ഭീകരരെ സഹായിക്കുന്നതിനു ശിക്ഷ
ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) അഥവാ സാമ്പത്തിക നടപടിക്കുളള കര്‍മസേന എന്നു പറഞ്ഞാല്‍ എന്താണെന്ന് അധികമാര്‍ക്കും അറിയാന്‍ ഇടയില്ല. എന്നാല്‍,പാക്കിസ്ഥാന് അതൊരു പേടി സ്വപ്നമാണ്. കള്ളപ്പണം വെളുപ്പിക്കുകയും ഭീകരര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നതു തടയാന്‍
ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) അഥവാ സാമ്പത്തിക നടപടിക്കുളള കര്‍മസേന എന്നു പറഞ്ഞാല്‍ എന്താണെന്ന് അധികമാര്‍ക്കും അറിയാന്‍ ഇടയില്ല. എന്നാല്‍,പാക്കിസ്ഥാന് അതൊരു പേടി സ്വപ്നമാണ്. കള്ളപ്പണം വെളുപ്പിക്കുകയും ഭീകരര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നതു തടയാന്‍
ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) അഥവാ സാമ്പത്തിക നടപടിക്കുളള കര്‍മസേന എന്നു പറഞ്ഞാല്‍ എന്താണെന്ന് അധികമാര്‍ക്കും അറിയാന്‍ ഇടയില്ല. എന്നാല്‍,പാക്കിസ്ഥാന് അതൊരു പേടി സ്വപ്നമാണ്. കള്ളപ്പണം വെളുപ്പിക്കുകയും ഭീകരര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നതു തടയാന്‍
ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) അഥവാ സാമ്പത്തിക നടപടിക്കുളള കര്‍മസേന എന്നു പറഞ്ഞാല്‍ എന്താണെന്ന് അധികമാര്‍ക്കും അറിയാന്‍ ഇടയില്ല. എന്നാല്‍,പാക്കിസ്ഥാന് അതൊരു പേടി സ്വപ്നമാണ്.
കള്ളപ്പണം വെളുപ്പിക്കുകയും ഭീകരര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നതു തടയാന്‍ രൂപീകരിക്കപ്പെട്ട ഒരു രാജ്യാന്തര സംഘടനയാണ് എഫ്എടിഎഫ്. പാക്കിസ്ഥാനാണെങ്കില്‍ ഭീകരര്‍ക്കു വെളളവും വളവും താവളവും നല്‍കുന്ന കാര്യത്തില്‍ കുപ്രസിദ്ധിനേടിയ ഒരു രാജ്യവും.
പാക്കിസ്ഥാനെ ഇതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എഫ്എടിഎഫ്. പക്ഷേ അതിനുവേണ്ടി അവര്‍ ആവശ്യപ്പെട്ടതു പ്രകാരമുള്ള നടപടികള്‍ എടുക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ നിരന്തരമായി വീഴ്ച വരുത്തുന്നു. അങ്ങനെ രണ്ടു വര്‍ഷമായി എഫ്എടിഎഫിന്‍റെ നോട്ടപ്പുള്ളികളുടെ പട്ടികയിലുമായി.
പാക്കിസ്ഥാനു കൂട്ടായി മറ്റു ചില രാജ്യങ്ങളും ഇപ്പോള്‍ ഈ പട്ടികയിലുണ്ട്. ഉദാഹരണം : അല്‍ബേനിയ, ബഹാമാസ്, ബാര്‍ബഡോസ്, ജമൈക്ക, ഘാന, ബോത്സ്വാന, കംബോഡിയ, ഐസ്ലന്‍ഡ്, മൗറീഷ്യസ്, മംഗോളിയ, മ്യാന്‍മര്‍, നിക്കരാഗ്വ, പാനമ, സിറിയ, യുഗാണ്ട, യെമന്‍, സിംബാബ്‌വെ
ഗ്രേലിസ്റ്റ് അഥവാ ചാരനിറത്തിലുള്ള പട്ടിക എന്നാണ് ഇതറിയപ്പെടുന്നതെങ്കിലും പട്ടികയ്ക്കു പ്രത്യേക നിറമൊന്നുമില്ല. എഫ്എടിഎഫുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലാക്ക്‌ലിസ്റ്റ് അഥവാ കരിമ്പട്ടികയാണ് അതിന്‍റെ തൊട്ടുമുകളില്‍. കരിമ്പട്ടികയില്‍ ഇപ്പോഴുള്ളതു വെറും രണ്ടു രാജ്യങ്ങളാണ്-ഉത്തര കൊറിയയും ഇറാനും.
