പുതുവര്‍ഷത്തില്‍ ബ്രിട്ടന് പുതുവഴി
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്‍റെ വേര്‍പെടല്‍ അഥവാ ബ്രെക്സിറ്റ് പൂര്‍ണമായി. 47 വര്‍ഷംപഴക്കമുള്ള ബന്ധം ഈ വര്‍ഷം ജനുവരി 31നുതന്നെ ഔപചാരികമായി അവസാനിച്ചിരുന്നു. എങ്കിലും, ഇനിയങ്ങോട്ടുള്ള ബന്ധത്തെക്കുറിച്ചുഒത്തുതീര്‍പ്പായിരുന്നില്ല. ഒടുവില്‍ 11
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്‍റെ വേര്‍പെടല്‍ അഥവാ ബ്രെക്സിറ്റ് പൂര്‍ണമായി. 47 വര്‍ഷംപഴക്കമുള്ള ബന്ധം ഈ വര്‍ഷം ജനുവരി 31നുതന്നെ ഔപചാരികമായി അവസാനിച്ചിരുന്നു. എങ്കിലും, ഇനിയങ്ങോട്ടുള്ള ബന്ധത്തെക്കുറിച്ചുഒത്തുതീര്‍പ്പായിരുന്നില്ല. ഒടുവില്‍ 11
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്‍റെ വേര്‍പെടല്‍ അഥവാ ബ്രെക്സിറ്റ് പൂര്‍ണമായി. 47 വര്‍ഷംപഴക്കമുള്ള ബന്ധം ഈ വര്‍ഷം ജനുവരി 31നുതന്നെ ഔപചാരികമായി അവസാനിച്ചിരുന്നു. എങ്കിലും, ഇനിയങ്ങോട്ടുള്ള ബന്ധത്തെക്കുറിച്ചുഒത്തുതീര്‍പ്പായിരുന്നില്ല. ഒടുവില്‍ 11
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്‍റെ വേര്‍പെടല്‍ അഥവാ ബ്രെക്സിറ്റ് പൂര്‍ണമായി. 47 വര്‍ഷം പഴക്കമുള്ള ബന്ധം ഈ വര്‍ഷം ജനുവരി 31നുതന്നെ ഔപചാരികമായി അവസാനിച്ചിരുന്നു. എങ്കിലും, ഇനിയങ്ങോട്ടുള്ള ബന്ധത്തെക്കുറിച്ചു ഒത്തുതീര്‍പ്പായിരുന്നില്ല. ഒടുവില്‍ 11 മാസത്തിനുശേഷം ഇക്കഴിഞ്ഞ ക്രിസ്മസിന്‍റെ തലേന്ന് അതുമായി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രകടമായ ആഹ്ളാദത്തോടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബ്രെക്സിറ്റിനുവേണ്ടി ഏറ്റവും വീറോടെ വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരില്‍ ഒരാളാണ് അദ്ദേഹം.
യൂറോപ്യന്‍ യൂണിയന്‍റെ (ഇയു) ഭരണനിര്‍വഹണ വിഭാഗമായ യൂറോപ്യന്‍ കമ്മിഷന്‍റെ ജര്‍മന്‍കാരിയായ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലയന്‍ ആഹ്ളാദമൊന്നും പ്രകടിപ്പിച്ചില്ല, ആശ്വാസമുണ്ടെന്നുമാത്രം പറഞ്ഞു. പക്ഷേ, അവരുടെ ആശ്വാസം ബ്രിട്ടന്‍ വിട്ടുപോയതിലല്ല, കീറാമുട്ടിയെന്നു കരുതിയിരുന്ന പല പ്രശ്നങ്ങളിലും വൈകിയ വേളയിലെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞതിലായിരുന്നു.
ലണ്ടനിലും ഇയു ആസ്ഥാനമായ ബ്രസ്സല്‍സിലുമായി നടന്ന അത്യന്തം ക്ളേശകരമായ ചര്‍ച്ചകള്‍ വിജയിച്ചിരുന്നില്ലെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ ഒത്തുതീര്‍പ്പില്ലാതെ തന്നെ ബ്രിട്ടന്‍ ഒഴിഞ്ഞുപോയേനെ. അങ്ങനെയാണ് ജോണ്‍സന്‍ പ്രഖ്യാപിച്ചിരുന്നത്. അതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ച് ബ്രിട്ടനില്‍തന്നെ പലരും ആശങ്കാകുലരായിരുന്നു.
