ഈ അടുത്ത ദിവസങ്ങളില്‍ രണ്ടു സിനിമകള്‍ കണ്ടു. ഒന്ന് ‘കുഞ്ഞെല്‍ദോ’. അതല്‍പം പഴയതാണെന്നു തോന്നുന്നു. മറ്റേത് ‘പ്രകാശന്‍ പറക്കട്ടെ’. സമയക്കുറവുകൊണ്ട് ഒടിടിയില്‍ വരുന്ന സിനിമകളാണ് ഞാന്‍ കാണാറുള്ളത്. അതില്‍ പരസ്യമില്ലല്ലോ. സിനിമ വളരെ ഇഷ്ടം. നന്നായി ആസ്വദിക്കുകയും ചെയ്യും. അത് കൊണ്ടാവും ഏതു സിനിമയും - നല്ലതും ചീത്തയും എന്ന വ്യത്യാസമില്ലാതെ - ഞാനിരുന്നു കാണും. ഇതു രണ്ടും കൗമാരപ്രായത്തിന്‍റെ അവിവേകവും പക്വതയില്ലായ്മയും ചിത്രീകരിക്കുന്ന പടങ്ങളാണ്. പക്ഷേ അതിന്‍റെ ദോഷങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുമില്ല.
കുഞ്ഞെല്‍ദോ എന്ന നായകന്‍ പത്തൊന്‍പതുകാരനായ ഒരു വിദ്യാർഥിയാണ്. സഹപാഠിയായ പത്തൊന്‍പതുകാരി നിവേദിതയുമായി അവന്‍ പ്രേമത്തിലാവുന്നു. പ്രേമം വളരെ ആഴത്തിലൊന്നുമായില്ല. അതിനു മുന്‍പ് കലാലയത്തിലെ ഒരു പരിപാടിക്കിടയില്‍ അവന്‍ ഗേള്‍സ് ഹോസ്റ്റലിലെ അവളുടെ മുറിയില്‍ കയറുന്നു. തുടര്‍ന്ന് അവള്‍ ക്ലാസ്സില്‍ വരുന്നില്ല. കുറെ ദിവസമായപ്പോള്‍ അവളുടെ വീട്ടില്‍ അന്വേഷിച്ചു ചെന്ന അവനും കൂട്ടുകാരും അറിയുന്നത് അവള്‍ ഗര്‍ഭിണിയാണെന്നാണ്. അബോര്‍ഷന്‍ നടത്താന്‍ ഇരുവീട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുന്നു. ആശുപത്രിയില്‍ വച്ച് കുഞ്ഞിനെ നശിപ്പിക്കുന്നില്ല എന്ന് കുഞ്ഞിന്റെ അച്ഛനമ്മമാരായ കുട്ടികള്‍ ഉറപ്പിക്കുന്നു. അതോടെ വീട്ടുകാര്‍ അവരെ ഉപേക്ഷിക്കുന്നു. എങ്ങോട്ട് പോകും, എങ്ങനെ ജീവിക്കും എന്നൊന്നുമറിയാതെ അവര്‍ വലയുന്നു. എങ്കിലും രണ്ടുപേരുടെയും സന്തോഷത്തിന് കുറവില്ല. അപ്പോള്‍ അവരുടെ ഒരു അധ്യാപകനും ടീച്ചറായ ഭാര്യയും അവര്‍ക്ക് അഭയം കൊടുക്കുന്നു. (സിനിമയല്ലേ). ഒടുവില്‍ അവള്‍ പ്രസവിക്കുന്നു. അതോടെ പിണങ്ങി നിന്നിരുന്ന രണ്ടു വീട്ടുകാരും ഓടിയെത്തുന്നു. സംഗതി ശുഭം.
എന്താണ് ഈ സിനിമ നല്‍കുന്ന സന്ദേശം? ടീനേജില്‍ ഇതൊക്കെ സാധാരണമാണെന്നോ? അതോ കൗമാരക്കാര്‍ ഇതൊക്കെ ചെയ്യാമെന്നോ, ചെയ്യണമെന്നോ? ആരെങ്കിലുമൊക്കെ അഭയം നല്‍കുമെന്നോ? ഒരു കുട്ടിയായിക്കഴിഞ്ഞാല്‍ എല്ലാം ക്ഷമിച്ച് വീട്ടുകാര്‍ സ്വീകരിക്കുമെന്നോ? ഇതൊക്കെ ജീവിതത്തിലും സംഭവിച്ചേക്കാം. എന്നാലും ഇതിന്‍റെ ദോഷ ഫലങ്ങള്‍ ഒന്നും സിനിമയിൽ പറയുന്നില്ല. പഴയ തലമുറയില്‍ പെട്ട ആളായതു കൊണ്ടാവാം എനിക്കു മനസ്സിലാവുന്നില്ല.
