കറന്റ് പോയാൽ മുഖ്യമന്ത്രിയെ വിളിക്കണോ?

HIGHLIGHTS
  • ജനങ്ങളുമായി നേരിട്ട് ഇടപെട്ടിരുന്ന കേരളത്തിലെ മുഖ്യമന്ത്രിമാർ
Oommen Chandy
ഉമ്മൻ ചാണ്ടി
SHARE

നിവേദനം നൽകാൻ ഒരു സുഹൃത്ത് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തുന്നതു കാത്തിരിക്കുകയാണ്. അച്ഛന്റെ അർഹതപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ ചെറിയ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ വൈകിക്കുന്നതിനെതിരെയാണ് നിവേദനം. മുഖ്യമന്ത്രിയെ കാണാൻ ശുപാർശയ്ക്കായി എന്നെ സമീപിച്ചിരുന്നു. ന്യായമായ ആവശ്യത്തിന് ശുപാർശ വേണ്ടെന്നു പറഞ്ഞു നോക്കിയെങ്കിലും സുഹൃത്ത് സമ്മതിച്ചില്ല. ദീർഘയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി എത്തുന്നതേയുള്ളു. മുഖ്യമന്ത്രി എത്തിയാലുടൻ അറിയിക്കാൻ പറഞ്ഞു. അതനുസരിച്ച് മുഖ്യമന്ത്രി എത്തിയപ്പോൾ അദ്ദേഹം സിഗ്നൽ തന്നു.

ഉമ്മൻചാണ്ടിയെ ബന്ധപ്പെടാനായി ക്ലിഫ് ഹൗസിലേക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആദ്യം ഗൺമാൻ ആണ് ഫോൺ എടുക്കുക. അതിനുശേഷം മുഖ്യമന്ത്രിക്ക് കണക്ട് ചെയ്യും. പലതവണ വിളിച്ചിട്ടും ആരും ഫോണെടുക്കുന്നില്ല. ഞാൻ അൽപം അസ്വസ്ഥനായി. ഒടുവിൽ ഫോൺ എടുത്തപ്പോൾ അൽപം നീരസത്തോടെ ചോദിച്ചു. ‘എന്താ അവിടെ ഫോൺ എടുക്കാൻ ആരുമില്ലേ?’

‘സോറി, ബല്ലടിച്ചത് ഞാൻ കേട്ടില്ലായിരുന്നു’ എന്ന് ക്ഷമാപണ സ്വരത്തിൽ മറുപടി. അത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വരമായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ പരുങ്ങലിലായി. ‘ഞാൻ കരുതി ഗൺമാൻ ആണെന്ന്’ എന്ന് ചെറിയൊരു ചമ്മലോടെ പറഞ്ഞപ്പോൾ ഉമ്മൻചാണ്ടിയുടെ മറുപടി: ‘അതു സാരമില്ല. ഗൺമാൻ ഊണ് കഴിക്കുകയാണ്’. കാര്യം പറഞ്ഞു. സൃഹൃത്ത് അപ്പോൾത്തന്നെ മുഖ്യമന്ത്രിയെ കണ്ടു. പെൻഷനും ശരിയായി.

മറ്റൊരിക്കൽ ക്ലിഫ് ഹൗസിലെ മുഖ്യമന്ത്രിയുടെ ഓഫിസ് മുറിയിൽ ഞാൻ ഇരിക്കുന്നു. പുറത്തു നിന്നു ഗൺമാൻ കണക്ട് ചെയ്ത ഫോൺകോളിൽ അദ്ദേഹം മറുപടി പറയുകയാണ്. ‘ഇതുവരെ കിട്ടിയില്ലേ? ഇപ്പോൾ വിളിക്കാം. ശരിയാക്കാം.’

ആരാണു വിളിച്ചതെന്ന് ഗൺമാനോടു സ്വകാര്യത്തിൽ ചോദിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ ഏതോ ഒരു വീട്ടിൽനിന്നു ഗൃഹനാഥൻ വിളിച്ചതാണ്. ആറു മണിക്കൂറായി അദ്ദേഹത്തിന്റെ വീട്ടിൽ കറന്റില്ല. നേരത്തെ വിളിച്ചു മുഖ്യമന്ത്രിയോടു പറഞ്ഞത്രേ. മണിക്കൂറുകൾ കഴിഞ്ഞിട്ടും കറന്റ് കിട്ടിയിട്ടില്ല. അതു ശരിയാക്കാൻ താൻ കോഴിക്കോട് വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയറോടു പറഞ്ഞിട്ടുണ്ടെന്നും ഉടനെ കിട്ടുമെന്നും മുഖ്യമന്ത്രി ആശ്വസിപ്പിക്കുന്നു.

