കൗമാരക്കാലങ്ങൾ

teenage
Representative image. Photo Credit: BearFotos/Shutterstock.com
SHARE

മനുഷ്യന്റെ വളർച്ചയുടെ ഘട്ടങ്ങളാണ് ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം. ഇതിൽ ശാരീരികവും മനസികവുമായ വികാസത്തിന്റെ പരിണാമ കാലമാണ് കൗമാരം. ബാല്യത്തിനും യൗവനത്തിനുമിടയ്ക്കുള്ള പ്രായമാണ് കൗമാരം. യൗവ്വനാരംഭത്തിലേക്കുള്ള വളർച്ച എന്നു പറയാം. പതിമൂന്നു വയസു മുതൽ പത്തൊൻപതു വയസ്സുവരെയുള്ള കാലത്തെയാണ് ‘ടീനേജ്’ എന്ന് നമ്മൾ പറയുന്നത്. ഈ സമയത്ത് ആൺകുട്ടികളും പെൺകുട്ടികളും പ്രായപൂർത്തിയാർജ്ജിക്കുന്നു. ആൺകുട്ടികൾ ഉയരം വയ്ക്കുകയും മുഖത്ത് രോമം വളരുകയും ചെയ്യുന്നു. പെൺകുട്ടികൾ ഋതുമതിയാകുന്നതോടെ ശാരീരികമായ വളർച്ച അവരിലുമുണ്ടാകുന്നു. ഹോർമോണുകളുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നതോടെ ജീവശാസ്ത്രപരമായ  മാറ്റങ്ങളും ഇരു കൂട്ടരിലും ഉണ്ടാകുന്നുണ്ട്.  എതിർലിംഗത്തോട് താത്പര്യം തോന്നി തുടങ്ങുന്നതും ഈ സമയത്തു തന്നെ. 

മാറ്റങ്ങളുടെ കാലമായതു കൊണ്ടാവാം കൗമാരക്കാർ  ചിലപ്പോഴൊക്ക വളരെ അസ്വസ്ഥരാക്കാറുണ്ട്. ബാല്യം കഴിയുന്നു എന്നാൽ യൗവ്വനം ആയിട്ടുമില്ല. ഈ കാലഘട്ടം പ്രശ്നം തന്നെയാണ്. അവർ വളർന്നു കഴിഞ്ഞു എന്നാണവരുടെ വിചാരം. അവർക്ക്  എല്ലാമറിയാം എന്തും സ്വയംചെയ്യാനാവും എന്ന ഭാവവും. മുതിർന്നവർ ഇതങ്ങ് സമ്മതിച്ചു കൊടുക്കുകയില്ല. കാരണം കൗമാരം വിദ്യാഭ്യാസത്തിന്റെ കാലമാണ്. പഠിത്തം പൂർത്തിയായിട്ടില്ല. ഒരു തൊഴിലായി സ്വയം പര്യാപ്തത നേടിയിട്ടില്ല. സ്വന്തമായി ഒരു വരുമാനമില്ല.. എല്ലാക്കാര്യത്തിനും മാതാപിതാക്കളെ ആശ്രയിക്കണം. ചിലപ്പോഴൊക്കെ മാതാപിതാക്കൾ കുട്ടികളുടെ മേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. ഇത് വക വച്ചു കൊടുക്കാനുള്ള സഹിഷ്ണുത ഈ കുട്ടികൾക്കും ഉണ്ടാവില്ല. തർക്കുത്തരം പറയുക, അനുസരണക്കേടു കാട്ടുക, പലതും മറച്ചു വയ്ക്കുക, ഇതെല്ലാം ഈ പ്രായത്തിന്റെ പ്രത്യേകതകളാണ്. മുതിർന്നവർ ഇത് മനസ്സിലാക്കുന്നുണ്ടാവും. എന്നു  വച്ച് കൗമാരപ്രായക്കാർ കാണിക്കുന്ന എന്ത് തോന്ന്യാസവും അനുവദിച്ചു കൊടുക്കാൻ വലിയവർക്ക് ആവില്ലല്ലോ. കുട്ടികൾ തെറ്റായ വഴികളിലേക്ക് പോകുമോ, ചീത്ത കൂട്ടുകെട്ടുകളിൽ പെടുമോ, അപകടങ്ങളിൽ ചെന്ന് ചാടുമോ എന്നൊക്കെയുള്ള ഭയം വീട്ടുകാർക്കുണ്ടാവും. അതുകൊണ്ടാണ് അവർ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതും അവരെ തിരുത്താൻ ശ്രമിക്കുന്നതും. എന്നാൽ ശാസനയും കുറ്റപ്പെടുത്തലും ഉപദേശവുമൊന്നും ഒരു തരത്തിലും സഹിക്കാൻ കൗമാരത്തിന് കഴിയില്ല. അത് പ്രായത്തിന്റേതാണ് എന്ന് പറയാമെങ്കിലും ഇതെല്ലാം  ഒഴിവാക്കാൻ ചിലപ്പോൾ മുതിർന്നവർക്ക് കഴിയില്ല. ഇതൊന്നും ആ പ്രായത്തിലുള്ള കുട്ടികൾക്ക് മനസ്സിലാവില്ല .അവർ വളർന്നു വലുതായിക്കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ മാത്രമേ മാതാപിതാക്കളുടെ കരുതൽ അവർക്ക്  മനസ്സിലാകൂ. അപ്പോഴേയ്ക്കും ജീവിതം കൈവിട്ടു പോകരുതല്ലോ. അതു കൊണ്ട് കൗമാരപ്രായത്തിലുള്ള മക്കളുടെ അച്ഛനമ്മമാർ ജാഗരൂകരായിരിക്കേണ്ടതുണ്ട്.

