അത്യുച്ചത്തിലുള്ള ശബ്ദം വിഷമാണ്. പതിവായി കേട്ടു കൊണ്ടിരുന്നാൽ പതുക്കെ പതുക്കെ അതു നമ്മളെ ബാധിക്കും. ശരിയായിരിക്കാം. പക്ഷേ ഭയങ്കര ശബ്ദങ്ങൾക്ക് ബോധം കെടുത്താനും വേണ്ടി വന്നാൽ കൊല്ലാനും ശക്തിയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. പക്ഷേ കാര്യം ശരിയാണ്. ചില അനുഭവങ്ങൾ പറയട്ടെ.
വർഷങ്ങൾക്കു മുൻപ് നടന്നതാണ്. അന്നിത് പത്രത്തിലൊക്കെ വന്നിരുന്നു എന്നാണോർമ്മ. ഏതായാലും ബാങ്കിൽ ജോലിയുണ്ടായിരുന്ന എന്റെ അനുജൻ, പൊടിപ്പും തൊങ്ങലും വച്ചാണ് ഈ കഥ ഞങ്ങൾക്കു പറഞ്ഞു തന്നത്. ഞങ്ങൾ പാവം മൂന്നു സഹോദരിമാർ അന്തം വിട്ടു കേട്ടിരുന്നു.
ഇനി കഥപറയട്ടെ.
ബാങ്കിലെ ക്യാഷ് കൗണ്ടർ ഒരു ചെറിയ കമ്പിയഴിക്കൂടിനുള്ളിലാണല്ലോ. മുൻ വശത്ത് ചില്ല്. അതിനു നടുവിൽ കാശു വാങ്ങാനും കൊടുക്കാനുമായി ഒരു ചെറിയ വാതിൽ. ആ സമയത്ത് ക്യാഷർ ഒരു യുവതിയായിരുന്നു. ജോലി കിട്ടിയിട്ട് അധിക നാളായിരുന്നില്ല. പോസ്റ്റിങ് ക്യാഷിലും. ഒരു മധ്യാഹ്നത്തിൽ ബാങ്കിൽ ആളൊഴിഞ്ഞ നേരത്ത് ജീൻസും ജാക്കറ്റും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച ഒരാൾ കയറി വന്നു. നേരെ ക്യാഷിനടുത്തേയ്ക്കു നടന്നു. പെട്ടെന്ന് പോക്കറ്റിൽ നിന്ന് ഒരു തോക്ക് പുറത്തേക്ക് എടുത്ത്, അത് ഒറിജിനൽ ആണെന്ന് കാണിക്കാൻ ഒരു വെടി പൊട്ടിച്ചു. ഒരു ലൈറ്റ് തകർന്നു ചിതറി. ബാങ്കിലെ ജീവനക്കാരും അവിടെ അപ്പോഴുണ്ടായിരുന്ന ചില ഇടപാടുകാരും നടുങ്ങി വിറച്ചു. അയാൾ ക്യാഷ് കൗണ്ടറിനടുത്തു ചെന്നു. കിളിവാതിലിലൂടെ തോക്കു ചൂണ്ടി പറഞ്ഞു.
‘‘മുഴുവൻ പണവും എടുക്ക്.’’
ആ യുവതി കണ്ണ് മിഴിച്ച് വിളറി വെളുത്തു. പക്ഷേ അപ്രതീക്ഷിതമായി അവൾ ചാടി എഴുന്നേറ്റു. ഇരു ചെവികളും പൊത്തിപ്പിടിച്ചു കൊണ്ട് അലറി നിലവിളിച്ചു. കാറൽ എന്നോ കൂവൽ എന്നോ പറഞ്ഞാൽ പോരാ. ഒരു മനുഷ്യന് ഉണ്ടാക്കാവുന്നതിലും എത്രയോ വലിയ ശബ്ദം! എത്ര ഡെസിബെൽ ആയിരുന്നോ എന്തോ? അടുത്ത നിമിഷം തോക്കുമായി നിന്ന കൊള്ളക്കാരൻ കുഴഞ്ഞ് നിലത്തു വീണു. ബോധം കെട്ടു. തോക്കു ദൂരെ തെറിച്ചു. ബാങ്കിലുള്ള മറ്റുള്ളവർ പൊലീസിനെ വിളിച്ചു. അവർ ധൈര്യം അവലംബിച്ച് അയാൾക്ക് കാവൽ നിന്നു. പോലീസെത്തി അയാളെ കൊണ്ട് പോയി. അയാൾ മരിച്ചു വീണു എന്നാണ് എന്റെ സഹോദരൻ പറഞ്ഞത്. പിന്നെ പറഞ്ഞു ബോധം പോയതേ ഉള്ളൂ എന്ന്. ഏതോ ബാങ്കിലെ ഏതോ ബ്രാഞ്ചിൽ നടന്ന സംഭവമാണ്. പറഞ്ഞു വന്നപ്പോൾ അത് അനുജന്റെ ബാങ്കായി. കഥപറയുമ്പോൾ അല്പം അതിശയോക്തി വേണ്ടേ എന്നാണവൻ പറഞ്ഞത്.
പാവം ആ യുവതി. അവളുടെ ഭയവും കിതപ്പും മാറാൻ ദിവസങ്ങൾ എടുത്തു കാണും. വോക്കൽ കോർഡ്സ് പൊട്ടി ശബ്ദവും നഷ്ടമായോ എന്തോ ? .
ചെറുപ്പകാലത്ത് ഒരുനാൾ സെക്കൻഡ് ഷോ കഴിഞ്ഞു വരികയായിരുന്നു ഞാനും എന്റെ ഭർത്താവും. തീയേറ്ററിനു തൊട്ടടുത്താണ് വീട്. മെയിൻ റോഡിൽ നിന്ന് ഒരിടവഴിയിൽ കൂടി അല്പം നടക്കുകയെ വേണ്ടൂ. റോഡിൽ നിന്ന് ഇടവഴിയിലേയ്ക്കു തിരിഞ്ഞതും ഒരാൾ അതാ അതി വേഗം ഓടിവരുന്നു. സ്ട്രീറ്റ് ലൈറ്റ് ഇല്ല. മങ്ങിയ നിലാവിൽ അടുത്തെത്തിയപ്പോഴാണ് ആളിനെ കണ്ടത്. കരിവീട്ടി പോലൊരു രൂപം. ഒരു ജട്ടി മാത്രമേ ഇട്ടിട്ടുള്ളു. ദേഹം മുഴുവൻ എണ്ണ പുരട്ടിയിരിക്കുന്നു. അയാൾ എന്നെ തൊട്ടു തൊട്ടില്ല എന്നായതും ഞാൻ പരിഭ്രമിച്ച് ഉറക്കെ കൂവി വിളിച്ചു. അയാൾ വന്ന വേഗത്തിൽ തന്നെ ഓടാനൊരുങ്ങി. പക്ഷേ എന്റെ നിലവിളി കേട്ട് പതറി നിലത്തുവീണു. ബോധം കെട്ടില്ല. എന്റെ വിളിക്ക് അത്രയും ഡെസിബെൽ ഉണ്ടായിരുന്നില്ല. അയാൾ എഴുന്നേറ്റ് ഓടിപ്പോയി.
ഒച്ചയെടുത്ത് ആളുകളെ പേടിപ്പിക്കുക എന്നത് എന്റെ ജീവിതത്തിൽ പലതവണ സംഭവിച്ചിട്ടുണ്ട്. സത്യത്തിൽ ഞാൻ പേടിച്ചു ചെയ്തു പോകുന്നതാണ്. ചെറുപ്പം മുതലേ ഉണ്ടായിരുന്നു ചില സംശയങ്ങൾ അകാരണമായി മനസ്സിലേയ്ക്ക് കടന്നു വരുന്നതും ഭയപ്പെടുന്നതും തുടർന്ന് അലറിക്കരയുന്നതും.
ഒച്ച തീരെയില്ലാത്തയാളാണ് ഞാൻ. കുട്ടിക്കാലം മുതലേ ശബ്ദമടപ്പ്, തൊണ്ട വേദന, ശ്വാസനാളത്തിൽ വീക്കം ഇങ്ങനെ ഓരോന്ന് വന്ന് ശബ്ദം ദുർബലമായിപ്പോയി. നന്നായി പാടിയിരുന്ന എനിക്ക് പാടാൻ കഴിയാതായി എന്ന് മുൻപ് ഞാൻ പറഞ്ഞിട്ടില്ലേ? വളരെ പതുക്കെ വിളിക്കുന്നതു കൊണ്ട് അടുത്ത മുറിയിൽ ഉള്ളവർ പോലും വിളി കേൾക്കില്ല. ‘എത്ര നേരമായി വിളിക്കുന്നു’ എന്ന് പരാതിപ്പെട്ടാൽ ‘ഒന്ന് ഉറക്കെ വിളിച്ചു കൂടെ എന്നാവും അവരുടെ പ്രതികരണം.
‘‘വല്ല കള്ളനോ മറ്റോ കേറിയാൽ അമ്മ വിളിച്ചിട്ട് അയൽപക്കക്കാരാരും ഓടി വരില്ല’’ എന്ന് എന്റെ മകൻ എന്നെ കളിയാക്കുമായിരുന്നു. ആ ഞാനാണ് ഉറക്കെ നിലവിളിച്ച് മറ്റുള്ളവരെ പേടിപ്പിക്കുന്നത്, എന്തൊരതിശയം!.
തിരുവനന്തപുരത്തെ എന്റെ അമ്മവീട് സിറ്റിയുടെ നടുവിലാണെങ്കിലും അങ്ങോട്ടുള്ള ചെറിയ റോഡ് അല്പദൂരം വിജനമാണ്. ഇരുവശത്തും കോട്ട പോലെ മതിൽ. അതുകഴിഞ്ഞാൽ പിന്നെ ഒരു വളവുണ്ട് . അത് തിരിഞ്ഞാൽ പിന്നെ മുത്തുമാരിയമ്മൻ കോവിലും, ഇരുവശത്തും വീടുകളും ആളനക്കവുമുണ്ട്. ഒരു ദിവസം ഞാൻ ആ ഇടവഴിയിലൂടെ നടക്കുമ്പോൾ അതാ എതിരെ വരുന്നു ഒരു ആജാനബാഹു. ഞാൻ ഞെട്ടി. മാലപൊട്ടിക്കലൊക്കെ നടന്നിട്ടുള്ളയിടമാണ്. അയാൾ എന്നെ തറപ്പിച്ചൊന്നു നോക്കി കടന്നു പോയി. പേടിച്ച ഞാൻ ഒന്ന് തിരിഞ്ഞു നോക്കി . അപ്പോഴതാ അയാളും തിരിഞ്ഞു നോക്കുന്നു. അയാൾ പെട്ടെന്ന് ഓടി എന്റെ അടുത്തേയ്ക്കു വരുമെന്ന് എനിക്കു തോന്നി. ‘അയ്യോ ഓടി വരണേ’ എന്ന് വിളിച്ചു കൊണ്ട് ഞാൻ ഒറ്റയോട്ടം. അയാൾ പിന്നാലെ ഉറക്കെ വിളിച്ചു പറയുന്നതു കേട്ടു ഞാൻ നിന്നു. ‘ഓടേണ്ട കുട്ടീ ... ഞാൻ ഒന്നും ചെയ്യുകയില്ല.’ അയാൾ വീണ്ടും വിളിച്ചു പറഞ്ഞു. എന്റെ വിളി കേട്ട് ആരെങ്കിലും വന്നാൽ അയാൾ പെട്ടത് തന്നെ. ഉപദ്രവിക്കാൻ ശ്രമിച്ചു എന്നേ വരൂ . ‘മനുഷ്യനെ പേടിപ്പിക്കുമല്ലോ’ എന്ന് കൂടി ദേഷ്യത്തിൽ പറഞ്ഞിട്ട് അയാൾ വേഗം നടന്ന് വലിയ റോഡിൽ കയറി. വീട്ടിൽ ചെന്നിത് പറഞ്ഞപ്പോൾ എല്ലാവരും ചിരിയോടു ചിരി.
എന്നെ ആരെങ്കിലും പേടിപ്പിച്ചാലും കുഴപ്പം തന്നെ. ഒരു ദിവസം - കുട്ടിക്കാലത്തൊന്നുമല്ല, പത്തിരുപത്തഞ്ചു വയസ്സുണ്ടാവും എനിക്കന്ന് -വീട്ടിലെ പണിക്കാരിയും ഞാനും കൂടി എന്തൊ രഹസ്യം പറയുകയായിരുന്നു. പിന്നിൽ വന്ന അനുജൻ ഞങ്ങളെ പേടിപ്പിക്കാനായി ‘ബോ’ എന്നുറക്കെ ശബ്ദമുണ്ടാക്കി. ഞാൻ നടുങ്ങിപ്പോയി. പെട്ടെന്ന് ശരീരമാകെ വിറച്ച്, ശ്വാസതടസ്സം തോന്നി, ഞാൻ തളർന്നു വീണു. പണിക്കാരിയും അനുജനും വിഷമിച്ചു പോയി. അവർ തന്നെ എന്നെ താങ്ങി എഴുന്നേൽപ്പിച്ചു. വെള്ളമൊക്കെ തന്നു ആശ്വസിപ്പിച്ചു. എന്നു നെഞ്ച് അപ്പോഴും പടപടാന്ന് മിടിക്കുന്നുണ്ടായിരുന്നു.
മകൾക്ക് കോളജ് അവധിയായി ഒരു ദിവസം ഞാനും അവളും കൂടി ഒരു സായാഹ്ന സവാരിക്കിറങ്ങി. ഞങ്ങളുടെ വീട്ടിനടുത്ത വഴിയിലൂടെ നടക്കുമ്പോൾ പെട്ടന്ന് ഒരു മാരുതി ഓമ്‌നി അടുത്തു വന്ന് ബ്രേക്കിട്ടു. ആളുകളെ തട്ടിക്കൊണ്ടു പോകാൻ ഓമ്‌നി ഉപയോഗിക്കുന്ന കഥകളൊക്കെ പ്രചരിക്കുന്ന കാലമായിരുന്നു. ആ കാറിന്റെ സ്ലൈഡ് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചു. ഞാൻ അതൊന്നും കേട്ടില്ല. എന്നെയും മകളെയും കാറിലേക്ക് വലിച്ചിടാനാണ് എന്ന് ഞാനങ്ങ് ഉറപ്പിച്ചു. ‘‘അയ്യോ ഓടിക്കോ ...’’ എന്നുറക്കെ വിളിച്ചുകൊണ്ട് മകളുടെ കയ്യും പിടിച്ചു ഞാൻ ഓടടാ ഓട്ടം. കുറച്ചു ദൂരം ഓടി. അവർ കാറ് തിരിച്ച് പിറകെ വരുന്നുണ്ടോ എന്ന് തിരിഞ്ഞു തിരിഞ്ഞു നോക്കി ഓട്ടം തുടർന്നു. അവർ അവിടെ തന്നെ നിൽക്കുകയാണ്. ‘ഇതെന്തു കഷ്ടം’ എന്നോ മറ്റോ കൈകൊണ്ടു ആംഗ്യം കാണിക്കുന്നുമുണ്ട് .
‘ഈ അമ്മേടെ ഒരു കാര്യം. എന്നെക്കൂടി പേടിപ്പിക്കും’ മകൾ പറഞ്ഞു.
‘നീ കേട്ടിട്ടില്ലേ കിഡ്‌നാപ്പ് ഒക്കെ ഓമ്‌നിയിലാ’ ഞാൻ പറഞ്ഞു.
‘പിന്നെ അതങ്ങു ഡെൽഹിയിലൊക്കെയല്ലേ? ഈ കോട്ടയത്ത് കഞ്ഞിക്കുഴിയിൽ ആരാ അമ്മയെയും എന്നെയും കിഡ്നാപ്പ് ചെയ്യാൻ വരുന്നത്’’
അപ്പോഴാണ് ഞാൻ കണ്ടത് എന്റെ വിളിയും ഓട്ടവും ഒക്കെ കണ്ടു ചിലർ മെയിൻ റോഡിൽ നിന്ന് നോക്കുന്നു. ആകെ ചമ്മലായി.
‘‘ശബ്ദം അധികം ഇല്ലാത്തതു നന്നായി. അല്ലെങ്കിൽ എൺപതു ഡെസിബെല്ലിനു മേലെയെത്തി ആളികളെ ഇടയ്ക്കിടെ ബോധം കെടുത്തിയേനെ.’’ ഈ കഥകൾ കേട്ട് കൊച്ചു മക്കൾ എന്നെ കളിയാക്കുന്നു.
Content Summary: Kadhayillaimakal column on Screaming