"ഇന്ന് ശിവരാത്രിയല്ലേ? അമ്പലത്തിലൊന്നു പോകാം." മകൾ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആദ്യമൊന്നു മടിച്ചു. പിന്നെ തയാറായി പുറപ്പെട്ടു.
മകൾ എന്നെപ്പോലെയല്ല. അവൾ അമ്പലങ്ങളിൽ ഇടയ്ക്കിടെ പോകാറുണ്ട്. അമ്പല നടയിൽ തൊഴുതു നിൽക്കുമ്പോൾ എൻ്റെ മനസ്സ് ചിന്തകളിലേയ്ക്ക് പാറിപ്പോയി.
പണ്ടും അമ്പലങ്ങളിൽ ഞാൻ നിത്യ സന്ദർശകയല്ല. എന്നുവച്ച് പോയിട്ടില്ലെന്നല്ല. പോവുകയില്ലെന്ന് നിർബന്ധവുമില്ല. അമ്പലത്തിലെ തിരക്കും ബഹളവും എനിക്ക് അസഹനീയമായി തോന്നും. പ്രാർത്ഥിക്കാനുള്ള ഏകാഗ്രത കിട്ടുകയുമില്ല. വഴിപാടുകളിലും നേർച്ചകളിലും എനിക്ക് വിശ്വാസമില്ല. അതു കൊണ്ട് പൂജകളോ ഹോമങ്ങളോ നടത്താറില്ല. വ്രതങ്ങളും നൊയമ്പുകളും പതിവില്ല. എങ്കിലും ഉറച്ച ഒരു ഈശ്വര വിശ്വാസം എനിക്കുണ്ട്. അത് എന്റേതായ ഒരു പ്രത്യേക രീതിയിലാണെന്നു മാത്രം.
എന്റെ അമ്മയും അച്ഛനും ഒരു ക്ഷേത്രത്തിലും പതിവായി പോയിരുന്നില്ല. തീരെ പോകാറില്ല എന്നുമല്ല. ഗുരുവായൂരും ചോറ്റാനിക്കരയും ആറ്റുകാലും ഒക്കെ ഞങ്ങളെ കൊണ്ടു പോയിട്ടുണ്ട്.
കുട്ടിക്കാലത്ത് ഏറ്റവുമധികം പോയിട്ടുള്ളത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലാണ്. അകലെ നിന്നെത്തുന്ന ബന്ധുക്കളെ ക്ഷേത്രം കാണിക്കാൻ കൊണ്ടുപോകുന്ന അമ്മയുടെ കൂടെ ഞാനും കൂടും. ആ ക്ഷേത്രം എന്നും എനിക്ക് ഒരദ്‌ഭുത ലോകമായിരുന്നു. ശില്പങ്ങൾ നിറഞ്ഞ ഗോപുരം, മേത്തൻ മണി, പത്മതീർത്ഥം, ആയിരം കാൽ മണ്ഡപം, ഒറ്റക്കൽ മണ്ഡപം, ശ്രീ കോവിലിനകത്ത് നീണ്ടു നിവർന്നു കിടക്കുന്ന പത്മനാഭസ്വാമി. ഇതെല്ലാം അന്നും ഇന്നും എനിക്ക് വിസ്മയങ്ങൾ തന്നെ. പിന്നീട് എല്ലാ പ്രായത്തിലും, എത്രയോ തവണ പോയിട്ടുണ്ടെങ്കിലും പ്രാർത്ഥിക്കാൻ തീരെ മറന്ന് അദ്‌ഭുതപരതന്ത്രയായി ഞാൻ നോക്കി നിന്നിരുന്നു. (ഇപ്പോൾ വർഷങ്ങളായി ഞാൻ ആ ക്ഷേത്രത്തിൽ പോയിട്ട്.)
ഏറ്റവും അധികം പോയിട്ടുള്ളത് വീടിന് തൊട്ടടുത്തുള്ള (എന്റെ വീടിന് ഏതാനും മീറ്റർ അകലം മാത്രം) മുത്തുമാരിയമ്മൻ കോവിലിലാണ്. വളരെ ചെറിയ ഒറ്റമുറി ക്ഷേത്രം. ഒരു തമിഴ് രീതി ആണവിടെ. കുട്ടിക്കാലത്തും മുതിർന്നിട്ടും ഏറെ ആകർഷിച്ചിരുന്ന ഒരിടം. അണിഞ്ഞൊരുങ്ങിയ ചെറിയ ദേവീ വിഗ്രഹത്തിന്റെ പാദങ്ങളിൽ എന്റെ നോട്ടം പതിപ്പിച്ച് ഞാൻ നിൽക്കും, ഒന്നും ചോദിക്കാനാവാതെ.
പ്രാർത്ഥിക്കാൻ അമ്പലം തന്നെ വേണമെന്നുണ്ടോ? മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും നിറഞ്ഞവനെ എവിടെ ഇരുന്നു വേണമെങ്കിലും വിളിക്കാം. അല്ലെങ്കിൽ തന്നെ മനസ്സിലും വലിയ കോവിലേത്? അച്ഛനമ്മമാർ പകർന്നു തന്ന്, ചെറുപ്പത്തിലേ എന്നിൽ വേരുറച്ചു പോയ വിശ്വാസമാണിത്.
