്യം ഞങ്ങൾക്കിരുവർക്കും അറിയാവുന്നതാണ്.
യൂണിവേഴ്സിറ്റി യിൽ ജോലി ചെയ്യുന്ന കാലത്ത് ഒരിക്കൽ ലളിതടീച്ചർ എന്നെ വിളിച്ചു . ഞങ്ങളമൊരു മിച്ചു ഒരു സ്കൂളിൽ കുറിച്ചു കാലം പഠിപ്പിച്ചിട്ടുള്ളതാണ് .
" ദേവീ ,അവിടെ പുതുതായി ജോയിൻ ചെയ്തവരുടെ കൂട്ടത്തിൽ ഒരു ആൻറണി ഉണ്ടോ ? അവൻ ഒരു തട്ടിപ്പാണ് . എന്റെ സ്കൂളിൽ നിന്നാണ് അങ്ങോട്ട് വന്നത് . എന്നോട് ഒരു പതിനായിരം രൂപ വാങ്ങിയിരുന്നു . ശമ്പളം കിട്ടുമ്പോൾ തരാമെന്നു പറഞ്ഞു .എത്ര ശമ്പളമായി. തരുന്നില്ല .ദേവി ഒന്ന് കാണണെ അവനെ ."
ഞാൻ ആൻറണിയെ കണ്ടു പിടിച്ചു. ലളിതയുടെ കൂട്ടുകാരി എന്ന് കേട്ടപ്പോഴേ അവന്റെ മുഖം വിളറി. ലളിത വിളിച്ചകാര്യം ഞാൻ പറഞ്ഞു . പിന്നെ അതൊരു പതിവായി.എല്ലാ മാസവും ലളിത വിളിക്കും .സന്ദേശവുമായി ഞാൻ ആന്റണി യുടെ അടുത്ത് ചെല്ലും. ഒടുവിൽ പാവം എന്നോട് ദയ തോന്നിയിട്ടാവും (ഹഹഹ )ആന്റണി പല ഗഡുക്കളായി ലളിതയുടെ പൈസ കൊടുത്തു.
"ദേവീ നിവർത്തിയില്ലാത്തവർക്കു നമ്മൾ കൊടുക്കണം. ഇത് അതല്ല .പറ്റിക്കുന്നതൊരു ശീലമാണ് . പലരെയും അവൻ പറ്റിച്ചിട്ടുണ്ട്." എന്നാണ് ലളിത പറഞ്ഞത് .
എന്റെ അമ്മയോട് പണ്ടൊരാൾ കുറച്ചു പണം കടം വാങ്ങി . നിവർത്തിയില്ലാത്ത ആളൊന്നുമല്ല. അമ്മയെ കാണുമ്പോഴൊക്കെ അയാൾ പറയും. 'നിങ്ങൾക്ക് ഞാൻ കുറച്ചു പൈസ തരാനുണ്ട്". പക്ഷെ ഒരിക്കലും കൊടുത്തിട്ടില്ല . കടം വാങ്ങിയിട്ട് കൊടുക്കാതെ ഇത് പോലെ പറയുന്നത് ഒരു രസമാണ് . എന്ന് ഒരിക്കൽ അയാൾ പറഞ്ഞു. .പറ്റിക്കുന്നതിന്റെ രസം.
എന്നോട് കടം വാങ്ങിയിട്ട് പറ്റിച്ചവരെക്കുറിച്ചു പറയാൻ തുടങ്ങിയാൽ അതീ ലേഖനത്തിൽ ഒതുങ്ങുകയില്ല . അതു കൊണ്ട് അതിപ്പോൾ വിടുന്നു. പിന്നീടൊരിക്കൽ എഴുതാം.
