കുറ്റാന്വേഷണത്തിലെ ഏറ്റവും മൂർച്ചയുള്ള ആയുധമാണു മനുഷ്യരുടെ ഓർമ. ഒരു വ്യക്തി, സംഭവം, വസ്തു, 2 പേരുടെ സംഭാഷണം... ഇങ്ങനെ എന്തും കുറ്റാന്വേഷകനെ പടിപടിയായി കുറ്റവാളിയിലേക്കു നയിക്കാം. ഒരു വ്യക്തിയെപ്പറ്റിയുള്ള നമ്മുടെ ഓർമകളെ അപഗ്രഥിച്ചാൽ അയാളുടെ രൂപത്തിനൊപ്പം മനസ്സിൽ ആദ്യം തെളിയുന്നത് അയാൾ ധരിക്കുന്ന എന്തെങ്കിലും ഒന്നാകും; പ്രത്യേകിച്ചു വസ്ത്രങ്ങൾ.
ഒരാൾ അയാൾക്ക് ഏറ്റവും ഇണങ്ങുന്ന വസ്ത്രങ്ങളിലാകും കൂടുതൽ ഓർമിക്കപ്പെടുക. ഒട്ടും ഇണങ്ങാത്ത മോശം വേഷങ്ങളിലും ഓർമിക്കപ്പെട്ടേക്കാം. ചിലപ്പോൾ കണ്ണടയോ പ്രത്യകതരം ആഭരണമോ നെറ്റിയിലെ പൊട്ടോ ഒരാളെക്കുറിച്ചുള്ള ഓർമകളിൽ തിളങ്ങി നിൽക്കും
കുറ്റകൃത്യത്തിൽ ഒരാൾ പ്രതിയോ ഇരയോ ആകുമ്പോളാണ് ഇത്തരം പ്രത്യേകതകൾ അന്വേഷണ ഉദ്യോഗസ്ഥനെ അയാളിലേക്കു നയിക്കുന്നത്. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലയാളി ധരിച്ചിരുന്ന മഞ്ഞ ഷർട്ട് ഒന്നിലധികം സാക്ഷികൾ ഓർത്തു പറഞ്ഞ പ്രധാനപ്പെട്ട അടയാളമായിരുന്നു. പ്രതി ധരിച്ചിരുന്ന കറുത്ത റബർ ചെരിപ്പ് ഓർത്തെടുത്തത് അയാൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയാണ്.
മറ്റൊരു കേസിൽ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ വർഷങ്ങൾക്കു മുൻപു കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ മണ്ണിനടിയിൽ കണ്ടെത്തുമ്പോൾ കുറെ അസ്ഥികളും ടീഷർട്ടിന്റെ കഷണവുമാണു തെളിവായി കോടതിയിലെത്തിയത്. സാക്ഷി വിസ്താരത്തിനിടെ ആ ടീഷർട്ടിന്റെ കഷണം പ്രോസിക്യൂട്ടർ കാണിച്ചപ്പോൾ യുവാവിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു.
ആ ചെറിയ തുണിക്കഷണം കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപു നഷ്ടപ്പെട്ട ഭർത്താവിന്റെ ഒരുപാടു നല്ല ഓർമകളാണു ഭാര്യയുടെ മനസ്സിലേക്ക് അണപൊട്ടി ഒഴുകിയെത്തിയത്. നൂറായിരം വാക്കുകളേക്കാൾ ശക്തമായ സാക്ഷിമൊഴിയായിരുന്നു ആ പൊട്ടിക്കരച്ചിൽ. വെട്ടേറ്റു കൊല്ലപ്പെട്ടയാളുടെ വസ്ത്രത്തിലെ രക്തം പുരണ്ട നൂലുകൾ ആയുധത്തിൽ പറ്റിയിരിക്കുന്നതു വലിയ തെളിവാണ്.
ഇതെല്ലാം അന്വേഷിച്ചു കണ്ടെത്തിയ കേസുകളുടെ കാര്യങ്ങൾ. തെളിയാത്ത കേസുകളിലെ വസ്ത്രങ്ങളുടെ പങ്ക് ഇതിനേക്കാൾ വലുതാണ്. യുസി കോളജിനു സമീപം ആലുവാപ്പുഴക്കടവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട അജ്ഞാത യുവതിയാരെന്നു കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം 5 തുണികളെ ചുറ്റിപറ്റിയാണു മുന്നേറുന്നത്.
യുവതിയുടെ മൃതദേഹം പൊതിഞ്ഞു കെട്ടിയിരുന്ന പുതിയ വലിയ പുതപ്പ്, യുവതി ധരിച്ചിരുന്ന കരിനീല ടോപ്പ്, ഇളംപച്ച ത്രീ ഫോർത്ത് ബോട്ടം, ഇളം റോസ് നിറത്തിലുള്ള അടിവസ്ത്രം, കൊലപ്പെടുത്താൻ വായിൽ തിരുകിവച്ച പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാർ ബോട്ടം. കരിനീല ടോപ്പും ഇളംപച്ച ത്രീ ഫോർത്തും ധരിച്ച് ഈ യുവതിയെ കണ്ടിട്ടുള്ളവർ ചിത്രങ്ങൾ കണ്ടാൽ അവരെ ഓർത്തേക്കും. ഇതു വീടിനുളളിൽ ധരിക്കുന്ന വസ്ത്രങ്ങളായതു തിരിച്ചടിയാണ്.