തിരുവമ്പാടിയിൽ വൈദ്യുതി പോകുമ്പോൾ മുഖ്യമന്ത്രി ഇടപെടേണ്ടതുണ്ടോ? ആ ചോദ്യമാണ് എന്റെ മനസ്സിൽ ആദ്യമെത്തിയത്. പക്ഷേ കറന്റ് പോകുമ്പോഴും മുഖ്യമന്ത്രിയെ വിളിച്ചു പരാതിപ്പെടാം എന്നൊരു പൗരനുള്ള തോന്നൽ പ്രധാനമാണ്. എന്നുമാത്രമല്ല, മാനുഷിക പരിഗണനയോടെ അത്തരം പരാതികൾക്കു മറുപടി കിട്ടുന്നു എന്നുള്ളതും പ്രധാനമാണ്. അതാണ് ഉമ്മൻചാണ്ടിയെ കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാക്കിയതെന്നു തോന്നുന്നു.

തിരുവമ്പാടിയിലെ ഒരു വീട്ടിൽ കറന്റ് പോയാൽ അത് മുഖ്യമന്ത്രിയോടാണോ പറയേണ്ടത് എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ആളുകൾക്ക് എപ്പോഴും നിവേദനങ്ങളുമായി കയറിയിറങ്ങാൻ ഉള്ളതാണോ മുഖ്യമന്ത്രിയുടെ ഓഫിസും വീടും എന്നും ചോദിക്കാം. മുഖ്യമന്ത്രിക്ക് തിരക്കിട്ട ഒട്ടേറെ ജോലികളുണ്ടെന്നു വാദിക്കാം. പക്ഷേ എത്ര തിരക്കിനിടയിലും ഉമ്മൻ ചാണ്ടി ആ വിളികളെ സ്വാഗതം ചെയ്യുന്നു.

കോവിഡ് ലോക്ഡൗൺ കാലത്തും പ്രത്യേക അധികാരങ്ങളില്ലാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിലിരുന്ന് ഉമ്മൻ ചാണ്ടി ഇന്ത്യയിലും വിദേശത്തും നൂറുകണക്കിനാളുകളെ എങ്ങനെ സഹായിച്ചു എന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ എഴുതിയ ‘കോവിഡ്  കാലത്തെ കുഞ്ഞുകുഞ്ഞ്’ എന്ന പുസ്തകത്തിലുണ്ട്. ഓരോന്നും ഓരോ കഥ. 

തിരഞ്ഞെടുപ്പിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ, ഭരണവും അധികാരവുമില്ലാതിരിക്കുമ്പോഴും ഈ പ്രായത്തിലും ഉമ്മൻ ചാണ്ടിയുടെ ജനപ്രീതി ബഹുദൂരം മുന്നിലെത്തിക്കുന്നതിന്റെ രഹസ്യമിതാവാം. ആവലാതിയും സങ്കടവുമായി എത്തുന്നവർക്കു മുന്നിൽ പുതപ്പള്ളി ഹൗസ് നാളെയും തുറന്നു തന്നെ കിടക്കും.

K Karunakaran
കരുണാകരൻ

ആർക്കും എപ്പോഴും നേരിട്ടു കണ്ട് നിവേദനം നൽകാൻ കഴിയുന്ന ജനപ്രിയ നേതാവായിരുന്നു കെ. കരുണാകരനും. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓഫിസിലും വസതിയിലും നിവേദകർക്കായി വാതിൽ തുറന്നിട്ടിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ എത്ര ചെറുതോ വലുതോ ആകട്ടെ അതു നേരിട്ടു കേൾക്കാനും ആശ്വസിപ്പിക്കാനും പരിഹാരം കണ്ടെത്താനും കരുണാകരനു പ്രത്യേക കഴിവുണ്ടായിരുന്നു.

AK Antony
എ.കെ. ആന്റണി

എ.കെ. ആന്റണിയും ജനകീയതയിൽ ഒട്ടും പിന്നിലായിരുന്നില്ല. ആർക്കും അദ്ദേഹത്തെ കാണാമായിരുന്നു. പക്ഷേ നിവേദകർക്കായി വാതിൽ തുറന്നിട്ടില്ല. അപ്പോയ്ൻമെന്റ് എടുക്കണമായിരുന്നു എന്നുമാത്രം. നിയമാനുസൃതമായ പരിഹാരവും ഉടനെ ഉണ്ടാകുമായിരുന്നു. എന്നാൽ നിവേദകരുടെ ആൾക്കൂട്ടത്തിനു മുന്നിൽ ദീർഘനേരം ക്ഷമയോടെ നിൽക്കാൻ ആന്റണിക്കു കഴിയുമായിരുന്നില്ല.

