മാമ്പഴക്കാലം, ചക്കയുടെയും !

devi-js-remembering-her-childhood
SHARE

നമ്മുടെ നാട്ടിൽ മാർച്ച് -ഏപ്രിൽ ആയാൽ പിന്നെ  ചക്കയുടെയും മാങ്ങയുടെയും കാലമായി.പ്ലാവും മാവും ഇല്ലാത്ത വീടുകൾ ചുരുക്കം.(ഫ്ളാറ്റുകളെ വിട്ടേക്കൂ). ചക്ക കായ്ച്ചു തുടങ്ങിയാൽ ചക്കയോടു ചക്ക. മാങ്ങാ പിടിച്ചു കഴിഞ്ഞാലോ മാങ്ങ തന്നെ മാങ്ങ. കൊതിയോടെ തിന്നു തുടങ്ങിയിട്ട് ഒടുവിൽ മടുത്തു പോകും. നാട്ടിൻ പുറങ്ങളിൽ മാത്രമല്ല നഗരങ്ങളിലും വീടിനു ചുറ്റും എട്ടോ പത്തോ സെന്റുണ്ടെങ്കിൽ അവിടെ ഇല്ലാത്ത മരങ്ങൾ ഉണ്ടാവില്ല. 

നഗര മദ്ധ്യത്തിലാണെങ്കിലും പണ്ടേയുള്ളതാകയാൽ എന്റെ വീടിനു ചുറ്റും പത്തു പതിനഞ്ചു സെന്റ് സ്ഥലമുണ്ട്. നേരത്തെ പറഞ്ഞത് പോലെ പ്ലാവും മാവും തെങ്ങും മുരിങ്ങയും പപ്പായയും ചാമ്പയും ലോലോലിയും ഒക്കെയുണ്ട്. വീട്ടിനുള്ളിൽ നാട്ടിൻപുറത്തെ രീതികൾ തുടരുന്നതിൽ അമ്മയും അച്ഛനും അതീവ തത്പരരായിരുന്നു. കുഗ്രാമമല്ലെങ്കിലും അല്പം പുരോഗമിച്ച നാട്ടിൻപുറത്തു തന്നെയാണ് അമ്മവീടും അച്ഛന്റെ തറവാടും. അമ്മവീട്ടിൽ ചെലവഴിച്ച ബാല്യത്തെക്കുറിച്ച് ഞാൻ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. പറഞ്ഞാൽ തീരുകയില്ല ആ കഥകൾ.അച്ഛനമ്മമാരോടൊപ്പം  നഗരത്തിൽ താമസമാക്കിയിട്ടും അവധിക്കാലങ്ങൾ  ഞാൻ ചെലവിട്ടത് അമ്മ വീട്ടിൽ തന്നെയായിരുന്നു. കൂട്ടിന് അനിയന്മാരും അനിയത്തിമാരും(കസിൻസ്)  ഒക്കെയുള്ള രസകരമായ ഒരു കാലം. ചക്ക തുടങ്ങിയാൽ പിന്നെ എന്നും ഒരു കറിയായി ചക്കയുണ്ടാവും. ഇടിച്ചക്കയാണ് തുടക്കം. 'ഇടിച്ചക്കയോ അതെന്തൊന്ന്' എന്ന് ചോദിക്കുന്നവരും  ഇക്കാലത്ത് ഉണ്ടാവും. എന്നാലും മിക്കവർക്കും അതിന്റെ രുചിയറിയാം. മൂക്കാത്ത പിഞ്ചു ചക്ക പറിച്ച് മുള്ളു ചെത്തിക്കളഞ്ഞ്  കഷണങ്ങളാക്കി മുറിച്ച് ആവികയറ്റി വേവിച്ച് ഉതിർത്തെടുത്ത് ഉണ്ടാക്കരുന്ന തോരൻ( ഇതെന്താ പാചക ക്ലാസ്സോ എന്നാണോ ചോദിക്കാനൊരുങ്ങുന്നത് ? പാചകത്തിലും എന്റെ വീട്ടിലെ പെണ്ണുങ്ങൾ വിദഗ്ദ്ധരാണ് (ഞാനുൾപ്പെടെ) ആ തോരനെ വെല്ലാൻ മറ്റൊരു തോരനില്ല എന്ന് ഞാൻ പറഞ്ഞാൽ,  ''അത് ദേവിയമ്മ ഒരു ചക്കപ്രിയ ആയതു കൊണ്ടാണ്'', എന്നേ നിങ്ങൾ പറയൂ.  

