ലിങ്കന്‍റെ പാര്‍ട്ടി ട്രംപിന്‍റെ പാര്‍ട്ടിയായപ്പോള്‍
അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുശേഷം ആറു മാസത്തിലേറെ കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിന്‍റെ പേരിലുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ കോളിളക്കം അവസാനിച്ചിട്ടില്ല. തങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്ജയിക്കുകയും അങ്ങനെ നാലു വര്‍ഷംകൂടി അധികാരത്തലിരിക്കാന്‍
അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുശേഷം ആറു മാസത്തിലേറെ കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിന്‍റെ പേരിലുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ കോളിളക്കം അവസാനിച്ചിട്ടില്ല. തങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്ജയിക്കുകയും അങ്ങനെ നാലു വര്‍ഷംകൂടി അധികാരത്തലിരിക്കാന്‍
അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുശേഷം ആറു മാസത്തിലേറെ കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിന്‍റെ പേരിലുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ കോളിളക്കം അവസാനിച്ചിട്ടില്ല. തങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്ജയിക്കുകയും അങ്ങനെ നാലു വര്‍ഷംകൂടി അധികാരത്തലിരിക്കാന്‍
അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുശേഷം ആറു മാസത്തിലേറെ കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിന്‍റെ പേരിലുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ കോളിളക്കം അവസാനിച്ചിട്ടില്ല. തങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ജയിക്കുകയും അങ്ങനെ നാലു വര്‍ഷംകൂടി അധികാരത്തലിരിക്കാന്‍ തുടങ്ങുകയും ചെയ്യേണ്ടതായിരുന്നു, പക്ഷേ, ഡമോക്രാറ്റിക് പാര്‍ട്ടിക്കാരും അവരുടെ സ്ഥാനാര്‍ഥി ജോ ബൈഡനും കൂടി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയും വിജയം ട്രംപില്‍നിന്നു തട്ടിയെടുക്കുകയും ചെയ്തു-ഇങ്ങനെയുള്ള പരാതിയിയില്‍ ഉറച്ചുനില്‍ക്കുകയാണ് റിപ്പബ്ളിക്കന്മാര്‍ ഇപ്പോഴും.
പാര്‍ട്ടിയുടെ ഈ ഔദ്യോഗിക നിലപാടിനെ എതിര്‍ക്കുന്നവര്‍ അതിനള്ള ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും വ്യക്തമായിട്ടുണ്ട്. പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന ലിസ് ചെയ്നിക്ക് ആ പദവി നഷ്ടപ്പെട്ടത് ഇതിനുദാഹരണമാണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഒരു കാരണവരും പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ കീഴില്‍ ശക്തനായ വൈസ് പ്രസിഡന്‍റുമായിരുന്ന ഡിക്ക് ചെയ്നിയുടെ മകളാണ് ലിസ്.
സ്വന്തം നിലയില്‍തന്നെ പാര്‍ട്ടിയില്‍ ഉയരുകയായിരുന്നു ലിസ്. കോണ്‍ഗ്രസിന്‍റെ അധോമണ്ഡലമായ പ്രതിനിധിസഭയിലേക്കു വ്യോമിങ് സംസ്ഥാനത്തുനിന്നു മൂന്നു തവണ തിരഞ്ഞെടുക്കപ്പെടുകയും സഭയിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നേതുനിരയില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
ഹൗസ് റിപ്പബ്ളിക്കന്‍ കോണ്‍ഫ്രന്‍സ് ചെയര്‍ എന്ന പേരുള്ള ആ പദവിയില്‍നിന്നാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (മേയ് 12) ലിസ് നീക്കം ചെയ്യപ്പെട്ടത്. അതിനുവേണ്ടി ചേര്‍ന്ന ഏതാണ്ടു കാല്‍ മണിക്കൂര്‍ നേരത്തെ യോഗത്തില്‍ വോട്ടെടുപ്പൊന്നും ഉണ്ടായില്ല. ശബ്ദവോട്ടോടെയായിരുന്നു തീരുമാനം. പാര്‍ട്ടിയില്‍ ലിസിനു നേരെ ട്രംപ് അനുകൂലികളില്‍ നിന്നുണ്ടായ എതിര്‍പ്പിന്‍റെ ആഴത്തിലേക്ക് ഇതു വിരല്‍ചൂണ്ടുന്നു.
ജനുവരി 20നു വൈറ്റ്ഹൗസിനോടു വിട പറഞ്ഞശേഷം ഫ്ളോറിഡയില്‍ പാംബീച്ചിലെ തന്‍റെ മാര്‍എലാഗോ എസ്റ്റേറ്റില്‍ താമസിക്കുകയാണ് ട്രംപ്. ലിസ് ചെയ്നിയുടെ പതനത്തില്‍ തനിക്കുള്ള ആഹ്ളാദം അദ്ദേഹം മറച്ചുവച്ചില്ല. പിറ്റേന്നു ചേര്‍ന്ന യോഗം ലിസിന്‍റെ പകരക്കാരിയായി ട്രംപിന്‍റെ ഒരു ആരാധികയെ ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്നു ട്രംപ് നടത്തിയ ന്യായവാദങ്ങളെയെല്ലാം ലിസ് പിച്ചിച്ചീന്തുകയായിരുന്നു. മാത്രമല്ല. അദ്ദേഹത്തെ രണ്ടാമതും ഇംപീച്ച്ചെയ്യാനുള്ള പ്രതിനിധിസഭയുടെ ജനുവരിയിലെ തീരുമാനത്തെ അനുകൂലിക്കുകയുമുണ്ടായി. ബൈഡന്‍റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസിന്‍റെ സംയുക്ത യോഗം ചേര്‍ന്നപ്പോള്‍ അതു തടയാനായി ട്രംപ് അനുകൂലികള്‍ കോണ്‍ഗ്രസ് മന്ദിരം സ്ഥിതിചെയ്യുന്ന ക്യാപിറ്റോള്‍ കെട്ടിടം ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു അഭൂതപൂര്‍വമായ രണ്ടാം ഇംപീച്ചമെന്‍റ. ആക്രമണത്തിന് ഉത്തരവാദി ട്രംപ്തന്നെയാണെന്നാണ് ലിസ് തുറന്നടിച്ചത്.
ഇംപീച്ച്മെന്‍റ് പ്രമേയത്തെ സഭയിലെ മുഴുവന്‍ ഡമോക്രാറ്റ് പാര്‍ട്ടിക്കാരോടുമൊപ്പം മറ്റ് ഒന്‍പതു റിപ്പബ്ളിക്കന്മാരും അനുകൂലിച്ചിരുന്നു. എങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തത് സ്വാഭാവികമായും ലിസിന്‍റെ നടപടിയാണ്. തന്‍റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് പിന്നീട് ചെയ്ത പ്രസ്താവനകളില്‍ ട്രംപിനെതിരെ ലിസ് കത്തിക്കയറിയതും അലയൊലികള്‍ സൃഷ്ടിക്കുകയായിരുന്നു.
ട്രംപ് വീണ്ടും വൈറ്റ്ഹൗസിന്‍റെ നാലയലത്തുപോലും എത്താതിരിക്കാനായി ആവുന്നതെല്ലാം താന്‍ ചെയ്യുമെന്നുപോലും ലിസ് വെട്ടിത്തുറന്നു പറഞ്ഞു. 2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ് സ്ഥാനത്തേക്കു തിരിച്ചെത്താന്‍ ട്രംപ് ഉദ്ദേശിക്കുകയാണെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.
അത്തരമൊരു തിരിച്ചെത്തലിന്‍റെ കഥ അമേരിക്കയുടെ ചരിത്രത്തില്‍ നേരത്തേയുണ്ട്. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ പ്രസിഡന്‍റ് ഗ്രോവര്‍ ക്ളീവ്ലന്‍ഡ് 1888ല്‍ രണ്ടാം തവണയും മല്‍സരിച്ചപ്പോള്‍ തോറ്റു. എങ്കിലും നാലു വര്‍ഷത്തിനുശേഷം വീണ്ടും മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. ആ ചരിത്രം ട്രംപിലൂടെ ആവര്‍ത്തിക്കപ്പെടുമോ ? പക്ഷേ, വീണ്ടും മല്‍സരിക്കുമോ ഇല്ലയോയെന്നു ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്‍പ് ലിസ് ചെയ്നിയും ട്രംപിന്‍റെ കൂടെയായിരുന്നു. ട്രംപിനെ ഇംപീച്ച്ചെയ്യാന്‍ 2019 അവസാനത്തില്‍ നടന്ന ആദ്യ വിചാരണയില്‍ അദ്ദേഹത്തെ ലിസ് പ്രതിരോധിക്കുകയാണ് ചെയ്തിരുന്നത്.
പക്ഷേ, തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നുണ്ടായ ട്രംപിന്‍റെ നടപടികളും പ്രസ്താവനകളും അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ഇതു തടയാതിരുന്നാല്‍ അമേരിക്കയില്‍ ജനാധിപത്യവും നിയമവാഴ്ചയും അപകടത്തിലാവുമെന്ന് അവര്‍ ഭയപ്പെടുന്നു.
പക്ഷേ, അതിനെതിരെ ശബ്ദമുയര്‍ത്താന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കുപോലും ധൈര്യമില്ലത്രേ. ഇവരില്‍ പലരും അടുത്തുവരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിലേക്കോ സംസ്ഥാന ഗവര്‍ണര്‍ പദവികളിലേക്കോ വീണ്ടും മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ട്രംപിന്‍റെ അപ്രീതി സമ്പാദിച്ചാല്‍ അതിനുള്ള അവസരം നഷ്ടപ്പെടുമെന്ന് അവരില്‍ പലര്‍ക്കും ആശങ്കയുണ്ടെന്നും പാര്‍ട്ടിയുടെ മേലുള്ള ട്രംപിന്‍റെ നിയന്ത്രണം അത്രയും ശക്തമായിരിക്കുകയാണെന്നും പല നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
അടുത്ത വര്‍ഷം നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതു പ്രതിനിധി സഭയിലെ എല്ലാ സീറ്റുകളിലേക്കും (435) നൂറംഗ സെനറ്റിലെ മൂന്നിലൊന്ന് (34) സീറ്റിലേക്കും 39 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്കുമാണ്. നിലവിലുള്ള ഗവണ്‍മെന്‍റിനെ സംബന്ധിച്ച റഫറണ്ടമായി കരുതപ്പെടുന്നതിനാല്‍ ഈ തിരഞ്ഞെടുപ്പുകള്‍ക്കും യുഎസ് രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുണ്ട്. മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു.
ട്രംപിനെ നേരിട്ടെതിര്‍ക്കാന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ഇതുവരെ ധൈര്യം കാണിച്ച മറ്റൊരു പ്രമുഖ നേതാവ് സെനറ്റര്‍ മിറ്റ് റോംനിയാണ്. ഇംപീച്ച്മെന്‍റിനെ തുടര്‍ന്നു ശിക്ഷാ നടപടിയെടുക്കാന്‍ സെനറ്റില്‍ നടന്ന വിചാരണയില്‍ രണ്ടു തവണയും ്ട്രംപിനെതിരെ വോട്ട് ചെയ്തത് അദ്ദേഹമായിരുന്നു. മുന്‍പ് ഗവര്‍ണറായിരുന്ന അദ്ദേഹത്തെയാണ് ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്കെതിരെ 2012ലെ പ്രസിഡന്‍റ് മല്‍സരിക്കാന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രസിഡന്‍റായി എണ്ണപ്പെടുന്ന ഏബ്രഹാം ലിങ്കന്‍റെ പാര്‍ട്ടിയാണ് 166 വര്‍ഷം പഴക്കമുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടി. അവരുടെ സ്ഥാനാര്‍ഥിയായി മല്‍സരിച്ചു ജയിച്ച ആദ്യത്തെ യുഎസ് പ്രസിഡന്‍റായിരുന്നു അദ്ദേഹം. അടിമത്തം അവസാനിപ്പിക്കുകയും ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്കു പുതിയ മാനം നല്‍കുകയും ചെയ്തത് അദ്ദേഹമായിരുന്നു.
രാജ്യാന്തര തലത്തില്‍ അമേരിക്കയ്ക്കു പ്രമാണിത്തം നേടിക്കൊടുത്ത പ്രസിഡന്‍റ് റോണള്‍ഡ് റെയിഗനായി പില്‍ക്കാലത്ത് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഭാഗ്യമുദ്ര. എക്കാലത്തെയും മഹാന്മാരായ യുഎസ് പ്രസിഡന്‍റുമാരില്‍ ഒരാളാണ് താനുമെന്നു വിശ്വസിക്കുകയാണ് ട്രംപ്. അദ്ദേഹംതന്നെ അതു തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ടശേഷവും സ്വന്തം പാര്‍ട്ടിയുടെമേല്‍ അദ്ദേഹത്തിനുള്ള നിയന്ത്രണം പരീക്ഷിക്കപ്പെടുകയാണിപ്പോൾ.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Vidhesharangom Column : Liz Cheney defiant over Trump as Republican civil war heats up