ഇടതടവില്ലാതെ ഈശ്വരനാമം ഉരുവിടാൻ എന്നെ പഠിപ്പിച്ചത് ബാല്യത്തിൽ എന്റെ അമ്മുമ്മയാണ്. അമ്മുമ്മയും അപ്പൂപ്പനും ശ്രീനാരായണ ഗുരു സ്വാമിയുടെ കടുത്ത ഭക്തരായിരുന്നു. സ്വാമിയെ പലതവണ കാണാനും സ്വാമി അവരുടെ തറവാടു സന്ദർശിക്കാനും ഭാഗ്യം ലഭിച്ചവർ. ഇറയത്ത് സന്ധ്യക്ക് കത്തിച്ചു വയ്ക്കുന്ന നിലവിളക്കിനു മുന്നിൽ എല്ലാവരും ഇരുന്ന് നാമം ജപിക്കണമെന്ന് നിർബന്ധമായിരുന്നു. ഗുരുസ്വാമി രചിച്ച കീർത്തനങ്ങളാണ് അധികവും ചൊല്ലാറുള്ളത്. ഭാഗവതത്തിലെ പ്രഹ്ളാദസ്തുതിയായിരുന്നു അപ്പുപ്പൻ വായിക്കാറുണ്ടായിരുന്നത്. ഞങ്ങൾ കുട്ടികൾക്ക് അതെല്ലാം ഏറെക്കൂറെ ഹൃദിസ്ഥമായിരുന്നു. അവിടെ ദൈവങ്ങളുടെ പടങ്ങൾ വച്ചിരുന്നില്ല. വിളക്കു മാത്രം! പൂജാമുറി ഉണ്ടായിരുന്നു എങ്കിലും വിശേഷ ദിവസങ്ങളിൽ മാത്രമേ അത് അലങ്കരിച്ച് വിളക്ക് വച്ചിരുന്നുള്ളു. അവിടെ കൃഷ്ണന്റെയും ശിവന്റെയും സരസ്വതിയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നു.
മറ്റൊന്നും ചെയ്യാനില്ലാതെ മനസ്സ് ശൂന്യമാകുമ്പോൾ ഞാൻ ഈശ്വരനാമങ്ങൾ ജപിച്ചു കൊണ്ടിരിക്കും. ഓം നമോ നാരായണായ എന്നോ നാരായണായ നമഃ എന്നോ നാരായണ നാരായണ നാരായണ എന്നോ ഞാൻ ആവർത്തിച്ചു ചൊല്ലും. യാത്രകളിൽ, ഉറക്കമില്ലാത്ത രാത്രികളിൽ, അടുക്കള ജോലികൾക്കിടയിൽ ഒക്കെ ഇതെന്റെ ശീലമാണ്. കടുത്ത ദുരന്തങ്ങൾ തളർത്തുമ്പോൾ, ഈശ്വരവിശ്വാസം നഷ്ടപ്പെട്ടു പോകുമെന്ന് തോന്നിയപ്പോൾ പോലും അതിനു മാറ്റമുണ്ടായില്ല. മറ്റാരെയാണ് ഞാൻ ആശ്രയിക്കുക!
ഈശ്വരൻ എന്റെ സുഹൃത്താണ്. എന്റെ സ്വന്തമാണ്. എന്റെ പ്രശ്നങ്ങൾ, പ്രയാസങ്ങൾ, പ്രാണസങ്കടങ്ങൾ എല്ലാം തൊട്ടരികിൽ നിൽക്കുന്ന ഒരാളോടെന്നപോലെ അവനോടു ഞാൻ തുറന്നു പറയുന്നു. അവനത് കേൾക്കുന്നുണ്ട് എന്നെനിക്ക് ഉറപ്പാണ്. സ്വയം ഒരു തുളസിക്കതിരായി മാറി അവന്റെ പാദങ്ങളിൽ പതിക്കുന്നു എന്ന് സങ്കല്പിക്കുമ്പോൾ എന്റെ മനസ്സ് ശാന്തവും പ്രസന്നവും സ്വസ്ഥവുമാകുന്നു. ഇതെല്ലം എന്റെ മാത്രം വിശ്വാസങ്ങളാണ്. ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്.
മിഴിനീരിലും വലിയ അഭിഷേകമെന്ത്? കൊഴിഞ്ഞു വീഴുന്ന സ്വപ്നങ്ങളേക്കാൾ നല്ല പുഷ്പാർച്ചന എന്തണുള്ളത്? കദനത്തിന്റെ നെരിപ്പോടിൽ സ്വയം എരിയുമ്പോൾ വേറെ ചന്ദനത്തിരി വേണോ? ദൃഢമായ വിശ്വാസം ഒരു കെടാവിളക്കായി കത്തി നിൽക്കുമ്പോൾ ഇനിയൊരു ദീപമെന്തിന്? ഈശ്വര വിശ്വാസം അതിലൂടെ ലഭിക്കുന്ന അനുഗ്രഹം, ആശ്വാസം, ആനന്ദം അത് തന്നെയാണ് ശാശ്വതമായ സാന്ത്വനം.