നീത എന്നെ കാണാൻ വന്നത് അവളുടെ വിവാഹത്തിനു എന്നെ ക്ഷണിക്കാനാണ് എന്നാണ് ഞാൻ കരുതിയത്. പക്ഷേ, അവൾ കുശലങ്ങൾ തുടർന്നു. എനിക്ക് അതിശയമായി. വിവാഹത്തെക്കുറിച്ച് അവൾ ഒന്നും പറയുന്നില്ല. ഒടുവിൽ ഞാൻ തന്നെ വിഷയം എടുത്തിട്ടു.
"നീ എന്നെ ക്ഷണിക്കാൻ വന്നതല്ലേ ?ക്ഷണക്കത്ത് എവിടെ? നിന്റെ കല്യാണത്തിന് എന്തായാലും ഞാൻ വരും .ക്ഷണക്കത്തൊന്നും വേണ്ട .പിന്നെ സമയവും സ്ഥലവും ഒക്കെ അറിയണ്ടേ ?ഒരു കത്ത് തന്നേക്കൂ" ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.
"ആ വിവാഹം വേണ്ട എന്ന് വച്ചു." നീതയുടെ മുഖം ഇരുണ്ടു."അത് പറയാനാണ് ഞാൻ വന്നത്." ഒറ്റശ്വാസത്തിൽ ഒരുപാടു സംശയങ്ങൾ ചോദിച്ചു.
"അടുത്ത് ഇടപഴകിയപ്പോൾ തനി നിറം മനസ്സിലായി.ഡിമാൻഡ്‌സ് ഒന്നും ഇല്ല എന്ന് പറഞ്ഞതാണ്.പക്ഷെ അച്ഛൻ ചേച്ചിക്ക് കൊടുത്ത പോലെ എല്ലാം എനിക്കും തയാറാക്കി. അപ്പോൾ അതൊന്നും അവർക്കു പോരാ. ഓരോദിവസവും വിലപേശൽ കൂടിക്കൂടി വന്നു, ആ ബന്ധം വേണ്ടാന്ന് വയ്ക്കാനേ ഞങ്ങൾക്ക് കഴിയുമായിരുന്നുള്ളൂ. കല്യാണം കഴിഞ്ഞിട്ട് പിരിയുന്നതിനേക്കാൾ നല്ലതല്ലേ നേരത്തെ പിരിയുന്നത് ?" നീത പതറാതെ പറഞ്ഞു.
അവളുടെ മുഖത്ത് സങ്കടത്തിന്റെ ലാഞ്ചന പോലുമില്ല. പിന്നെയും അവൾ ഒരുപാടു കാര്യങ്ങൾ പറഞ്ഞു.എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവൾ പറയുന്നതാണ് ശരി എന്ന് എനിക്കും തോന്നി. പിന്നീട് ഇത്തരം കഥകൾ കേൾക്കുന്നത് പതിവായി. പുതിയ തലമുറ വളരെ പ്രാക്ടിക്കൽ ആണ്. സില്ലി സെന്റിമെന്റ്സ് ഒന്നും അവരെ ബാധിക്കുന്നില്ല. ഇനി ഒരു കല്യാണം നടക്കാൻ പ്രയാസമാണ് എന്നും അവർ ചിന്തിക്കുന്നില്ല." ഇതല്ലെങ്കിൽ വേറൊന്ന്. "നീതു ഉറപ്പായിച്ചു പറയുന്നു
വളരെ വിശേഷപ്പെട്ട ചിലകഥകൾ കേട്ടു.വിജയന്റെയും ഇന്ദുവിന്റെയും ഏകമകൾ നിശ്ചയിച്ച കല്യാണം വേണ്ടാന്ന് വച്ചത് വേറെ ഒരു കാരണം കൊണ്ടാണ് .കല്യാണച്ചെറുക്കന് ഈ പ്രൊപോസൽ ഇഷ്ടപ്പെട്ടില്ല എന്നും വീട്ടുകാർ നിർബന്ധിച്ചത് കൊണ്ടാണ് സമ്മതിച്ചത് എന്നും വിഡ്ഢിയായ അവൻ അവളോട് പറഞ്ഞു." അങ്ങനെ ജീവിതകാലം നിങ്ങൾ എന്നെയും ഞാൻ നിങ്ങളെയും സഹിക്കേണ്ട കാര്യമില്ല. ഇപ്പോഴാണെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. ആർഭാടമായി നിശ്ചയം നടത്തിയതുകൊണ്ട് കുറച്ചു പണം നഷ്ട്ടമായിഅത്രേ ഉള്ളു. ഈ കല്യാണം നടന്നാൽ രണ്ടു ജീവിതങ്ങളാണ് നഷ്ടമാകുക. പിന്നെ ഡിവോഴ്സ് എന്ന നൂലാമാലയിൽ കുരുങ്ങി വർഷങ്ങൾ നഷ്ടമാകും. " ഇന്ദുവിന്റെ മകൾ തന്റെട മുള്ള പെൺകുട്ടിയാണ് .