ചക്ക മൂത്താൽ പിന്നെ ചക്ക അവിയൽ, ചക്ക കുഴച്ചത്, ചക്ക എരിശ്ശേരി ഇങ്ങനെ രൂപം മാറി എന്നുമുണ്ടാവും  ഊണിന്  ഒരു ചക്കക്കൂട്ടാൻ. ഞങ്ങളുടെ വീടുകളിലെല്ലാം ആ കാലം അങ്ങനെ തന്നെയാണ്. ആർക്കും മടുക്കുന്നില്ല എന്നത് ഇന്നും എനിക്ക് അദ്‌ഭുതമാണ്. വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ആഹാരം  മാത്രമാണല്ലോ അന്നത്തെ രീതി. ഇനി തമാശ അതല്ല. പരിസരത്തുള്ള ഏതു വീട്ടിൽ ചക്കയിട്ടാലും  മുറിച്ച് അടുത്ത വീടുകളിലെല്ലാം കൊടുത്തയയ്ക്കുന്ന രീതിയും അന്ന് ഉണ്ടായിരുന്നു . ഇപ്പോഴും ഞങ്ങളുടെ അയൽ  പക്കങ്ങളിൽ ആ രീതി ഉണ്ട്. ചക്കവറുത്തത് ഏറ്റവും പ്രിയപ്പെട്ട വറുത്തുപ്പേരിയാണ്. അവിടം കൊണ്ട് തീർന്നോ? പഴുത്ത ചക്ക ഒരു ഹരമാണ് എന്റെ വീട്ടിൽ. പിന്നെയുമുണ്ട്  ചക്കവരട്ടിയത്, ചക്കയട, ചക്കക്കുമ്പിൾ, ചക്കപ്രഥമൻ എന്നു  വേണ്ട ചക്കക്കാലം കഴിയുമ്പോഴേക്ക് കൊതി തീർന്നിരിക്കും.

ഇതിനിടയിൽ തന്നെ മാങ്ങാക്കാലവും വരവാകും. ലോകത്തേയ്ക്ക് ഏറ്റവും നല്ല ഫലം (ഫ്രൂട്ട് )ഏതെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ഞാൻ പറയും 'മാങ്ങാ '. പഴക്കടകളിൽ നിരത്തി വച്ചിരിക്കുന്ന വിവിധതരം മാമ്പഴങ്ങളെ  കുറിച്ചല്ല ഞാൻ പറയുന്നത്. പറമ്പിൽ നിൽക്കുന്ന പടുകൂറ്റൻ നാടൻ മാവിൽ നിന്ന് ഉതിർന്നു വീഴുന്ന മാമ്പഴം ഓടിച്ചെന്നെടുത്ത് കടിച്ചു  തിന്നുന്നതിന്റെ രസം ഇന്നത്തെ തലമുറയ്ക്കറിയുമോ? മാമ്പഴം കടിച്ചു തിന്നുമ്പോൾ താടിയിലൂടെ, കയ്യിലൂടെ ഒക്കെ ഒഴുകുന്ന മാമ്പഴച്ചാറിന്റെ മധുരം പറഞ്ഞറിയിക്കാനാവില്ല. മാങ്ങാ മുഴുവൻ തിന്നു കഴിഞ്ഞ് മാങ്ങാണ്ടി വലിച്ചെറിയുമ്പോൾ ആരെയെങ്കിലുമൊന്നു വിളിക്കും .വിളികേട്ട്  ആളെത്തുമ്പോൾ 'അണ്ണാ ദേ ഈ മാങ്ങാണ്ടിക്കു കൂട്ടുപോ' എന്ന് പരിഹസിക്കുന്ന ഒരു കളിയുമുണ്ടായിരുന്നു അന്ന്.ആ പറ്റിക്കൽ ചിലപ്പോൾ തിരിച്ചും കിട്ടും.  

