മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അതുകൊണ്ട് എന്തെങ്കിലുമൊക്കെ പരസ്പരം പങ്കിടാതെ മനുഷ്യർക്ക് ജീവിക്കാനാവില്ല.
സ്വപ്നങ്ങളൊക്കെ പങ്കു വയ്ക്കാം
ദുഃഖ ഭാരങ്ങളും പങ്കുവയ്ക്കാം
ആശ തൻ തേനും നിരാശത്താണ് കണ്ണീരും
ആത്മദാഹങ്ങളും പങ്കു വയ്ക്കാം .
ഒരു പഴയ സിനിമാപാട്ടിലെ വരികളാണിവ .വിവാഹജീവിതം എന്നാൽ എല്ലാം പങ്കുവയ്ക്കലാണ് എന്നാണ് ഈ ഗാനം പറയുന്നത്. സ്വപ്‌നങ്ങൾ പങ്കിടുമ്പോൾ സന്തോഷം കൂടും. ദുഃഖം പങ്കിടുമ്പോൾ ദുഃഖത്തിന്റെ കാഠിന്യം കുറയും.ഈ പാ ട്ടു കേട്ടപ്പോൾ നർമബോധമുള്ള ഒരു സുഹൃത്ത് പറഞ്ഞു.
"സ്വപ്‌നങ്ങൾ പങ്കിടാനൊക്കെ ആളുണ്ടാവും. പക്ഷേ ദുഃഖ ഭാരം പങ്കിടാൻ ആരുമുണ്ടാവില്ല." തമാശ പറഞ്ഞതാണെങ്കിലും അതിൽ കാര്യമുണ്ടെന്ന് എനിക്കു തോന്നി.ചില മനുഷ്യർ സ്വാർത്ഥരാണ്. എന്തെങ്കിലും പങ്കിടാൻ അവർ തയ്യാറല്ല. കുറച്ചു സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും ഇല്ലെങ്കിൽ ജീവിതം വിരസമായിപ്പോകും. അതൊക്കെ ഉണ്ടാക്കി എടുക്കേണ്ടത് പങ്കിടലിലൂടെയാണ്.
സന്തോഷവും സങ്കടവും പങ്കിടുന്നത് മാത്ര മല്ല പങ്കിടൽ. കൊടുക്കൽ വാങ്ങലുകളും ഉണ്ടാവണം.ഇവിടെയാണ് സമ്മാനങ്ങളുടെ പ്രസക്തി.. ഒരു സമ്മാനം കൊടുക്കുന്നത് സ്നേഹം പ്രകടിപ്പിക്കാനാണ്. കൊടുക്കുന്നയാൾക്കും വാങ്ങുന്ന ആൾക്കും സന്തോഷം .ആ വിശേഷാവസരത്തിലെ ആഹ്‌ളാദം അവർ പങ്കിടുകയാണ്. ആ സമ്മാനത്തിലൂടെ..
"ദേവിച്ചേച്ചിക്ക് ഗിഫ്റ്റുകൾ ഇഷ്ടമാണല്ലേ?" ഘു ചോദിച്ചു. "തീർച്ചയായും". ഞാൻ മറുപടി പറഞ്ഞു. രഘുവിന്റെ മുഖത്തെ ഭാവം ഞാൻ ശ്രദ്ധിച്ചു. "ഗിഫ്റ്റ് ഇഷ്ടപ്പെടുന്നത് അത് കിട്ടാനുള്ള അത്യാഗ്രഹം കൊണ്ടല്ല. പക്ഷേ ഒരാൾ എന്നെ ഓർമിച്ചു. എനിക്കൊരു സമ്മാനം കൊണ്ടുവന്നു. അത് വാങ്ങാനായി പണവും സമയവും ചെലവഴിച്ചു .അത് എന്നോടുള്ള റിഗാർഡ്‌സ് അല്ലെ? അതാണെന്നെ സന്തോഷിപ്പിക്കുന്നത്." രഘുവിന് ബോധ്യമായോ എന്തോ ? "അതുപോലെ എന്റെ ദുഃഖത്തിൽ പങ്കെടുക്കുകയും അൽപനേരം എന്നെ ആശ്വസിപ്പിക്കാനായി ചെലവഴിക്കുകയും ചെയ്താൽ അതുമൊരു ഗിഫ്റ് തന്നെ രഘു."
