കുപ്രസിദ്ധിയിൽ ആനന്ദം കണ്ടെത്തുന്നവർ

negative-publicity-33
SHARE

കുറ്റകൃത്യവും കുറ്റാന്വേഷണവും ഏറ്റവും സങ്കീർണമാക്കുന്നതാണു കുറ്റാന്വേഷണ കഥകളുടെയും സിനിമകളുടെയും മനോഹാരിത. എന്നാൽ കേസ് ഏറ്റവും ലളിതമാക്കി കുറ്റപത്രം സമർപ്പിക്കുന്നതാണു പൊലീസുകാരുടെ കല. പ്രതികളുടെ മേൽ ചുമത്തിയ കുറ്റങ്ങൾ കോടതി മുൻപാകെ തെളിയിക്കാൻ കുറ്റപത്രം ലളിതമാക്കുന്നതാണു പ്രോസിക്യൂഷന് ഏറ്റവും സഹായകരം. ഇക്കാര്യത്തിൽ സമീപകാലത്തു കേരള പൊലീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണു– കൂടത്തായി കൂട്ടക്കൊലക്കേസ്. യഥാർഥ കുറ്റകൃത്യം തന്നെ കഥകളേക്കാൾ സങ്കീർണം. സിനിമയെക്കാൾ മാസ്മരം, നിഗൂഢം...

സീരിയൽ കില്ലറുടെ സ്വഭാവം പ്രകടിപ്പിക്കുന്ന പ്രതി ഒരു സ്ത്രീ. കൊലയ്ക്കുപയോഗിച്ച ആയുധം– പൊട്ടാസ്യം സയനൈഡ്. 2002 നും 2016നും ഇടയിലെ 14 വർഷങ്ങൾക്കിടയിൽ 6 കൊലപാതകങ്ങളാണു പ്രതിക്കുമേൽ ആരോപിക്കപ്പെടുന്നത്. കൊല്ലപ്പെട്ടവരിൽ ബാലിക മുതൽ വയോധികർ വരെ, കേസുകൾ കൂടിക്കുഴഞ്ഞ അവസ്ഥ....

പ്രതിയുടെ കുറ്റസമ്മത മൊഴികൾ മാത്രം പോരാ വിചാരണയിൽ കോടതിക്കു പ്രതിയെ ശിക്ഷിക്കാൻ. സ്വയം തനിക്കെതിരെ നൽകുന്ന മൊഴികൾ മാത്രം പരിഗണിച്ച് ഒരു കോടതിക്കും ഒരു പ്രതിയെയും ശിക്ഷിക്കാൻ കഴിയില്ല. കുറ്റസമ്മത മൊഴികൾ സാധൂകരിക്കുന്ന സാക്ഷിമൊഴികൾ, സാഹചര്യ തെളിവുകൾ, കുറ്റം ചെയ്ത ഘട്ടത്തിൽ അതിനുള്ള പ്രേരണ, ശാസ്ത്രീയ തെളിവുകൾ ഇവയെല്ലാം കുറ്റസമ്മത മൊഴികൾ വസ്തുതാപരമാണെന്നു സ്ഥാപിക്കാൻ കഴിയുന്നതാകണം.

യൂറോപ്പിലെ ഏറ്റവും മികച്ച കുറ്റാന്വേഷകരെന്നു പേരെടുത്തവരാണു സ്വീഡിഷ് പൊലീസ്. ആയുധം ഉപയോഗിച്ചുള്ള അടിപിടിക്കേസിലാണു വർഷങ്ങൾക്കു മുൻപു തോമസ് ക്വിവ്ക് എന്നൊരാൾ പിടിക്കപ്പെടുന്നത്. കേസിൽ അയാളെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ സ്വീഡിഷ് പൊലീസ് ആദ്യം നടുങ്ങി വിറച്ചു. പിന്നീടവർ സന്തോഷം കൊണ്ടു തുള്ളിച്ചാടി. 20 വർഷങ്ങൾക്കിടയിൽ പൊലീസ് സംഘങ്ങൾ മാറി മാറി അന്വേഷിച്ചിട്ടും തെളിയാത്ത മുപ്പതിലധികം കേസുകളിലാണു തുമ്പുണ്ടായിരിക്കുന്നത്. 

