കുഴിച്ചപ്പോൾ കിട്ടിയ ‘വിശേഷപ്പെട്ട’ അസ്ഥികൂടം

HIGHLIGHTS
  • മരിച്ചതു വീട്ടുകാരിൽ ആരുമല്ല. പുറത്തുനിന്നു വീട്ടിലെത്തിയ വ്യക്തിയാണ്
  • മൃതദേഹം തറ പൊളിച്ചു വീടിനുള്ളിൽതന്നെ കുഴിച്ചു മൂടുന്നു
skeleton-discovered-in-basement-of-home
SHARE

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു കഴിയുമ്പോൾ അതിനടിയിൽനിന്നു വലിയ ഇരുമ്പുപെട്ടി നിറയെ തോക്കുകളും മറ്റൊരു ചെമ്പുകുടം നിറയെ സ്വർണക്കട്ടികളും ലഭിച്ചാൽ എങ്ങനെയുണ്ടാകും? 10 വർഷം മുൻപ് ഒരിടത്ത് അങ്ങനെ സംഭവിച്ചു. യുഎസ് മിഷിഗനിലെ തടാക പട്ടണമായ സാഗനൗവിൽ. തടാകക്കരയിലെ തീരമേഖലാ പരിപാലന നിയമം ലംഘിച്ചതായിരുന്നില്ല അവിടെ ഫ്ലാറ്റുകളും വീടുകളും പൊളിക്കാൻ കാരണം. ബലക്ഷയം മൂലം ഉടമകൾ ഉപേക്ഷിച്ച കെട്ടിടങ്ങളിലേക്കു കുറ്റവാളിക്കൂട്ടങ്ങൾ ചേക്കേറി. സമാധാനപ്രേമികൾ ജീവിച്ചിരുന്ന പട്ടണം വളരെ വേഗം അധോലോകമായി. കൊലയും ലഹരിയും സാഗനൗവിൽ പെരുകി.

ഉപേക്ഷിച്ച കെട്ടിടങ്ങളുടെ ഉടമകളെ കണ്ടെത്തി അധികാരികൾ നോട്ടിസ് നൽകി. കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നിർദേശിച്ചു. കെട്ടിടങ്ങൾ പൊളിക്കാൻ ഓരോ ഉടമയ്ക്കും 5,021 യുഎസ് ഡോളർ (3.60 ലക്ഷം രൂപ) ചെലവാണു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും അധികാരികളുടെ നോട്ടിസ് അവഗണിച്ചു. ഒടുവിൽ സർക്കാർ ചെലവിൽ പഴയ കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനിച്ചു. അതിനൊരു കാരണമുണ്ട്. ഒരു ദിവസം സാഗനൗവിലെ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസിനു ചെലവായിരുന്നത് 537 യുഎസ് ഡോളറാണ് (38,535 രൂപ). നടക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണം, കുറ്റകൃത്യങ്ങളിലൂടെ പൊതുജനങ്ങൾക്കുണ്ടാകുന്ന ധനനഷ്ടം... ഇവയെല്ലാം കണക്കാക്കിയാൽ ഒരു വർഷം സർക്കാരിനു നഷ്ടപ്പെടുന്ന തുകയാവില്ല  ഉപേക്ഷിക്കപ്പെട്ട മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ.

2003– 2008 വർഷങ്ങൾക്കിടയിൽ സാഗനൗവിൽ കുറ്റവാളികൾ കുടിയേറിയ പഴയ കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചു നീക്കി. 2003 നു മുൻപു റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളേക്കാൾ 78% കുറവായിരുന്നു 2009–10 വർഷങ്ങളിലെ കുറ്റകൃത്യങ്ങൾ. കെട്ടിടം പൊളിക്കാൻ മുടക്കിയ പണത്തിനു ഫലം കണ്ടു. പൊളിക്കുന്ന കെട്ടിടങ്ങളുടെ ഉള്ളിൽ വലിയ പെട്ടികളിൽ കുഴിച്ചിട്ട നിലയിലാണു കുറ്റവാളികൾ ഉപേക്ഷിച്ച ആയുധങ്ങളും പണവും സ്വർണവും ലഹരിവസ്തുക്കളും കണ്ടെത്തിയത്. അതെല്ലാം സർക്കാർ കണ്ടുകെട്ടി. ഇതിനിടെ ‘വിശേഷപ്പെട്ട’ ഒന്നുകൂടി ലഭിച്ചു, ഒരു അസ്ഥികൂടം.

പൊളിച്ചു മാറ്റിയ 4 നിലക്കെട്ടിടത്തിന്റെ ഫൗണ്ടേഷനുള്ളിൽനിന്നാണിതു ലഭിച്ചത്. ഏതാണ്ട് 20 വർഷം പഴക്കം. 80 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ ഫൗണ്ടേഷനുള്ളിൽ 20 വർഷം പഴക്കമുള്ള അസ്ഥികൂടം. ഫൊറൻസിക് പരിശോധനയിലാണ് അസ്ഥികൂടത്തിന്റെ പഴക്കം കണ്ടെത്തിയത്. 40 വയസ്സു പ്രായമുള്ള പുരുഷന്റെ അസ്ഥികൂടമാണതെന്നും പരിശോധനയി‌ൽ ബോധ്യപ്പെട്ടു.

ഒന്നുറപ്പായി, കെട്ടിടത്തിലെ താമസക്കാർ ആരോ കുഴിച്ചിട്ട മൃതദേഹത്തിന്റെ ഭൗതികാവശിഷ്ടമാണിത്. തറ പൊളിച്ചു മൃതദേഹം ഒളിപ്പിച്ചു വീണ്ടും സിമന്റിട്ടു തറയോടു പാകണം. താമസക്കാർക്കല്ലാതെ ‘വൃത്തി’യായി ഇങ്ങനെയൊരു സംസ്കാരം നടത്താൻ കഴിയില്ല.

കെട്ടിടം പൊളിച്ചത് 2004ലാണ്. അന്നേക്കു 20 വർഷം മുൻപാണു 40 വയസ്സുള്ള വ്യക്തിയുടെ മൃതദേഹം കുഴിച്ചിട്ടത്. അതായത് 1984 ലാണു സംഭവം നടന്നത്. മൃതദേഹത്തിലെ വസ്ത്രങ്ങൾ മുഴുവൻ ദ്രവിച്ചു നഷ്ടപ്പെട്ടിട്ടുണ്ട്. വസ്ത്രങ്ങൾ വഴി സൂചനകൾ ലഭിച്ചില്ല. അസ്ഥികൂടത്തിന്റെ ഇടുപ്പെല്ലുകളുടെ ഭാഗത്തു ദ്രവിക്കാതെ അവശേഷിച്ച ഒരു വസ്തുവാണു മരിച്ചയാളുടെ സ്വഭാവം സംബന്ധിച്ച ആദ്യ സൂചന പൊലീസിനു നൽകിയത്.

ഏറെക്കാലം പലരും വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടമാണതെന്ന് ഔദ്യോഗിക രേഖകളി‍ൽനിന്നു വ്യക്തമായി. 1984 കാലഘട്ടത്തിലെ വാടകക്കാരെ കണ്ടെത്താനായി അടുത്ത ശ്രമം. 1979 മുതൽ അവിടെ കഴിഞ്ഞിരുന്നവർ ’84 പകുതിയോടെ ഒഴിഞ്ഞു.

2 മാസം അവിടെയാരും തങ്ങിയിരുന്നില്ല, അതിനിടയിലാണോ മൃതദേഹം കുഴിച്ചിട്ടത്? ഇക്കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ, ഒന്നുണ്ട്, 1984 അവസാനം കെട്ടിടത്തിന്റെ താഴത്തെ നില വാടകയ്ക്കെടുത്തവർ 1985 പകുതിയോടെ ഒഴിഞ്ഞു. ഇത്ര വേഗം ആ കെട്ടിടം ഒഴിഞ്ഞുപോയവർ വേറെയാരുമില്ല. അതിലൊരു അസ്വാഭാവികത അന്വേഷണ സംഘത്തിനു തോന്നി. അതിനിടയിൽ അസ്ഥികൂടത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം വന്നു. പൊലീസിന്റെ ഡിഎൻഎ ബാങ്കിലെ ഏതെങ്കിലുമായി അതിനു സാമ്യമുണ്ടോയെന്ന പരിശോധന തുടങ്ങി.

അസ്ഥികൂടത്തിന്റെ ഇടുപ്പെല്ലിനു സമീപം കണ്ടെത്തിയ റബർ നിർമിത വസ്തു രോഗബാധ തടയാൻ സ്വവർഗാനുരാഗികൾ സാധാരണ ഉപയോഗിക്കുന്നതരത്തിലുള്ള ഉൽപന്നമായിരുന്നു. അന്വേഷണ സംഘത്തിനു ലഭിക്കുന്ന വ്യക്തമായ ചൂണ്ടുപലകയാണ് ഇത്തരത്തിലുളള തെളിവുകൾ.

ഇതോടെ മരിച്ചയാളുടെ സ്വഭാവം, അയാൾ മരിക്കാൻ സാധ്യതയുള്ള സാഹചര്യം എന്നിവ സംബന്ധിച്ച സൂചന പൊലീസിനു ലഭിച്ചു.

  അസ്ഥികൂടത്തിനൊപ്പം റബർ ഉറയുടെ സാന്നിധ്യം കൊലപാതകത്തിലേക്കുള്ള ആദ്യ സൂചനയായി.

അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ ഇവയാണ്:

 സ്വവർഗാനുരാഗികൾ തമ്മിലുണ്ടായ എന്തെങ്കിലും തർക്കം അവിചാരിതമായി കൊലപാതകത്തിൽ കലാശിച്ചു.

 കൊലനടന്ന വീട്ടിലുണ്ടായിരുന്ന ആരെങ്കിലുമായി അവിശുദ്ധ ബന്ധം പുലർത്തിയിരുന്ന വ്യക്തി വീട്ടുകാരാൽ കൊല്ലപ്പെട്ടു.

 അമിത സന്തോഷം, ആനന്ദം എന്നിവയുടെ പാരമ്യത്തിൽ ചിലർക്കുണ്ടാകുന്ന ഹൃദയ സ്തംഭനം അപ്രതീക്ഷിത മരണത്തിനു വഴിയൊരുക്കിയിരിക്കാം.

ഒരു കാര്യം പൊലീസ് ഉറപ്പാക്കി, മരിച്ചതു വീട്ടുകാരിൽ ആരുമല്ല. പുറത്തുനിന്നു വീട്ടിലെത്തിയ വ്യക്തിയാണ്. വീട്ടിലുള്ള ആരെങ്കിലുമാണു അപ്രതീക്ഷിത സാഹചര്യത്തിൽ മരിച്ചിരുന്നതെങ്കിൽ മൃതദേഹം അവിടെ ഉപേക്ഷിച്ചു കൊലയാളി കടന്നുകളയാനാണു സാധ്യത.

ഇതിപ്പോൾ സ്വന്തം താമസസ്ഥലത്തുവച്ചു പുറത്തുപറയാൻ കൊള്ളാത്ത സാഹചര്യത്തിൽ ഒരാൾ മരിക്കുന്നു (കൊല്ലപ്പെടുന്നു). പുറംലോകത്തെ അറിയിക്കാതെ മൃതദേഹം തറ പൊളിച്ചു വീടിനുള്ളിൽതന്നെ കുഴിച്ചു മൂടുന്നു. ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും വിവരം പുറത്തറിഞ്ഞില്ല. കണ്ടാൽ ആർക്കും സംശയം തോന്നാത്ത വിധം തറ പൂർവസ്ഥിതിയിലാക്കിയ ശേഷം വാടകക്കെട്ടിടം ഒഴിയുന്നു.

ഇതായിരിക്കണം സംഭവിച്ചത്, അന്വേഷണ സംഘം അനുമാനിച്ചു.

ഇതിനിടെ അസ്ഥികൂടത്തിന്റെ വാരിയെല്ലുകളും തോളെല്ലും വിശദമായി പരിശോധിച്ച ഫൊറൻസിക് സംഘം ഇടതുവശത്തെ മൂന്നും നാലും വാരിയെല്ലുകൾക്കിടയിൽ മൂർച്ചയുള്ള ആയുധമേറ്റതിന്റെ പാടുകൾ കണ്ടെത്തി. ഇതോടെ കൊലപാതക ചിത്രം കൂടുതൽ വ്യക്തമായി. ഇരുവശത്തും മൂർച്ചയുള്ള കഠാരകൊണ്ടുള്ള കുത്തേറ്റാണു മരണം.

ഇത്രയൊക്കെ അന്വേഷണം മുന്നോട്ടു നീങ്ങിയിട്ടും കൊല്ലപ്പെട്ടതാരെന്നോ കൊലയാളിയാരെന്നോ കണ്ടെത്താൻ അമേരിക്കൻ ഫെഡറൽ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. ഏകദേശം 8 മാസത്തോളം ആ വീട്ടിൽ കഴിഞ്ഞ വാടകക്കാരെയും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യക്തിഗത രേഖകൾ അധികാരികളുടെ പക്കലുണ്ടായിരുന്നെങ്കിൽ അന്വേഷണം വഴിമുട്ടില്ലായിരുന്നു. കൊന്നതും കൊല്ലപ്പെട്ടതും അനധികൃത കുടിയേറ്റക്കാരാണെന്ന നിലപാടാണു പൊലീസിന്.

വഴിമുട്ടിയ ഇത്തരം കേസുകൾ അന്വേഷണ സംഘം കേരളത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെട്ടൂർ ഷാപ്പ് കടവിൽ കോൺക്രീറ്റ് കട്ടയോടൊപ്പം ചാക്കിൽ കെട്ടി കായലിൽ താഴ്ത്തിയ യുവാവിന്റെ മൃതദേഹം, ആലുവപ്പുഴയിൽ പുതപ്പിൽ പൊതിഞ്ഞു താഴ്ത്തിയ യുവതിയുടെ മൃതദേഹം... 2 കേസിലും കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇരുവരും കേരളത്തിൽ വേരുകളില്ലാത്ത ഇതരസംസ്ഥാനക്കാരാണെന്നാണു പൊലീസിന്റെ നിലപാട്.  ചില കേസുകൾ ഇങ്ങനെയാണ്. അന്വേഷണ സംഘം കിണഞ്ഞു പരിശ്രമിച്ചാലും രണ്ടറ്റം കൂട്ടിമുട്ടില്ല. മറ്റേതെങ്കിലും കേസ് അന്വേഷിക്കുന്നതിനിടെ അവിചാരിതമായി ഇത്തരം കേസുകൾ തെളിയാറുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