'അപ്രത്യക്ഷമാകുന്ന' ജപ്പാന്‍

Videsharangam
Representative image. Photo Credit : StreetVJ / Shutterstock.com
SHARE

"ഇങ്ങനെ പോയാല്‍ ജപ്പാന്‍ അപ്രത്യക്ഷമാകും." ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡയുടെ ഉപദേഷ്ടാവ് മസാക മോറി ഈയിടെ ഇങ്ങനെ പറഞ്ഞപ്പോള്‍ ജപ്പാനില്‍ അധികമാരും ഞെട്ടിയിട്ടുണ്ടാവില്ല. കാരണം, ഇതേകാര്യം ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് പ്രധാനമന്ത്രി തന്നെ പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. ഇത്രയും വെട്ടിത്തുറന്നു പറഞ്ഞിരുന്നില്ലെന്നുമാത്രം. രാജ്യത്തിന് ഇന്നത്തെപ്പോലെ പ്രവര്‍ത്തിക്കാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്നപരിഹാരത്തിന്

ഇനിയും കാത്തിരിക്കാനാവില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ജനസംഖ്യയാണ് ജപ്പാന്‍റെ പ്രശ്നം. ജനസംഖ്യയുടെ അമിതമായ തോതിലുള്ള വര്‍ധനയല്ല, ജനസംഖ്യ അപകടകരമായ വിധത്തില്‍ കുറഞ്ഞുവരികയാണെന്നത് രാജ്യത്തെ ഭയപ്പെടുത്തുന്നു. ഇതേപ്രശ്നം ചൈന,  ദക്ഷിണ കൊറിയ, ഇറ്റലി, റഷ്യ, ജര്‍മ്മനി, സ്പെയിന്‍ തുടങ്ങിയ മറ്റു ചില രാജ്യങ്ങളും നേരിടുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം ജനങ്ങളുളള രാജ്യമായി 1950 മുതല്‍ അറിയപ്പെടുന്ന ചൈനയ്ക്ക്  ഇക്കാരണത്താല്‍ ആ സ്ഥാനം നഷ്ടപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇനിയങ്ങോട്ട് ഇന്ത്യയായിരിക്കും മുന്നില്‍. 

മൂന്നര ലക്ഷത്തിലേറെ ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ള ജപ്പാനിലെ ജനസംഖ്യ 2021ലെ കണക്കനുസരിച്ച് 12 കോടി 57 ലക്ഷമാണ്. 2008ല്‍ 12 കോടി 80 ലക്ഷമായിരുന്നു. 13 വര്‍ഷങ്ങള്‍ക്കിടയില്‍ 23 ലക്ഷം കുറഞ്ഞു. ഇങ്ങനെ പോയാല്‍ 42 വര്‍ഷങ്ങള്‍ക്കകം അതായത് 2065ല്‍ ജനസംഖ്യ ഏതാണ്ട് ഒന്‍പതു കോടിയായി ചുരുങ്ങുമെന്നു കണക്കാക്കപ്പെടുന്നു. ഈ നൂറ്റാണ്ടു കഴിയുമ്പോഴേക്കും അഞ്ചു കോടി 30 ലക്ഷമാകുമത്രേ. 

ജനനസംഖ്യ വന്‍തോതില്‍ കുറയുന്നതാണ് ഇതിനു കാരണമെന്നു പ്രത്യേകിച്ച് പറയേണ്ടതില്ല. 1982ല്‍ 15 ലക്ഷം കുട്ടികള്‍ ജനിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ജനനസംഖ്യ എട്ടു ലക്ഷത്തിനു താഴെയായിരുന്നു. അതിന്‍റെ ഏതാണ്ട് ഇരട്ടിപേര്‍ മരിച്ചതും ജനസംഖ്യ കുറയാന്‍ കാരണമായി.ജനസംഖ്യ അമിതമായി വര്‍ധിക്കുന്നതുപോലെതന്നെ ക്രമാതീതമായി കുറയുന്നതും രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് അഭികാമ്യമല്ല. അതിനാല്‍ ആളുകള്‍ മരിക്കുകയും പ്രായാധിക്യംമുലം ജോലി ചെയ്യാന്‍ കഴിയാത്തവരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ നഷ്ടം നികത്താന്‍ സമാനമായ തോതില്‍ ജനനവും നടക്കണം. ഒരു സ്ത്രീക്കു ശരാശരി 2.1 കുട്ടികള്‍ അല്ലെങ്കില്‍ 10 സ്ത്രീകള്‍ക്കു 21 കുട്ടികള്‍ ഉണ്ടായിരിക്കണമെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ജപ്പാനിലെ ശരാശരി 1.30 ആണ്. അതായത് 10 സ്ത്രീകള്‍ക്ക് 13 കുട്ടികള്‍. സന്താനോല്‍പ്പാദനക്ഷമത ഇത്രയും കുറഞ്ഞ രാജ്യങ്ങള്‍ ലോകത്ത് അധികമില്ല.