പങ്കിടൽ കുട്ടിക്കാലത്ത് വീട്ടിൽ നിന്ന് ശീലിക്കണം. എന്താണെങ്കിലും - അത് സ്നാക്സ് ആവട്ടെ, പുസ്തകമാകട്ടെ, പേനയോ പെന്സിലോ ആവട്ടെ, കളിപ്പാട്ടമാകട്ടെ -മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം എല്ലാം എനിക്കുവേണം എന്ന സ്വാർത്ഥത വളർത്തിയെടുത്താ ൽ മുതിർന്നാലും അത് മാറുകയില്ല. ഹോസ്റ്റലിൽ ഒക്കെ താമസിക്കാൻ ഇടയായാൽ മുറിയുൾപ്പെടെ പലതും പങ്കിടേണ്ടിവരും. ഒരു മുറിയിൽ ചിലപ്പോൾ രണ്ടോ മൂന്നോ പേരുണ്ടാവും .പലകാര്യത്തിലും ഷെയർ ചെയ്യേണ്ടിവരും. ശീലമില്ലാവർക്കു ഇതൊക്കെ ബുദ്ധിമുട്ടാകും. നാലഞ്ച് കൊല്ലം ഹോസ്റ്റലിൽ താമസിച്ചു കഴിഞ്ഞപ്പോൾ സ്വഭാവം ആകെ മാറി . നല്ല പെരുമാറ്റവും സഹകരണവും ഒക്കെ ശീലിച്ചു എന്ന് നീതു പറയാറുണ്ട്.
എന്റെ കൂട്ടുകാരി ഉമ ഒന്നും പങ്കിടാൻ മക്കളെപ്പോലും അനുവദിക്കില്ല. എന്ത് കൊടുക്കുമ്പോഴും അവൾ മക്കളോട് പറയും ."രണ്ടുപേർക്കും തന്നിട്ടുണ്ട്.അത് കൊണ്ട് തൃപ്തിപ്പെടണം. മറ്റേയാളോട് ചോദിക്കരുത്.സഹോദരങ്ങൾ തമ്മിൽ എന്തെങ്കിലും പങ്കിടുന്നതിൽ എന്താണ് തെറ്റ് ?അവർ സ്വാർത്ഥരാകുകയില്ലേ ?ആരോട് പറയാൻ! ഈ സ്വഭാവം കാരണം ഭർതൃ ഗൃഹത്തിലും അവൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.ആർക്കും ഒന്നും കൊടുക്കുകയില്ല .ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ വാങ്ങുകയുമില്ല.
ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ നമ്മൾ അവരുടെ സന്തോഷത്തിൽ പങ്കാളികൾ ആവുകയാണ്. അതെ സമയം മരണ വീട്ടിൽ അതല്ല. ദുഃഖമാണവിടെ പങ്കിടേണ്ടത്.. നിങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു എന്ന് പറഞ്ഞാൽ പോരാ. അവരെ ആശ്വസിപ്പിക്കണം. അല്പസമയം അവരോടൊപ്പം ചെലവഴിക്കണം.അവർക്കു എന്തൊരാശ്വാസമാണ് ലഭിക്കുക!
ദാനധർമങ്ങളും ഒരു തരത്തിൽ പങ്കിടലുകളാണ്. നമ്മുടെ പക്കലുള്ള ഭക്ഷണത്തിന്റെ ഒരു പങ്ക് മറ്റൊരാൾക്ക് കൊടുത്ത് അയാളുടെ വിശപ്പ് മാറ്റുന്നത് പങ്കിടൽ തന്നെയാണ്. സങ്കടവും സന്തോ ഷവും മാത്രമല്ല ദാരിദ്ര്യവും നിസ്സഹായതയും വേദനകളും നമുക്ക് പങ്കിടാൻ കഴിയും. എല്ലാവരും അങ്ങനെ പങ്കിടാൻ തയാറായാൽ നമ്മുടെ ലോകമെത്ര സുന്ദരമായിരിക്കും!