മാവില...മൂല്യമേറെ...

mango-story
SHARE

പച്ച മാങ്ങ..പച്ച മാങ്ങ..,

മാമ്പഴമാ...മാമ്പഴമാ..., 

മാമ്പഴക്കൂട്ടത്തിൽ മൾഗോവയാണ് നീ.. 

മാങ്ങയെക്കുറിച്ചും മാമ്പഴത്തെക്കുറിച്ചും ഒട്ടേറെ പാട്ടുകളും വിശേഷണങ്ങളും ഉണ്ട്. എന്നാൽ മാവിലയെക്കുറിച്ചോ? വിരിഞ്ഞു, വളർന്നു, കൊഴിഞ്ഞു പോകുന്ന ഇല...മുറ്റത്തിനരികിൽ നിൽക്കുന്ന മാവിൽ നിന്നു മുറ്റം നിറയെ വീണു കിടക്കുന്ന ഇലകൾ...മുറ്റം തൂത്തു വാരി മടുക്കുമ്പോൾ മനസു മടുത്തു പലരും മാവിനെ അറിയാതെ ശപിച്ചിട്ടുണ്ടാകും.. ഇല്ലേ? 

എന്നാൽ അറിയുക..ഈ ഇല ചില്ലറക്കാരനല്ല. മുത്തച്ഛൻമാർ രാവിലെ പല്ല് തേക്കാൻ ഉപയോഗിച്ചിരുന്നത് പഴുത്ത മാവിലയായിരുന്നു. മുറ്റത്തു വീണ് കിടക്കുന്ന നല്ല മുഴുത്ത മാവില ചുരുട്ടി പല്ല് തേച്ച്, ഈർക്കിലിയെടുത്ത് പല്ലിന്റെ ഇടയിലെ നാരെല്ലാം കുത്തി കളഞ്ഞ്, വായ കഴുകി വൃത്തിയാക്കുന്ന കാരണവൻമാർ...അവർക്കു പല്ല് വേദനയുണ്ടാകാറില്ലായിരുന്നു, പല്ലിന് കേടും. ഇന്നത് , ചിലരുടെ ഓർമചിത്രങ്ങളാകും. ചരിത്രത്തിലെ ഏടുകളിൽ പതിഞ്ഞു കിടക്കുന്ന രേഖകളാകും.അല്ലെങ്കിൽ കഥകളിലെ കഥാപാത്രങ്ങളാവും. 

അതൊക്കെ പോകട്ടെ..മാവിലയാണിവിടെ താരം.. 

മാവിനെക്കുറിച്ച് പറയുമ്പോൾ ചരിത്രകാരൻമാർ പല തട്ടിലാണ്.മ്യാൻമർ( പഴയ ബർമ) ആണ് മാവിന്റെ ജന്മദേശമെന്നും അല്ല ഇന്ത്യയാണെന്നും അഭിപ്രയങ്ങളുണ്ട്. ഇന്ത്യയിൽ സുപരിചിതമായ മാമ്പഴവും മാങ്ങയും ഇന്നു ലോകത്തിന് സുപരിചിതമാണ്. മാത്രമല്ല, വൻതോതിൽ ഇന്ത്യ കയറ്റുമതി ചെയ്യുന്ന പഴ വർഗമാണ് മാങ്ങ. കൃഷിയും വ്യാപകമാണ്. 

മാവിന്റെ ഇല ഒട്ടേറെ ഔഷധ മൂല്യം ഉള്ളതാണെന്നു ആയുർവേദം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാവിന്റെ ഇല തിട്ടു തിളപ്പിച്ച്, ആറിയ വെള്ളത്തിൽ ഒന്നു കുളിച്ചാൽ ക്ഷീണവും ആലസ്യവും പമ്പ കടക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. വിറ്റാമിൻ എ, ബി, സി, എന്നിവയടങ്ങിയ മാവില രക്ത സമ്മർദം നിയന്ത്രിക്കാനും കിഡ്നി സ്റ്റോൺ വരാതിരിക്കാനും സഹായിക്കുമെന്നു പുരാതന ഗ്രന്ഥങ്ങളിലുണ്ട്. 

ചെവി വേദന മാറാനും കഫക്കെട്ട് മാറാനും മാവിന്റെ ഇല പൊടിച്ചു ചേർത്ത ഔഷധങ്ങൾ ഉത്തമമാണത്രെ.മാവില ഇട്ടു തിളപ്പിച്ച വെള്ളം അലപ്ം തേൻ ചേർത്തു കഴിച്ചാൽ ജലദോഷംകൊണ്ടുള്ള ചുമയ്ക്കു ശമനം ഉണ്ടാകുമെന്നു പഴമാക്കാർ പറയുന്നത് അനുഭവത്തിൽ നിന്നാവാം. 

പെട്ടെന്നു മണ്ണിൽ ലയിച്ചു ചേരുന്ന ഇലയായതിനാൽ തോട്ടങ്ങളിൽ പുതയിടാനും ജൈവ വളമായും ഉപയോഗിക്കാം.MANGIFERA INDICA എന്നാണ് മാവിന്റെ ശാസ്ത്ര നാമം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ILAKAL PACHA
SHOW MORE
FROM ONMANORAMA