മഴക്കാലത്തു നാട്ടുമ്പുറങ്ങളിൽ നോക്കി നിൽക്കേ വളരുകയും പടർന്നു പന്തലിക്കുകയും ശല്യമാണെന്നു തോന്നിക്കുകയും ചെയ്യുന്ന ഒരു ചെടിയാണ് തഴുതാമ. അറിയാവുന്നവർ ഇതിനെ ഒരിക്കലും തള്ളിപറയില്ലെന്നു മാത്രമല്ല, വേരോടെ പിഴുതെറിയാനും ശ്രമിക്കില്ല. ഇനി ശ്രമിച്ചാൽതന്നെ വീണ്ടും കിളിർത്തു വരണം എന്ന മനോഭാവത്തോടെയാവും എവിടെയെങ്കിലും ഇടുക. നമ്മുടെ നാട്ടിൽ അർഹിക്കുന്ന അംഗീകാരം കിട്ടാത്ത സസ്യങ്ങളിൽ ഒന്നാണ് തഴുതാമ. ചൈന, അമേരിക്ക, ആഫ്രിക്ക, ജപ്പാൻ, നേപ്പാൾ, മലേഷ്യ, മെക്സിക്കോ, ബ്രസീൽ, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ തഴുതാമയുടെ മഹിമയും ഔഷധ ഗുണവും അംഗീകരിച്ചതാണ്.
കേരളത്തിൽ വെള്ള തഴുതാമയും ചുവന്ന തഴുതാമയും ആണ് പൊതുവെ കാണപ്പെടുന്നത്. വെള്ള തഴുതാമയുടെ തണ്ടും പൂവും വെള്ളയായിരിക്കും. ചുവന്ന തഴുതാമയുടെ തണ്ടും പൂവും ചുവന്നിരിക്കും. ബോയർ ഹാവിയ ഡിഫ്യൂസ് ലിൻ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. മലയാളികളുടെ തഴുതാമ തമിഴർക്ക് ‘തമിഴാമൈയും‘ ‘ചട്ടറാണിയും’ ആണെങ്കിൽ ബംഗാളുകർക്ക് ‘പുനർന്നവ’ ആണ്.
കേരളത്തിൽ മഴക്കാലത്താണ് തഴുതാമ തഴച്ചു വളരുന്നത്. നവംബർ മാസത്തോടെ പൂവിട്ട് ജനുവരി ഫെബ്രുവരി മാസത്തോടെ ചെടി ജീർണിച്ച് മണ്ണിലേക്ക് ലയിച്ചു ചേരും. അടുത്ത മഴക്കാലത്ത് മുളപൊട്ടി വളരുകയും ചെയ്യും.
ഇലക്കറിക്ക് തഴുതാമ പേരു കേട്ടതാണ്. തഴുതാമകൊണ്ട് ഉപ്പേരിയും തോരനും വയ്ക്കുമ്പോൾ അതു ആരോഗ്യദായകം മാത്രമല്ല ഔഷധം കൂടിയാണ്. പണ്ട്, കർക്കിടകം പഞ്ഞ മാസമെന്നാണ് അറിയപ്പെട്ടിരുന്നത്. അന്നു കറിവെക്കാൻ സാധനങ്ങളില്ലാതെ വിഷമിക്കുന്ന വീട്ടമ്മമാർക്ക് തൊടിയിലെ തഴുതാമ വരദായനിയായിരുന്നു. ഇന്നു അത് റിസോർട്ടുകളിലെയും ആയുർവേദ ചികിത്സായലയങ്ങളിലെയും അടുക്കളയിലേക്ക് ഒതുങ്ങി.
ആയുർവേദം തഴുതാമയെ പണ്ടുമുതൽ പ്രയോജനപ്പെടുത്തി. കാൻസർ, മൂത്രത്തിലെ കല്ല്, വാതം, നേത്രരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധങ്ങളിൽ തഴുതാമയ്ക്ക് സ്ഥാനമുണ്ട്. ഇപ്പോൾ അലോപ്പതി മരുന്നുകൾക്കും തഴുതാമയുടെ ഔഷധ സിദ്ധി പ്രയോജനപ്പെടുത്തുന്നുണ്ട്.