കൊലപാതകങ്ങളുടെ കലവറയാണു വില്യം ഷേക്സ്പിയറിന്റെ ‘ഹാംലറ്റ്’ എന്ന ദുരന്തനാടകം. ഡെൻമാർക്കിലെ രാജാവായ കിങ് ഹാംലറ്റ്, അദ്ദേഹത്തിന്റെ റാണി ജെർട്രൂഡ്, രാജാവിന്റെ അതേ പേരുള്ള മകൻ പ്രിൻസ് ഹാംലറ്റ്, രാജാവിന്റെ സഹോദരൻ ക്ലോഡിയസ്.
ഒരു ദിവസം കൊട്ടാര ഉദ്യാനത്തിൽ വിശ്രമിക്കുന്നതിനിടയിൽ മയങ്ങിപ്പോയ ഹാംലറ്റ് രാജാവിന്റെ ചെവിയിൽ വിഷം ഒഴിച്ചു സഹോദരൻ ക്ലോഡിയസ് അദ്ദേഹത്തെ കൊലപ്പെടുത്തുന്ന രംഗം നാടകത്തിലുണ്ട്. ശേഷം ജെർട്രൂഡ് റാണിയെ വിവാഹം കഴിക്കുന്ന ക്ലോഡിയസ് സ്വയം രാജാവാകുന്നു.
ക്ലോഡിയസും ജെർട്രൂഡും സുഖമായി വാഴുന്നതിനിടയിൽ ഹാംലറ്റ് രാജാവിന്റെ പ്രേതം മകൻ പ്രിൻസ് ഹാംലറ്റിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊലപാതക രഹസ്യം വെളിപ്പെടുത്തുന്നതോടെ നാടകം മുറുകുന്നു.
തുടർന്നു ഭ്രാന്തനെപ്പോലെ അഭിനയിക്കുന്ന പ്രിൻസ് ഹാംലറ്റ് പിതാവിന്റെ കൊലയ്ക്കു പ്രതികാരം ചെയ്യുന്നുണ്ടെങ്കിലും ഒടുവിൽ മരണം വരിക്കുന്നതാണു ഷേക്സ്പിയറുടെ നാടകം.
പിൽക്കാലത്തു കുറ്റാന്വേഷകരും മനഃശാസ്ത്ര വിദഗ്ധരും ഈ നാടകത്തിലെ കഥാസന്ദർഭങ്ങൾ ഓരോന്നും തലനാരിഴ കീറി പരിശോധിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. നാടകത്തിലെ രാജാവിന്റെ കൊലപാതകത്തെ സംബന്ധിച്ചുണ്ടായ ചില പാഠഭേദങ്ങൾ ലോകസാഹിത്യരംഗത്തു വലിയ ചർച്ചകൾക്കു വഴിയൊരുക്കി.
∙ ചെവിയിൽ വിഷം ഒഴിച്ചു ഹാംലറ്റ് രാജാവിനെ കൊല്ലാനുള്ള ഗൂഢാലോചനയുടെ തുടക്കം ആരിൽ നിന്നാണ്?
∙ ഉദ്യാനത്തിൽ മയങ്ങിയ രാജാവിന്റെ ചെവിയിൽ കൊടിയ വിഷം ഒഴിച്ചതു യഥാർഥത്തിൽ ആരാണ്?
∙ പ്രേതരൂപിയായ രാജാവിന്റെ വേഷത്തിൽ മകന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊലപാതക രഹസ്യം വെളിപ്പെടുത്തിയതാരാണ്?
∙ പ്രിൻസ് ഹാംലറ്റിന്റെ കള്ളപ്പെരുമാറ്റം യഥാർഥത്തിൽ ഭ്രാന്തുതന്നെയായിരുന്നോ?
കഥയിലെ പാഠഭേദങ്ങളിൽ ചിലത് ഇവയാണ്:
∙ രാജാവെന്നല്ല അധികാരസ്ഥാനത്തിരിക്കുന്ന ആരും തന്നെ ഒട്ടും സുരക്ഷിതമല്ലാത്ത ഉദ്യാനത്തിൽ ഒറ്റയ്ക്കു കിടന്ന് ഉറങ്ങില്ല.
