ഗു‍ഡ് അല്ലാത്ത 7 മുത്തച്ഛന്മാർ

HIGHLIGHTS
  • അന്നു മുതൽ രഹസ്യ പൊലീസ് ‘ ചീത്ത മുത്തച്ഛന്മാരെ’ പിൻതുടർന്നു
  • വലുപ്പമുള്ള ഡ്രിൽ എങ്ങനെ സേഫ് കസ്റ്റഡി സ്ഥാപനത്തിനുള്ളിൽ എത്തിക്കും?
eight-elderly-men-nicknamed-the-bad-grandpas-robbed-safety-deposit
SHARE

മുത്തച്ഛന്മാർ വഷളായാൽ എന്തു ചെയ്യും? സംശയം വേണ്ട, കുട്ടികളേക്കാൾ ശല്യക്കാരാകും. പ്രായക്കൂടുതലിന്റെ ഔദാര്യത്തിൽ ഒരടിപോലും കൊടുക്കാൻ കഴിയില്ല; ശകാരം പോലും. 3 വർഷം മുൻപ് അതാണവർ മുതലാക്കിയത്.

∙ ടെറി പാർക്കിൻസ് വയസ്– 66

∙ ജോൺ കെന്നി കോളിൻസ്– 75

∙ ഡാനിയേൽ ജോൺസ്– 62

∙ ബ്രായിൻ റീഡർ– 77

∙ കാൾ വൂഡ്– 56

∙ വില്യം ലിങ്കൺ– 60

∙ മൈക്കിൾ ബേസിൽ സീഡ്– 60 

സ്വർണം, രത്നങ്ങൾ, പണം എന്നിവയടങ്ങിയ 70 പെട്ടികൾ ഇവർ മോഷ്ടിച്ചു. എല്ലാത്തിനും കൂടി ഏകദേശം 140 കോടി രൂപ വിലമതിക്കും.

ലോകത്തിലെ മുൻനിര കുറ്റാന്വേഷണ ഏജൻസിയായ സ്കോട്‌ലൻഡ് യാഡിന്റെ ആസ്ഥാനത്തോടു ചേർന്ന ‘സേഫ് കസ്റ്റഡി’ സ്ഥാപനത്തിന്റെ നിലവറയിലാണു കവർന്നത്.

‘‘എല്ലാവർക്കും വയസ്സാകുന്നു, സമപ്രായക്കാരെല്ലാം രോഗികളായി വയോജനകേന്ദ്രങ്ങളിലാണ്, നമുക്കു വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ...?’’

മൈക്കിളാണ് ഈ ആശയം അവതരിപ്പിച്ചത്. ചെറുപ്പത്തിൽ തെമ്മാടിത്തരങ്ങളൊക്കെ കാണിച്ചിട്ടുള്ള എല്ലാവരും തലകുലുക്കി.

രാജ്യം നടുങ്ങുന്ന ഒരു കവർച്ച. ഒരാൾ പോലും മരിക്കാൻ ഇടയാക്കരുത്. ഒരുതുള്ളി ചോര പോലും വീഴ്ത്തരുത്. 100% അഹിംസാ മോഷണം.

അതായിരുന്നു പദ്ധതി. സാധാരണ ക്രിമിനൽ സംഘങ്ങൾ കയറിച്ചെല്ലാൻ മടിക്കുന്ന അതീവ ജാഗ്രത പുലർത്തുന്ന ഏതെങ്കിലും സ്ഥാപനമാണു ലക്ഷ്യം.

ഇംഗ്ലണ്ടിലെ സമ്പന്നർ വിലപിടിപ്പുള്ള മുതലുകൾ സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥാപനം തന്നെ അവർ ലക്ഷ്യമിട്ടു.

ഇവരുടെ സംഘത്തെ ‘ബാഡ് ഗ്രാൻഡ്പാസ്’ എന്നാണു വിളിച്ചത്. പദ്ധതിയിട്ടു 2 വർഷമാണ് ആസൂത്രണത്തിനു ചെലവഴിച്ചത്. അതിനായി സേഫ് കസ്റ്റഡി സ്ഥാപനത്തിൽ ലോക്കർ വാടകയ്ക്കെടുത്തു. ലോക്കർ മുറിയുടെ കോൺക്രീറ്റ് ഭിത്തിയുടെ കനം 20 ഇഞ്ചാണന്നു തിട്ടപ്പെടുത്തി. ഇതേ കനമുള്ള മറ്റൊരു കോൺക്രീറ്റ് ഭിത്തി അതിനേക്കാൾ കരുത്തോടെ നിർമിച്ച് അതിൽ തുളയിടാൻ അഭ്യസിച്ചു.

സാധാരണ ഡ്രില്ല് മതിയായില്ല. വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന ശക്തി കൂടിയ പവർ ഡ്രിൽ വിലകൊടുത്തു വാങ്ങി.വലുപ്പമുള്ള ഡ്രിൽ എങ്ങനെ സേഫ് കസ്റ്റഡി സ്ഥാപനത്തിനുള്ളിൽ എത്തിക്കും?

ഡ്രിൽ അഴിച്ചു ഭാഗങ്ങളായി പൊതിഞ്ഞു സേഫ് കസ്റ്റഡി സ്ഥാപനത്തിൽ നേരത്തെ വാടകയ്ക്ക് എടുത്ത ലോക്കറുകളിൽ പല ദിവസങ്ങളിലായി നിക്ഷേപിച്ചു. മോഷണം നടത്താൻ നിശ്ചയിച്ച ദിവസം ലോക്കർ തുറന്നു ഡ്രിൽ കൂട്ടി യോജിപ്പിച്ചു വലിയ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു. ലോക്കർ റൂമിനു തുളയിടാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു.

