ADVERTISEMENT

അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍ ആദ്യം തന്നെ ചെയ്ത ഒരു കാര്യം തന്‍റെ രാജ്യത്തിനു ലോകഭൂപടത്തിലുളള സുപ്രധാന സ്ഥാനം വീണ്ടുംഅടയാളപ്പെടുത്തുകയാണ്. കാലാവസ്ഥ സംബന്ധിച്ച രാജ്യാന്തര ഉടമ്പടിയിലേക്കു തിരിച്ചുപോകാനുള്ള അമേരിക്കയുടെ തീരുമാനം അതാണ് ചൂണ്ടിക്കാട്ടുന്നത്. സ്ഥാനമേറ്റശേഷം ആദ്യംതന്നെ അദ്ദേഹം പുറപ്പെടുവിച്ച 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലൊന്ന് അതു സംബന്ധിച്ചുളളതാണ്. 

യുഎന്‍ ആഭിമുഖ്യത്തില്‍ 2015ല്‍ പാരിസില്‍ ചേര്‍ന്ന രാജ്യാന്തര സമ്മേളനത്തിലാണ് കാലാവസ്ഥാ ഉടമ്പടി രൂപം കൊണ്ടത്. അതിനു മുന്‍കൈയെടുത്ത അമേരിക്ക ഉള്‍പ്പെടെ 195 രാജ്യങ്ങള്‍ അതില്‍ ഒപ്പുവച്ചു. അമേരിക്കതന്നെ അതില്‍നിന്ന് ആദ്യമായി പിന്മാറുകയും ചെയ്തു. വേറെയൊരു രാജ്യവും ആ മാര്‍ഗം പിന്തുടര്‍ന്നില്ല. യുഎന്‍ സെക്രട്ടറി ജനറലിനു കത്തുനല്‍കി 30 ദിവസം കഴിയുന്നതോടെ അമേരിക്ക അതില്‍ വീണ്ടും അംഗമാകും. 

ഭൂമിയുടെ ആത്യന്തികമായ നാശത്തിനുതന്നെ കാരണമായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള ഈ ഉടമ്പടി അന്നത്തെ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഒരു വന്‍നേട്ടമായാണ് എണ്ണപ്പെട്ടിരുന്നത്. ഭൂമിയുടെ രക്ഷയ്ക്കുവേണ്ടിയുള്ള എക്കാലത്തെയും സുപ്രധാനരേഖയായി അതു വാഴ്ത്തപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ഡോണള്‍ഡ് ട്രംപിന് അതിഷ്ടമായില്ല. അമേരിക്കയെ സംബന്ധിച്ചിടത്തോളം വിനാശകരം എന്ന അഭിപ്രായത്തോടെ അദ്ദേഹം അതു തള്ളിക്കളഞ്ഞു. 

