പൊന്നും വിലയുള്ള മൊഴികള്‍

importance-of-statement-in-inquiry
SHARE

സ്വർണം അത്ഭുത ലോഹമാണ്. പറയുമ്പോൾ ഇരുമ്പിന്റെ കരുത്തില്ല, ഉപയോഗവുമില്ല. എന്നാലും എന്തുവിലയാണ്! മനുഷ്യ ചരിത്രത്തിൽ മധ്യകാലഘട്ടം മുതലാണ് ആഭരണ നിർമാണത്തിൽ വെള്ളിക്കും ഓടിനും പിച്ചളയ്ക്കും മുകളിൽ സ്വർണം സ്ഥാനം പിടിച്ചത്. 

അന്നു മുതൽ തുടങ്ങി, സ്വർണക്കവർച്ച. ശവക്കുഴി തോണ്ടിയായിരുന്നു ആദ്യകാല സ്വർണക്കവർച്ച. മധ്യകാല വിശ്വാസം അനുസരിച്ചു മരിച്ചവരുടെ ശരീരത്തിൽ നിന്ന് അവരുടെ ആഭരണങ്ങൾ ബന്ധുക്കൾ ഊരിയെടുക്കില്ലായിരുന്നു. അതു മരിച്ചവരുടെ ആത്മാക്കളെ പ്രകോപിപ്പിക്കുമെന്നായിരുന്നു വിശ്വാസം. ആഭരണ മോഷണം തടയാൻ ധനികരുടെ കുഴിമാടങ്ങളിൽ കാവലേർപ്പെടുത്തിയിരുന്നു. 

കേരളത്തിൽ സ്വർണത്തിന് ആചാരപരമായ പ്രാധാന്യം ഇപ്പോഴുമുണ്ട്. ഓരോ വ്യക്തിക്കും കുടുബത്തിനും വിശ്വാസമുള്ള ആഭരണ നിർമാതാക്കളും വ്യാപാരികളുമുണ്ടായിരുന്നു. നിർമാണത്തിൽ കളവു ചെയ്യില്ലെന്ന വിശ്വസം. വർണക്കല്ലുകൾ പിടിപ്പിച്ച ആഭരണങ്ങളുടെ തൂക്കം പറയുന്നതിലാണു പലപ്പോഴും വിശ്വാസം തകർന്നത്. മലയാളത്തിൽ കല്ലുവച്ച നുണയെന്ന പ്രയോഗം പോലുമുണ്ടായി.

1999 കാലത്താണു കേരളത്തിലെ സ്വർണവ്യാപാരരംഗത്ത് ആദ്യമായി സമരമുണ്ടായത്. ആലപ്പുഴയിലെ ആഭരണ നിർമാണത്തൊഴിലാളി യൂണിയനാണു വ്യാപാരികളോടു സമരം പ്രഖ്യപിച്ചത്. അതുവരെ തൊഴിലാളികൾ കൈകൊണ്ടു കലാപരമായി നിർമിക്കുന്ന ആഭരണങ്ങളാണു ജ്വല്ലറികളിൽ വിറ്റിരുന്നത്. മുബൈയിലെ ഫാക്ടറികളിൽ നിർമിക്കുന്ന ഡിസൈനർ സ്വർണാഭരണങ്ങളുടെ വരവോടെ

കൈകൊണ്ടു നിർമിച്ച ആഭരണങ്ങൾക്കു പ്രിയം കുറഞ്ഞു. ഇതോടെ കടക്കാർ സ്ഥിരം തൊഴിലാളികളെ ഉപേക്ഷിച്ചു. നൂറുകണക്കിനു പേർക്കു തൊഴി‍ൽ നഷ്ടപ്പെട്ടു. 

തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ധർണയും സമരങ്ങളും ശക്തമായി. അതിനിടയിലാണു 5 കിലോഗ്രാം യന്ത്രനിർമിത സ്വർണാഭരണങ്ങളുമായി ആലപ്പുഴ നഗരത്തിലെത്തിയ മുംബൈയിലെ ഏജന്റിനെ പട്ടാപ്പകൽ മുഖത്ത് മുളകുപൊടി വിതറി ആരോ കൊള്ളയടിച്ചത്. അയാളുടെ പക്കലുണ്ടായിരുന്ന 5 ലക്ഷം രൂപയും കവർന്നു. 

സംശയം സ്വർണത്തൊഴിലാളി യൂണിയൻ നേതാക്കളിലേക്കു തിരിഞ്ഞു. സ്വാഭാവികമായി മുബൈയിലെ ആഭരണ ഏജന്റുമാരാണല്ലോ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാനുള്ള കാരണം. അവരെ ഭയപ്പെടുത്തി കേരളത്തിലേക്കുള്ള വരവു തടയാൻ കഴിഞ്ഞാൽ തൊഴിലാളികൾക്കു വീണ്ടും ജോലിയാകും. പക്ഷേ, സമരം തുടങ്ങിയ ശേഷം അതീവ രഹസ്യമായി ആഭരണങ്ങൾ കൊണ്ടുവരുന്ന ഏജന്റ് സംഭവ ദിവസം രാവിലെ നഗരത്തിൽ എത്തിയ വിവരം എങ്ങനെയാണു ചോർന്നത്? അതറിയാവുന്ന 3 പേരുണ്ട്. ജ്വല്ലറി ഉടമ, അയാളുടെ വിശ്വസ്തനായ സെയിൽസ്മാൻ, പിന്നെ മുംബൈക്കാരനായ ഏജന്റ്.