മറ്റൊരു ദിവസം 2 പേർ കെട്ടിടത്തിനുള്ളിൽ പതുങ്ങി. രാത്രി ജീവനക്കാർ പുറത്തു പോയതിനു ശേഷം സുരക്ഷാ സംവിധാനങ്ങൾ നിയന്ത്രിച്ചിരുന്ന മുറിയിൽ കടന്ന് ഉപകരണങ്ങൾ കേടുവരുത്തി. ഒരാൾക്കു ലോക്കർ മുറിയിലേക്കു കടക്കാൻ പാകത്തിൽ ഭിത്തിയിൽ വലിയ ദ്വാരമുണ്ടാക്കി 70 പെട്ടികൾ പുറത്തു കടത്തി. 7 പേരുള്ള സംഘത്തിലെ 5 പേരാണു കവർച്ചയിൽ നേരിട്ടു പങ്കെടുത്തത്. 2 പേർ കൊള്ള മുതൽ ഒളിപ്പിക്കാൻ സഹായിച്ചു.

ബന്ധു വീടുകളിലെ ചെടിച്ചട്ടികളിൽ ഉടമകൾ അറിയാതെ രത്നങ്ങളും സ്വർണവും ഒളിപ്പിച്ചു. നോർത്ത് ലണ്ടനിലെ പഴയ സെമിത്തേരിയിലെ കുഴിമാടത്തിന്റെ കല്ലുകൾ ഇളക്കിമാറ്റി കൊള്ള മുതൽ കുറെ അതിലും ഒളിപ്പിച്ചു. കുറ്റവാളികളായ ഈ ‘വയോജന’ങ്ങൾ ആരുമറിയാതെ വിലസി നടന്നു. സ്കോട്‌ലൻഡ് യാഡിനു നാണക്കേടായി, അവരും വിട്ടില്ല.

കവർച്ചാ സ്ഥലത്തു കണ്ടെത്തിയ ഡ്രില്ലിന്റെ ഭാരവും വലുപ്പവുമാണ് അന്വേഷണ സംഘത്തെ ആദ്യം വഴി തെറ്റിച്ചത്. ഇത്ര ഭാരമുള്ള പവർടൂൾ ഉയർത്തി അകത്തു കൊണ്ടുവന്നു ഭിത്തി തുരക്കണമെങ്കിൽ മോഷ്ടാക്കൾ ചെറുപ്പക്കാരാകുമെന്നാണ് അവർ കരുതിയത്. ആദ്യ ദിവസങ്ങളിലെ അന്വേഷണം അങ്ങനെ പാളി. മുറിയിലും ഡ്രില്ലിലും വിരലടയാളങ്ങൾ ഒന്നും ലഭിച്ചില്ല.

സേഫ് കസ്റ്റഡി സ്ഥാനത്തിന്റെ പരിസരത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നു സംഭവ ദിവസം സംശയകരമായി നീങ്ങിയ 3 കാറുകളെ കണ്ടെത്തി. ഉടമകൾ അറിയാതെ അതിൽ റിമോട്ട് മൈക്രോഫോണുകൾ സ്ഥാപിച്ച് ഉടമകളുടെ സംഭാഷണങ്ങൾ ചോർത്തി. അതിൽ ഒരു കാർ ബ്രായിൻ റീഡറുടേതായിരുന്നു. ഒരു ദിവസം മദ്യപിച്ചു കൂട്ടൂകാർക്കൊപ്പം കാറിൽ പോകുമ്പോൾ അവരുടെ മോഷണത്തെപ്പറ്റി റീഡർ പറഞ്ഞ പൊങ്ങച്ചം റിമോട്ട് മൈക്രോ ഫോൺ സ്കോട്‌ലൻഡ് യാഡിനു ചോർത്തി. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണിതു സംഭവിച്ചത്.

അന്നു മുതൽ രഹസ്യ പൊലീസ് ‘ ചീത്ത മുത്തച്ഛന്മാരെ’ പിൻതുടർന്നു. ചുണ്ടനക്കം നിരീക്ഷിച്ചു സംസാരിക്കുന്ന കാര്യം തിരിച്ചറിയാൻ പരിശീലനം ലഭിച്ചവർ അന്വേഷണ സംഘത്തെ സഹായിച്ച് അവരുടെ മുഴുവൻ സംഭാഷണങ്ങളും രേഖപ്പെടുത്തി. കവർച്ചയ്ക്കു ശേഷം വിരലടയാളം അടക്കമുള്ള തെളിവുകൾ ഇല്ലാതാക്കാൻ അവർ വായിച്ചു പഠിച്ച ഫൊറൻസിക് പുസ്തകങ്ങൾ വരെ അന്വേഷണ സംഘം കണ്ടെത്തി.

കവർച്ചയുടെ സൂത്രധാരൻ മൈക്കിൾ ബേസിൽ സീഡ് ഒഴികെയുള്ള 6 പ്രതികളെ അറസ്റ്റ് ചെയ്തു. കോടതി അവരെ 7 വർഷം തടവിനു ശിക്ഷിച്ചു. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചുവന്ന മുടിക്കാരനാണു മൈക്കിൾ. പക്ഷേ, അതു വിഗ്ഗായിരുന്നു.

യഥാർഥത്തിൽ മൈക്കിൾ ആരെന്നു കൃത്യമായി പറയാൻ കൂട്ടുപ്രതികൾക്കും കഴിഞ്ഞില്ല. അയാൾ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി നടത്തിയിരുന്നു. അതിനും മുൻപു പൊലീസ് ഉദ്യോഗസ്ഥനായിരുന്നതായും ചിലർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