∙ അതിവിശ്വസ്തരായ കാവൽക്കാരോ ഉറ്റബന്ധുക്കളോ രാജാവിന്റെ അടുത്ത് ഉണർന്നിരിക്കും.
∙ അമ്മ, റാണി, കാമുകി, മക്കൾ ഇവരിൽ ആരുടെയെങ്കിലും മടിയിൽ തലചായ്ച് ഉറങ്ങുകയെന്നതാണു രാജാക്കന്മാരുടെ പൊതുവായ രീതി.
∙ഹാംലറ്റ് രാജാവിന്റെ കൊല നടന്നപ്പോൾ ഉദ്യാനത്തിൽ ജെർട്രൂഡ് റാണിയുടെ സാന്നിധ്യമുണ്ടായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
∙ രാജാവിന്റെ മരണശേഷം ക്ലോഡിയസിനെ വിവാഹം കഴിച്ചു റാണി പദവി നിലനിർത്തിയ ജെർട്രൂഡിന്റെ നീക്കം സംശയകരമാണ്.
∙കൊലപാതകം ആസൂത്രണം ചെയ്തതു ക്ലോഡിയസും ജെർട്രൂഡും ചേർന്നാണ്. ക്ലോഡിയസ് നൽകിയ വിഷം രാജാവിന്റെ ചെവിയിൽ ഒഴിച്ചതു ജെർട്രൂഡാവാൻ സാധ്യതയുണ്ട്.
∙ ജെർട്രൂഡിനും ക്ലോഡിയസിനും എതിരെ പരസ്യമായി നിൽക്കാൻ കഴിയാത്ത, രാജാവിന്റെ വിശ്വസ്തരായ കിങ്കരന്മാരാരോ പ്രേതവേഷത്തിൽ പ്രിൻസ് ഹാംലറ്റിനെ വിവരം ധരിപ്പിച്ചതാകാനാണു സാധ്യത.
∙ കൊലപാതകത്തിൽ മാതാവിന്റെ പങ്കും തിരിച്ചറിഞ്ഞ പ്രിൻസ് ഹാംലെറ്റിന്റെ ഭ്രാന്ത് കുറച്ചൊക്കെ ശരിയായിരിക്കണം. അതാണു രാജകുമാരന്റെ ദുരന്തത്തിനു വഴിയൊരുക്കിയത്.
നാടക സന്ദർഭത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ ഇങ്ങനെ നീളുന്നുണ്ട്. രാജാവിനെ കൊലപ്പെടുത്താൻ ചെവിയിൽ ഒഴിച്ച വിഷം ഏതാണെന്നറിയാനും പഠനങ്ങൾ നടന്നിട്ടുണ്ട്.
കൊടിയ വിഷമായ സയനൈഡിനോടു സാമ്യമുള്ള എന്തോ ഒരു വിഷം, അതിനാണു സാധ്യത. ത്വക്കിലൂടെ വേഗത്തിൽ അകത്തേക്കു തുളച്ചുകയറി ഒരാളെ ഇല്ലാതാക്കാൻ ശേഷിയുള്ളതു സയനൈഡിനാണ്.
ശരീരത്തിലെ പ്രാണവായു(ഓക്സിജൻ)വിന്റെ അളവ ഞൊടിയിടയിൽ ഇല്ലാതാക്കുന്ന (ഹൈപോക്സീമിയ) അവസ്ഥയ്ക്കു സയനൈഡ് വിഷം കാരണമാകും. ശരീര കോശങ്ങളിലെ ‘പവർ ഹൗസ്’ എന്നു വിളിക്കുന്ന സൂത്രകണികകളെ (മൈറ്റോകോൺട്രിയ)നേരിട്ടു നശിപ്പിച്ചാണു പ്രായവായുവിന്റെ സാന്നിധ്യം ശരീരത്തിൽ ഇല്ലാതാക്കി കൊല നടത്തുന്നത്.
