ഇസ്രയേല്‍ : പുതിയ സഖ്യം, പുതിയ പരീക്ഷണം
ഇസ്രയേലിന്‍റെ 73 വര്‍ഷത്തെ ചരിത്രത്തിലെ മുപ്പത്തിയാറാമത്തെയും ഏറ്റവും അസാധാരണവുമായ ഗവണ്‍മെന്‍റ് രൂപംകൊള്ളുകയാണ്. മറ്റെന്നത്തെയും പോലെ ഇതുമൊരു കൂട്ടുഗവണ്‍മെന്‍റായിരിക്കും. പക്ഷേ, പ്രധാനമന്ത്രിയാകുന്നത് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയുടെ തലവനായിരിക്കില്ല, 120 അംഗ പാര്‍ലമെന്‍റില്‍ ഏഴു സീറ്റുകള്‍
ഇസ്രയേലിന്‍റെ 73 വര്‍ഷത്തെ ചരിത്രത്തിലെ മുപ്പത്തിയാറാമത്തെയും ഏറ്റവും അസാധാരണവുമായ ഗവണ്‍മെന്‍റ് രൂപംകൊള്ളുകയാണ്. മറ്റെന്നത്തെയും പോലെ ഇതുമൊരു കൂട്ടുഗവണ്‍മെന്‍റായിരിക്കും. പക്ഷേ, പ്രധാനമന്ത്രിയാകുന്നത് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയുടെ തലവനായിരിക്കില്ല, 120 അംഗ പാര്‍ലമെന്‍റില്‍ ഏഴു സീറ്റുകള്‍
ഇസ്രയേലിന്‍റെ 73 വര്‍ഷത്തെ ചരിത്രത്തിലെ മുപ്പത്തിയാറാമത്തെയും ഏറ്റവും അസാധാരണവുമായ ഗവണ്‍മെന്‍റ് രൂപംകൊള്ളുകയാണ്. മറ്റെന്നത്തെയും പോലെ ഇതുമൊരു കൂട്ടുഗവണ്‍മെന്‍റായിരിക്കും. പക്ഷേ, പ്രധാനമന്ത്രിയാകുന്നത് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയുടെ തലവനായിരിക്കില്ല, 120 അംഗ പാര്‍ലമെന്‍റില്‍ ഏഴു സീറ്റുകള്‍
ഇസ്രയേലിന്‍റെ 73 വര്‍ഷത്തെ ചരിത്രത്തിലെ മുപ്പത്തിയാറാമത്തെയും ഏറ്റവും അസാധാരണവുമായ ഗവണ്‍മെന്‍റ് രൂപംകൊള്ളുകയാണ്. മറ്റെന്നത്തെയും പോലെ ഇതുമൊരു കൂട്ടുഗവണ്‍മെന്‍റായിരിക്കും. പക്ഷേ, പ്രധാനമന്ത്രിയാകുന്നത് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയുടെ തലവനായിരിക്കില്ല, 120 അംഗ പാര്‍ലമെന്‍റില്‍ ഏഴു സീറ്റുകള്‍ മാത്രമുള്ള മൂന്നു കക്ഷികളില്‍ ഒന്നിന്‍റെ നേതാവായിരിക്കും. എട്ടു കക്ഷികള്‍ അടങ്ങിയ ഈ സഖ്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് പാര്‍ട്ടിയുമുണ്ട്.
കക്ഷികള്‍ക്കിടയില്‍ സുപ്രധാനമായ പല കാര്യങ്ങളിലും ഒട്ടും യോജിപ്പില്ല. എങ്കിലും, തുടര്‍ച്ചയായി 12 വര്‍ഷമായി (മൊത്തത്തില്‍ 15 വര്‍ഷമായി) അധികാരത്തിലിരിക്കുന്ന ബെന്യാമിന്‍ നെതന്യാഹു ഇനിയും പ്രധാനമന്ത്രിയായി തുടരാന്‍ പാടില്ലെന്നതില്‍ അവര്‍ ഒറ്റക്കെട്ടാണ്. വലതുപക്ഷക്കാര്‍, തീവ്രവലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍, നടുനിലക്കാര്‍, മതവാദികള്‍, മതനിരപേക്ഷകര്‍, പലസ്തീന്‍കാരോടു കടുത്ത നിലപാടു പുലര്‍ത്തുന്നവരും അവരുമായി സമാധാനപരമായ ഒത്തുതീര്‍പ്പില്‍എത്തണമെന്നു വാദിക്കുന്നവരും എല്ലാം ഉള്‍പ്പെടുന്ന ഒരു അസാധാരണ സഖ്യം രൂപംകൊണ്ടത് അങ്ങനെയാണ്.
ഒറ്റ സീറ്റിന്‍റെ (61) മാത്രം ഭൂരിപക്ഷമുള്ള ഈ സഖ്യത്തിനു ഭരണം ഏല്‍ക്കാന്‍ കഴിയണമെങ്കില്‍ ആദ്യം പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് നേടേണ്ടതുണ്ട്. അടുത്ത ഞായറാഴ്ചയാണ് (ജൂണ്‍ 13) അതിനുവേണ്ടി നിശ്ചയിച്ചിട്ടുള്ളത്. അതിനു മുന്‍പ്തന്നെ സഖ്യം പൊളിക്കാനുള്ള ശ്രമവും നടന്നുവരുന്നതായി വാര്‍ത്തകളുണ്ട്. അടുത്ത ദിവസങ്ങളില്‍ എന്തും സംഭവിച്ചേക്കാമെന്ന ഉല്‍ക്കണ്ഠയാണത്രേ അന്തരീക്ഷത്തില്‍.
വിശാസവോട്ട് നടക്കാതിരിക്കുകയോ പുതിയ സഖ്യത്തിനു പാര്‍ലമെന്‍റിന്‍റെ പിന്തുണ കിട്ടാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ ഫലം പുതിയൊരു തിരഞ്ഞെടുപ്പായിരിക്കും. രണ്ടു വര്‍ഷത്തിനിടയില്‍ നാലു തിരഞ്ഞെടുപ്പുകള്‍ ഇതിനകം നടന്നുകഴിഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പുകള്‍ ഇസ്രയേലില്‍ പുതിയ കാര്യമല്ലെങ്കിലും ഇത്രയും ചുരുങ്ങിയ ഇടവേളയ്ക്കിടയില്‍ ഇത്രയധികം തിരഞ്ഞെടുപ്പ് ഇതാദ്യമാണ്. സ്ഥിരമായ ഗവണ്‍മെന്‍റ് ഇല്ലാത്തതു കാരണം രണ്ടു വര്‍ഷമായി ബജറ്റ് പാസ്സാക്കാനായിട്ടില്ല.
2019 ഏപ്രിലിലും സെപ്റ്റംബറിലും നടന്ന തിരഞ്ഞെടുപ്പുകള്‍ക്കുശേഷം ആര്‍ക്കും മന്ത്രിസഭയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും, കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ തിരഞ്ഞെടുപ്പിനു ശേഷം നെതന്യാഹുവിന്‍റെ ലിക്കുഡ് പാര്‍ട്ടിയും അവരുടെ മുഖ്യ എതിരാളികളായിരുന്ന ബ്ളൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഒരു ദേശീയ ഐക്യ മന്ത്രിസഭ നിലവില്‍ വന്നു. മാസങ്ങള്‍ക്കകം അതു തകരുകയും ചെയ്തു.
മുന്‍ പട്ടാളത്തലവനായ ബ്ളൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്‍റ്സും നെതന്യാഹുവും തമ്മില്‍ പല കാര്യങ്ങളിലും ഉണ്ടായ അഭിപ്രായ ഭിന്നതകളായിരുന്നു തകര്‍ച്ചയ്ക്കു കാരണം. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പിന്‍റെ അനന്തര നടപടികളാണ് രണ്ടു മാസത്തിനു ശേഷവും പൂര്‍ത്തീകരണം കാത്തിരിക്കുന്നത്.
കോവിഡ് മഹാമാരിമൂലമുള്ള പ്രയാസങ്ങള്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കേയാണ് ഈ സംഭവവികാസം. മറ്റൊരു പശ്ചാത്തലംകൂടിയുണ്ട്. നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളുടെ വിചാരണ ജറൂസലമിലെ ഒരു കോടതിയില്‍ നടന്നുവരികയാണ്. അതിനാല്‍, പ്രധാനമന്ത്രി പദത്തില്‍ തുടരുകയെന്നത് നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നു കരുതപ്പെടുന്നു. അക്കാരണത്താല്‍തന്നെ അദ്ദേഹം അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് എതിരാളികള്‍ നിഷ്ക്കര്‍ഷിക്കുകയും ചെയ്യുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പിലും ഏറ്റവുമധികം സീറ്റുകള്‍ നേടിയത് നെതന്യാഹു നയിക്കുന്ന വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡാണ്. ആ നിലയില്‍ ഗവണ്‍മെന്‍റ് ഉണ്ടാക്കാന്‍ പ്രസിഡന്‍റ് റ്യൂവന്‍ റിവ്ലിന്‍ ആദ്യം ക്ഷണിച്ചത് അദ്ദേഹത്തെയായിരുന്നു. പക്ഷേ, അതിനുവേണ്ടി പതിവുപോലെ ചില ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ല. അഴിമതിക്കേസുകള്‍ കാരണം അദ്ദേഹവുമായി കൂട്ടുകൂടാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു.
അങ്ങനെയാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ യെഷ് അതിദിന്‍റെ (17 സീറ്റുകള്‍) നേതാവ് യേര്‍ ലപിഡിനെ പ്രസിഡന്‍റ് ക്ഷണിച്ചത്. ഗാസയിലെ യുദ്ധംകാരണം അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ അവതാളത്തിലാവുകയുണ്ടായി. എങ്കിലും, അനുവദിക്കപ്പെട്ട 28 ദിവസക്കാലാവധി മിക്കവാറും അവസാനിക്കാറായപ്പോള്‍ ഭൂരിപക്ഷ പിന്തുണയുള്ള ഒരു സഖ്യമുണ്ടാക്കാനും ആ വിവരം പ്രസിഡന്‍റിനെ അറിയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഏഴു സീറ്റുകള്‍ മാത്രമുള്ള മൂന്നു കക്ഷികളില്‍ ഒന്നായ തീവ്രവലതുപക്ഷ യമിന പാര്‍ട്ടിയുടെ നേതാവ് നഫ്താലി ബെന്നറ്റിനു ആദ്യത്തെ രണ്ടു വര്‍ഷത്തേക്കു പ്രധാനമന്ത്രിപദം നല്‍കാന്‍ ലപിഡ് തയാറായി. മതനിരപേക്ഷ-മധ്യനിലപാടുപിന്തുടരുന്ന ലപിഡായിരിക്കും തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ പ്രധാനമന്ത്രി. ഇരുവരും മുന്‍പ് നെതന്യാഹുവിന്‍റെ കീഴില്‍ മന്ത്രിമാരായിരുന്നു. പിന്നീടു കടുത്ത വിമര്‍ശകരായി.
കഴിഞ്ഞ വര്‍ഷം രൂപംകൊണ്ട ദേശീയ ഐക്യ സഖ്യത്തിലും ഇതുപോലുള്ള അധികാരം പങ്കുവയ്ക്കല്‍ വ്യവസ്ഥയുണ്ടായിരുന്നു. പ്രധാനമന്ത്രി പദം ആദ്യത്തെ ഒന്നര വര്‍ഷം നെതന്യാഹുവിനും തുടര്‍ന്നുള്ള ഒന്നര വര്‍ഷം ബ്ളൂ ആന്‍ഡ് വൈറ്റ് നേതാവ് ഗാന്‍റ്സിനും എന്നായിരുന്നു തീരുമാനം. പക്ഷേ, മാസങ്ങള്‍ക്കകം സഖ്യം തകര്‍ന്നതിനാല്‍ ഗാന്‍റ്സിനു പ്രധാനമന്ത്രിയാകാനായില്ല.
പുതിയ പ്രധാനമന്ത്രിയാകാന്‍ പോകുന്ന നഫ്ത്താലി ബെന്നറ്റ് (49) ഒരു വന്‍കിട കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയർ കമ്പനിയുടെ ഉടമയായിരുന്നു. അതു വിറ്റശേഷമാണ് 2005ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. നെതന്യാഹു പ്രതിപക്ഷത്തായിരുന്നപ്പോള്‍ 2006ല്‍ ബെന്നറ്റ് അദ്ദേഹത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫായി. 2012ല്‍ തീവ്രവലതുപക്ഷ ജൂയിഷ് ഹോം പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും നാശോന്മുഖമായിരുന്ന അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. അതാണ് 2018ല്‍ യമിനയായി മാറിയത്.
അതിനിടയില്‍ ബെന്നറ്റ് നെതന്യാഹുവിന്‍റെ കീഴില്‍ പ്രതിരോധ മന്ത്രിയും ധനമന്ത്രിയുമായി. പലസ്തീന്‍കാരെപ്പറ്റി നടത്തിയ പ്രകോപനപരമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിനേടുകയും ചെയ്തു. ബെന്നറ്റ് നേതൃത്വം നല്‍കുന്ന ഗവണ്‍മെന്‍റിനെ പലസ്തീന്‍കാരുടെ പാര്‍ട്ടി (നാലംഗ അറബ് ലിസ്റ്റ്) പിന്തുണയ്ക്കുന്നു എന്നറിഞ്ഞപ്പോള്‍ പലരും അല്‍ഭുതപ്പെട്ടുവത്രേ.
സഖ്യത്തിന്‍റെ സൂത്രധാരനായ യെഷ് അതിദ് നേതാവ് യേര്‍ ലപിഡ് (57) മുന്‍പ് പത്രപ്രവര്‍ത്തകനും ടിവി വാര്‍ത്താ അവതാരകനും ചലച്ചിത്ര കഥാകാരനുമായിരുന്നു. ഏതാനും നോവലുകള്‍ എഴുതിയിട്ടുമുണ്ട്. 2012ല്‍ അദ്ദേഹം രൂപം നല്‍കിയ യെഷ് അതിദ് 2013ല്‍ ലിക്കുഡുമായി സഖ്യത്തിലായിരുന്നു. അങ്ങനെ, അദ്ദേഹം നെതന്യാഹുവിന്‍റെ കീഴില്‍ ധനമന്ത്രിയായി. അടുത്ത വര്‍ഷംതന്നെ പുറത്താവുകയും ചെയ്തു. 2020ല്‍ പ്രതിപക്ഷ നേതാവായി.
പുതിയ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേതന്നെ ഇസ്രയേല്‍ ഒരു പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തിട്ടുമുണ്ട്. ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനായ ഇദ്ദേഹം-ഇസാക് ഹെര്‍സോഗ്-പക്ഷേ, അടുത്ത മാസമേ സ്ഥാനമേല്‍ക്കുകയുള്ളൂ. കഴിഞ്ഞ ചില വര്‍ഷങ്ങളിലെ സംഭവബഹുലമായ രാഷ്ട്രീയ നാടകങ്ങള്‍ക്കു സാക്ഷ്യം വഹിച്ച മുന്‍ ലിക്കുഡ് പാര്‍ട്ടിക്കാരനായ ഇപ്പോഴത്തെ പ്രസിഡന്‍റ് റ്യൂവന്‍ റിവ്ലിന് ഏതാനും നാളുകള്‍കൂടി അതു തുടരേണ്ടിവരും.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
Videsharangom Column : Israel lawmakers to vote sunday on Anti-Netanyahu Government