അതിനകത്തു പെട്ടുപോയാല്‍ പാക്കിസ്ഥാന്‍ നേരിടേണ്ടിവരിക അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയായിരിക്കും. ഉദാഹരണത്തിനു രാജ്യാന്തര നാണയ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് (എഡിബി), യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍നിന്നു ധനസഹായം കിട്ടാതാകും. ഇപ്പോള്‍തന്നെ പാക്കിസ്ഥാന്‍ സാമ്പത്തികമായി വലിയ ഞെരുക്കത്തിലാണ്.
ഗ്രേലിസ്റ്റില്‍ അകപ്പെട്ടുപോയ കാരണത്താല്‍തന്നെ പാക്കിസ്ഥാന്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അതിനാല്‍ അതില്‍നിന്നു രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മൂന്നു ദിവസം (ഒക്ടോബര്‍ 21-23) നടന്ന എഫ്എടിഎഫ് യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുന്നതു കാത്തിരിക്കുകയുമായിരുന്നു. പക്ഷേ, പാക്കിസ്ഥാനെ ഗ്രേലിസ്റ്റില്‍തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചുകൊണ്ടാണ് യോഗം സമാപിച്ചത്.
ഏറ്റവുമൊടുവില്‍ എഫ്എടിഎഫ് ആവശ്യപ്പെട്ടതു പ്രകാരം 27 കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ ഫലപ്രദമായ നടപടി എടുക്കേണ്ടതായിരുന്നു. പക്ഷേ 21 കാര്യങ്ങളില്‍ മാത്രമേ നടപടി ഉണ്ടായുളളൂവെന്ന നിഗമനത്തിലാണ് യോഗം എത്തിച്ചേര്‍ന്നത്.
നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ അതു നിയമവിധേയമായ മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമായി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. അതിനുവേണ്ടി ബാങ്ക് ഇടപാടുകളും വാണിജ്യ ഇടപാടുകളും ഉപയോഗപ്പെടുത്തുന്നു. മണി ലോണ്ടറിങ് അഥവാ കള്ളപ്പണം വെളുപ്പിക്കല്‍ എന്നറിയപ്പെടുന്ന ഇതു ദീര്‍ഘകാലമായി നടന്നുവരുന്നതാണ്. രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഇത് അട്ടിമറിക്കുന്നു.
ഇതു തടയുന്നതിനുവേണ്ടി 1989ല്‍ പാരിസ് ആസ്ഥാനമായി രൂപംകൊണ്ട ഒരു രാജ്യാന്തര സംഘടനയാണ് എഫ്എടിഎഫ്. ഇത്തരമൊരു സംവിധാനം കൂടിയേ തീരൂവെന്നത് ലോകത്തെ ഏഴു വന്‍ സാമ്പത്തിക കൂട്ടായ്മയായ ജി-7 ന്‍റെ ആ വര്‍ഷത്തെ പാരിസ് ഉച്ചകോടിയുടെ തീരുമാനമായിരുന്നു.
ആദ്യം 16 അംഗങ്ങളുണ്ടായിരുന്നതു പിന്നീട് 37 ആയി വര്‍ധിച്ചു. 27 അംഗ യൂറോപ്യന്‍ യൂണിയന്‍റെ ഭരണനിര്‍വഹണ സമിതിയായ യൂറോപ്യന്‍ കമ്മിഷന്‍, ആറു അറബ് ഗള്‍ഫ് രാജ്യങ്ങളുടെ സംഘടനയായ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) എന്നിവയും അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഐഎംഎഫ്, ലോകബാങ്ക്, എഡിബി എന്നിവയ്ക്ക് എഫ്എടിഎഫില്‍ നിരീക്ഷക പദവിയുമുണ്ട്.