ആരോടോ  മത്സരിച്ചിട്ടെന്നപോലെയാണ് എന്റെ വീട്ടിലെ നാട്ടു മാവു കായ്ച്ചിരുന്നത്. രാവിലെ മാഞ്ചോട്ടിൽ ചെന്ന് കുട്ടയിലാവും ആരെങ്കിലും മാമ്പഴം പെറുക്കി കൊണ്ട് വരിക. എത്രയോ തരം  മാവുകളുണ്ടാവും  ഓരോ വീട്ടിലും. മൂവാണ്ടൻ, കിളിച്ചുണ്ടൻ, കർപ്പൂരം, കോട്ടുവാക്കോണം ഇങ്ങനെ എത്രയോ നാടൻ മാങ്ങകൾ. മൽഗോവ, നീലം, സിന്ദൂരം എന്നൊക്കയുള്ള വരവ് ഇനങ്ങൾ വേറെയും. വലിയ മാങ്ങാകളൊക്കെ  പഴുത്താൽ  മുതിർന്നവരാരെങ്കിലും ചെത്തിപ്പൂളിയാണ് തരിക. മാങ്ങ കൊണ്ടുമുണ്ടാവും കറികൾ. കടുമാങ്ങ, മുരിങ്ങയ്ക്കയും മാങ്ങയും, ചെമ്മീനും  മാങ്ങയും, ചക്കക്കുരുവും മാങ്ങയും ഇങ്ങനെ രുചികരമായ എത്രയോ ചാറു  കറികൾ. തീർന്നില്ല. പഴുത്തമാങ്ങ കൊണ്ട് മാമ്പഴ പുളിശ്ശേരി, മാമ്പഴപച്ചടി ഒക്കെയുണ്ട്.  ഇതൊക്കെ മാമ്പഴക്കാലത്തിന്റെ സൗഭാഗ്യങ്ങാണ്.

മാസങ്ങൾ കഴിഞ്ഞു പോകും. മാവും പ്ലാവുമൊക്കെ ഒഴിയും. മനസ്സിലും നാവിലും രുചികൾ അവശേഷിപ്പിച്ചു  കൊണ്ട് മറയുന്ന ചക്കക്കാലത്തിനും മാങ്ങാക്കാലത്തിനും പിന്നെ ഒരു വർഷം  കാത്തിരിക്കണം. 

ഇതൊക്കെ പഴയ കഥകളാണ്. ഇപ്പോൾ എല്ലാക്കാലത്തും പച്ചമാങ്ങകിട്ടും .മാമ്പഴം കിട്ടും .കൃഷി പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്തവ. എല്ലാക്കാലത്തും കായ്ക്കുന്ന കുട്ടി പ്ലാവുകളുമുണ്ട്. അവയ്ക്കൊന്നും പഴയ രുചിയില്ലയെന്നു പറഞ്ഞാൽ മുതിർന്നവർ പഴഞ്ചന്മാരാകും. അല്ലെങ്കിൽ തന്നെ ആർക്കു വേണം ഇപ്പോൾ ചക്കയും മാങ്ങയുമൊക്കെ.  

"അങ്ങനെ പറയരുത്. ചക്കയ്ക്കിപ്പോൾ വലിയ ഡിമാൻഡാണ്. ചക്ക കൊണ്ട് എത്രയോ വിഭവങ്ങൾ ഉണ്ടാക്കുന്നുന്നുണ്ട്. പച്ച ചക്ക ഉണക്കി പൊടിച്ചത് കാൻസറിനും കീമോതെറാപ്പിക്കുമൊക്കെ പോലും ഔഷധമാണെന്ന് പറയപ്പെടുന്നു." ചക്കകൊണ്ട് അത്ഭുതവിഭവങ്ങൾ ഉണ്ടാക്കി കാണിക്കുന്ന ഒരു ചേച്ചി പറയുന്നു.   

'മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ.', 'കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചും കൊണ്ടെന്നോട്' എന്നൊക്കെ പാട്ടുകളിലുമുണ്ട് മാമ്പഴങ്ങൾ എന്ന് ഞാൻ പറഞ്ഞപ്പോൾ മിലി ചോദിച്ചു.

''ചക്കയെപ്പറ്റി പാട്ടുകളില്ലേ , അമ്മുമ്മേ?"

 'ചക്കയ്ക്കുപ്പുണ്ടോ, വിത്തും കൈക്കോട്ടും 'എന്ന്  വിഷു പ്പക്ഷി പാടുന്നത് കേട്ടിട്ടില്ലേ?"   . 

"ചക്കിക്കൊത്തൊരു ചങ്കരൻ 

ചക്കയ്‌ക്കൊത്തൊരു പിച്ചാത്തി,  എന്നൊരു പഴയ സിനിമാപാട്ടുമുണ്ട്." ഞാൻ പറഞ്ഞു.                               

       

Content Summary : Devi JS remembering her childhood

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS