പുതുവത്സരാഘോഷം പാർട്ടി ഹാളിൽ പൊടിപൊടിക്കുകയായിരുന്നു. അപ്പോൾ അവർ 76 പേരാണവിടെയുള്ളത്. ന്യൂ ഇയർ ഡിന്നറിനു നേരത്തെ ബുക്ക് ചെയ്തിരുന്ന 24 പേർ രാത്രി 11 മണി കഴിഞ്ഞിട്ടും അങ്ങോട്ടേക്ക് എത്തിയിട്ടില്ല. ഭക്ഷണവും വൈനും വിളമ്പിത്തുടങ്ങി.
പശ്ചാത്തലത്തിൽ എറിക് ക്ലാപ്റ്റന്റെ ഗിറ്റാർ സംഗീതം പതിഞ്ഞ താളത്തിൽ മുറി മുഴുവൻ ഒഴുകുന്നുണ്ട്. ഇത്തരം ആഘോഷങ്ങൾ അടിച്ചു പൊളിക്കുന്ന പ്രകൃതക്കാരായിരുന്നില്ല അവിടെ കൂടിയിരുന്നവർ. വലിയ ഒച്ചയും പാട്ടും കൂത്തും അവർക്കിഷ്ടമായിരുന്നില്ല. ഡിജെ പാർട്ടികളെ വെറുക്കുന്ന കവിഹൃദയരായിരുന്നു അവർ.
എല്ലാവരും ചെറുപ്പക്കാരാണ് 25നും 30നും ഇടയിൽ പ്രായം വരും ചിലർ പഠനം പൂർത്തിയാക്കി ജോലി ചെയ്യുന്നു, ചിലർ പഠനം തുടരുന്നു, മറ്റു ചിലർ ഗവേഷകരാണ്.ലാവെൻഡർ സുഗന്ധം നിറഞ്ഞ ആ ഹാളിൽ അത്യാവശ്യത്തിനു വെളിച്ചമുണ്ട്. എന്നാലും അൽപം ഇരുട്ടു പരന്ന മൂലയിലെ സെറ്റിയിൽ ഇരുന്നു വൈൻ നുകർന്ന് എല്ലാം കണ്ട് ആസ്വദിക്കുന്ന സുന്ദരനായ ചെറുപ്പക്കാരൻ, തമിഴ് നടൻ മാധവന്റെ വിദൂര മുഖഛായയുണ്ട്. അയാൾക്ക് ഉയരം കൂടുതലാണ് ആറടി 2 ഇഞ്ച്, അച്ഛനോ അമ്മയോ ആരോ ഒരാൾ ഏഷ്യൻ വംശജരാണെന്നു കണ്ടാൽ അറിയാം.
കോഫി ബ്രൗൺ വട്ടക്കഴുത്തുള്ള ടീഷർട്ട് അയാളുടെ ആകാരവടിവു വ്യക്തമാക്കി ശരീരത്തോട് ഒട്ടിക്കിടക്കുന്നു.
അയാൾ പ്രതീക്ഷിക്കുന്ന ഒരാൾ ഇതുവരെ ന്യൂ ഇയർ പാർട്ടിക്ക് എത്തിച്ചേർന്നിട്ടില്ലെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകുന്ന പെരുമാറ്റം. എന്നാലും അന്തസ്സിനു ചേരാത്ത ഒരു ഭാവം അയാളുടെ മുഖത്തു കണ്ടെത്തുക പ്രയാസം.
കുറച്ചകലെ അയാളെ ഇടയ്ക്കു പാളി നോക്കുന്ന ഒരു യുവതി. ആഫ്രോ അമേരിക്കൻ വംശജ, നരവംശ ശാസ്ത്ര ഗവേഷകമാണ്. സ്വർണമെഡൽ ജേതാവ്. അവളുടെ ചിത്രങ്ങൾ ശാസ്ത്രമാസികകളിൽ എഴുതുന്ന പംക്തിക്കൊപ്പം അച്ചടിച്ചു വരാറുള്ളതിനാൽ വിദ്യാർഥികൾ അവളെ കണ്ടാൽ തിരിച്ചറിയാറുണ്ട്.
നെയ്യിൽ മൊരിച്ചു സോസ് തൂവിയ പനീർ, കൂർപ്പിച്ച മുളം കമ്പുകൊണ്ടു കുത്തി കഴിക്കുന്നതിനിടയിലാണ് ഇടയ്ക്കുള്ള ആ പാളി നോട്ടം. അയാളും അതു ശ്രദ്ധിച്ചെങ്കിലും കണ്ടതായി നടിച്ചില്ല.