മൊഴികൾ രേഖപ്പെടുത്തി കുറ്റപത്രങ്ങൾ തയാറായി ത്തുടങ്ങി. 1964 നും 1993നും ഇടയിൽ നോർവേ, സ്വീഡൻ, ഡെൻമാർക്ക്, ഫിൻലൻഡ് എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊലക്കേസുകൾക്കാണു പുതുജീവൻ കിട്ടിയത്. ആ സീരിയൽ കില്ലറുടെ കഥകൾ യൂറോപ്പിലെ മാധ്യമങ്ങൾ മുഴുവൻ പ്രസിദ്ധീകരിച്ചു. ഓരോ കേസിനും വെവ്വേറെ പൊലീസ് സംഘങ്ങളെ നിയോഗിച്ച് അന്വേഷണം തകൃതിയാക്കി. ആദ്യം സമർപ്പിക്കപ്പെട്ട 8 കുറ്റപത്രങ്ങളിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കി തോമസ് ക്വിവ്കിനെ ശിക്ഷിച്ചു.

ഈ കേസുകൾ റിപ്പോർട്ട് ചെയ്ത ഹാനസ് റാസ്റ്റൻ എന്ന പത്രപ്രവർത്തകൻ ഓരോ കേസിലും വ്യത്യസ്തമായ വാർത്തകൾക്കു വേണ്ടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെത്തേടി സഞ്ചരിച്ചു. കേസുകളിൽ അയാൾക്കു ചില സംശയങ്ങൾ തോന്നി. തോമസ് ക്വിവ്കിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കൊലപാതക ങ്ങളിൽ ഒന്ന് 14 വയസ്സുകാരനായ തോമസ് ബ്ലോമ്ഗ്രൻ എന്ന അയൽവാസിയുടേതാണ്. തോമസ് ബ്ലോമ്ഗ്രന്റെ വിശ്വാസം ഉറപ്പിക്കൽ ചടങ്ങായ ‘ഒപ്രുശുമ’ (സ്ഥൈര്യലേപനം) പള്ളിയിൽ നടന്ന ദിവസമാണ് ആ കുട്ടി കൊല്ലപ്പെടുന്നത്. 

ഇടവകപ്പള്ളിയിലെ രേഖകൾ പരിശോധിച്ച പത്രപ്രവർത്തകൻ കൗതുകകരമായ കാര്യം കണ്ടെത്തി. കൊല്ലപ്പെട്ട തോമസ് ബ്ലോമ്ഗ്രന്റെ സമപ്രായക്കാരനാണു കൊലയാളിയായ തോമസ് ക്വിവ്ക്. പള്ളിയിലെ പഴയ കപ്യാരും ഇവരുടെ അയൽവാസിയാണ്. അയാൾ പറഞ്ഞു 10 വർഷങ്ങൾക്കു ശേഷമാണ് 1964 ൽ ഇടവകയിൽ ഒപ്രുശുമച്ചടങ്ങു നടന്നത്. ഇടവകയിലെ സമപ്രായക്കാരായ മുഴുവൻ കുട്ടികളും അന്നു ചടങ്ങിൽ സംബന്ധിച്ചു. പക്ഷേ, ‘തോമസ് ക്വിവ്ക്’ എന്നപേരു പള്ളിയിലെ രേഖകളിൽ കാണാനില്ല. പത്രപ്രവർത്തകൻ നടത്തിയ വിശദമായ അന്വേഷണത്തിൽ രേഖകളിലുള്ള ‘സ്റ്റുർ റാഗ്നർ ബെർജ്വാൾ’ എന്ന കുട്ടിയെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ മനസ്സിലായി, അതായിരുന്നു തോമസ് ക്വിവ്കിന്റെ യഥാർഥ പേര്.

