ജനീവയില്‍ പുതിയ തുടക്കം
ലോകം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നുവെങ്കിലും ജനീവയിലെ ജോ ബൈഡന്‍-വ്ളാഡിമിര്‍ പുടിന്‍ ഉച്ചകോടി ഒരു വലിയ വിജയമായിരിക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമുണ്ടായിരുന്നില്ല. ഭാഗ്യവശാല്‍ അതൊരു പരാജയമായതുമില്ല. ഏറ്റവും വലിയ സൈനിക ശക്തികളായ അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്‍റുമാര്‍ക്ക് പലകാര്യങ്ങളിലും
ലോകം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നുവെങ്കിലും ജനീവയിലെ ജോ ബൈഡന്‍-വ്ളാഡിമിര്‍ പുടിന്‍ ഉച്ചകോടി ഒരു വലിയ വിജയമായിരിക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമുണ്ടായിരുന്നില്ല. ഭാഗ്യവശാല്‍ അതൊരു പരാജയമായതുമില്ല. ഏറ്റവും വലിയ സൈനിക ശക്തികളായ അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്‍റുമാര്‍ക്ക് പലകാര്യങ്ങളിലും
ലോകം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നുവെങ്കിലും ജനീവയിലെ ജോ ബൈഡന്‍-വ്ളാഡിമിര്‍ പുടിന്‍ ഉച്ചകോടി ഒരു വലിയ വിജയമായിരിക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമുണ്ടായിരുന്നില്ല. ഭാഗ്യവശാല്‍ അതൊരു പരാജയമായതുമില്ല. ഏറ്റവും വലിയ സൈനിക ശക്തികളായ അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്‍റുമാര്‍ക്ക് പലകാര്യങ്ങളിലും
ലോകം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നുവെങ്കിലും ജനീവയിലെ ജോ ബൈഡന്‍-വ്ളാഡിമിര്‍ പുടിന്‍ ഉച്ചകോടി ഒരു വലിയ വിജയമായിരിക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമുണ്ടായിരുന്നില്ല. ഭാഗ്യവശാല്‍ അതൊരു പരാജയമായതുമില്ല. ഏറ്റവും വലിയ സൈനിക ശക്തികളായ അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്‍റുമാര്‍ക്ക് പലകാര്യങ്ങളിലും സഹകരിക്കാനുള്ള സാഹചര്യം ഇതോടെ സംജാതമായി എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂണ്‍ 16) ഇരുവരും തമ്മില്‍ കാണുന്നതിനു മുന്‍പ് യുഎസ്-റഷ്യ ബന്ധം ഏറ്റവും മോശമായ പതനത്തിലായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിച്ചിരുന്നതാണ്. പുടിനെ ബൈഡന്‍ 'കൊലയാളി'യെന്നു വിളിക്കുകയും അമേരിക്കയിലെ തങ്ങളുടെ അംബാസ്സഡറെ റഷ്യയും റഷ്യയിലെ തങ്ങളുടെ അംബാസ്സഡറെ അമേരിക്കയും മടക്കിവിളിക്കുകയും ചെയ്തിരുന്നു. പത്തു വീതം നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കുകയും ചെയ്തു.
അതിനു മുന്‍പ്തന്നെ, ഏതാനും വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടിക്കടി വഷളാവുകയായിരുന്നു. 2014ല്‍ യുക്രെയിനില്‍ റഷ്യന്‍ സൈനികമായി ഇടപെടുകയും യുക്രെയിന്‍റെ ഭാഗമായ ക്രൈമിയ സ്വന്തമാക്കുകയും ചെയ്തതോടെയായിരുന്നു അതിന്‍റെ തുടക്കം. അമേരിക്കയിലെ കഴിഞ്ഞ രണ്ടു പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളിലും റഷ്യ ഇടപെട്ടുവെന്ന ആരോപണം, രാഷ്ട്രീയ പ്രതിയോഗികളെ റഷ്യ അടിച്ചമര്‍ത്തുകയാണെന്നും അമേരിക്കയുടെ നേരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ എന്നിവയും ചേര്‍ന്നതോടെ സ്ഥിതിഗതികളില്‍ സംഘര്‍ഷം മുറ്റിനിന്നു.