പർപ്പിൾ ഞാവൽ വൈൻ ഒന്നു നുണഞ്ഞ് എഴുന്നേറ്റു നടന്നു ചെന്ന് അയാളോട് എന്തോ പറയാൻ ഒരുങ്ങി അവൾ ഒന്നുകൂടി തല തിരിച്ചു നോക്കിയതും വലിയൊരു അലർച്ചയോടെ താഴേക്കു വീണു.
പിച്ചള പിടിയിട്ട ഒരു സ്റ്റീൽ കഠാരയുടെ മുക്കാൽ ഭാഗവും കഴുത്തിൽ തറഞ്ഞു കയറി സെറ്റിയിൽ മലർന്നു കിടക്കുകയാണയാൾ.
റെക്കോഡറിൽ പ്ലേ ചെയ്യുന്ന ഗിറ്റാർ സംഗീതം ഒഴികെ മറ്റെല്ലാ ശബ്ദങ്ങളും പൊടുന്നനെ നിലച്ചു. തറയിലേക്കു കുഴഞ്ഞു വീണ അവളുടെ ചുറ്റിലുമാണ് എല്ലാവരും. ഇരുട്ടായതിനാലാകണം കുത്തേറ്റു മരിച്ച നിലയിൽ കിടക്കുന്ന യുവാവിനെ അപ്പോഴും ആരും ശ്രദ്ധിക്കുന്നില്ല.
എന്തു കണ്ടാണ് അവൾ അലറിക്കരഞ്ഞു കുഴഞ്ഞു വീണത്?
മുഖത്തേക്കു തണുത്തവെള്ളം തളിച്ച് ആരോ അവളെ ഉണർത്തി. എന്തുപറ്റി എന്താണു സംഭവിച്ചത്?
തറയിൽ കൈകുത്തി നിവർന്നിരുന്ന അവൾ തേങ്ങിക്കരഞ്ഞു കൊണ്ടു യുവാവിരുന്ന ഭാഗത്തേക്കു നോക്കി.
അപ്പോഴാണ് എല്ലാവരും നടുക്കുന്ന കാഴ്ച കണ്ടത്. ഇത്തവണ ഗിറ്റാർ സംഗീതവും സ്വയം നിലച്ചു....
ന്യൂ ഇയർ പാർട്ടിയുടെ രംഗമാകെ മാറി.
ഹാളിനു പുറത്തു പൊലീസ് എത്തി, യുവാവു മരിച്ചെന്ന് ഉറപ്പിക്കാൻ കഴിഞ്ഞില്ല. ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.
ആരോടും ഹാൾ വിട്ടുപോവരുതെന്നു നിർദേശം നൽകി. ന്യൂ ഇയർ ഡിന്നർ ബുക്ക് ചെയ്തിട്ടും ഇതുവരെ ഹാളിൽ എത്താതിരുന്ന 24പേരെയും അടിയന്തരമായി വിളിച്ചുവരുത്താൻ സംഘാടകർക്കു പൊലീസ് നിർദേശം നൽകി. നടന്ന കാര്യങ്ങൾ ആരോടും വിവരിക്കേണ്ടതില്ല. ആരെങ്കിലും വരാൻ വിസമ്മതിച്ചാൽ അവരുടെ വിവരം പൊലീസിനു കൈമാറണം.
2 മണിക്കൂർ പിന്നിട്ടു പുതുവർഷം പിറന്നു. നാടെങ്ങും ആഘോഷങ്ങൾ നടക്കുമ്പോൾ വെർജീനിയയിലെ പാർട്ടി ഹാളിലെ രംഗം വ്യത്യസ്തമായിരുന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും പൊലീസും ചേർന്നു തെളിവുകൾ ശേഖരിക്കുന്നുണ്ട്. ചിലരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്.
ആശുപത്രിയിൽ നിന്നു വിവരമെത്തി, കുത്തേറ്റ യുവാവ് ഹാളിൽ വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.
2017ലെ ന്യൂ ഇയർ കൊലപാതകം. ഇതു പക്ഷെ വലിയ വാർത്തയായില്ല, പൊലീസോ പാർട്ടിയിൽ പങ്കെടുത്തവരോ കൊലപാതക വിവരം പുറത്തുവിട്ടില്ല, അതിനൊരു കാരണമുണ്ട്.
കൊലപാതക രംഗം കണ്ടു കുഴഞ്ഞു വീണ യുവതി അതിനിടയിൽ മനോനിലയിൽ താളക്കേടു പ്രകടിപ്പിച്ചു. അവളെയും ആശുപത്രിയിലേക്കു മാറ്റി.
കൊലയാളിയെ അവൾ കണ്ടിട്ടുണ്ടാകുമോ? എന്തു കൊണ്ടാണ് അവൾ മാത്രം ആ രംഗം കണ്ടത്?