ഓൺലൈൻ വഴിയും വിൽപനയുള്ള ഇടത്തരം വിലയുള്ള വസ്ത്രങ്ങളാണ് ആലുവപ്പുഴയിൽ കണ്ടെത്തിയ യുവതി ധരിച്ചിരുന്നത്. ഇവരുടെ മുടിയുടെ സ്വഭാവം അതിൽ തേച്ച നിറം, നഖങ്ങൾ വളർത്തി ചായം തേച്ച രീതി, ശാരീരിക പ്രത്യേകതകൾ എന്നിവയിൽ നിന്നു വടക്കു കിഴക്കൻ സംസ്ഥാനക്കാരിയാകാം കൊല്ലപ്പെട്ടതെന്നാണു പ്രാഥമിക നിഗമനം.
നഗരത്തിലെ ചൈനീസ് റസ്റ്ററന്റുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിലാണു വടക്കു കിഴക്കൻ സംസ്ഥാനക്കാർ കൂടുതലായുള്ളത്. കൂടിയ ശമ്പളത്തിൽ വീട്ടു ജോലിക്കു നിൽക്കാനും വടക്കു കിഴക്കൻ സംസ്ഥാനക്കാർ ഇപ്പോൾ തയാറാകുന്നുണ്ട്.
മൃതദേഹം പൊതിഞ്ഞു കെട്ടിയതു പുതിയ പുതപ്പിലായിരുന്നതിനാൽ അതിലുണ്ടായിരുന്ന ടാഗിലെ ബാർ കോഡിൽ നിന്ന് അതു വിറ്റ തുണിക്കട കണ്ടെത്താൻ പൊലീസിനു കഴിഞ്ഞു. പക്ഷേ, വസ്ത്രങ്ങളിൽ നിന്നു യുവതിയെ തിരിച്ചറിയാൻ സഹായകരമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.
റെഡിമെയ്ഡ് വസ്ത്രങ്ങൾ വ്യാപകമാകുന്നതിനു മുൻപു കേസിന്റെ ഭാഗമായി കണ്ടെത്തുന്ന വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിച്ച തയ്യൽക്കടയുടെ പേരുകൾ കേസ് തെളിയിക്കാൻ പൊലീസിനെ ഒരുപാടു സഹായിച്ചിട്ടുണ്ട്. ബ്രാൻഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വരവോടെ ഈ സാധ്യത ഇല്ലാതായി.
വസ്ത്രങ്ങളിൽ നിന്ന് ഒരാളെക്കുറിച്ച് ഒരുപാടു മനസ്സിലാക്കാം. സാമ്പത്തിക നിലവാരം, സംസ്കാരം, ദേശം, ഭാഷ, വലുപ്പം... ഇങ്ങനെ പലതും. കൊലപാതകത്തിനു ശേഷം ഇരയെ വിവസ്ത്രമാക്കി മറവു ചെയ്യുന്നതു പ്രഫഷനൽ ക്രിമിനലുകളുടെ രീതിയാണ്. നഗ്നത ഒരാളുടെ ‘ഐഡന്റിറ്റി’ കുറച്ചുകാലത്തേക്കു മറച്ചുപിടിക്കും. ആ കുറച്ചുകാലം മതി കുറ്റവാളിക്കു തെളിവുകൾ നശിപ്പിച്ചു കടന്നു കളയാൻ.
കൊലപ്പെടുത്തിയ യുവതിയെ ആലുവാപ്പുഴയിൽ പൊതിഞ്ഞു തള്ളിയതു മധ്യവയസ്കരായ സ്ത്രീയും പുരുഷനുമാണെന്നാണു പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. ഇവർ ആരാകാം?
പെൺവാണിഭക്കാരോ? അതോ തൊഴിലുടമകളോ? ഇനി യുവതിയുമായി പ്രണയത്തിലായ യുവാവിന്റെ മാതാപിതാക്കൾ?
ഇതര സംസ്ഥാനക്കാരിയായ യുവതിയെ ഇങ്ങനെ കൊന്നു തള്ളാൻ ഇവരെ പ്രേരിപ്പിച്ച ഘടകം എന്താകും? കൊല്ലപ്പെട്ട യുവതി ഇവരെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നോ? ഇതൊന്നുമല്ലാത്ത മറ്റൊരു സാഹചര്യത്തിലാകാം യുവതി കൊല്ലപ്പെട്ടത്.
അത്തരം കേസുകളിലാണു കുറ്റം തെളിയിക്കാൻ പൊലീസ് ഇതുപോലെ കഷ്ടപ്പെടുന്നത്.