പൊലീസ് 3 പേരുടെയും മൊഴി വിശദമായി രേഖപ്പെടുത്തി. സംഭവ സ്ഥലത്തെ ദൃക്സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തി.

സംഭവം നടക്കുമ്പോൾ ആഭരണ സഞ്ചിയും പണപ്പൊതിയുമായി സെയിൽസ്മാന്റെ സ്കൂട്ടറിന്റെ പിന്നിലാണ് ഏജന്റ് സഞ്ചരിച്ചിരുന്നത്.

പൊടുന്നനെ എതിരെവന്ന ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ 2 പേർ ഇവരുടെ മുഖത്തേക്കു മുളകുപൊടി എറിഞ്ഞു. പതർച്ച മാറും മുൻപേ രണ്ടുപേരെയും മർദിച്ച് അവശരാക്കി കൊള്ളമുതലുമായി കടന്നു. പരാതിക്കാരുടെ മൊഴികളും ദൃക്സാക്ഷികൾ പറഞ്ഞകാര്യങ്ങളും പൊരുത്തപ്പെടുന്നുണ്ട്. നാട്ടിലെ അറിയപ്പെടുന്ന കള്ളന്മാരെ മുഴുവൻ കസ്റ്റഡിയിലെടുത്തു. ഒരാഴ്ച പിന്നിട്ടു. ജ്വല്ലറി മുതലാളിയുടെ വിശ്വസ്തനായ സെയിൽസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും ഞെട്ടി.

കട്ടവനെ പിടികിട്ടാതെ പൊലീസ് കണ്ടവനെ പിടിക്കുന്നുവെന്ന ആരോപണം ഉയർന്നു. പിറ്റേന്ന് ഇയാളുടെ 2 കൂട്ടാളികളെയും അറസ്റ്റ് ചെയ്തു.

ജാമ്യഹർജി പരിഗണിച്ച കോടതി പൊലീസിന്റെ കേസ് ഡയറി പരിശോധിച്ച ശേഷം ഹർജി തള്ളി. എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഒരേ ഒരുകാര്യം– കവർച്ചാക്കേസ് എങ്ങനെ തെളിഞ്ഞു.

അന്വേഷണ സംഘത്തിനു ലഭിച്ച 2 മൊഴികളാണു നിർണായകമായത്. ദൃക്സാക്ഷിയും സ്വർണാഭരണ ഏജന്റും നൽകിയ മൊഴികൾ.

ദൃക്സാക്ഷി പറഞ്ഞു: ‘‘ നേരെ എതിരെ വണ്ടിയോടിച്ചുവന്ന് ഒരു സംശയവും പ്രകടിപ്പിക്കാതെ ഇരുവരുടെയും മുഖത്തേക്കു മുളകുപൊടി എറിയുകയായിരുന്നു.’’

ഏജന്റ് പറഞ്ഞു: ‘‘ ആഭരണങ്ങളും പണവുമായി പോകുകയായിരുന്ന ഞങ്ങളുടെ വണ്ടി സ്പീ‍ഡ് കുറച്ചാണ് ഓടിച്ചിരുന്നത്.’’

മൊഴികൾ പരിശോധിച്ചപ്പോൾ പൊലീസിനു വ്യക്തമായ കാര്യം:

∙ കവർച്ച നടന്ന സമയം റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. വീതിയുള്ള റോഡിൽ അത്ര സ്പീഡ് കുറച്ചു സ്കൂട്ടർ ഓടിക്കേണ്ട ആവശ്യമില്ല. മുൻകൂട്ടി പദ്ധതിയിട്ട മുളകുപൊടി ആക്രമണം പ്രതീക്ഷിച്ചിരുന്നതിനാലാകാം സെയിൽസ്മാൻ വണ്ടി സ്പീഡ് കുറച്ച് ഓടിച്ചത്.

∙ സാധാരണ നിലയിൽ ഇത്തരം വഴിയോരക്കവർച്ചകൾ നടത്തുക വാഹനങ്ങളെ പിൻതുടർന്നു നിരീക്ഷിച്ച ശേഷമാണ്. ഇവിടെ നേരെ എതിർദിശയിൽ വന്ന് ആക്രമിക്കാൻ കഴിഞ്ഞത് എപ്പോൾ, എവിടെ കവർച്ച നടത്തണമെന്ന കൃത്യമായ പദ്ധതിയുള്ളതിനാലാണ്. അതു വിജയിക്കണമെങ്കിൽ 2 വാഹനങ്ങളും ഓടിക്കുന്നവരുടെ പരസ്പര ധാരണ വേണം.

ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സെയിൽസ്മാനെ വിശദമായി ചോദ്യം ചെയ്തതോടെ അയാൾ കുറ്റം സമ്മതിച്ചു. കവർച്ച നടത്തിയ സുഹൃത്തുക്കളുടെ വിലാസവും പറഞ്ഞു. സമീപത്തെ തടിമില്ലിലെ അറക്കപ്പൊടിയുടെ അടിയിൽ നിന്നു സ്വർണ ഉരുപ്പടികളും പണവും പൊലീസ് കണ്ടെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