കേരളത്തിന്റെ കല്പക വൃക്ഷം ..തെങ്ങ്.. തെങ്ങിന്റെ ഇല തെങ്ങോല എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാൽ മലബാറിലെ ചില ഉൾ പ്രദേശങ്ങളില്‍ ഇതിനെ ‘തെങ്ങും പട്ട’ എന്നും പറയാറുണ്ട്.
കേരളത്തിൽ കുടിലുതൊട്ട് കൊട്ടാരം വരെ ഈ നാമം സുപരിചിതം . കുടിലുകെട്ടാൻ തെങ്ങോല,മേയാൻ തെങ്ങോല, ഓലകളഞ്ഞു ഈർക്കിലികൾ ചേർത്തുകെട്ടിയാൽ തൂത്തുവാരാനും മുറ്റമടിക്കാനും ഉള്ള ചൂല്, കറിക്ക് രുചി പകരാൻ തേങ്ങ, ലഹരിയേകാൻ കള്ള്, ദാഹമകറ്റാന്‍ ഇളനീര്‍(കരിക്ക്), തേച്ചു കുളിക്കാൻ തേങ്ങ ഉണക്കിയെടുത്ത് ആട്ടിച്ചെടുത്ത എണ്ണ.. ചുരുക്കി പറഞ്ഞാൽ മലയാളിക്ക് നിത്യ ജീവിതത്തിൽ തെങ്ങിന്റെ ഉല്പന്നങ്ങളെ മാറ്റി നിർത്തിയൊരു ജീവിതമില്ല.
റബർ കേരളം കീഴടക്കും മുൻപ് തെങ്ങ് ആയിരുന്നു ഇവിടെ നിറഞ്ഞു നിന്നിരുന്നത്. തെങ്ങിന്റെ തടി, ഓല, തേങ്ങ ഉണ്ടാകുന്ന കുല(കോഞ്ഞാട്ട), കൊതുമ്പ്, മടല്‍(ഓലയുടെ തണ്ട് ഭാഗം ),അരിയാട( തെങ്ങോല ഉണ്ടാകുന്ന ഭാഗത്ത് കാണപ്പെടുന്ന ആവരണം) ഇതൊക്കെ അടുക്കളയിൽ അടുപ്പിന്റെ ചുവട്ടിലെ നിത്യ സാന്നിധ്യം ആയിരുന്നു. തെങ്ങിന്റെ കൊഴിഞ്ഞു വീഴുന്ന മച്ചിങ്ങ ( തേങ്ങയുടെ ആദ്യരൂപം) കുട്ടികള്‍ക്ക് കളിക്കാനുള്ളതായിരുന്നു.
തെങ്ങോലയാകട്ടെ എപ്പോഴും മറയായിരുന്നു.....മറപ്പുരയുണ്ടാക്കാന്‍(ശുചിമുറി), കൂരയുണ്ടാക്കാന്‍
എല്ലാം ഭംഗിയായി മെടഞ്ഞെടുത്ത തെങ്ങോലകളാണ് ഉപയോഗിച്ചിരുന്നത്.
തീരപ്രദേശങ്ങളില്‍ അതിരുകള്‍ തരിച്ചിരുന്നത് തെങ്ങോല മെടഞ്ഞുണ്ടാക്കിയായിരുന്നു. തെങ്ങോല മെടയല്‍ പഠിക്കേണ്ടത് പണ്ട് സാധാരണക്കാരായ സ്ത്രീകളുടെ ആവശ്യയോഗ്യതകളില്‍ ഒന്നായിരുന്നു. ഇന്നു പലയിടത്തും തെങ്ങോല മെടയുന്നത് മത്സര ഇനമാണ്. ഓശാന ഞായറാഴ്ച ക്രിസ്ത്യന്‍ വിശ്വാസികള്‍ കൈയിലേന്തുന്നതും , ആഘോഷങ്ങളില്‍ അലങ്കാരത്തിന് ഉപയോഗിക്കുന്നതും കുരുത്തോലയാണ്. തെങ്ങോല ഇവിടെ പവിത്രമാകുന്നു.
COCOS NUCIFERA എന്നാണ് ഇതിന്റെ ശാസ്ത്ര നാമം.