എഫ്എടിഎഫ് രൂപം കൊണ്ടശേഷം 12 വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അമേരിക്കയില്‍ 2001 സെപ്റ്റംബറില്‍ നടന്ന ഭീകരാക്രമണം. അതിലും കളളപ്പണം നിര്‍ണായക പങ്കുവഹിച്ചതായി കണ്ടെത്തി. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ഭീകര സംഘടനകളായ ലഷ്ക്കറെ തയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാവുന്നതു കള്ളപ്പണമാണ്.
അതിനെതിരെയും കര്‍ശന നടപടികള്‍ എടുക്കേണ്ടത് ആവശ്യമായിത്തീര്‍ന്നു. അങ്ങനെയാണ് ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടയ്ക്കാനുള്ള യജ്ഞവും എഫ്എടിഎഫിന്‍റെ മുഖ്യമായ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ ഒന്നായത്.
ഗ്രേലിസ്റ്റില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെട്ടത് 2018 ജൂണിലാണ്. നേരത്തെയും ഈ പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും2015ല്‍ പുറത്തുകടക്കുകയുണ്ടായി. 2018ല്‍ വീണ്ടും ഗ്രേലിസ്റ്റിലായ ശേഷം രണ്ടുതവണ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഘട്ടംവരെ എത്തുകയും ചെയ്തു. ചൈന, തുര്‍ക്കി, മലേഷ്യ എന്നിവയുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് 27 കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കര്‍മപദ്ധതി എഫ്എടിഎഫ് പാക്കിസ്ഥാന്‍റെ മുന്നില്‍ വച്ചത്. മൂന്നു മാസത്തിനകം അതു നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീഴ്ച വരുത്തിയാല്‍ കരിമ്പട്ടികയില്‍ ആകുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
ജൂണില്‍ ചേരേണ്ടിയിരുന്ന അടുത്തയോഗം കോവിഡ് മഹാമാരി കാരണം ഈ മാസംവരെ മാറ്റിവച്ചതിനാല്‍ കര്‍മ പദ്ധതി പൂര്‍ണമായി നടപ്പാക്കാന്‍ മൊത്തം എഴു മാസമാണ് പാക്കിസ്ഥാനു കിട്ടിയത്. എന്നിട്ടും അതു പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല. അതിനു വേണ്ടി പാക്കിസ്ഥാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നില്ലെന്നാണ് വിമര്‍ശനം.
ഇതിനുള്ള കാരണവും സുവിദിതമാണ്. ലഷ്ക്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നിവ പോലുള്ള ഭീകര സംഘടനകളെ ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്താനായി പാക്കിസ്ഥാന്‍തന്നെ വളര്‍ത്തിക്കൊണ്ടുവന്നതാണ്.
അവയുടെ നേതാക്കളായ ഹാഫിസ് സയീദ്, മസൂദ് അസ്ഹര്‍ തുടങ്ങിയവര്‍ പാക്ക് സൈനിക ചാരവിഭാഗമായ ഐസ്ഐയുടെ ആജ്ഞാനുവര്‍ത്തികളാണെന്നതും രഹസ്യമല്ല. അതിനാല്‍, ഭീകരരെ ക്ഷീണിപ്പിക്കുകയോ നിഷ്ക്രിയരാക്കുകയോ ചെയ്യുന്ന നടപടികള്‍ എടുക്കാന്‍ പാക്കിസ്ഥാന്‍ അറച്ചുനില്‍ക്കുന്നു.
ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ട അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ നിയമത്തിനു മുന്‍പാകെ കൊണ്ടുവരുന്നതില്‍ സഹകരിക്കാനും ഇസ്ലാമാബാദിലെ ഭരണകൂടം വിസമ്മതിക്കുന്നു. ഇത്തരം നിലപാടുകള്‍ രാജ്യാന്തര സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റില്ലെന്ന വ്യക്തമായ സന്ദേശമാണ് എഫ്എടിഎഫ് ഒരിക്കല്‍കൂടി പാക്കിസ്ഥാനു നല്‍കിയിരിക്കുന്നത്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharagnom : The global Financial Action Task Force (FATF) has retained Pakistan on the grey list