എന്റെ കൂട്ടുകാരി സൂര്യ പെണ്ണുകാണലിനു തന്നെ ആ ആലോചന വേണ്ടാന്ന് വച്ചു. ഒരു റസ്റ്ററന്റിൽ വച്ചാണ് അവർ തമ്മിൽ കണ്ടത്. രണ്ടുപേരും വളരെ പുരോഗമിച്ചവരാണ്. അവർ കണ്ടു ഇഷ്ടപ്പെട്ടാൽ മാത്രം മുന്നോട്ടു പോകാം എന്നായിരുന്നു തീരുമാനം. അപ്പോഴാണ് അയാൾ വളരെ പേഴ്സണൽ ആയ ചോദ്യങ്ങൾ ചോദിച്ചത്. സൂര്യയ്ക്ക് തടി അല്പം കൂടുതലാണ് എന്നവൻ പറഞ്ഞത് അവൾ വകവച്ചില്ല അവൾക്കു തടിയുണ്ട്. സത്യമാണ്. പക്ഷേ, അടുത്ത ചോദ്യം അവളെ നടുക്കി ."സൂര്യയുടെ ബ്രേസിയറിന്റെ അളവെത്രയാണ് ". സൂര്യ പെട്ടെന്ന് എഴുന്നേറ്റു. യാത്രപോലും ചോദിക്കാതെ അവിടെ നിന്ന് ഇറങ്ങിപ്പോയി.
പെൺകുട്ടികൾ മാത്രമല്ല ചില ആൺകുട്ടികളും ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാറുണ്ട്. ശരിയാവില്ല എന്ന് നേരത്തെ മനസ്സിലാക്കുന്നത്.നല്ലതാണ്. കൂടുതൽ പൊല്ലാപ്പുകൾ ഉണ്ടാകാതെ കഴിക്കാം.
എല്ലാം തികഞ്ഞു കിട്ടുകയില്ല.കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം എന്നവരെ ഉപദേശിക്കാൻ പറ്റും. പക്ഷെ ജീവിക്കേണ്ടത് അവരല്ലേ ?പുതിയ തലമുറയുടെ രീതികൾ വ്യത്യസ്തമാണ്. ആത്മഹത്യയിലും കൊലപാതകത്തിലും ഒക്കെ അവസാനിക്കുന്നതിനേക്കാൾ നല്ലത് ആദ്യമേ വേണ്ട എന്ന് വയ്ക്കുന്നതല്ലേ ?ഒരു ആൺകുട്ടി എന്നോട് ചോദിച്ചു. ആർഭാടത്തിലുള്ള ചടങ്ങുകളും സ്ത്രീധനവും ഒക്കെ വേണ്ടാന്ന് വച്ച് അവൻ അവനിഷ്ടപ്പെട്ട ഒരു കുട്ടിയെ രജിസ്റ്റർ മാര്യേജ് ചെയ്തു. നല്ലത്, കേട്ടവർ അഭിനന്ദിച്ചു.
ഇതെല്ലം ശരി എന്നോ തെറ്റെന്നോ പറയാനാവില്ല. പിന്നെ ഓരോരുത്തരുടെ സ്വന്തം തീരുമാനങ്ങൾ.അതിന്റെ ഫലങ്ങൾ അനുഭവിക്കാൻ അവർ തയ്യാറുമാണ്. സ്വന്തം ഇഷ്ടപ്രകാരം ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചാലും പിന്നീട് ഒരു വിവാഹമോചനത്തിൽ എത്തുന്ന എത്രയോ ബന്ധങ്ങൾ.!