ബ്രസ്സല്‍സിലെ ഇയു കാര്യാലയത്തില്‍നിന്നു ജനുവരി 31നു ബ്രിട്ടീഷ് പതാക നീക്കം ചെയ്തുവെങ്കിലും ഭാവി ബന്ധത്തെക്കുറിച്ചുള്ള തീരുമാനത്തിന്‍റെ അഭാവത്തില്‍ ബിട്ടന് ഇയു നിയമങ്ങള്‍ തുടര്‍ന്നും അനുസരിക്കേണ്ടിവന്നു. വ്യാപാരം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലുമുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അടങ്ങിയ ആയിരത്തിലേറെ പേജുകളുള്ള കരാറാണ് തയാറായിരിക്കുന്നത്. പുതുവര്‍ഷാംരംഭം മുതല്‍ക്കുള്ള ഇയു-ബ്രിട്ടന്‍ ബന്ധം അതനുസരിച്ചായിരിക്കും.
കഴിഞ്ഞ നൂറ്റാണ്ടില്‍ യൂറോപ്പിലാകെ നാശം വിതച്ച രണ്ടു മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ രൂപംകൊണ്ടതാണ് എഴുപതോളം വര്‍ഷങ്ങള്‍ക്കിടയില്‍ പല മാറ്റങ്ങളിലൂടെയും കടന്നുവന്ന ഇയു. വ്യാപാര ബന്ധത്തിലൂടെ സാമ്പത്തിക രംഗത്തു രാജ്യങ്ങള്‍ തമ്മില്‍ ഒത്തുചേരുന്നത് യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുമെന്ന ആശയത്തില്‍നിന്നായിരുന്നു അതിന്‍റെ ഉല്‍ഭവം. അക്കാര്യത്തില്‍ ഇയു കൈവരിച്ച വിജയത്തിനുള്ള അംഗീകാരമായിരുന്നു 2012ല്‍ അതിനു ലഭിച്ച നൊബേല്‍ സമാധാന സമ്മാനം.
ഫ്രാന്‍സും പശ്ചിമ ജര്‍മനിയും ഉള്‍പ്പെടെ ആറു രാജ്യങ്ങള്‍ ചേര്‍ന്നു 1951ല്‍ രൂപംനല്‍കിയ യൂറോപ്യന്‍ കോള്‍ ആന്‍ഡ് സ്റ്റീല്‍ കമ്യൂണിറ്റിയാണ് പടിപടിയായി വികസിച്ച് 1957ല്‍ യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയും (ഇഇസി) 1993ല്‍ യൂറോപ്യന്‍ യൂണിയനുമായത്. പല ഘട്ടങ്ങളിലായി അംഗ സംഖ്യ വര്‍ധിച്ച് ഒടുവില്‍ 28 ആയി. ബ്രിട്ടന്‍ വിട്ടുപോയതോടെ 27.
മുന്‍പൊരിക്കലും ആരും വിട്ടുപോയിരുന്നില്ല. ഇയുവിന്‍റെ മുന്‍ഗാമിയായ ഇഇസിയില്‍ 1973ല്‍ ബ്രിട്ടന്‍ ചേര്‍ന്നതുതന്നെ 16 വര്‍ഷത്തോളം മടിച്ചുനിന്ന ശേഷമാണ്. എന്നിട്ടും ഇയുവിന്‍റെ പൊതു കറന്‍സിയായ യൂറോ ഉപയോഗിക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചു. പൗണ്ട് തന്നെ തുടര്‍ന്നു.
ഇയുവില്‍ ചേരുന്നതിനെ ബ്രിട്ടനിലെതന്നെ ഒരു വിഭാഗം എതിര്‍ത്തുവെങ്കിലും 1975ലെ ഹിതപരിശോധനയില്‍ അനുകൂലമായി വോട്ടു ചെയ്തതു 67 ശതമാനം പേരായിരുന്നു. പക്ഷേ, എതിര്‍പ്പുകള്‍ അവസാനിച്ചില്ല. കാലക്രമത്തില്‍ ഇഇസി ഇയുവായി വളരുകയും സംഘടനയുടെ രൂപത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരികയും ചെയ്തതോടെ ബ്രിട്ടനിലെ അസംതൃപ്തി കടുത്തു. 2016 ജൂണ്‍ 23നു വീണ്ടും ഹിതപരിശോധന നടന്നപ്പോള്‍ ഇയു അംഗത്വം വേണ്ട എന്നായിരുന്നു 52 ശതമാനം വോട്ടോടെയുള്ള വിധി.