‘‘ഇപ്പോഴത്തെ കുട്ടികളോട് ഒന്നും പറയാൻ വയ്യ. അവർക്ക് ഇഷ്ടപ്പെടില്ല. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനോ, ശാസിക്കാനോ, ശിക്ഷിക്കാനോ പറ്റുകയില്ല.’’  ഒരമ്മ പരാതിപ്പെടുന്നു.

മക്കൾക്ക് ഇഷ്ടക്കേടുണ്ടായാൽ അവർ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നവർ ഭയപ്പെടുന്നു. അവർ മാത്രമല്ല അനേകം അച്ഛനമ്മമാർക്ക് ഈ പേടി ഉണ്ട്. വീടു വിട്ടിറങ്ങിപ്പോകുന്നതും നാടു വിടുന്നതും കുട്ടികളെ എന്നന്നേയ്ക്കുമായി കാണാതാകുന്നതും ആത്മഹത്യ ചെയ്യുന്നതും ഒക്കെ ഇപ്പോൾ സാധാരണമല്ലേ ?

‘‘ഞങ്ങളും ഈ പ്രായം കഴിഞ്ഞു വന്നതല്ലേ? ശാരീരികവളർച്ചയും ഹോർമോൺ പ്രവർത്തനങ്ങളും കൗമാരപ്രശ്നങ്ങളും ഞങ്ങൾക്കും ഉണ്ടായിരുന്നില്ലേ? പക്ഷേ ഞങ്ങൾ അതൊക്കെ തരണം ചെയ്തില്ലേ?’’

എന്നു ഞാൻ ചോദിച്ചപ്പോൾ എന്റെ ‘ടീനേജ്’ കൂട്ടുകാർ ഉടൻ പ്രതികരിച്ചു.

‘‘നിങ്ങളുടെ കാലം പോലെയല്ല ഇപ്പോൾ. കാര്യങ്ങൾ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. സിനിമ, ഇന്റർനെറ്റ്, മൊബൈൽ ,കമ്പ്യൂട്ടർ ഇവയുടെ ഒക്കെ സ്വാധീനം ഇന്നത്തെ ജീവിതത്തിലുണ്ട്. കുട്ടികളെയും അത് ബാധിക്കില്ലേ?’’

‘‘എന്നു വച്ച് ടീനേജിന്റെ പേരിൽ എന്തുമാകാമെന്നോ?’’ ഞാൻ കണ്ണുരുട്ടി. 

