സുമംഗലിയായിരിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നവരാണ്, ഭാരതീയർ. ജാതി മത ഭേദമന്യേ ഭർത്താവുള്ളതാണ് പെണ്ണിന്റെ ഭാഗ്യം എന്ന് തന്നെയാണ്, നമ്മൾ കേരളീയരുടെയും അഭിമതം. ഇതിന് വിപരീതമായി ചിന്തിക്കുന്നവരുണ്ടോ? ഉണ്ടല്ലോ. ദുഷ്ടനും ദുർവൃത്തനും, സ്വാർഥനുമായ ഒരു കുടുംബനാഥനെക്കൊണ്ട് ഭാര്യയും മക്കളും പൊറുതിമുട്ടുന്ന അവസ്ഥയിൽ നരകിക്കവേ, അയാളങ്ങു മരിച്ചുപോയാൽ ഞങ്ങളുടെ നാട്ടിലെ വൃദ്ധമുത്തശ്ശിമാർ പറഞ്ഞിരുന്ന ‘ആപ്തവാക്യമാണ് ’ ഞാൻ മേൽ കുറിച്ചത്.
കേരളത്തിലെ കാര്യം മാത്രമെടുത്താൽ മതി. മിക്ക പെണ്ണുങ്ങളും ദാമ്പത്യജീവിതം നയിക്കുകയല്ല സഹിക്കുകയാണ്. വേറെ നിവർത്തിയില്ല എന്നൊരു ഒഴികഴിവും. ഏറെക്കുറെ സത്യമാണ്. ധൈര്യമില്ല, ജീവിതമാർഗ്ഗമില്ല (ഉണ്ടായാലും കാര്യമില്ല), സമൂഹം അംഗീകരിക്കില്ല. ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ ഉള്ളപ്പോൾ സഹിക്കാതെ വയ്യല്ലോ. സമൂഹത്തിലെ ലോവർ ക്ലാസ്സിലും മിഡിൽ ക്ലാസ്സിലും അപ്പർ ക്ലാസ്സിലും സ്ഥിതി ഏതാണ്ട് ഇത് തന്നെയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷതത്വം, സ്ത്രീപക്ഷചിന്തകൾ ഇതൊക്കെ ചേർന്ന് കുറെയേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൂർണമായി മാറി എന്ന് പറയാനാവില്ല.
ശാന്തയുടെ കഥ തൊട്ടു തുടങ്ങട്ടെ. പലവീടുകളിൽ പണിയെടുത്താണ് ശാന്ത മക്കളെ വളർത്തുന്നത്. വേലചെയ്ത് കൂലി വാങ്ങി ഭർത്താവിന് കൂടി ചെലവിന് കൊടുക്കണം. ഭക്ഷണം മാത്രം പോരാ, ബീഡിക്കും കള്ളിനും കൊടുത്തില്ലെങ്കിൽ അടിയും ഇടിയും തൊഴിയും. അയാൾ വല്ലപ്പോഴും പണിയെടുക്കാറുണ്ട്. ഒരു പൈസപോലും വീട്ടിൽ കൊടുക്കുകയില്ല. സ്വന്തം ആവശ്യങ്ങൾക്ക്, കള്ളുഷാപ്പിലെ ഭക്ഷണത്തിനും അവിടുത്തെ ചാരായത്തിനും തികഞ്ഞിട്ടു വേണ്ടേ വീട്ടിൽ കൊടുക്കാൻ ?
‘‘എന്തിനാണ് ശാന്തേ ഇങ്ങനെ ഒരു ഭർത്താവ്?’’ ഞാനും എന്റെ അമ്മയും ഉൾപ്പെടെ പലരും ചോദിച്ചിട്ടുണ്ട്. ഉത്തരം ഇതാണ് .
‘‘കോളനിയിലെ ജീവിതം നിങ്ങൾക്കറിയില്ല. ഏതെങ്കിലും ഒരുത്തന്റെ മേൽവിലാസമില്ലെങ്കിൽ എനിക്കും മോൾക്കും കിടന്നുറങ്ങാനാവില്ല. അതു കൊണ്ടാണ് സഹിക്കുന്നത്. ഉപേക്ഷിക്കാൻ പറ്റില്ല. അയാൾ പോവില്ല. അല്ലെങ്കിൽ പിന്നെ കൊല്ലണം . സഹിച്ചു സഹിച്ചു മടുത്തു.’’ ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും.
ഏതായാലും ശാന്തയുടെ പ്രാർത്ഥന ഫലിച്ചു. കള്ളുകുടിയന്മാരുടെ വഴക്കുകൾക്കിടയിൽ ആരോ അയാളെ കുത്തിക്കൊന്നു . അതോടെ ശാന്തയുടെ ദുരിതം തീർന്നു. ജോലിയെടുത്തവൾ സുഖമായി ജീവിച്ചു തുടങ്ങി. മകൻ അപ്പോഴേയ്ക്കും വലുതായതു കൊണ്ട് ‘ആൺതുണ’ ഇല്ല എന്ന പ്രശ്‍നവും തീർന്നു.
അവൻ ചത്തു,അവൾ രക്ഷപ്പെട്ടു !
ചില മധ്യവർഗ കുടുംബങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്റെ കൂടെ ജോലി ചെയ്തിരുന്നതാണ് ലിസ്സി. ശമ്പളം കിട്ടിയാൽ മുഴുവൻ ഭർത്താവു തോമസ്സിനെ അവൾ ഏൽപ്പിക്കണം. പത്തു രൂപ എടുക്കാൻ സ്വാതന്ത്ര്യമില്ല. ബസുകാശ് പോലും ദിവസവും അയാൾ കൊടുക്കും. ഒരു നല്ല സാരി പോലും അവൾക്കില്ല. അയാൾ വാങ്ങിക്കൊടുക്കണ്ടേ? അയാളേക്കാൾ ശമ്പളമുണ്ട് അവൾക്ക്. പക്ഷേ എന്ത് കാര്യം?
‘‘ഒരു പോസ്റ്റ് ഓഫീസ് സേവിങ്സ് ൽ ചേരൂ ലിസ്സീ.’’ ഞങ്ങളൊക്കെ നിർബന്ധിച്ചു.
‘‘തോമസിനോട് ചോദിക്കട്ടെ’’ എന്നവൾ പറഞ്ഞു. ഒരു ചെറിയ തുക. അതിനു പോലും അനുവാദം വാങ്ങണം .
‘‘വേണ്ടാന്ന് തോമസ് പറഞ്ഞു.’’ എന്നവൾ പിറ്റേന്ന് വന്നു പറഞ്ഞു .
ഒരിക്കൽ ലിസ്സി എന്തിനോ അയാളോട് വഴക്കിട്ടു. അന്ന് ചെകിടത്ത് ഒറ്റയടി കിട്ടി. അതോടെ അവളുടെ ധൈര്യം പോയി.
‘‘നിനക്ക് മാത്രമാണോ കവിൾത്തടമുള്ളത്? തിരിച്ചൊന്നു പൊട്ടിക്കണം. അയാളും അറിയട്ടെ ആ വേദന.’’ അല്പം സ്ത്രീവാദിയായ നിഷ പറഞ്ഞു.
‘‘നന്നായി. പിന്നെ കുടുംബം ഒന്നടങ്കമാവും എന്നോട് എതിരിടുക. തോമസിന്റെ വീട്ടുകാർ മാത്രമല്ല, എന്റെ വീട്ടുകാരും എന്റെ കൂടെ ഉണ്ടാവില്ല.’’ ലിസ്സി വിതുമ്പി.
കുറച്ചു നാൾ കഴിഞ്ഞ് തോമസ് ഒരു ആക്സിഡന്റിൽ മരിച്ചുപോയി. ലിസിക്ക് വലിയ സങ്കടമായി. അവൾ അയാളെ ഒരുപാടു സ്നേഹിച്ചിരുന്നു. മാസങ്ങൾ എടുത്തു അവൾ ആ ഷോക്കിൽ നിന്ന് കരകയറാൻ. പക്ഷേ പിന്നെ ലിസ്സി ആകെ മാറി. നല്ല സാരിയുടുത്ത്, മുടി ചീകിക്കെട്ടി ഓഫീസിൽ വന്നു തുടങ്ങി. മുഖത്തു നിന്ന് ആ പഴയ കരിനിഴൽ മാറി. അവൾ പോസ്റ്റോഫീസ് സേവിങ്സിൽ മാത്രമല്ല, ഓഫീസിലെ സൊസൈറ്റി നടത്തുന്ന ചിട്ടികളിലും ചേർന്നു. .
അവൻ ചത്തു, അവൾ രക്ഷപ്പെട്ടു!