48 ശതമാനം വോട്ടര്‍മാര്‍ എതിര്‍ത്തിട്ടും ആ വിധി നടപ്പാക്കാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായി. ബ്രെക്സിറ്റിനുവേണ്ടി ഏറ്റവും ശക്തമായി വാദിച്ചവരില്‍ ഒരാളായ കണ്‍സര്‍വേറ്റീവ് കക്ഷിനേതാവ് ബോറിസ് ജോണ്‍സന്‍ 2019ലെ തിരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായി. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍തന്നെയാണ് ബ്രിട്ടന്‍ ഇയു വിട്ടുപോയിരിക്കുന്നതും.
ഇയുവില്‍ അംഗമായതോടെ ബ്രിട്ടന് അതിന്‍റെ സമ്പത്തും സൗകര്യങ്ങളും മറ്റ് അംഗ രാജ്യങ്ങളുമായി പങ്കുവയ്ക്കേണ്ടിവന്നിരുന്നു. അതിനു പകരമായി കാര്യമായ ഒന്നും തിരിച്ചുകിട്ടുന്നില്ലെന്ന പരാതിയുമുണ്ടായി. ഇതായിരുന്നു ബ്രിട്ടനിലെ ബ്രെക്സ്റ്റ് വാദികളുടെ അസംതൃപ്തിയുടെ അടിസ്ഥാനം.
ഇയു അംഗ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഒറ്റ രാജ്യത്തിലെന്നപോലെ എവിടെയും പോയി താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യാം. ജര്‍മനി കഴിഞ്ഞാ.ല്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ബ്രിട്ടന് അതിനാല്‍ വന്‍തോതിലുള്ള കുടിയേറ്റത്തെ നേരിടേണ്ടിവന്നു. ഇയുവില്‍ ഏറ്റവുമൊടുവില്‍ അംഗത്വം നേടിയ മുന്‍ കിഴക്കന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ തൊഴില്‍തേടി ബ്രിട്ടനിലേക്ക് ഒഴുകിയതോടെ പ്രശ്നം രൂക്ഷമായി. ഇതും ബ്രെക്സിറ്റ് വാദത്തിനു വീര്യംപകരുകയായിരുന്നു.
ഇയുവിനെ മൊത്തത്തില്‍ ബാധിക്കുന്ന നിയമങ്ങള്‍ നിര്‍മിക്കുന്നത് അംഗ രാജ്യങ്ങളിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളല്ല, ഇയു ആസ്ഥാനമായ ബ്രസ്സല്‍സിലുള്ള ഇയു ഉദ്യോഗസ്ഥരാണ്. ഈ നിയമങ്ങള്‍ അംഗ രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നുവെന്നതും ബ്രെക്സിറ്റ്വാദികളെ രോഷംകൊള്ളിച്ചു. "ഞങ്ങളുടെ നിയമങ്ങളുടെയും ഭാഗധേത്തിന്‍റെയും മേലുളള നിയന്ത്രണം ഞങ്ങള്‍ വീണ്ടെടുത്തു" എന്നു ക്രിസ്മസിന്‍റെ തലേന്നു പ്രധാനമന്ത്രി ജോണ്‍സന്‍ പറഞ്ഞത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്.
ഇയുവിന്‍റെ ഏക വിപണിയില്‍നിന്നു ബ്രിട്ടന്‍ പുറത്തായെങ്കിലും ബ്രിട്ടനില്‍നിന്ന് ഇയു രാജ്യങ്ങളിലേക്കോ ഇയു രാജ്യങ്ങളില്‍നിന്നു ബ്രിട്ടനിലേക്കോ ചരക്കുകള്‍ കൊണ്ടുപോകുന്നതിനു ചുങ്കം ചുമത്തുകയോ ക്വോട്ട നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യില്ല. ഇതാണ് ഒത്തുതീര്‍പ്പിലെ ഒരു സുപ്രധാന വ്യവസ്ഥ.