ഒരാൾ മരിച്ച് എത്രവർഷം കഴിഞ്ഞാലും അസ്ഥി, മുടി, പല്ല്,നഖം ഇങ്ങനെ ഏതെങ്കിലും ശരീരകലകളിലെ കോശങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ മൈറ്റോകോൺട്രിയോൺ ഡിഎൻഎ പരിശോധനയിലൂടെ സയനൈഡ് വിഷത്തിന്റെ സാന്നിധ്യം ശാസ്ത്രിയമായി തെളിയിക്കാൻ കഴിയും.
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയ്ക്കു മുൻപുതന്നെ കുറ്റാന്വേഷണ ചരിത്രത്തിൽ സയനൈഡ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും വിചിത്രമെന്നു തോന്നുന്ന കേസ് 1982 ലെ ഷിക്കാഗോ കൊലപാതകങ്ങളാണ്.
സഹിക്കാൻ പറ്റാത്ത തലവേദന അനുഭവപ്പെട്ട മകൾക്കു മേരി കെല്ലർമാൻ എന്ന അമ്മ വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന വേദനാ സംഹാരി ക്യാപ്സ്യൂൾ നൽകി. ഉറങ്ങാൻ കിടന്ന മകൾ പിറ്റേന്നു രാവിലെ കട്ടിലിൽ മരിച്ചു കിടക്കുന്നു. പോസ്റ്റ്മോർട്ടത്തിൽ മരണ കാരണം സയനൈഡാണെന്നു കണ്ടെത്തി.
തുടർന്നുള്ള ദിവസങ്ങളിൽ ഷിക്കാഗോയുടെ പല പ്രദേശങ്ങളിലായി പരസ്പര ബന്ധമില്ലാത്ത 5 പേർകൂടി മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ എല്ലാവരുടെയും അകത്തു സയനൈഡ് എത്തിയതായി കണ്ടെത്തി. മരണത്തിനു തൊട്ടുമുൻപ് എല്ലാവരും തന്നെ ഒരു പ്രത്യേക കമ്പനിയുടെ വേദനാസംഹാരി ക്യാപ്സൂളുകൾ കഴിച്ചതായി കണ്ടെത്തി. കൊലപാതകത്തിൽ ബന്ധുക്കൾക്കു പങ്കില്ലെന്നു ബോധ്യപ്പെട്ടതോടെ അന്വേഷണം മരുന്നു കമ്പനിയിലേക്കു നീണ്ടു. അതേ ബാച്ചിൽ ഉൾപ്പെട്ട മുഴുവൻ മരുന്നുകളും മാർക്കറ്റിൽ നിന്ന പിൻവലിച്ചു.
മരിച്ചവരുടെ കൈവശമുണ്ടായിരുന്ന ശേഷിക്കുന്ന ക്യാപ്സ്യൂളുകളിൽ സയനൈഡ് നിറച്ചിരുന്നില്ല. എന്നാൽ കടകളിൽ നിന്നും ശേഖരിച്ച ചില ക്യാപ്സ്യൂളുകളിൽ സയനൈഡ് കണ്ടെത്തി. വിദേശ മരുന്നു കമ്പനികൾ മരുന്നുകൾ വിപണിയിൽ എത്തിക്കുന്ന രീതികൾ കൂടുതൽ സുരക്ഷിതമാക്കാൻ വഴിയൊരുക്കിയ സംഭവമാണിത്. ഒരു കമ്പനിയുടെ ഒരേ മരുന്നിന്റെ ചില ക്യാപ്സ്യൂളുകളിൽ മാത്രം വിഷം നിറച്ചതാരാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഈ കേസിൽ 3 വാദങ്ങൾ നിലവിലുണ്ട്:
∙ മരുന്നു കമ്പനിയെ തകർക്കാൻ ആരോ ചെയ്ത ചതി.
∙മരുന്നു കമ്പനിയുമായി അടുത്തബന്ധമുള്ള മനോരോഗിയായ കൊലയാളിയുടെ ക്രൂരത.
