പ്ളാവും ചക്കയും മലയാളിയുടെ ജീവിതത്തിന്റ ഭാഗമാണ്. ചക്കയെ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായും പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടെ പ്ളാവിന്റെ ഗമ ഒന്നുകൂടി ഉയർന്നുവെന്നതിൽ സംശയമില്ല. വരിയ്ക്ക, കൂഴ എന്നിങ്ങനെ പൊതുവെ രണ്ടിനങ്ങളാണ് പ്ളാവിനുള്ളത്. പ്ളാവിൽ ഉണ്ടാകുന്ന ചക്കയെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്. വരിയ്ക്ക ചക്ക പഴുക്കുമ്പോൾ പൂർണമായും മൃദുവാകുന്നില്ല. അതേസമയം, കൂഴ പ്ളാവിന്റെ ചക്ക പഴുത്താൽ പായസ പരുവമാകും. ‘കൂഴപ്പഴം പോലെ’ എന്നൊരു ചെല്ലു തന്നെയുണ്ട്. വരിക്ക പ്ളാവിനും ചക്കയ്ക്കും ആണ് കൂടുതൽ ആരാധകരുള്ളത്.
ഇത്രയും സമ്പുഷ്ടമായ ഒരു ഫലം അപൂർവമാണെന്നാണ് വിദഗ്ധർ പറയുന്നത്. മലയാളി പ്ളാവിന്റെയും ചക്കയുടെയും മഹത്വം അറിഞ്ഞു തുടങ്ങിയെന്നു പറയാം. നവീന സംസ്ക്കരണവും വിപണനവും പ്ളാവിനെയും ചക്കയെയും ഇനിയും ഉയരത്തിലേക്ക് നയിക്കുമെന്നുറപ്പാണ്.
ചക്കയുടെ കാര്യം അവിടെ നിൽക്കട്ടെ. പ്ളാവിന്റെ ഇലയുടെ കാര്യം പറയാം.
പരമ്പരാഗതമായി ഇത് ആയുർവേദ മരുന്നായി ഉപയോഗിക്കുന്നു. ജരാനരകൾ തടഞ്ഞു യൗവ്വനം നിലനിർത്താൻ പ്ളാവിലകൊണ്ടുള്ള ഔഷധങ്ങൾക്കു കഴിയുമെന്നു അവകാശവാദമുണ്ട്. ത്വക് ക്യാൻസറിനെ പ്രതിരോധിക്കാനും ഇതിന്റെ ഇലകൾക്ക് കഴിവുണ്ടത്രേ. പ്രമേഹ രോഗികൾക്കു പ്ളാവില ഇട്ടു തിളപ്പിച്ച വെള്ളം ഔഷധമായി ആയുർവേദ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
നാട്ടുമ്പുറങ്ങളിൽ വീട്ടുമുറ്റത്തിനടുത്ത് ഒരു പ്ളാവു ഉണ്ടാവുമെന്നുറപ്പാണ്. മുറ്റത്തേക്കു വീഴുന്ന പ്ളാവില പെറുക്കി തൊപ്പിയുണ്ടാക്കി കള്ളനും പൊലീസും കളിച്ച കുട്ടിക്കാലം ഇന്നത്തെ അമ്പതുകാരന്റെയും അറുപതുകാരന്റെയും ഓർമകളിൽ പച്ചപിടിച്ചു നിൽപുണ്ടാവും. അതുപോലെ മുത്തശ്ശനും മുത്തശ്ശിക്കും പ്ളാവിലയിട്ട് വെള്ളം തിളപ്പിക്കുന്നതും മുറ്റത്തെ പ്ളാവിലകൾ തൂത്തുവാരിക്കളയാൻ മാതാപിതാക്കൾ മക്കളോട് പറയുന്നതുമൊക്കെ പഴയകാല ഓർമകൾ.
പ്ളാവിലയുടെ ഇഷ്ടക്കാരൻ ആടാണ്. പ്ളാവില ആടിന്റെ ബലഹീനതയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയിലും പ്ളാവിലയ്ക്ക് സ്ഥാനമുണ്ടായി.
പഴുത്ത പ്ളാവില ഈർക്കിലി കൊണ്ട് കുത്തി കുമ്പിൾപോലാക്കിയാൽ കഞ്ഞി കോരി കുടിക്കാൻ ഉത്തമം എന്നു നമ്മുടെ പൂർവികർ കണ്ടെത്തിയിരുന്നു. ഇപ്പോൾ, പലയിടത്തും പ്രകൃതിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി കഞ്ഞിയും പ്ളാവില കുമ്പിളും ഒക്കെ സ്വീകാര്യമായി തുടങ്ങി.
ഒരു കാര്യം ഉറപ്പ്. മലയാളി ഉള്ളിടത്തോളം പ്ളാവും ചക്കയും പ്ളാവിലയും ഉണ്ടാവും.
പ്ളാവ് അഥവാ ജാക് ഫ്രൂട്ട് ട്രീ കേരളത്തിൽ സമൃദ്ധമായി വളരുന്നതുപോലെ ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലും വളരുന്നു.