വലിയ ധനികരല്ലെങ്കിലും സാമാന്യം സമ്പന്നമായ ഒരു വീട്ടിലെ ഗൃഹനായികയാണ് കോകില. അടിമ എന്നതിനൊരു പര്യായമായിരുന്നു അവൾ. വീട് ഒരു രാജ്യം, അവിടുത്തെ ശ്രീകാന്ത് എന്ന സ്വേഛാധികാരിയുടെ പ്രജ, അതു തന്നെ കോകിലയുടെ സ്ഥിതി. ശാരീരിക പീഡനമൊന്നുമില്ല. എന്തിന്, അടിമത്തം തന്നെ ധാരാളമല്ലേ? വിദ്യാഭ്യാസമുണ്ടായിട്ടും അവൾ ജോലിക്കു പോയില്ല. ‘എന്തേ’ എന്ന് ചോദിച്ചാൽ, ‘പിന്നെ വീട്ടുജോലി ആര് ചെയ്യും?’ എന്നാണവൾ പറയുക. പാചകം കോകില തന്നെ ചെയ്യണം. എന്നാലേ അയാൾ കഴിക്കൂ. അയാളുടെ വസ്ത്രങ്ങൾ അവൾ തന്നെ അലക്കണം. ഭാഗ്യം വാഷിങ് മെഷീൻ ഉപയോഗിക്കാം. പക്ഷേ തുണി ഇടുന്നതും എടുക്കുന്നതും വിരിക്കുന്നതും ഉണക്കി മടക്കുന്നതും തേയ്ക്കുന്നതും അവൾ തന്നെ വേണം. അയാളുടെ നിഴൽ പോലെ എപ്പോഴും കൂടെ ഉണ്ടാവണം. സിനിമയ്ക്ക്, കല്യാണങ്ങൾക്ക്, മരണങ്ങൾക്ക് ഒക്കെ പോകാം , പക്ഷേ അയാൾ കൊണ്ടുപോകുമ്പോൾ മാത്രം . തനിയെ എവിടെയും പോകാൻ പറ്റുകയില്ല. സ്വന്തം വീട്ടിൽ പോയി രണ്ടു ദിവസം അച്ഛനമ്മമാരോടൊപ്പം നിൽക്കുന്നത് അവൾക്കു ചിന്തിക്കാൻ പോലുമാവില്ല.
‘‘അയ്യോ ഞാനില്ലെങ്കിൽ ശ്രീയേട്ടന് ഒന്നും പറ്റില്ല. അടിവസ്ത്രം വരെ ഞാൻ എടുത്തു കൊടുക്കണം’’ അവൾ പറയും. എന്തിനു കൂടുതൽ പറയണം, അയാളുടെ ഇംഗിതങ്ങൾക്കനുസരിച്ചു ചലിക്കുന്ന ഒരു ബൊമ്മ.
പെട്ടന്നാണ് ഹൃദയാഘാതം മൂലം ശ്രീകാന്ത് അന്തരിച്ചത്. അപ്പോഴേയ്ക്കും പത്തൻപതു വയസ്സായിരുന്നു കോകിലയ്ക്ക്. അടിച്ചു പൊളിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് അവൾ തെളിയിച്ചു. ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങൾ ധരിച്ചു. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി നേടി. സുഹൃത്തുക്കൾ , യാത്രകൾ. അവളുടെ ജീവിതം വർണശബളമായി. ഒന്നു കൂടി പറയട്ടെ.
അവൻ ചത്തു, അവൾ രക്ഷപ്പെട്ടു !
മേൽപ്പറഞ്ഞ സ്ത്രീകൾ അല്ലെങ്കിൽ അതുപോലെയുള്ള അനേകം സ്ത്രീകൾ അനുഭവിച്ച ദുരിതങ്ങൾ മറ്റൊരുതരത്തിൽ ഞാനും അനുഭവിച്ചിട്ടുണ്ട്. സ്ത്രീയെ മാനസികമായി പീഡിപ്പിക്കാൻ പുരുഷന് എത്രയോ വഴികൾ ! സ്വന്തമായി ഒരു വരുമാനമില്ലാത്തതാണ് യഥാർഥ ദാരിദ്ര്യം. പത്തു രൂപയ്ക്ക് അന്യന്റെ മുന്നിൽ കൈനീട്ടുക -ഭർത്താവ് അന്യനാണെന്ന് അപ്പോൾ ബോധ്യപ്പെട്ടു. അത് ചിലവാക്കിയതിന്റെ കണക്കുകൾ അവസാന പൈസ വരെ ബോധിപ്പിക്കേണ്ടി വരുന്നത് ഒരു ഭാര്യയ്ക്ക് കടുത്ത അവമാനം തന്നെയാണ്. സമ്പന്നമായ സാഹചര്യത്തിൽ വളർന്ന ഞാൻ കാൽക്കാശിനു ഗതിയില്ലാത്ത അവസ്ഥ എന്തെന്നറിഞ്ഞു. അവമാനവും അവഹേളനവും അവഗണനയും ഒരാളെ രോഗിയാക്കി മാറ്റും എന്നതും യാഥാർഥ്യമായി.
ഒടുവിൽ അവൻ ചത്തില്ല , പക്ഷേ അവൾ രക്ഷപ്പെട്ടു.
ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. തൊഴിലെടുത്ത് സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിച്ചു. സ്വാതന്ത്ര്യത്തിന്റെ പരാമമായസുഖം അനുഭവിച്ചു.
ഇങ്ങനെയല്ലാതെ സുഖകരമായ ദാമ്പത്യം അനുഭവിക്കുന്ന അനേകം പേരുണ്ടാകും . അവർക്കു ദേഷ്യം തോന്നരുത് ചില തിക്താനുഭവങ്ങൾ മാത്രമാണ് ഞാനിവിടെ പറഞ്ഞത്.
Content Summary: Kadhayillaimakal column on Marital Problems