EK Nayanar
ഇ.കെ. നയനാർ

സിപിഎം മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനകീയൻ ഇ.കെ. നായനാരായിരുന്നു. അദ്ദേഹത്തിന്റെ മുറിയിൽ എത്താൻ ചില കടമ്പകൾ കടക്കണം. എന്നാൽ ഒരിക്കൽ മുറിയിലെത്തിക്കഴിഞ്ഞാൽ ധാർഷ്ട്യമോ കാലുഷ്യമോ ഇല്ലാതെ സാധാരണക്കാരനെപ്പോലെ അദ്ദേഹം സംസാരിക്കും. പാർട്ടി ലൈനിൽ പരിഹരിക്കും.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ ഓഫിസിലേക്ക് എത്തുക അത്ര ദുഷ്കരമായിരുന്നില്ല. ജനകീയ പ്രശ്നങ്ങളുമായി ചെല്ലുന്നവരോട് വിഎസ് എന്നും പരിഗണന കാണിച്ചിരുന്നു. അഴിമതിയോ പീഡനമോ ആണ് വിഷയമെങ്കിൽ അപ്പോൾത്തന്നെ ശക്തമായി പ്രതികരിക്കും, ഏറ്റെടുക്കും.

VS
വി. എസ്. അച്യുതാനന്ദൻ

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. സാധാരണക്കാർക്കു പോയിട്ട് സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിക്കു പോലും അദ്ദേഹത്തിന്റെ മുറിയിലേക്ക് എളുപ്പത്തിൽ കടന്നു ചെല്ലാനാവില്ല. സാധാരണക്കാർക്കാകട്ടെ അതൊരു ബാലികേറാമല. പത്രക്കാർക്ക് ഇരുമ്പുമറയും .

ഇന്ന് ഒരു സാധാരണ പത്രലേഖകനു മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖാമുഖം കാണുന്നത് അജൻഡയിലില്ല. എന്തിന്, സെക്രട്ടേറിയറ്റ് വളപ്പിലേക്കു കടക്കുന്നതു പോലും ബുദ്ധിമുട്ട്. പത്രലേഖകന്റെ അക്രഡിറ്റേഷൻ കാർഡിന് കടലാസിന്റെ വിലയില്ല. അക്രഡിറ്റേഷൻ കാർഡ് കാണിച്ചാൽ സെക്യൂരിറ്റി ജീവനക്കാരൻ ചിരിക്കും. ആരെയാണോ കാണാൻ പോകുന്നത് ആ ഉദ്യോഗസ്ഥന്റെ പേരുവിവരം ഗേറ്റിൽ നൽകി കാത്തു നിൽക്കണം. അദ്ദേഹം വിളിച്ച് അറിയിച്ചാൽ മാത്രമേ ഗേറ്റിൽനിന്ന് അകത്തേക്കു പ്രവേശനമുള്ളൂ. സെക്രട്ടേറിയറ്റ് മന്ദിരത്തിൽ എത്തിയാലും ഓരോ വാതിലിലും അനുമതി വാങ്ങി വേണം ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മുന്നിലെത്താൻ. നോർത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നാലാം നിലയിലേക്ക് ഈച്ചയ്ക്കു പോലും കടക്കാനാവില്ല. അതിനെ ഒരു ഭരണാധിക്കാരിയുടെ ധാർഷ്ട്യമായി  കരുതുന്നവരുണ്ട്. ഇതൊരു ഭരണശൈലിയാണെന്നു പറയുന്ന വരുമുണ്ട്. ആ ധാർഷ്ട്യം ഇഷ്ടപ്പെടുന്നവരുമുണ്ടാവാം. സർവേ ഫലം അതാണല്ലോ കാണിക്കുന്നത്.

1200-CM-Pinarayi-Vijayan
പിണറായി വിജയൻ

പക്ഷേ ഒരു മലയാളി തന്റെ നേതാവിനെ, മുഖ്യമന്ത്രിയെ എപ്പോൾ വേണമെങ്കിലും നേരിട്ടു കാണാൻ കഴിയുക എന്നത് അവകാശമായി കരുതുന്നു. താൻ ആവശ്യപ്പെടുന്ന കാര്യം നടന്നാലും ഇല്ലെങ്കിലും നേതാവിന്റെ മുന്നിൽ നേരിട്ട് അവതരിപ്പിക്കുക എന്നത് അവന്റെ അഭിലാഷവും.

English Summary : Thalakkuri Column by John Mundakkayam - Kerala chief ministers who directly interacted with public

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.