ഉടമ്പടിയില്‍നിന്ന് ഒഴിയുകയാണെന്നു 2017ല്‍തന്നെ ട്രംപ് പ്രാഖ്യാപിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ നവംബര്‍ നാലിനാണ് (പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പിറ്റേന്നു) അതു നടപ്പായത്. അതിനൊരു വര്‍ഷം മുന്‍പ് നോട്ടീസ് നല്‍കേണ്ടിവന്നു. ആദ്യത്തെ മൂന്നു വര്‍ഷത്തിനിടയില്‍ ആര്‍ക്കും ഒഴിയാനാവില്ലെന്ന് ഉടമ്പടയില്‍ തന്നെ വ്യവസ്ഥയുള്ളതിനാലാണ് അത്രയും കാലം കാത്തിരിക്കേണ്ടിവന്നത്. ട്രംപിന്‍റെ ആ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ളതാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (ജനുവരി 20) ബൈഡന്‍ പുറപ്പെടുവിച്ച ഉത്തരവ്. പാരിസ് ഉടമ്പടിയിലേക്കു മാത്രമല്ല,  കാലാവസ്ഥാ വ്യതിയാനത്തിനെതിരായ രാജ്യാന്തര സംരംഭത്തിന്‍റെ നേതൃസ്ഥാനത്തേക്കുമുള്ള അമേരിക്കയുടെ തിരിച്ചുവരവ് ഇതു വിളംബരം ചെയ്യുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കെടുതികള്‍ ലോകമൊട്ടുക്കുമുളള സാധാരണ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ശരിക്കു മനസ്സിലാക്കിയിട്ടില്ലെന്നതാണ് വാസ്തവം. മഴയുടെ അഭാവം, മഴക്കുറവ്, അതിമഴ, കാലംതെറ്റിവരുന്ന മഴ, അമിതമായ ചൂട് അല്ലെങ്കില്‍ തണുപ്പ് എന്നിവയില്‍ ഒതുങ്ങിനില്‍ക്കുകയാണ് അവരുടെ അറിവ്. പ്രളയം, കടലാക്രമണം, ജലക്ഷാമം, വരള്‍ച്ച, കൃഷിനാശം, ഭക്ഷ്യക്കമ്മി, ചുഴലിക്കാറ്റ്, ചൂടുകാറ്റ്, കാട്ടുതീ  തുടങ്ങിയ പ്രതിഭാസങ്ങളും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിലൂടെ സംഭവിക്കാം. ഉത്തര ധ്രുവത്തിലെ ഹിമക്കട്ടകള്‍ ചൂടില്‍ ഉരുകുന്നതു മൂലം സമുദ്രങ്ങളിലെ ജലവിതാനം ഉയരാനിടയുണ്ട്. അന്തരീക്ഷ വായുവും ജലസ്രോതസ്സുകളും മലിനമാകുന്നതോടെ രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. 

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. Photo by Patrick Semansky / POOL / AFP
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. Photo by Patrick Semansky / POOL / AFP

സമുദ്രവിതാനത്തില്‍നിന്ന് അധികമൊന്നും ഉയരത്തില്ലലാതെ സ്ഥിതിചെയ്യുന്ന ചില തീരപ്രദേശങ്ങളും ദ്വീപുകളും കടലിലെ വേലിയേറ്റത്തില്‍ മുങ്ങിപ്പോകാനുള്ള സാധ്യതയുമുണ്ട്. നമ്മുടെ അയല്‍രാജ്യമായ മാലദ്വീപിലെ പല ദ്വീപുകളും  ഇവയില്‍ ഉള്‍പ്പെടുന്നു. ആ നാടുകളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമായ ജീവന്മരണ പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. 

കാലാവസ്ഥയിലുണ്ടാകുന്ന അമിതമായ വ്യതിയാനം നിയന്ത്രിക്കാന്‍ അന്തരീക്ഷം കണക്കിലേറെ ചൂടുപിടിക്കുന്നതു തടയേണ്ടതുണ്ട്. കാര്‍ബണ്‍ഡയോക്സൈഡ് പോലുള്ള ഹരിതഗ്രഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്കു തള്ളിവിടുന്നതു കുറയ്ക്കുകയാണ് ഇതിനുള്ള മാര്‍ഗം. സൂര്യനില്‍ നിന്നുള്ള ചൂട് അന്തരീക്ഷത്തില്‍ കുടുങ്ങിക്കിടക്കാനും ഭൂഗോളത്തിനു ചൂടുപിടിക്കാനും കാരണമാകുന്നത് ഹരിതഗ്രഹ വാതകങ്ങളാണ്. 

ഊര്‍ജാവശ്യങ്ങള്‍ക്കുവേണ്ടി പ്രകൃതി വിഭവങ്ങള്‍ വകതിരിവില്ലാതെയും കണക്കില്ലാതെയും ചൂഷണംചെയ്യുന്നതു നിര്‍ത്തുന്നതിലൂടെ ഈ വാതകങ്ങളുടെ

ബഹിര്‍ഗമനം നിയന്ത്രിക്കാനാവും. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുപാരിസ് സമ്മേളനത്തിലെ ചര്‍ച്ചകള്‍. 

