അങ്ങു ശീമയിൽ നിന്നാണ് വരവ്...എന്നാലോ നാട്ടിലൊക്കെ സുപരിചിതൻ. ആർക്കും ഒരു വിലയുമില്ല, മതിപ്പുമില്ല, മൂപ്പർക്കാണെങ്കിലോ വലിയഭാവവും ഇല്ല..ഇതാരാണെന്നു അറിയാമോ? ശീമക്കൊന്ന...നാട്ടുമ്പുറത്തെ വേലിക്കരികെ പടർന്നു പന്തലിച്ചു നിൽക്കുന്ന ശീമക്കൊന്ന മികച്ച ജൈവ വളത്തിന്റെ പര്യായമാണ്
പത്തു മുതൽ 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ശീമക്കൊന്ന പാടങ്ങൾക്കരികിലും കൃഷിയിടങ്ങളിലെ അതിരുകളിലും ധാരാളമായി വച്ചുപിടിപ്പിക്കാറുണ്ട്. എന്നാൽ ശീമക്കൊന്ന ഒരു മീറ്ററിൽ കൂടുതൽ വളരാൻ അനുവദിക്കാതെ, വെട്ടി നിർത്തുകയാണ് ചെയ്യേണ്ടത്. വെട്ടി നിർത്തിയാൽ പെട്ടെന്നു മുളപൊട്ടാനും വളരാനും ഇതിനു കഴിവുണ്ട്. പെട്ടെന്നു വളരുകയും നിറയഇലകൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ ഇതു പുതയിടാനും ചാണകം ചേർത്ത് മികച്ച ജൈവ വളമായി ഉപയോഗിക്കാനും കഴിയുന്നു. ഒരു മരത്തിൽ നിന്ന് ഒരു തവണ 15 കിലോഗ്രാം വരെ പച്ചിലകൾ ലഭിക്കും. മൂത്ത തണ്ടുകൾ മുറിച്ചു നട്ട് രണ്ട്, മൂന്നു വർഷത്തിനുള്ളിൽ ശീമക്കൊന്ന മരം പൂർണ വളർച്ചയെത്തും. ഒരു വളപ്രയോഗവും വേണ്ട എന്നതാണിതിന്റെ സവിശേഷത.
നെൽവയലുകൾ, തെങ്ങിൻ തോപ്പുകൾ എന്നിവക്കു ചുറ്റും ശീമക്കൊന്നു വച്ചു പിടിപ്പിക്കുന്നത് പണ്ട് പതിവായിരുന്നു. നൈട്രജൻ അടങ്ങിയ മികച്ച ജൈവ വളമായി ഇതിനെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നർഥം. ശീമക്കൊന്നയുടെ ഇലകൾ അരച്ച് തളിച്ചാൽ, ചെറിയ കീടങ്ങൾ ഒന്നും അടുക്കില്ല.ജൈവ കീടനാശിനിയായും ഇതിനെ ഉപയോഗിക്കാം.പച്ചക്കറി തൈകൾ നടുമ്പോൾ പുതയിടാൻ ഏറ്റവും നല്ലത് ശീമക്കൊന്ന ഇലയാണ്. കാരണം, ഇത് പെട്ടെന്നു മണ്ണിൽ അലിയും. വേനൽക്കാലത്ത് കന്നുകാലികൾക്ക് തീറ്റയായും അത്യവശ്യം ഇതിനെ പ്രയോജനപ്പെടുത്താം. ഇതിന്റെ ഗന്ധം ചില കാലികൾക്ക് പിടിക്കില്ല. എന്നാലും വൈക്കോൽ മാത്രം നൽകുന്ന പശുക്കളൊക്കെ ഇതു തിന്നാൻ മടികാണിക്കില്ല.
മധ്യഅമേരിക്ക ആണ് ശീമക്കൊന്നയുടെ ജന്മസ്ഥലം. ഫബാസിയ(FABACEAE) എന്ന സസ്യകുടംബത്തിൽ നിന്നാണ് വരവ്. ശീമക്കൊന്ന എന്നു പറയുമ്പോൾ തന്നെ ആ വിദേശ സ്വാധീനം വ്യക്തമല്ലേ?