മറ്റൊരു രാജ്യവുമായുള്ള വ്യാപാരത്തിലും ഇങ്ങനെയൊരു ആനുകൂല്യം ഇയു നല്‍കുന്നില്ല. എങ്കിലും, ബ്രിട്ടന്‍ പുതുതായി കസ്റ്റംസ് നടപടിക്രമങ്ങള്‍ പാലിക്കേണ്ടിവരും. ഇതു ചരക്കു ഗതാഗതത്തെ മന്ദഗതിയിലാക്കുകയും വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കാം. അതേസമയം, ഇയുവിന്‍റെ നിയന്ത്രണത്തില്‍നിന്നു വിമുക്തമാകുന്ന ബ്രിട്ടന് മറ്റേതു രാജ്യവുമായും സ്വന്തം നിലയില്‍ വ്യാപാര ബന്ധത്തിലേര്‍പ്പെടാന്‍ കഴിയുകയും ചെയ്യും.
ഇയു രാജ്യങ്ങളില്‍നിന്നു ബ്രിട്ടനിലേക്കും ബ്രിട്ടനില്‍നിന്ന് ആ രാജ്യങ്ങളിലേക്കും ഇഷ്ടംപോലെ ആളുകള്‍ പോവുകയും താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നതു മേലില്‍ നടപ്പില്ല. വീസ വേണ്ടിവരും. യാത്രക്കാരുടെ പാസ്പോര്‍ട്ടിന്‍റെ കാലാവധി അവസാനിക്കാന്‍ ആറു മാസമെങ്കിലും ബാക്കിയുണ്ടായിരിക്കുകയും വേണം.
ഇയു രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും മറ്റ് ഇയു രാഷ്ട്ര പൗരന്മാര്‍ക്കു ലഭിച്ചിരുന്ന പ്രത്യേക പരിഗണന മേലില്‍ ബ്രിട്ടീഷുകാര്‍ക്കു കിട്ടില്ല. ഇയു രാജ്യങ്ങളില്‍ 13 ലക്ഷം ബ്രിട്ടീഷുകാരും ബ്രിട്ടനില്‍ അതിന്‍റെ ഇരട്ടിയിലേറെ ഇയു പൗരന്മാരും ഉണ്ടെന്നാണ് അടുത്തകാലത്തെ ഒരു കണക്ക്.
അവസാന നിമിഷംവരെയുളള തര്‍ക്കം മീന്‍പിടിത്തത്തിന്‍റെ കാര്യത്തിലായിരുന്നു. ബ്രിട്ടന് അവകാശപ്പെട്ട സമുദ്രാതിര്‍ത്തിയില്‍ ചെന്നു മറ്റ് ഇയു രാജ്യങ്ങളില്‍നിന്നുള്ള ബോട്ടുകളും ട്രോളറുകളും യഥേഷ്ടം മീന്‍പിടിക്കുന്നുണ്ട്. ഇതു 80 ശതമാനംവരെ കറയ്ക്കണമെന്നായിരുന്നു ബ്രിട്ടന്‍റെ ആവശ്യം. ഒടുവില്‍, അഞ്ചര വര്‍ഷത്തേക്കു 25 ശതമാനം കുറയ്ക്കാന്‍ തീരുമാനമായി.
മറ്റ് ഒട്ടെറ കാര്യങ്ങളിലുമുള്ള ഈ കരാര്‍ ഇനി ബ്രിട്ടന്‍റെയും ഇയുവിന്‍റെയും പാര്‍ലമെന്‍റുകള്‍ അംഗീകരിക്കണം. ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഇന്നു സമ്മേളിക്കുകയാണ്. ഇയു പാര്‍ലമെന്‍റ് ചേരാന്‍ ഏതാനും ദിവസങ്ങള്‍ കഴിയണം. എങ്കിലും, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാവാന്‍ തടസ്സമൊന്നും പ്രതീക്ഷിക്കുന്നില്ല. ഈ വ്യവസ്ഥകള്‍ ഇരുപക്ഷങ്ങളിലെയും ഓരോരുത്തരെയും ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്നാണ് ഇനിയും അറിയാനിരിക്കുന്നത്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom - Brexit ends Britons' right to live and work in European Union