‘‘ഞാൻ വലിയ കുട്ടിയാണ്.എന്റെ കാര്യം നോക്കാൻ എനിക്കറിയാം’’

‘‘എന്നെ ഉപദേശിക്കുന്നതും ശകാരിക്കുന്നതും നിയന്ത്രിക്കുന്നതും എനിക്കിഷ്ടമല്ല.’’

‘‘കുറച്ചു സ്വാതന്ത്ര്യം അനുവദിച്ചാലെന്താ?’’

‘‘ചോദിക്കുമ്പോൾ പണം തന്നുകൂടെ? ഞങ്ങൾക്കും ചെലവുകളില്ലേ?’’

ഇതെല്ലാം  കുമാരന്മാരുടെയും കുമാരിമാരുടെയും വാക്കുകളാണ്. പെൺകുട്ടികൾക്ക് മറ്റൊരു വാദം കൂടിയുണ്ട്.

‘‘ആൺകുട്ടികളേക്കാൾ നിയന്ത്രണം ഞങ്ങൾക്കെന്തിനാണ്? ഞങ്ങൾക്കും സ്വാതന്ത്ര്യം വേണം.’’

വലിയവർക്ക് ഇതിനെല്ലാം മറുപടിയുണ്ട്. പക്ഷേ അതൊന്നും കുട്ടികളുടെ തലയിൽ കയറി എന്ന് വരില്ല. അന്ന് അച്ഛനും അമ്മയും പറഞ്ഞത് ശരിയാണെന്ന് ഏറെക്കഴിഞ്ഞാവും അവർ ചിന്തിക്കുക.

‘‘അച്ഛനമ്മമാരുടെ തണലിൽ (ചെലവിൽ) കഴിയുമ്പോൾ അവരെ അനുസരിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ്. ഒരു നിലയിലെത്തിക്കഴിയുമ്പോൾ നിങ്ങൾക്ക്   നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കാമല്ലോ. പിന്നെ വീട്ടിലുള്ളവർ നിങ്ങളുടെ ശത്രുക്കളല്ല. നിങ്ങളുടെ നന്മ ഏറ്റവും ആഗ്രഹിക്കുന്നത് അവരാണ്.’’ ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു.  

‘‘അവർ അദ്ധ്വാനിക്കുന്നത്, പണം സമ്പാദിക്കുന്നത്, എന്തിന് ജീവിക്കുന്നതു പോലും നിങ്ങൾക്ക് വേണ്ടിയല്ലേ? അത് നിങ്ങൾ മനസ്സിലാക്കണം.’’ 

രക്ഷകർത്താക്കളോടും അതു തന്നെയാണ് എനിക്ക് പറയാനുള്ളത്. ‘‘നിങ്ങളുടെ കുട്ടികളെ മനസ്സിലാക്കൂ. അവരുടെ കഴിവുകളും കുറവുകളും കണ്ടറിയൂ. ഏതു തിരക്കിനിടയിലും അവരോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തൂ. അവരുടെ അനാവശ്യ ഡിമാൻഡ്‌സ് അനുവദിച്ചു കൊടുക്കുന്നത് അവരെ സ്നേഹിക്കുകയല്ല. വഴി തെറ്റിക്കുകയാണ്. അതേ സമയം എന്തും നിങ്ങളോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകൂ.

തലമുറകൾക്കിടയിൽ എന്തിനാണ് ഇത്രയും വലിയ വിടവ്!

കുട്ടികളുടെ മേൽ നിയന്ത്രണങ്ങൾ തീർച്ചയായും  ഉണ്ടാവണം. അവർ അറിയാതെ ഏറ്റവും സൗമ്യമായി. എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്ന തോന്നൽ, അതേ  സമയം അതുണ്ടാവുകയുമരുത്.  

ന്യു ജെൻ ടീനേജേഴ്‌സിനെ കൈകാര്യം ചെയ്യാൻ ഇപ്പോഴത്തെ മാതാപിതാക്കൾക്ക് ഒരു ട്രെയിനിങ്ങ് വേണമെന്ന് തോന്നുന്നു. അല്ലേ ? 

Content Summary: Kadhayillaimakal column by Devi JS on Teenage               

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS