ചിലയാളുകൾ വെളിച്ചം പരത്തുകയും മറ്റു ചിലർ ഇരുട്ട് നിറയ്ക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോൾ കേൾക്കുന്നവർ അന്തം വിടും. പക്ഷേ കാര്യം ശരിയാണ്. മുഖ ത്തു ചിരി വിടർത്തി വരുന്നവരുണ്ട് . പ്രത്യേകിച്ച് സന്തോഷമൊന്നും ഉണ്ടായിട്ടല്ല .ആ ചിരി അവരുടെ മനസ്സിന്റെ ഭാവമാണ്. മുഖത്ത് അസംതൃപ്തി പടർത്തി വരുന്നവരുമുണ്ട് . അതും ചിലരുടെ മനസ്സിന്റെ ഭാവങ്ങൾ തന്നെയാണ്.
നമുക്ക് സങ്കടങ്ങൾ, സംഘർഷങ്ങൾ, സന്താപങ്ങൾ ഒക്കെ ഉണ്ടാവാം. അതിനു മറ്റാരും ഉത്തരവാദികളല്ല. ‘വാട്ടെവർ ഹാപ്പൻസ് ടു യൂ , യൂ ആർ ഒൺലി റെസ് പോൺസിബിൾ’ എന്ന് പണ്ടൊരു പ്രഫസർ പറഞ്ഞതോർക്കുന്നു. അതുകൊണ്ട് നമ്മുടെ അസ്വസ്ഥതകളുടെ പേരിൽ മറ്റുള്ളവരോട് മുഖം കറുപ്പിച്ചു കാണിക്കാനും മോശമായി പെരുമാറാനും നമുക്ക് യാതൊരു അവകാശവുമില്ല.
പക്ഷേ കൂടുതൽ ആളുകളും ഇത്തരത്തിൽ പെരുമാറുന്നവരാണ് എന്നതാണ് അനുഭവം. കുട്ടിക്കാലം മുതലേ നമ്മൾ കണ്ടുവരുന്നതാണിത്.
ഞങ്ങളുടെ സ്കൂളിൽ അവിവാഹിതകളായ രണ്ട് അധ്യാപികമാർ ഉണ്ടായിരുന്നു . ഒന്ന് ഞങ്ങളുടെ ഹിന്ദി ടീച്ചർ, മറ്റേത് ഡ്രിൽ ടീച്ചർ (ഫിസിക്കൽ എഡ്യൂക്കേഷൻ ). ക്‌ളാസിൽ വന്നാൽ ശത്രുക്കളോടെന്നപോലെയാണ് രണ്ടുപേരും കുട്ടികളോട് പെരുമാറുന്നത്. മുഖത്താണെങ്കിലോ എപ്പോഴും ദേഷ്യഭാവം. കല്യാണം നടക്കാത്തതിന്റെ പ്രയാസമാണെന്ന് കുട്ടികൾക്ക് വാർത്തകിട്ടി. പക്ഷേ അതിനു കുട്ടികൾ എന്ത് പിഴച്ചു. അന്നത്തെക്കാലത്ത് അധ്യാപകർക്ക് വിദ്യാർത്ഥികളെ ശിക്ഷിക്കാൻ അധികാരമുണ്ട്. രക്ഷകർത്താക്കൾ പരാതിയും കേസും വഴക്കുമായി എത്തുകയില്ല. നീണ്ട ഒരു ചൂരൽ ക്ലാസ്സിലെ മേശപ്പുറത്തുണ്ടാകും. ഞങ്ങളുടെ ഹെഡ് മിസ്ട്രസ്സിന്റെ മുറിയിൽ നിന്നാണ് ചൂരൽ വരുന്നത്. മറ്റുള്ള ടീച്ചേർസ് വടിയെടുക്കുന്നതു തന്നെ അപൂർവ്വം. പക്ഷേ ഈ രണ്ടു മഹതികൾ വന്നാൽ ശിക്ഷ ഉറപ്പ്. കുട്ടികളെ ചീത്ത പറയുന്നതിൽ ഒരു റെക്കോർഡാണ് രണ്ടാളും. എന്തെങ്കിലും കാരണമുണ്ടാക്കി ഹിന്ദി ടീച്ചർ കുട്ടികളെ തല്ലും. ഡ്രിൽ ടീച്ചർ അല്പം ഭേദമാണ്. ഗ്രൗണ്ടിലല്ലേ ഡ്രിൽ? അവിടെ ചൂരൽ ഇല്ലല്ലോ. ഡ്രിൽ തെറ്റിച്ചാൽ നാലുവരിയായി നിർത്തിയിരിക്കുന്ന കുട്ടികളുടെ ബറ്റാലിയനു ചുറ്റും നാലോ അഞ്ചോ റൗണ്ട് ഓടിക്കും. അതത്ര വലിയ ശിക്ഷയല്ലല്ലോ. പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കുട്ടികൾക്ക് ഓടാൻ വലിയ പ്രയാസമില്ല. ഹിന്ദി ടീച്ചർ അങ്ങനെയല്ല. അടിച്ചാലേ അവർക്ക് തൃപ്തിയാകൂ. എന്നെപ്പോലെയുള്ള ചിലർ അടികൊള്ളാതെ രക്ഷപ്പെട്ടു കഴിയുകയായിരുന്നു. ഒരു ദിവസം ഏതോ ഒരു കുട്ടി ക്ലാസ്സിൽ ശബ്ദമുണ്ടാക്കി എന്നു പറഞ്ഞ് ടീച്ചർ മൊത്തം ക്ലാസ്സിനെ എഴുന്നേൽപ്പിച്ചു നിറുത്തി, ഒരറ്റം മുതൽ അടി തുടങ്ങി. അതും സർവശക്തിയുമെടുത്താണ് നീട്ടിയ പിഞ്ചു കൈ വെള്ളയിലേയ്ക്ക് ആഞ്ഞടിക്കുന്നത് വേദന കൊണ്ടു കുട്ടികൾ പുളയുമ്പോൾ അവരുടെ മുഖത്തെ ക്രൂരമായ ചിരി ഞാൻ കണ്ടു. ക്ലാസ്സിലേക്ക് പ്രായം കുറഞ്ഞ, മെലിഞ്ഞ, ചെറിയ കുട്ടിയാണ് ഞാൻ. ആ അടി കൊള്ളാനുള്ള കെൽപ്പൊന്നുമില്ല. വീട്ടിൽ അടി കിട്ടാറുമില്ല . ടീച്ചർ എന്റെ അടുത്തെത്തിയതും ഞാൻ ഭയത്തോടെ കണ്ണ് മിഴിച്ച് കൈ നീട്ടി. ടീച്ചർ ആഞ്ഞടിച്ചതും ഞാൻ കൈ പിന്നോട്ടു വലിച്ചു. ചൂരൽ ഡെസ്കിൽ പതിച്ച് മൂന്നു കഷണമായി ചിതറി വീണു. കുട്ടികൾ ഒന്നടങ്കം അലറി ചിരിച്ചു. ടീച്ചർ ദേഷ്യം കൊണ്ട് വിറച്ചു. ‘‘എന്താണ് കുട്ടീ കൈ വലിച്ചത്?’’ ടീച്ചർ അലറി. ഞാൻ പേടിച്ചു വിറച്ചു. ‘‘ഓഫീസ് മുറിയിൽ പോയി ഒരു ചൂരൽ എടുത്തു കൊണ്ട് വാ.’’ അവർ ഒരു കുട്ടിയോട് ആജ്ഞാപിച്ചു. ആ കുട്ടിക്ക് മുന്നേ ഞാൻ ക്ലാസിനു പുറത്തേക്കോടി, നേരേ ഹെഡ് മിസ്ട്രസിന്റെ മുറിയിലേയ്ക്ക്. അവിടെ ഞാൻ കുഴഞ്ഞു വീണു. മാഡം അമ്പരന്നു, അവിടെ ഉണ്ടായിരുന്ന പ്യൂൺ ചേച്ചിമാർ ഓടി വന്ന് എന്നെ എഴുന്നേൽപ്പിച്ച് ഒരു കസേരയിൽ ഇരുത്തി. വെള്ളം തന്നു. സൗമ്യതയ്ക്കും വാത്സല്യത്തിനും അതേ സമയം ഗൗരവത്തിനും ഉത്തമോദാഹരണമായ ആ പ്രധാനാധ്യാപിക എന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കരഞ്ഞു കൊണ്ട് ഞാൻ സംഭവം വിവരിച്ചു. എന്റെ പിന്നാലെ നാലഞ്ചു പെൺകുട്ടികൾ ഓടി വന്ന് ആ വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. അവർക്കു പിന്നിൽ ആ ഹിന്ദി ടീച്ചറും. കൂട്ടുകാരോടൊപ്പം എന്നെ ക്ലാസ്സിലേയ്ക്ക് പറഞ്ഞയച്ചിട്ട് ഹെഡ്മിസ്ട്രസ് ഹിന്ദി ടീച്ചറെ അകത്തേയ്ക്ക് വിളിച്ചു . എന്താണവർ സംസാരിച്ചതെന്നറിയില്ല. അതോടെ ഹിന്ദി ടീച്ചർക്ക് ഞാൻ ബദ്ധശത്രുവായി . എന്റെ നേർക്ക് നോക്കുകയില്ല. എന്നോട് ചോദ്യം ചോദിക്കുകയില്ല. പക്ഷേ പിന്നീട് അവർ ആരെയും ശിക്ഷിച്ചില്ല. ആ വർഷം അവസാനിച്ചു. അടുത്ത സ്കൂൾ വർഷം ഹിന്ദി ഭാഷ പോലെ മൃദുലയായ ഒരു ഹിന്ദി ടീച്ചർ വന്നു. മേശപ്പുറത്ത് ചൂരലും ഉണ്ടായിരുന്നില്ല.
കാലം ഏറെ കഴിഞ്ഞിട്ടും ചില അധ്യാപികമാർ കുട്ടികളോട് മോശമായി പെരുമാറാറുണ്ട് എന്ന് എന്റെ ടീനേജ് കൂട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. അടിക്കാൻ ഇപ്പോൾ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് ശകാരം കൊണ്ടുള്ള പ്രഹരമാണ്. ‘അവർക്കെന്തെങ്കിലും പ്രശ്നമുണ്ടാവും അത് നമ്മുടെ നേർക്കെടുക്കും’ കുട്ടികൾ പറയുന്നു. തള്ള ,താടക, പിശാച്, കഴുത കുതിര മുതലായ അരുമപ്പേരുകൾ ടീച്ചേഴ്സിന് നൽകി അവരുടെ പക അവർ അടക്കുന്നു.
ഞങ്ങൾ കോളജിൽ എത്തുമ്പോൾ ഇത്തരം ശിക്ഷകളൊന്നുമില്ല. എന്നാലും ടീച്ചർമാരുടെ ‘മൂഡു’ പോലെയാവും കാര്യങ്ങൾ. ചിലപ്പോൾ നല്ല ശകാരം കിട്ടും. പ്രാക്ടിക്കൽ ക്ലാസ്സുകളിലൊക്കെ പ്രത്യേകിച്ചും. വീട്ടിലെ അമ്മായിയമ്മമാരുടെ ശാഠ്യങ്ങളോ, ഭർത്താവിന്റെ മദ്യപാനമോ, കുഞ്ഞുങ്ങളുടെ അസുഖമോ ഒക്കെ ടീച്ചേഴ്സിനെ വലയ്ക്കും. അതിന്റെ പ്രത്യാഘാതങ്ങൾ സ്റ്റുഡന്റ്സ്ന്റെ മേലും പതിക്കും. പരീക്ഷ വരുമ്പോൾ ഞങ്ങൾ കൂട്ടത്തോടെ പ്രാർത്ഥിക്കും. പേപ്പർ നോക്കുമ്പോൾ ടീച്ചർ നല്ല ശീലത്തിലായിരിക്കണേ ...അല്ലെങ്കിൽ മാർക്ക് കുറയും. എന്നാലും ഇപ്പോഴത്തെ കോളജുകളിലെ അന്തരീക്ഷമൊന്നുമല്ല അന്നെന്ന് ഓർക്കണം. പബ്ലിക് പരീക്ഷകൾക്ക് ഞങ്ങളുടെ ടീച്ചർമാരല്ലല്ലോ പേപ്പർ പരിശോധിക്കുന്നത്. അപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കും. നല്ല സ്വഭാവമുള്ള അധ്യാപകരുടെ കയ്യിലാവണേ ഞങ്ങളുടെ പേപ്പർ കിട്ടുന്നത്. ഒരു പാട് മനസികാസ്വാസ്ഥ്യങ്ങളുള്ള സാറോ ടീച്ചറോ ആണ് പേപ്പർ നോക്കുന്നതെങ്കിൽ നല്ല മാർക്ക് കിട്ടാൻ വഴിയില്ല.
ഉദ്യോഗത്തിനു ചെന്ന് കഴിഞ്ഞപ്പോഴും രക്ഷയുണ്ടായില്ല. മേലുദ്യോഗസ്ഥർക്കോ സഹപ്രവർത്തകർക്കോ എന്തെങ്കിലും വ്യക്തിപരമായ വിഷമതകൾ ഉണ്ടെങ്കിൽ അവർ നമ്മുടെ മേലാകും കുതിര കയറാൻ വരിക. ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ വലിയ പാടാണ്. അഡ്ജസ്റ്റ് ചെയ്യാതെ വയ്യല്ലോ. ജോലി നമ്മുടെ ജീവിതമാർഗ്ഗമല്ലേ? ഔദ്യാഗികമായ ടെൻഷനുകൾ മുഴുവൻ തലയ്ക്കകത്തു കേറ്റി വീട്ടിൽ വരുന്ന ചില ഭർത്താക്കന്മാരുണ്ട്, ഭാര്യമാരും. കുടുംബത്തിലുള്ള ബാക്കിയുള്ളവരുടെ കഷ്ടകാലം . വയസ്സായ അച്ഛനമ്മമാരുണ്ടാവും കുട്ടികളുണ്ടാവും. അവരുടെയെല്ലാം സ്വസ്ഥത കെടുത്താൻ ഇവരുടെ വീർത്തുകെട്ടിയ മുഖഭാവവും മുൻകോപവും അക്ഷമയും കാരണമാവും. ഇതുകൊണ്ട് ഓഫീസിലുണ്ടായ ടെൻഷന് പരിഹാരമാകുന്നുണ്ടോ ? ഇല്ല. എന്നാലും ‘എനിക്കിങ്ങനെയെ പറ്റൂ’ എന്ന ഭാവമാണ് അവർക്ക്.
അതുപോലെ വീട്ടിലെ പ്രാരാബ്ധങ്ങൾ മുഴുവൻ വലിച്ചു കെട്ടി ഓഫീസിലേക്കു കൊണ്ടു വരുന്നവരുണ്ട്. ഇത് ജോലിയെ ബാധിക്കും. കൂടെ പണിയെടുക്കുന്നവരെയും പുറത്തു നിന്ന് ഓരോ കാര്യങ്ങൾ തിരക്കാനും സാധിക്കാനുമായി വരുന്നവരെയും വെറി പിടിപ്പിക്കും. വേറെ പ്രയോജനമൊന്നും ഇല്ല .
‘ഓഫീസിനെ ഇവിടെ തന്നെ വിട്ടിട്ട് വീട്ടിൽ പോകൂ. അതുപോലെ വീടിനെ അവിടെ വിട്ടിട്ട് ഓഫീസിലേയ്ക്ക് വരൂ.’ ഇത് നല്ലൊരു ഉപദേശമാണ് , ആരുടേതാണെങ്കിലും.
നമ്മുടെ മക്കളോ കൊച്ചുമക്കളോ മരുമക്കളോ ഇങ്ങനെ പെരുമാറാൻ തുടങ്ങുന്നു, എങ്കിൽ നമുക്കവരെ ഉപദേശിക്കാം. നമുക്ക് പലവിധമായ ശാരീരികമാനസിക പ്രശ്നങ്ങൾ ഉണ്ടാവും. മറ്റുള്ളവരോട് മോന്ത വീർപ്പിച്ചാൽ അത് മാറുകയില്ല. കഴിയുന്നതും പ്രസന്നതയോടെ പെരുമാറാനാണ് ശ്രമിക്കേണ്ടത്. അത് നമുക്കും മറ്റുള്ളവർക്കും സന്തോഷപ്രദമാണ്.
ഇനി നമ്മുടെ വീട്ടിൽ വീട്ടു ജോലികളിൽ സഹായിക്കാനോ, വീട്ടിൽ രോഗികളാരെങ്കിലുമുണ്ടെങ്കിൽ അവരെ നോക്കാൻ ഹോം നഴ്‌സുകളായോ, വരുന്ന പരിചാരികമാരുണ്ടാവും. ഇവരെക്കൊണ്ട് പൊറുതി മുട്ടിപ്പോകും എന്നത് എന്റെ സ്വന്തം അനുഭവമാണ്. നമ്മൾ എത്ര നന്നായി അങ്ങോട്ട് പെരുമാറിയാലും -ആവശ്യം നമ്മുടേതാണല്ലോ - തിരിച്ചത് പ്രതീക്ഷിക്കേണ്ട. നമ്മളെ എത്രത്തോളം പ്രയാസപ്പെടുത്താമോ അത്രത്തോളമാവും അവരുടെ വാക്കുകളും പ്രവൃത്തികളും പെരുമാറ്റവും. അവർ ജോലി ചെയ്തിട്ടാണ് കൂലി വാങ്ങുന്നതെങ്കിലും ശമ്പളം കൊടുക്കുന്നവരോടുള്ള മിനിമം മര്യാദ നമ്മളോടവർ കാട്ടുകയില്ല. അവരെ തിരുത്താനോ നന്നാക്കാനോ ഈ ജന്മം നമുക്കു കഴിയുകയുമില്ല .
അവസാനമായി പറഞ്ഞു കൊള്ളട്ടെ . എന്തെല്ലാം വിഷമങ്ങളുണ്ടെങ്കിലും അതൊന്നും പുറത്തു കാട്ടാതെ നന്നായി പെരുമാറുന്നവരുണ്ട്. ഇക്കൂട്ടർക്ക് ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാഞ്ഞിട്ടല്ല. ഒരുപക്ഷേ അതിന്റെയൊക്കെ നീരസം മറ്റുള്ളവരോട് കാണിക്കാൻ പാടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാവാം. ഇനി സ്വതേ ഇക്കൂട്ടർ ‘പ്ലസന്റ് ആന്റ് പൊസിറ്റീവ്’ ആയതുകൊണ്ടുമാവാം. ഇവരെയാണ് നമ്മൾ അവരവരുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും പ്രകാശം പരത്തുന്നവർ എന്നു പറയുന്നത്.
Content Summary: Kadhayillaimakal column by Devi JS on Positive attitude