ഈ പേരുമാറ്റത്തിന്റെ രഹസ്യം കണ്ടെത്താനായി പിന്നീടുള്ള ശ്രമം. 1994 മുതലാണു ‘തോമസ് ക്വിവ്ക്’ എന്ന പേരിൽ അയാൾ അറിയപ്പെടാൻ തുടങ്ങിയത്. കൃത്യമായിപ്പറഞ്ഞാൽ, സ്വീഡനിലെ ഒരു മാനസിക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട കാലം മുതൽ. ആ ആശുപത്രി റജിസ്റ്ററിലാണു ‘തോമസ് ക്വിവ്ക്’ എന്ന പേര് ആദ്യം പരാമർശിക്കുന്നത്. 2001 വരെ പലപ്പോഴായി അയാൾ അതേ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ഇത്രയും വിവരം ലഭിച്ചതോടെ ‘തോമസ് ക്വിവ്ക്’ കൊലക്കേസുകളിൽ സ്വീഡിഷ് പൊലീസ് മനസ്സിലാക്കാത്ത മറ്റെന്തെങ്കിലും സംഭവിച്ചതായി തോന്നിയ പത്രപ്രവർത്തകൻ അന്വേഷണം തുടർന്നു. തെരേസാ യൊഹനാസെ എന്ന 9 വയസ്സുകാരിയുടെ കൊലക്കേസിലാണു തോമസ് ക്വിവ്കിന് ആദ്യ ശിക്ഷ ലഭിക്കുന്നത്. തെരേസയുടെ മൃതദേഹം കുഴിച്ചിട്ടതായി തോമസ് ചൂണ്ടിക്കാട്ടിയ സ്ഥലം കുഴിച്ചപ്പോൾ പൊലീസിനു ലഭിച്ച അസ്ഥിക്കഷണമാണു കേസിലെ പ്രധാന തെളിവ്. എല്ലിൻ കഷണത്തിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്ന പൊതുതാൽപര്യ ഹർജിയുമായി പത്രപ്രവർത്തകൻ കോടതിയെ സമീപിച്ചു. അതിനൊപ്പം തന്നെ തോമസ് ക്വിവ്ക് കൊലകളുടെ സമഗ്ര റിപ്പോർട്ടും അദ്ദേഹം പ്രസിദ്ധീകരിച്ചു.

കോടതിയിൽ തെളിവായി സമർപ്പിച്ച തെരേസയുടെ ‘അസ്ഥി’ക്കഷണം കട്ടിയുള്ള ഒരു കാർഡ്ബോർഡാ ണെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതോടെ തോമസ് ക്വിവ്കിനെതിരായ ജീവപര്യന്തം ശിക്ഷാവിധി കോടതി മരവിപ്പിച്ചു. ഇതോടെ ഹാനസ് റാസ്റ്റന്റെ റിപ്പോർട്ടുകൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. തോമസ് ക്വിവ്ക് കുറ്റക്കാരനെന്നു തെളിഞ്ഞ 2 കേസുകളിൽ ‘കൊല്ലപ്പെട്ട’ ഇരകളെ റാസ്റ്റൻ ജീവനോടെ അവതരിപ്പിച്ചു. ഇതു യൂറോപ്പിനെ ഇളക്കി മറിച്ചു. വിചാരണ പൂർത്തിയാക്കിയ 8 കൊലക്കേസുകളിലെ ശിക്ഷാവിധികളും കോടതി മരവിപ്പിച്ചു.

ഇതോടെ 30 പേരെ കൊലപ്പെടുത്തിയ ‘സീരിയൽ കില്ലർ’ യഥാർഥത്തിൽ ഒരാളെപ്പോലും കൊലപ്പെടുത്തിയിട്ടില്ലെന്നു തെളിഞ്ഞു. തോമസ് ക്വിവ്കിന്റെ ‘കുറ്റസമ്മത’ മൊഴികൾ പൊലീസിനെ എങ്ങനെയാണു വഴി തെറ്റിച്ചത്? പൊലീസിനെ വിശ്വസിപ്പിക്കുന്ന തരത്തിൽ കൊലപാതകങ്ങൾ ഏറ്റെടുത്ത്, കുറ്റകൃത്യങ്ങളുടെ നടത്തിപ്പുരീതികൾ തെളിവുകൾ സഹിതം വിവരിക്കാൻ അയാൾക്കെങ്ങനെ കഴിഞ്ഞു?

ഈ അന്വേഷണം എത്തിയത് അയാൾ മാനസിക ചികിത്സ തേടിയ ആശുപത്രിയിലാണ്. തോമസിനു ഡോക്ടർമാർ സ്ഥിരമായി കുറിച്ചിരുന്ന ‘ബെൻസോഡയാസപീൻ’ എന്ന മരുന്നു പ്രത്യേക രീതിയിലാണ് അയാളുടെ ശരീരത്തിൽ പ്രവർത്തിച്ചത്. ഈ മരുന്നു കഴിച്ചിരുന്ന ഘട്ടത്തിൽ തോമസ് കേൾക്കുന്നതും വായിക്കുന്നതുമായ മുഴുവൻ വാർത്തകളിലും അയാളാണു കേന്ദ്രകഥാപാത്രമെന്നു തോന്നിപ്പിക്കുന്ന പ്രത്യേക മാനസികാവസ്ഥയിൽ അയാളെത്തിയിരുന്നു.

സ്വസ്ഥതയില്ലാത്ത കുടുംബസാഹചര്യത്തിലാണു തോമസ് ജനിച്ചതും വളർന്നതും. സന്തോഷവും സൗഭാഗ്യവുമുള്ള മുഴുവൻ സമപ്രായക്കാരോടും അയാൾക്കു ദേഷ്യം കലർന്ന അസൂയ വളർന്നു. യുവാവായതോടെ മാനസിക നിലതെറ്റി മരുന്നു കഴിക്കാൻ തുടങ്ങിയപ്പോൾ പണ്ടെങ്ങോ കൊല്ലപ്പെട്ട തന്റെ സമപ്രായക്കാരുടെ തെളിയാത്ത കേസുകളിലെ കൊലയാളി താനാണെന്ന് അയാൾ സ്വയം വിശ്വസിക്കാൻ തുടങ്ങി. ഇത്തരം കുറ്റസമ്മത മൊഴികൾ തനിക്കുണ്ടാക്കിയ ‘കുപ്രസിദ്ധി’ തോമസ് ആസ്വദിക്കാനും തുടങ്ങി. പത്രമാധ്യമങ്ങളിൽ അയാളുടെ വലിയ പടങ്ങൾ അച്ചടിച്ചു വരുന്നത് ആവേശമായി. 

ഇതോടെ തെളിയാത്ത കൊലക്കേസുകളെക്കുറിച്ചു കൂടുതൽ പഠിച്ചു കുറ്റസമ്മത മൊഴികൾ നൽകാൻ തുടങ്ങി. സാധാരണ കുറ്റവാളികൾ പൊലീസിന്റെ ചോദ്യങ്ങൾക്കു തെറ്റായ മറുപടി നൽകി തടിതപ്പാൻ നോക്കുന്നതിനു പകരം കേസുകൾ തെളിയാൻ എന്തുത്തരമാണോ പൊലീസ് തന്നിൽ നിന്നു പ്രതീക്ഷിക്കുന്നത് അതേ ഉത്തരങ്ങൾ വിശ്വസനീയമായ രീതിയിൽ കുറ്റസമ്മത മൊഴികളുടെ രൂപത്തിൽ നൽകി. കഴിഞ്ഞ വർഷം തോമസ് ക്വിവ്കിന്റെ ജീവിതം ഒരു സ്വീഡിഷ് സിനിമയായി ‘ ദ് പെർഫക്ട് പേഷ്യന്റ്’ എന്ന പേരിൽ. ചില കേസുകൾ ഇങ്ങനെയുമുണ്ട്, ശിക്ഷിക്കപ്പെടുന്ന എല്ലാവരും കുറ്റവാളിയാകണമെന്നില്ല.

English Summary : People Those Who Found Pleasure In Negative Publicity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