പുലർച്ചെ 3 മണി. ഡിന്നർ പാർട്ടി ബുക്ക് ചെയ്തിരുന്ന 2 പേർ ഒഴികെ മുഴുവൻ പേരെയും പൊലീസ് സംഭവ സ്ഥലത്തെത്തിച്ചു. അതിൽ ഒരു യുവതി അങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയിൽ കാർ അപകടത്തിൽപ്പെട്ട് ആശുപത്രിയിലാണ്. അതേ ആശുപത്രിയിലേക്കു തന്നെയാണു കൊല്ലപ്പെട്ട യുവാവുമായി പൊലീസ് എത്തിയത്. ശേഷിക്കുന്നയാൾ യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്. ആൾ ഹോസ്റ്റൽ മുറിയിലോ വീട്ടിലോ ഇല്ല.
കൊല നടന്ന സമയം ഹാളിലുണ്ടായിരുന്നവരെയും ഇല്ലാതിരുന്ന 22 പേരെയും പൊലീസ് രണ്ടിടത്തേക്കു മാറ്റി. സംഭവ സ്ഥലത്ത് ഇല്ലാതിരുന്നവരെയാണു വിശദമായി ചോദ്യം ചെയ്യുന്നത്.
പിന്നീട് എല്ലാവരെയും ഒരുമിച്ചു മറ്റൊരു ഹാളിൽ ഒത്തുകൂട്ടി.
അന്വേഷണ ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചു. കൊലപാതകി നിങ്ങളുടെ കൂട്ടത്തിൽ ഒരാളാണ്, അയാളെ പിടികൂടാൻ ബാക്കിയുള്ളവരുടെ സഹായം വേണം. നിങ്ങൾക്ക് ഓരോരുത്തർക്കും അന്വേഷണ ഉദ്യോഗസ്ഥരെ പോലെ തെളിവുകൾ ശേഖരിക്കാം. കുറ്റവാളിയെ കണ്ടെത്താം.... അറസ്റ്റ് ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങൾ പൊലീസുകാർക്കു വിട്ടുതരിക.
ഇതോടെ രംഗം മാറി അതുവരെ കൊലപാതകത്തിന്റെ നടുക്കത്തിലായിരുന്നവർ ഒറ്റ നിമിഷം കൊണ്ടു സ്വയം പൊലീസുകാരായി മാറി. ആരോരുത്തരും അവർ സംശയിക്കുന്നവരോടു സംസാരിച്ചും അവരെ നിരീക്ഷിച്ചും പൊലീസുകാരോട് ഉപദേശങ്ങൾ തേടിയും കുറ്റാന്വേഷണം തുടങ്ങി.
ഇതാണ് അമേരിക്കയിൽ വലിയ ഫാഷനായി മാറിയ ‘മർഡർ മിസ്റ്ററി’ പാർട്ടി.
വലിയ തുക കൊടുത്ത് ഇത്തരം പാർട്ടികൾക്കു ടിക്കറ്റ് എടുത്തവർ ഒഴികെയുള്ളവർ പ്രഫഷനൽ നാടക നടന്മാരും നടികളുമാണ്.
രംഗം കൊഴുപ്പിക്കാൻ പാർട്ടിക്കു വേണ്ടി എത്തുന്ന ചിലരെ അവരുടെ സമ്മതത്തോടെ സ്ക്രിപ്റ്റിന്റെ ഭാഗമാക്കും. അങ്ങനെ ഒരാളാണു പാർട്ടി ഹാളിൽ അലറിക്കരഞ്ഞു കുഴഞ്ഞു വീണ യുവതി.
കൊല്ലപ്പെട്ട രംഗം അഭിനയിച്ചതും പൊലീസുകാരും നടന്മാരാണ്. ഇത്തരം പാർട്ടികളുടെ പൊതു സ്വഭാവം അറിയാതെ ആദ്യമായി വന്നു പെടുന്നവർ അവർ എത്തിപ്പെട്ട ദുരവസ്ഥയോർത്തു ശരിക്കും വിഷമിച്ചു പോകും. അവസാനം അവരായിരിക്കും ഈ കൊലപാതകം ശരിക്കും ആസ്വദിക്കുന്നത്.
മികച്ച സ്ക്രിപ്റ്റ് ഒരുക്കി ഇത്തരം മിസ്റ്ററി പാർട്ടികൾ ഒരുക്കുന്നവർക്കു വലിയ ഡിമാൻഡാണ്. ചിലർ കൊലപാതകത്തിനു പകരം മോഷണനാടകവും അന്വേഷണവും പ്ലാൻ ചെയ്യും.
ഇതു വായിക്കുമ്പോൾ എന്തു തന്നെ തോന്നിയാലും ലഹരി പാർട്ടിയേക്കാൾ എന്തുകൊണ്ടും നല്ലതാണു മർഡർ പാർട്ടി.