പുതിയ ഒരിടത്ത് ജോലിക്കു ചെല്ലുമ്പോൾ ഔദ്യാഗികകാര്യങ്ങൾ മാത്രമല്ല ബാക്കി രീതികളും സീനിയേഴ്‌സ് പറഞ്ഞു കൊടുക്കണം. എന്റെ മകൾക്കു കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗം കിട്ടിയ സമയം . ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ 'ചെലവ് ചെയ്യുക 'എന്നൊരു ഏർപ്പാടുണ്ട്. അതിനിടയിൽ പരിചയപ്പെട്ടവർ പറഞ്ഞു കൊടുത്തു. നൂറോളം പേരുണ്ട്. ലഡ്ഡുവും ചായയും മതി എന്ന് അവർ തന്നെ പറഞ്ഞു. എന്റെ മകൾ അത് വിശ്വസിച്ചു. ലഡ്ഡു വാങ്ങിപ്പിച്ചു . കാന്റീനിൽ ചായ പറഞ്ഞു .വൈകുന്നേരം കാന്റീൻ ബോയ് തന്നെ എല്ലാവർക്കും വിതരണം ചെയ്തു. അപ്പോഴതാ വരുന്നു കമന്റുകൾ. നേരിട്ട് തന്നെ. 'കൊള്ളാം ഇത്രയും നല്ലൊരു ജോലി കിട്ടിയിട്ട് വെറുമൊരു ലഡ്ഡുവിൽ ഒതുക്കി അല്ലെ?' 'രണ്ടോ മൂന്നോ ഐറ്റങ്ങളില്ലാതെ എന്ത് ചായ സൽക്കാരം' . എന്റെ മകൾ അമ്പരന്നു. ലഡ്ഡു മതി എന്ന് ഉപദേശിച്ചവർ കൂടി കമന്റടിക്കാൻ കൂടി എന്നതാണ് അവളെ കൂടുതൽ അദ്‌ഭുതപ്പെടുത്തിയത്. 'അങ്ങ് പിശുക്കി. പൈസ ലാഭിച്ചു ' എന്നൊരു പുച്ഛ ഭാവം ചില മുഖങ്ങളിൽ . 'ഓ ഒരു വലിയ ഉദ്യോഗസ്ഥ .അങ്ങനെ വേണം .ഞങ്ങൾ പറ്റിച്ചതു തന്നെ' , എന്നൊരു ഭാവം ആദ്യം ഉപദേശിച്ചവർക്ക് . 'ഞങ്ങൾ അങ്ങനെയൊക്കെ പറയും നിങ്ങൾ വേണ്ടത് പോലെ ചെയ്യണം ' എന്നും ചിലർ .പോരെ ?
ആദ്യമായി ജോലിക്കു വരുന്നവർക്കറിയില്ലല്ലോ കീഴ്വഴക്കങ്ങൾ .അവരെ പറ്റിക്കുന്നതിൽ പിന്നെ കളിയാക്കി ചിരിക്കുന്നതിൽ എന്താണൊരു രസം ? അറിയില്ല .
രേഖയും രവിയും ആത്മ സുഹൃത്തുക്കളാണ്. കാമുകരല്ല. ഒരിക്കൽ ഒരുമിച്ചു ഒരിടത്തു പോകാൻ പ്ലാനിട്ടു.(കല്യാണമോ ,മരണമോ എന്തുമാവട്ടെ ).പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്തു രേഖ കാത്തു നിന്നു. ഏറെ നേരമായിട്ടും രവിയെ കാണാഞ്ഞപ്പോൾ അവൾ ഫോണിൽ വിളിച്ചു . അവൻ കൂളായി പറഞ്ഞു .
"അയ്യോ ഞാനങ്ങു മറന്നു പോയി. ഞാനിപ്പോൾ ദൂരെ ഒരിടത്താണ്. സോറി രേഖാ വന്നെത്താനാവില്ല.."
രേഖയ്ക്ക് വല്ലാത്ത സങ്കടവും ദേഷ്യവും വന്നു . എന്നാലും പിന്നെയവളൊന്നും പറഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞൊരു ദിവസം രേഖ രവിയെ വിളിച്ചു.
"ഇന്ന് നീ ഫ്രീയാണോ?"
''അതെ എന്താ ?"
"ഞാൻ സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നു. കവിതാ തിയേറ്ററിൽ. ഫസ്റ്റ് ഷോ. ആറു മണിക്കെത്തണേ ."
അവളെ പലതവണ പറ്റിച്ചതല്ലേ ?പിണക്കം വേണ്ട. ഇത്തവണ രവി സമയത്തെത്തി. മണി ആറു കഴിഞ്ഞു ആറര കഴിഞ്ഞു ,ഏഴായി.
"പടം തുടങ്ങി .നീ ഇതെവിടെയാ ?" രവി ഫോണിലൂടെ ദേഷ്യപ്പെട്ടു.
രേഖ പൊട്ടിച്ചിരിച്ചു.
''നീ എന്നെ എത്ര തവണ പറ്റിച്ചു. ഒരു തവണ തിരിച്ചു ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ പെണ്ണെന്നു പറഞ്ഞിരുന്നിട്ടെന്തിനാ ? "
അവരുടെ സൗഹൃദം പിന്നെ എന്തായോ ,എനിക്കറിയില്ല .
പറ്റിച്ചേ പറ്റിച്ചേ എന്നാർത്തു വിളിച്ചു രസിക്കാനുള്ള അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാവും. അത് പക്ഷേ തമാശയായിരിക്കണം. രസിപ്പിക്കുന്നതാവണം. മറ്റുള്ളവരെ അവമാനിക്കുന്നതും വിഷമിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതും ആവരുത് .
.