ബൈഡനും ബെയ്ജിങ്ങും തമ്മില്‍
യുഎസ്-ചൈന ബന്ധത്തിന്‍റെ കേന്ദ്രബിന്ദുവായ ഏക ചൈനാനയം അങ്ങനെ ബൈഡന്‍ ഭരണകൂടത്തിന്‍റെ ആദ്യ ദിവസംതന്നെ ലംഘിക്കപ്പെട്ടു | Videsharangom | K. Obeidulla | US China Relations | G7 Summit | Joe Biden | Xi Jinping
യുഎസ്-ചൈന ബന്ധത്തിന്‍റെ കേന്ദ്രബിന്ദുവായ ഏക ചൈനാനയം അങ്ങനെ ബൈഡന്‍ ഭരണകൂടത്തിന്‍റെ ആദ്യ ദിവസംതന്നെ ലംഘിക്കപ്പെട്ടു | Videsharangom | K. Obeidulla | US China Relations | G7 Summit | Joe Biden | Xi Jinping
യുഎസ്-ചൈന ബന്ധത്തിന്‍റെ കേന്ദ്രബിന്ദുവായ ഏക ചൈനാനയം അങ്ങനെ ബൈഡന്‍ ഭരണകൂടത്തിന്‍റെ ആദ്യ ദിവസംതന്നെ ലംഘിക്കപ്പെട്ടു | Videsharangom | K. Obeidulla | US China Relations | G7 Summit | Joe Biden | Xi Jinping
ചൈനയുമായി അമേരിക്ക നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനു കാല്‍ നൂറ്റാണ്ടു മുന്‍പ് (1954ല്‍) നടന്ന ഒരു സംഭവം ഇന്നും ഓര്‍മിക്കപ്പെടുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ യുദ്ധാനന്തര കൊറിയയെ സംബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ചൈനീസ് പ്രധാനമന്ത്രി ചൂഎന്‍ലേയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോഴ്സ്റ്റര്‍ ഡള്ളസും. ഹസ്തദാനത്തിനുവേണ്ടി ചൂ കൈനീട്ടി.പക്ഷേ, ഡള്ളസ് അനങ്ങിയില്ല. അത്രയും വെറുപ്പോടെയാണ് അമേരിക്ക ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ കണ്ടിരുന്നത്.
അതിനുശേഷം, 1977ല്‍ ആദ്യമായി ഒരു യുഎസ് പ്രസിഡന്‍റ് (റിച്ചഡ് നിക്സന്‍) ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് മാവോ സെദൂങ്ങിനെയും ചൂവിനെയും കാണാന്‍ ബെയ്ജിങ്ങിലേക്കു പോയി. 1979ല്‍ നയതന്ത്രബന്ധം സ്ഥാപിതമായി. ഭായ്-ഭായ് മാതൃകയിലുള്ള ചങ്ങാത്തമൊന്നും ഉണ്ടായില്ലെങ്കിലും അന്നുമുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹവര്‍ത്തിത്വവും സഹകരണവും നിലനിന്നുവരുന്നു.
എന്നാല്‍, ലോകത്തെ ഏഴു സമ്പന്ന രാജ്യങ്ങളുടെ (ജി-7) ഭരണാധിപര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ജൂണ്‍ 11) മുതല്‍ മൂന്നു ദിവസം ബ്രിട്ടനിലെ കോണ്‍വാളില്‍ സമ്മേളിച്ചപ്പോള്‍ കണ്ടതു വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ്. ലോകത്തിനു, വിശേഷിച്ച് പാശ്ചാത്യര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കും ചൈന ഒരു ഭീഷണിയായി വളരുകയാണെന്നും അതിനെതിരേ സംയുക്തമായ ചെറുത്തുനില്‍പ്പ് ആവശ്യമാണെന്നുമുള്ള സന്ദേശമാണ് അവിടെനിന്ന് ഉയര്‍ന്നത്. അതിനു നേതൃത്വം നല്‍കിയതു മറ്റാരുമല്ല, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.
ചൈനയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ ബെയ്ജിങ്ങിലെ ഭരണകൂടം വംശീയ നയങ്ങള്‍ നടപ്പാക്കുന്നു, അവിടത്തെ ജനങ്ങളെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കുകയും നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുകയും ചെയ്യുന്നു, ടിബറ്റിലെയും ഹോങ്കോങ്ങിലെയും ജനങ്ങളുടെ പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു, തയ്വാനെതിരേ ആക്രമണ ഭീഷണി മുഴക്കുന്നു, തെക്കന്‍ ചൈനാ കടലില്‍ ആ മേഖയലിലെ മറ്റു രാജ്യങ്ങളുടെ അവകാശങ്ങള്‍ക്കു വില കല്‍പ്പിക്കാതെ ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളുന്നു, അമേരിക്കയ്ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തുകയു സൈബര്‍ ചാരവൃത്തി നടത്തുകയും ചെയ്യുന്നു, പൊതുവില്‍ രാജ്യാന്തര നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടിക്രമം അട്ടിമറിക്കുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ബൈഡന്‍ ഉന്നയിക്കുകയുണ്ടായി.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്‍ എന്നീ മറ്റ് ആറു രാജ്യങ്ങളുടെയും നേതാക്കള്‍ പൊതുവില്‍ ബൈഡനെ അനുകൂലിക്കുകയാണ് ചെയ്തത്. ചൈനയ്ക്കെതിരെ ജി-7 ഇത്രയും കര്‍ക്കശമായ വിമര്‍ശനം നടത്തുന്നത് മൂന്നു ദശകങ്ങളിലേറെക്കാലത്തിനുശേഷം ഇതാദ്യമാണ്. ഇതിനു മുന്‍പ് ഇങ്ങനെ വിമര്‍ശിച്ചിരുന്നതു 1989ല്‍ ബെയ്ജിങ്ങിലെ ടിയനന്‍മെന്‍ ചത്വരത്തില്‍ പൗരാവകാശ പ്രകടനക്കാരെ ചൈനീസ് പട്ടാളം വെടിവച്ചുകൊന്നപ്പോഴായിരുന്നു.
ജി-7 ഉച്ചകോടിക്കു തൊട്ടുപിന്നാലെ തിങ്കളാഴ്ച (ജൂണ്‍ 14) ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ചേര്‍ന്ന 30 അംഗ നാറ്റോ ഉച്ചകോടിയിലും ബൈഡന്‍ തന്‍റെ ആരോപണങ്ങളില്‍ പലതും ആവര്‍ത്തിച്ചു. ചൈനയെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രസ്താവനയോടെയാണ് നാറ്റോ ഉച്ചകോടി സമാപിച്ചതും. സോവിയറ്റ് യൂണിയനില്‍ നിന്നുള്ള ഭീഷണി ചെറുക്കാനായി യുഎസ് നേതൃത്വത്തില്‍ 12 അംഗങ്ങളുമായി 1949ല്‍ രൂപം കൊണ്ട പാശ്ചാത്യ സൈനിക സഖ്യം ചൈനയെ ഇങ്ങനെ പരസ്യമായി അപലപിക്കുന്നതും ആദ്യമാണ്.
ബൈഡന്‍റെ മുന്‍ഗാമിയായ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ചൈനയുമായി ഇടഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഇരുവരുടെയും സമീപനത്തില്‍ വ്യത്യാസമുണ്ട്. വാണിജ്യയുദ്ധത്തില്‍ ചൈനയുടെ മേല്‍ വിജയം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ട്രംപ് ആ ശീതയുദ്ധത്തില്‍ മറ്റു രാജ്യങ്ങളെ, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളെക്കൂടി സഹകരിപ്പിക്കുന്നതില്‍ തല്‍പരനായിരുന്നില്ല.
മാത്രമല്ല, ചൈനയെപ്പോലെതന്നെ യൂറോപ്യന്‍ രാജ്യങ്ങളെയും ട്രംപ് കണ്ടത് അമേരിക്കയുമായി വ്യാപാരരംഗത്തു മല്‍സരിക്കുന്നവരായിട്ടാണ്. അതിനാല്‍ ചൈനയ്ക്കെതിരെ യൂറോപ്യന്മാരുടെ സഹകരണം തേടുന്ന കാര്യം അദ്ദേഹത്തിന്‍റെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല.
ലോകമൊട്ടുക്കും സ്വാധീനം നേടിയെടുക്കാനായി ചൈന ഉപയോഗിച്ചുവരുന്ന തന്ത്രം ചൈനയെ ചെറുക്കാനായി ഉപയോഗിക്കാനും ബൈഡന്‍ ഉദ്ദേശിക്കുന്നുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ഒട്ടേറെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 2013ല്‍ ചൈന തുടങ്ങിയ ഒരു മേഖല, ഒരു പാത പദ്ധതിക്കു സമാപനമായ ഒരു ബൃഹദ് അടിസ്ഥാനവികസന പദ്ധതിയാണ് സങ്കല്‍പ്പത്തില്‍.
പുരാതനകാലത്തു ചൈനയുടെ കിഴക്കന്‍ തീരത്തുനിന്നു ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലേക്കും ചരക്കുകള്‍ കൊണ്ടുപോയിരുന്ന പാതയുടെ പുനര്‍നിര്‍മാണം എന്നാണ് ചൈന അതിന്‍റെ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ റോഡുകളും റയില്‍പ്പാതകളും പാലങ്ങളും തുരങ്കങ്ങളും തുറമുഖങ്ങളും വിമാനത്താവളങ്ങളും വൈദ്യതി നിലയങ്ങളും പണിതുവരുന്നു. ഇതിനുവേണ്ടി ചൈനയില്‍നിന്നു വന്‍തോതില്‍ വായ്പകള്‍ സ്വീകരിച്ച പല രാജ്യങ്ങളും കടക്കെണിയിലായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജി-7ല്‍ ഉള്‍പ്പെടുന്ന ഇറ്റലിയും കൂടാതെ ഗ്രീസ്, ഹംഗറി തുടങ്ങിയ മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും ചൈനയുടെ പദ്ധതിയില്‍ പങ്കാളികളാണെന്നതു കൗതുകം ജനിപ്പിക്കുന്നു. ഇറ്റലിയും ജി-7ലെ മറ്റു രണ്ടു രാജ്യങ്ങളായ ജര്‍മനിയും ബ്രിട്ടനും ചൈനയില്‍നിന്നു വന്‍തോതിലുള്ള നിക്ഷേപം സ്വീകരിച്ചിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ചൈനയ്ക്കെതിരെ ജി-7നെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള ബൈഡന്‍റെ പുതിയ നീക്കങ്ങള്‍. കോവിഡ് മഹാമാരിക്കു കാരണമായ വൈറസിന്‍റെ ഉല്‍ഭവത്തെപ്പറ്റി സ്വതന്ത്രമായ ഒരു പുതിയ അന്വേഷണം വേണമെന്ന ബൈഡന്‍റെ ആഹ്വാനം ജി-7 അംഗീകരിക്കുന്നുവെന്നതും ചൈനയെ അസ്വസ്ഥമാക്കാനിടയുണ്ട്.
അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജനുവരി 20നു ബൈഡന്‍ സ്ഥാനമേറ്റതു തന്നെ ചൈനയോടുള്ള തന്‍റെ സമീപനം വ്യക്തമാക്കുന്ന വിധത്തിലായിരുന്നു. സ്ഥാനാരോഹണത്തില്‍ സംബന്ധിക്കാന്‍ തയ്വാന്‍റെ പ്രതിനിധിയെ അദ്ദേഹം ക്ഷണിച്ചു. മുന്‍പ് തയ്വാനെ ചൈനയായി അംഗീകരിച്ചിരുന്ന അമേരിക്ക 1979ല്‍ ബെയ്ജിങ്ങിലെ ഭരണകൂടവുമായി നയതന്ത്രബന്ധം സ്ഥാപിച്ചതു തയ്വാനുള്ള അംഗീകാരം പിന്‍വലിച്ചുകൊണ്ടായിരുന്നു.
അതിനുശേഷമുള്ള നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇതുപോലുള്ള ചടങ്ങുകളില്‍ തയ്വാന്‍റെ പ്രതിനിധികള്‍ക്കു ക്ഷണനമുണ്ടായിരുന്നില്ല. യുഎസ്-ചൈന ബന്ധത്തിന്‍റെ കേന്ദ്രബിന്ദുവായ ഏക ചൈനാനയം അങ്ങനെ ബൈഡന്‍ ഭരണകൂടത്തിന്‍റെ ആദ്യ ദിവസംതന്നെ ലംഘിക്കപ്പെട്ടു. ഏപ്രിലില്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗയുടെ വാഷിങ്ടണ്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹവും ബൈഡനും ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ തയ്വാനെപ്പറ്റി നടത്തിയ പരാമര്‍ശവും അഭൂതപൂര്‍വമായിരുന്നു.
ചൈനയ്ക്കും തയ്വനും ഇടയിലുളള കടലിടുക്കില്‍ സമാധാനം നിലനിര്‍ത്തുന്നതിന്‍റെ പ്രാധാന്യമാണ് അതില്‍ ഊന്നിപ്പറഞ്ഞിരുന്നത്. ഇന്ത്യ-പസിഫിക് മേഖലയില്‍ ചൈന പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുകയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. ചൈന ചൊടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യാനായി പുതിയ യുഎസ് ഗവണ്‍മെന്‍റിലെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തമ്മില്‍ കണ്ടപ്പോള്‍ തന്നെ വരാനിരിക്കുന്ന സ്ഥിതിഗതികളെപ്പറ്റി സൂചനകള്‍ ലഭിക്കുകയുണ്ടായി. ബൈഡന്‍റെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനുമാണ് ചൈനയുടെ വിദേശമന്ത്രി വാങ് യിയെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു പ്രമുഖനായ യാങ് ജിയെച്ചിയെയും കണ്ടത്. അമേരിക്കയിലെ അലാസ്ക്കയില്‍ നടന്ന ആ കൂടിക്കാഴ്ചയിലും ഉണ്ടായതു പരസ്പരമുള്ള കുറ്റപ്പെടുത്തലും വിഴുപ്പലക്കലുമായിരുന്നു.
ജി-7, നാറ്റോ ഉച്ചകോടികളില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നേരെ ചൈന പ്രതികരിച്ചതും രൂക്ഷമായ ഭാഷയിലാണ്. കുറച്ച് ആളുകള്‍ ചേര്‍ന്ന് രാജ്യാന്തര നടപടി ക്രമങ്ങള്‍ എന്നു പറഞ്ഞു നിയമങ്ങള്‍ ഉണ്ടാക്കുകയും മറ്റുള്ളവര്‍ അതെല്ലാം അനുസരിക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്തിരുന്ന കാലം എന്നോ കഴിഞ്ഞുപോയെന്നാണ് ചൈന അഭിപ്രായപ്പെട്ടത്. ചൈനീസ് ഭീഷണി നാറ്റോ പെരുപ്പിച്ചുകാണിക്കുകയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.
ഈ കോലാഹലങ്ങളുടെയെല്ലാം തൊട്ടുപിന്നാലെയാണ് ബൈഡന്‍ സുപ്രധാനമായ മറ്റൊരു ഉച്ചകോടിക്കായി ജനീവയില്‍ എത്തിയിരിക്കുന്നത്. അദ്ദേഹവും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും തമ്മിലുളള കൂടിക്കാഴ്ച ഇന്നു (ബുധനാഴ്ച) നടക്കുകയാണ്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
Content Summary : Videsharangom Column - US - China clash as Biden debuts at G7