അടുത്തത് ദാസ് പ്രകാശന്‍ എന്ന കൗമാരക്കാരന്റെ ഒഴപ്പും താന്തോന്നിത്തവും ധിക്കാരവും പ്രകടമാക്കുന്ന ചിത്രമാണ്. ക്ലാസ്സില്‍ കയറുകയില്ല, പഠിക്കുകയില്ല, അച്ഛനമ്മമാരെക്കുറിച്ചു വിചാരമില്ല, അനുസരണയില്ല. അച്ഛന് ചെറിയൊരു കടയാണുള്ളത്. അമ്മ വെറുമൊരു വീട്ടമ്മ. സാധാരണ കുടുംബം. ശകാരിക്കുന്ന അമ്മ അവനു ശത്രുവാണ്. ഇത്രയും നിരുത്തരവാദപരമായി കുട്ടികള്‍ പെരുമാറുമോ? അതിന്‍റെ കൂടെ അവന് ഒരു പ്രേമവും. മറ്റൊരു സ്കൂളില്‍ പഠിക്കുന്ന, പണമുള്ള വീട്ടിലെ പെണ്‍കുട്ടി നീതു. അവളെ കാണാന്‍ വേണ്ടി, പ്ലസ്ടൂവില്‍ പഠിക്കുന്ന അവന്‍ പത്താം ക്ലാസ്സുകാരുടെ ട്യൂഷന്‍ ക്ലാസ്സില്‍ ചേരുന്നു. അച്ഛന്റെ കടയില്‍നിന്ന് എടുക്കുന്ന പണം കുടുക്കയില്‍ ചേര്‍ത്തു വച്ച് അവന്‍ കാമുകിയെ വിളിക്കാന്‍ മൊബൈല്‍ വാങ്ങുന്നു. അച്ഛന്‍ അതു കണ്ടിട്ടും മിണ്ടുന്നില്ല.
കാമുകിയുടെ കോള്‍ വന്ന വെപ്രാളത്തില്‍ ഓടിച്ചാടിയിറങ്ങിയ അവന്‍ കുഞ്ഞനിയനെ തട്ടിയിടുന്നു. ആ കുഞ്ഞ് തലപൊട്ടി ആശുപത്രിയിലാകുന്നു. ഓപ്പറേഷന്‍ നടത്താന്‍ ഏഴു ലക്ഷം രൂപയ്ക്കായി അച്ഛന്‍ നെട്ടോട്ടമോടുന്നു. അതൊന്നും ദാസനെ ബാധിക്കുന്നില്ല. കാമുകിയെ കാണാന്‍ പോയ അവനു നാട്ടുകാരുടെ തല്ലും കിട്ടുന്നു. ഒടുവില്‍ നമ്മുടെ നായകന്‍ പ്ലസ് ടു തോല്‍ക്കുന്നു. എങ്കിലും അവന് ഒരു ജോലി കിട്ടുന്നു. ‘പ്ലസ് ടൂ തോറ്റവന് എന്തു ജോലിയാണ് കിട്ടുക’ എന്ന് നീതുവിനോടൊപ്പം നമ്മളും ചോദിച്ചു പോകും. വലിയ പണക്കാരനായി തിരിച്ചു വരും എന്ന് അച്ഛന് വാക്കു നല്‍കിയിട്ടാണ് അവന്‍ പോകുന്നത്. കാത്തിരിക്കുമോ എന്ന് കാമുകിയോടു ചോദിക്കുന്നുമുണ്ട്. ‘ഒന്നു പോടാ’ എന്ന് പറയാനുള്ള വിവേകം എന്തായാലും ഫുള്‍ എ പ്ലസ് നേടിയ അവള്‍ക്കുണ്ട്.
എന്തൊരു നല്ല ഉപദേശമാണ് ഈ സിനിമ കുട്ടികള്‍ക്ക് നല്‍കുന്നത്. ക്ലാസ്സില്‍ പോകണ്ട. പഠിക്കേണ്ട. ഒന്നിനെക്കുറിച്ചും വിചാരം വേണ്ട. പ്രായം അതാണ് എന്ന ഒരു ന്യായവും. കൗമാരം ഇങ്ങനെയാണോ? കൗമാരക്കാര്‍ ഇങ്ങനെയാണോ ആവേണ്ടത്? എനിക്കു മനസ്സിലാവുന്നില്ല.
ഈ ചിത്രങ്ങളുടെ സംവിധാനത്തെക്കുറിച്ചോ സാങ്കേതിക മേന്മകളെക്കുറിച്ചോ പറയാനുള്ള അറിവെനിക്കില്ല. ഞാന്‍ ഒരു സാധാരണ പ്രേക്ഷകയാണ്. എന്നാലും അമ്മയാണ്, അമ്മൂമ്മയാണ്, ടീച്ചറാണ്. ഇത്തരം ചിത്രങ്ങള്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുന്ന തെറ്റായ സന്ദേശങ്ങളെക്കുറിച്ച് പ്രതികരിക്കാതെ വയ്യ. എത്ര നെഗറ്റീവ് ആയ ആശയങ്ങളാണ് ഇവ കൗമാരക്കാര്‍ക്കു നല്‍കുന്നത് ! ദൃശ്യകലകളും സാഹിത്യവും യുവതലമുറയെ സ്വാധീനിക്കും എന്നകാര്യത്തില്‍ സംശയമില്ല. സമൂഹത്തിന് സദുപദേശം പകര്‍ന്നു നല്‍കുക എന്നതാണ് കലയുടെ ലക്ഷ്യം എന്നത് ഒരു പഴയ വിശ്വാസം മാത്രമാണോ?
Content Summary: Kadhayillaimakal, Column by Devi JS