∙ കൊല്ലപ്പെട്ടതിൽ ഏതോ ഒരാളെ ലക്ഷ്യമിട്ടു മരുന്നുകമ്പനിയുമായി അടുപ്പമുള്ള കൊലയാളി നടത്തിയ തന്ത്രപരമായ നീക്കം. അയാൾ വിഷമരുന്നു കഴിക്കുമെന്ന് ഏതോ രീതിയിൽ ഉറപ്പാക്കിയ ശേഷം, അന്വേഷണത്തെ വഴിതെറ്റിക്കാൻ സമാനരീതിയിൽ കൂടുതൽ പേർ മരിക്കാനുള്ള സാഹചര്യം ബോധപൂർവം ഒരുക്കി.
സയനൈഡ് കൊലപാതകങ്ങൾ കേരളത്തിൽ വളരെ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
∙ കൊല്ലത്തെ അഭിഭാഷകനെ കൊലപ്പെടുത്താൻ നിയമപുസ്തകത്തിന്റെ പേജുകളുടെ അരികുകളിൽ സയനൈഡ് തേച്ചുവച്ച രഹസ്യഭാര്യയും മകനും പിടിക്കപ്പെട്ടിരുന്നു. ഉമിനീർ തൊട്ടു പുസ്തകത്തിന്റെ പേജുകൾ മറിക്കുന്ന അഭിഭാഷകന്റെ ദുശ്ശീലം അറിയാവുന്നതിനാലാണ് അവർ ഈ രീതി പരീക്ഷിച്ച് അഭിഭാഷകനെ കൊലപ്പെടുത്തിയത്.
∙ കാസർകോടുകാരി അടക്കം 20 യുവതികളെ വിഷം കൊടുത്തു കൊന്ന കുറ്റവാളി അറിയപ്പെടുന്നത് സയനൈഡ് മോഹൻ എന്നാണ്. 2004–2009 വരെയുള്ള കാലഘട്ടത്തിലാണു കൊല നടത്തിയത്. പ്രതി മോഹൻ കർണാടകയിലെ അധ്യാപകനായിരുന്നു. പ്രണയം നടിച്ചു പീഡിപ്പിച്ച ശേഷമായിരുന്നു മുഴുവൻ കൊലപാതകങ്ങളും.
∙ ആലുവയിൽ 1980 ജൂൺ 23 ന് അമ്മയെയും 2 കുട്ടികളെയും സയനൈഡ് അകത്തു ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. അടുത്ത ബന്ധുവായ സ്ത്രീയുടെ നിർദേശപ്രകാരമാണു കൊലനടത്തിയത്. ബിസിനസ് കുടുംബത്തിലെ വഴക്കായിരുന്നു കൊലയ്ക്കു കാരണം. കേസിൽ ശിക്ഷിക്കപ്പെട്ട സ്ത്രീ പരോളിൽ ഇറങ്ങി ആത്മഹത്യ ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിനെയും കൊലയാളികൾ ലക്ഷ്യമിട്ടിരുന്നു. ബലപ്രയോഗത്തിലൂടെ സയനൈഡ് കൊടുക്കുന്നതിനിടയിൽ സ്ത്രീ ഇവരിൽ ഒരാളുടെ കൈകളിൽ കടിച്ചു. ഇതിലൂടെ വിഷം രക്തത്തിൽ കലരുമെന്നു ഭയന്ന വാടകക്കൊലയാളി ഭർത്താവു വരാൻ കാത്തുനിൽക്കാതെ അവിടെ നിന്നു കടന്നു കളഞ്ഞു.
∙ ബെംഗളൂരുവിൽ 1999–2007 കാലത്തിനിടയിൽ മോഷണത്തിനു വേണ്ടി 6 സ്ത്രീകളെ സയനൈഡ് നൽകി കൊലപ്പെടുത്തി. കെ.ഡി.കെമ്പമ്മ (സയനൈഡ് മല്ലിക)യാണു കുറ്റവാളി. ജീവപര്യന്തം തടവുലഭിച്ചു. കൊലപാതക പരമ്പരയിൽ രാജ്യത്തു ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ കുറ്റവാളിയാണ്.