പരമ്പരാഗതമായി റഷ്യയുടെ സ്വാധീന മേഖലയിലുള്ള രാജ്യങ്ങളെ സ്വന്തം വരുതിയിലാക്കാനും അങ്ങനെ റഷ്യയെ വരിഞ്ഞുമുറുക്കി ക്ഷീണിപ്പിക്കാനും അമേരിക്ക ശ്രമിക്കകയാണെന്നു പുടിനും പരാതിപ്പെടുകയായിരുന്നു. ഇവയെക്കുറിച്ചെല്ലാം നേര്‍ക്കുനേരെയിരുന്നു സംസാരിക്കാന്‍ ഇരു നേതാക്കള്‍ക്കും ജനീവയില്‍ അവസരം ലഭിച്ചുവെന്നത് ഒരു ചെറിയ കാര്യമല്ല.
അമേരിക്കയുടെ പ്രസിഡന്‍റ് എന്ന നിലയില്‍ ബൈഡനുമായി പുടിന്‍ ഇടപെടുന്നത് ഇതാദ്യമാണെങ്കിലും നേരത്തെ ബൈഡന്‍ വൈസ് പ്രസിഡന്‍റായിരുന്നപ്പോള്‍ തന്നെ ഇരുവരും പരിചിതരായിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ബില്‍ ക്ളിന്‍റണ്‍, ജോര്‍ജ് ബുഷ്, ബറാക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നീ നാലു പ്രസിഡന്‍റുമാരുമായും പുടിന്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി.
ഗുരുതരമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും പുടിനുമായി അസാധാരണമായ രീതിയില്‍ സൗഹൃദം പങ്കിടാന്‍ തയാറായതു ട്രംപാണ്. 2016ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടത് ട്രംപിനെ ജയിപ്പിക്കാനാണെന്ന ആരോപണത്തിനിടയിലായിരുന്നു ഇത്. 2018ലെ ഹെല്‍സിങ്കി (ഫിന്‍ലന്‍ഡ്) ഉച്ചകോടിക്കു ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ ആരോപണം നിഷേധിച്ചപ്പോള്‍ ട്രംപ് പരസ്യമായി അദ്ദേഹത്തെ പിന്താങ്ങുകയുംചെയ്തു. അമേരിക്കയുടെ തന്നെ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ കണ്ടെത്തലുകള്‍ അങ്ങനെ അദ്ദേഹം തള്ളിക്കളയുകയായിരുന്നു.
അതിനുശേഷമാണ് ബൈഡന്‍റെ ആഗമനവും ബന്ധം ഏറ്റവും മോശമായ പതനത്തില്‍ എത്തുന്നതിന്‍റെ തുടക്കവും. അതിനു കാരണമായ പ്രശ്നങ്ങളില്‍ മിക്കതും നേരത്തെതന്നെ നിലനില്‍ക്കുന്നതാണ്താനും. എല്ലാ കാര്യങ്ങളും തങ്ങള്‍ക്കു നേരിട്ടു സംസാരിക്കാമെന്നു നിര്‍ദേശിച്ചതും ബൈഡനാണ്. ലോകത്തെ നശിപ്പിക്കാന്‍ കെല്‍പ്പുള്ള ആണവായുധങ്ങളില്‍ ബഹുഭൂരിഭാഗവും കിടക്കുന്നത് അമേരിക്കയുടെയും റഷ്യയുടെയും കൈകളിലായതിനാല്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബന്ധം നിലനിര്‍ത്തേണ്ടത് ഈ രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ് എന്നാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.
പുടിനെ കൊലയാളിയെന്നു വിളിച്ചതിന്‍റെ ചൂടാറുന്നതിനു മുന്‍പ്തന്നെ അദ്ദേഹത്തെ ബെഡന്‍ ഉച്ചകോടിക്കു ക്ഷണിച്ചത് പുടിന്‍റെ ഒരു നയതന്ത്ര വിജയമാണെന്നു കരുതുന്നവരുണ്ട്. ബൈഡന്‍റെ നിര്‍ദേശം പുടിന്‍ സ്വീകരിക്കുകയും സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ഉച്ചകോടി നടത്താന്‍ തീരുമാനിക്കപ്പെടുകയും ചെയ്തു.
ആദ്യം തനിച്ചും പിന്നീട് വിദേശ മന്ത്രിമാരുടെയും മറ്റും സാന്നിധ്യത്തിലുമായിരുന്നു മൊത്തം മൂന്നു മണിക്കൂര്‍ നേരത്തെ ചര്‍ച്ച. ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലോ പതിവുപോലുള്ള സംയുക്ത വാര്‍ത്താ സമ്മേളനമോ ഉണ്ടായില്ല. ഇരുവരും വെവ്വേറെയായി മാധ്യമങ്ങളെ കാണുകയായിരുന്നു. അവയിലൂടെയാണ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലോകം അറിഞ്ഞതും.
അംബാസഡര്‍മാര്‍ അവരുടെ സ്ഥാനങ്ങളിലേക്കു തിരിച്ചുപോകുന്നുവെന്നതാണ് ഈ ഉച്ചകോടിയുടെ ആദ്യഫലം. പുതിയ സ്റ്റാര്‍ട്ട് (ന്യൂ സ്റ്റാര്‍ട്ട്) അഥവാ സ്റ്റാര്‍ട്ട് 2 എന്നു വിളിക്കപ്പെടുന്ന സുപ്രധാന ആണവായുധ ഉടമ്പടി 2026ല്‍ കാലഹരണപ്പെടുമ്പോള്‍ അതിനു പകരമായി കൂറേക്കൂടി ശക്തമായ മറ്റൊരു ഉടമ്പടി ഉണ്ടാക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങാനും തീരുമാനമായി.
നിലവിലുള്ള ഉടമ്പടി 2010ല്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്വദേവും ഒപ്പുവച്ചതാണ്. പുടിന്‍ അപ്പോള്‍ പ്രധാനമന്ത്രിയായിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും അവയില്‍ ഘടിപ്പിക്കാവുന്ന ആണവബോംബുകളുടെയും എണ്ണം ഇതു പരിമിതപ്പെടുത്തുന്നു.
നേരത്തെ 1991ല്‍ സ്റ്റാര്‍ട്ട് എന്ന ഒരു ഉടമ്പടിയില്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷ് സീനിയറും സോവിയറ്റ് പ്രസിഡന്‍റ് ഗോര്‍ബച്ചോവും ഒപ്പിട്ടിരുന്നു. 2009ല്‍ അതു കാലഹരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സ്റ്റാര്‍ട്ട് ഉടമ്പടിയുണ്ടായത്. അതിന്‍റെ കാലാവധിയും അവസാനിക്കാറായപ്പോള്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍അഞ്ചു വര്‍ഷത്തേക്കുകൂടി നീട്ടുകയായിരുന്നു. പുതിയൊരു ഉടമ്പടി ഉണ്ടാവുകയാണെങ്കില്‍ ആണവ നിരായുധീകരണ നീക്കങ്ങളിലെ മറ്റൊരു നാഴികക്കല്ലായിരിക്കും അത്. രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുന്നു, സൈബര്‍ ആക്രമണവും സൈബര്‍ ചാരവൃത്തിയും നടത്തുന്നു എന്നിവ ഉള്‍പ്പെടെയുള്ള ബൈഡന്‍റെ എല്ലാ ആരോപണങ്ങളും പുടിന്‍ തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതാവായ അലക്സി നവല്‍നിയെ അറസ്റ്റ് ചെയ്തു ജയിലിലാക്കിയ കാര്യം ഉന്നയിക്കപ്പെട്ടപ്പോള്‍ നവല്‍നി ഒരു ക്രിമിനലാണെന്നായിരുന്നു പുടിന്‍റെ മറുപടി. ഭീകരരെന്നു സംശയിക്കപ്പെടുന്നവരെ അമേരിക്ക ഗ്വാണ്ടനാമോ തടങ്കല്‍ പാളയത്തില്‍ താമസിപ്പിച്ചിരിക്കുന്നത് ഏതു നിയമം അനുസരിച്ചാണെന്നു ചോദിക്കുകയും ചെയ്തു.
വിഷബാധയേറ്റതിനെ തുടര്‍ന്നു നവല്‍നി മാസങ്ങളോളം ജര്‍മനിയില്‍ ചികില്‍സയിലും വിശ്രമത്തിലുമായിരുന്നു. വധശ്രമമാണെന്നായിരുന്നു ആരോപണം. തിരിച്ചെത്തിയപ്പോള്‍ അറസ്റ്റിലായി. നവല്‍നി ജയിലില്‍ മരിക്കുകയാണെങ്കില്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ റഷ്യയെ സംബന്ധിച്ചിടത്തോളം വിനാശകരമായിരിക്കുമെന്നു താന്‍ പുടിനെ അറിയിച്ചുവെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ വെളിപ്പെടുത്തിയത്.
അത്രയും കര്‍ക്കശമായ മുന്നറിയിപ്പ് സൈബര്‍ ആക്രമണത്തിന്‍റെ കാര്യത്തിലും നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ ടെക്സസിലെ ഹൂസ്റ്റണില്‍നിന്നു ദക്ഷിണ സംസ്ഥാനങ്ങളിലേക്കു പെട്രോളും വിമാന ഇന്ധനവും കൊണ്ടുപോകുന്ന പൈപ്പ്ലൈനിന്‍റെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ മാസം അവതാളത്തിലായ സംഭവമാണ് സൈബര്‍ ആക്രമണത്തിന് ഉദാഹരണമായി ബൈഡന്‍ ചൂണ്ടിക്കാട്ടിയത്. ഒരാഴ്ചയോളം ഇന്ധന വിതരണം സ്തംഭിക്കുകയും കോടിക്കണക്കിനു ഡോളറിന്‍റെ നഷ്ടമുണ്ടാവുകയും ചെയ്തു.
ആക്രമണത്തിന്‍റെ ഉല്‍ഭവം റഷ്യയില്‍നിന്നാണെന്നാണ് സംശയം. ഇത്തരം സംഭവം ഇനിയുമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അതിനുള്ള കഴിവ് അമേരിക്കയ്ക്ക് ഉണ്ടെന്നും താന്‍ പുടിനെ അറിയിച്ചതായും ബൈഡന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എണ്ണ പൈപ്പ്ലൈനുകള്‍, ജലവിതരണ സംവിധാനങ്ങള്‍ എന്നിവ പോലുള്ള മര്‍മ്മ പ്രധാനമായ മേഖലകള്‍്ക്കു സൈബര്‍ ആക്രമണത്തില്‍നിന്നു സംരക്ഷണം നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വയ്ക്കുകയുണ്ടായി.
ഈ ഉച്ചകോടിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെന്നു പറയാന്‍ വയ്യ, എങ്കിലും, പ്രതീക്ഷയുടെ വെട്ടം കാണാനുണ്ട്-ഇങ്ങനെയായിരുന്നു വാര്‍ത്താ സമ്മേളനത്തിലെ ഒരു ചോദ്യത്തിനു പുടിന്‍ നല്‍കിയ മറുപടി.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
Content Summary : Videsharangom Column - Biden-Putin summit in Geneva