ആഗോള താപനിലയുടെ ശരാശരി വര്‍ധന  വ്യവസായ കാലഘട്ടത്തിനു മുന്‍പുളള അളവില്‍നിന്നു രണ്ടു ഡിഗ്രി സെല്‍ഷ്യല്‍സില്‍ താഴെയായി ഈ നൂറ്റാണ്ട് 

അവസാനിക്കുന്നതിനു മുന്‍പ് പരിമിതപ്പെടുത്തണമെന്നു പാരിസ് ഉടമ്പടി നിര്‍ദ്ദേശിക്കുന്നു. 1850 മുതല്‍ 1900 വരെയുള്ള വര്‍ഷങ്ങളെയാണ് വ്യവസായ കാലഘട്ടം എന്നു പറയുന്നത്. താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രിക്കു താഴെ നിര്‍ത്തുക എന്നതാണ് ആത്യന്തികലക്ഷ്യമെന്നും  ഉടമ്പടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുവേണ്ടി ഓരോ രാജ്യവും സ്വന്തമായ നിയന്ത്രണ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണം.  

അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇവ പുനരവലോകനം ചെയ്യണം. അതിനു വേണ്ടിയുള്ള ആദ്യത്തെ സമ്മേളനം കഴിഞ്ഞ വര്‍ഷം ചേരേണ്ടതായിരുന്നു. പക്ഷേ, കോവിഡ് കാരണം നടന്നില്ല. ഈ വര്‍ഷം നവംബറില്‍ ബ്രിട്ടനിലെ ഗ്ളാസ്ഗോയില്‍ ചേരാനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. 

ഏറ്റവുമധികം കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കേണ്ടതു താപനിലയുടെ വര്‍ധന നിയന്ത്രിക്കാന്‍ ആവശ്യമാണെന്നു പാരിസ് ഉടമ്പടി നിര്‍ദേശിക്കുന്നു. എന്നാല്‍, അതു കാരണം അമേരിക്കയില്‍ ഒട്ടേറെ വ്യവസായ ശാലകള്‍ പൂട്ടേണ്ടിവരുമെന്നും 2025നകം 27 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നും കോടിക്കണക്കിനു ഡോളറിന്‍റെ നഷ്ടമുണ്ടാകുമെന്നുമായിരുന്നു ട്രംപിന്‍റെ വാദം. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനായാല്‍, ആത്യന്തികമായി രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമെന്ന് ഉടമ്പടിയെ അനുകൂലിക്കുന്നവരും വാദിക്കുന്നു. 

കല്‍ക്കരിയുടെ ഉപയോഗം മൂലമാണ് ഏറ്റവുമധികം കാര്‍ബണ്‍ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് തള്ളപ്പെടുന്നത്. അതിനാല്‍ കല്‍ക്കരിയുടെ ഉപയോഗമാണ് ഏറ്റവും പ്രധാനമായി കുറക്കേണ്ടിവരിക. ഇതു കല്‍ക്കരി ഖനന മേഖലയെയും അതുമായി ബന്ധപ്പെട്ടവരെയും ആശങ്കാകുലരാക്കുന്നു. കല്‍ക്കരി ഖനികളും കമ്പനികളും  സ്ഥിതിചെയ്യുന്ന യുഎസ് സംസ്ഥാനങ്ങളിലെ ജനങ്ങളാണ് പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറാന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നും ആരോപിക്കപ്പെടുകയുണ്ടായി.   

കാര്‍ബണ്‍ ബഹിര്‍ഗമനം തടയാനുളള ശ്രമങ്ങളില്‍ ദരിദ്ര രാജ്യങ്ങളെ സമ്പന്ന  രാജ്യങ്ങള്‍  സഹായിക്കണമെന്നും അതിനുവേണ്ടി ഫണ്ട് ഉണ്ടാക്കണമെന്നും പാരിസ് ഉടമ്പടി നിര്‍ദേശിച്ചിരുന്നു. പ്രകൃതി വിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്തുകൊണ്ട് ആഗോളതപനം ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചതിനു മുഖ്യ ഉത്തരവാദി സമ്പന്ന വ്യാവസായിക രാജ്യങ്ങളാണ്. അക്കാരണത്താലാണ് ഈ വ്യവസ്ഥ ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, അമേരിക്ക ഈ ഫണ്ടിലേക്കു മൂന്നു ശതകോടി ഡോളര്‍ നല്‍കേണ്ടിയിരുന്ന സ്ഥാനത്തു നല്‍കിയതു ഒരു ശതകോടി ഡോളറാണ്. ബാക്കിയുള്ള രണ്ടു ശതകോടി ഡോളര്‍ നല്‍കാന്‍ ട്രംപ് വിസമ്മതിച്ചു. 

ഹരിതഗ്രഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം തള്ളിവിടുന്നതു ചൈനയാണ്. രണ്ടാം സ്ഥാനമാണ് അമേരിക്കയ്ക്ക്. ഏറ്റവും വലിയ വ്യാവസായിക ശക്തിയായ അമേരിക്ക ഇത്രയും കാലത്തിനിടയില്‍ ഇത്തരം വാതകങ്ങള്‍ അന്തരീക്ഷത്തിലേക്കു തള്ളിവിട്ടതിന്‍റെ ചരിത്രത്തിലും മുന്നില്‍ നില്‍ക്കുന്നു. എന്നിട്ടും, ഈ ഉടമ്പടിയില്‍നിന്നു പിന്മാറാന്‍ അമേരിക്ക തീരുമാനിച്ചത്  അതിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായി. ഹരിതഗ്രഹ വാതക ബഹിര്‍ഗമനം കുറയ്ക്കാന്‍ അമേരിക്കയില്‍തന്നെ നടന്നുവന്നിരുന്ന ശ്രമങ്ങള്‍  അതോടെ നിര്‍ത്തലാവുകയോ മന്ദഗതിയിലാവുകയോ ചെയ്തു. 

ഒരു രാജ്യവും അമേരിക്കയെ പിന്തുടര്‍ന്നില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനം കര്‍ശനമായി നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയക്കു രാജ്യാന്തര തലത്തില്‍കല്‍പ്പിക്കപ്പെട്ടിരുന്ന പ്രാധാന്യത്തിനു മങ്ങലേറ്റു. ഉടമ്പടി പ്രകാരം പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പല രാജ്യങ്ങളും വീഴ്ച വരുത്തി. 

ബ്രസീലിനെപ്പോലുള്ള ചില രാജ്യങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി കൈക്കൊണ്ടിരുന്ന നടപടികള്‍ ഉപേക്ഷിക്കപ്പെട്ടു. ഇതിനിടയില്‍തന്നെയാണ് 

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കാട്ടുതീ ബ്രസീലില്‍ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതും. അമേരിക്കയുടെ തന്നെ ചില ഭാഗങ്ങളില്‍ കാട്ടുതീയും ചുഴലിക്കാറ്റും ഉണ്ടാകാവാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. 

 

ഹരിതഗ്രഹ വാതക ബഹിര്‍ഗമനം 2005ല്‍ ഉണ്ടായിരുന്നതിന്‍റെ 26 ശതമാനം മുതല്‍ 28 ശതമാനംവരെ 2025നകം അമേരിക്കയില്‍ കുറയ്ക്കുമെന്നാണ് ഒബാമ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, ബൈഡന്‍ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യം അതിനേക്കാള്‍ വലുതാണ്. 2050 ആകുമ്പോഴേക്കും ഹരിതഗ്രഹ വാതക ബഹിര്‍ഗനമം തീര്‍ത്തും ഇല്ലാതാക്കുകയാണ് ഉദ്ദേശ്യം. 

ഇതു സംബന്ധിച്ച നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനായി മുന്‍ സ്റ്റേറ്റ് സെക്രട്ടറിജോണ്‍ കെറിയെ കാലാവസ്ഥാ കാര്യങ്ങള്‍ക്കുള്ള തന്‍റെ പ്രത്യേക ദൂതനായി ബൈഡന്‍ നിയമിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. ക്യാബിനറ്റ് പദവിയോടെയാണ് ഈ നിയമനം എന്നത് ഇക്കാര്യത്തിനു ബൈഡന്‍ കല്‍പ്പിക്കുന്ന പ്രാധാന്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. 2016ല്‍  പാരിസ് ഉടമ്പടിയില്‍ അമേരിക്കയ്ക്കുവേണ്ടി ഒപ്പുവച്ചതും ഒബാമയുടെ സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയില്‍ കെറിയായിരുന്നു.  

English Summary : English Summary : Videsharangom - The Paris agreement and United States of America


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com