കുട്ടികളുണ്ടാവാന്‍ ജപ്പാനിലെ ചെറുപ്പക്കാര്‍ക്കു പൊതുവില്‍ താല്‍പര്യം കുറഞ്ഞുവരുന്നുവെന്നതാണ് ഇതിനു കാരണം. അതിന് അവരെ പ്രേരിപ്പിക്കുന്നത് കുട്ടികളെ പോറ്റി വളര്‍ത്താനുളള ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നതും. ജപ്പാനില്‍ ഈ ചെലവ് മിക്ക രാജ്യങ്ങളിലേതിനേക്കാളും വളരെ അധികമാണത്രേ. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാനില്‍ പൊതുവില്‍തന്നെ ജീവിതച്ചെലവ് കൂടുതലാണ്. പലരും വിവാഹം വൈകിക്കുകയോ വിവാഹം തന്നെ വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്നു. ഗര്‍ഭധാരണവും പ്രസവും ശിശുപരിപാലനവും ജോലിയെ ബാധിച്ചേക്കുമെന്ന ഭീതിമൂലം കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളും ഏറെയാണ്. സ്ത്രീയും പുരുഷനും വിവാഹം ചെയ്യാതെയും കുട്ടികള്‍ ഇല്ലാതെയും ഒന്നിച്ചു ജീവിക്കുന്നതും അസാധാരണമല്ലാതായി വരുന്നു. 

കുട്ടികളുണ്ടാവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനുവേണ്ടി ഇപ്പോള്‍തന്നെ ഗവണ്‍മെന്‍റ് ധനസഹായം നല്‍കിവരുന്നുണ്ട്.  ഓരോ കുട്ടിക്കും മൂന്നു വയസ്സാകുന്നതുവരെ മാസത്തില്‍ 15000 യെന്നും അതിനുശേഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാകുന്നതുവരെ 10000 യെന്നും നല്‍കുന്നു. ഒരു യെന്‍ 60 ഇന്ത്യന്‍ പൈസയ്ക്കു തുല്യമാണ്. തലസ്ഥാന നഗരമായ ടോക്യോ ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ഭരണസമിതി ഓരോ കുട്ടിക്കും 18 വയസ്സുവരെ 5000 യെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബേബി ഫുഡ്, ഡയപ്പറുകള്‍ തുടങ്ങിയവ വാങ്ങാനായി ഒരു ലക്ഷം യെന്‍ വരെയുള്ള വാര്‍ഷിക സാമ്പത്തിക സഹായം നല്‍കാനും ഗവണ്‍മെന്‍റിന് ആലോചനയുണ്ടത്രേ.  

ജപ്പാനിലെ ജനസംഖ്യാ പ്രശ്നത്തിനു മറ്റൊരു വശംകൂടിയുണ്ട്. ആയുര്‍ദൈര്‍ഘ്യത്തിന്‍റെ കാര്യത്തില്‍ ലോകത്തു മുന്‍നിരയില്‍ നില്‍ക്കുന്ന അവിടെ പ്രായമുള്ളവരുടെ എണ്ണം കൂടിവരുന്നു. 1500ല്‍ ഒരാള്‍വീതം 100 വയസ്സോ അതിലധികമോ ഉള്ളവരാണ്. 65 വയസ്സോ അതിലധികമോ ഉള്ളവര്‍ ഏതാണ്ട് 30 ശതമാനമായി. രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇത്തരം ആളുകളില്‍നിന്നു പ്രതീക്ഷിക്കാനാവില്ല. ജനനനിരക്കിലുളള ഇടിവു കാരണം ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം അടിക്കടി കുറയുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ രാജ്യങ്ങള്‍ക്കു തേടാനുള്ള വഴി പുറത്തുനിന്നുള്ള കുടിയേറ്റം അനുവദിക്കുകയോ അതിനെ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യുകയാണ്. എന്നാല്‍, പരമ്പരാഗതമായി ജപ്പാന്‍ അനുവര്‍ത്തിച്ചുവരുന്ന നയം കുടിയേറ്റത്തിന് അനുകൂലമല്ല. അന്യനാട്ടുകാര്‍ ധാരാളമായി വന്നെത്തുന്നതോടെ തങ്ങളുടെ സംസ്ക്കാരം കളങ്കപ്പെട്ടുപോകുമെന്നു ജപ്പാന്‍കാര്‍ ഭയപ്പെടുന്നു. 

ഏറ്റവും കൂടുതല്‍ ജനങ്ങളുളള രാജ്യമെന്ന സ്ഥാനമുളള ചൈനയിലുമുണ്ട് ജനസംഖ്യ അടിക്കടി കുറയുകയാണെന്ന പ്രശ്നം. കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യ (141 കോടി) ചൂണ്ടിക്കാട്ടിയത്  ഒരു വര്‍ഷത്തിനകം എട്ടരലക്ഷം ആളുകള്‍ കുറഞ്ഞുവെന്നാണ്. 1961ല്‍ രാജ്യമൊട്ടുക്കും ഉണ്ടായ ക്ഷാമത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചതിനുശേഷം ജനസംഖ്യയില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത് ഇതാദ്യമാണത്രേ. പല കാരണങ്ങളും ഇതിനു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പ്രധാനകാരണം ഗവണ്‍മെന്‍റിന്‍റെ ജനസംഖ്യാനയം തന്നെ. ഒരു ഭാര്യക്കും ഭര്‍ത്താവിനും ഒരു കുട്ടിമാത്രം  എന്നതായിരുന്നു 1980 മുതല്‍ ഏതാണ്ട് മൂന്നര പതിറ്റാണ്ടുകാലം ചൈനയുടെ നയം.  അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധനമൂലം സാമ്പത്തിക വളര്‍ച്ച മുരടിച്ചുപോകുന്നതു തടയാനുള്ള പ്രതിവിധിയെന്ന നിലയില്‍ അതു കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. 

മാവോ സെദൂങ്ങ് 1949ല്‍ ചൈനീസ് കമ്യൂണിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുമ്പോള്‍ ജനസംഖ്യ 54 കോടിയായിരുന്നത് അദ്ദേഹത്തിന്‍റെ മരണത്തിനു മുന്‍പ്തന്നെ ഏതാണ്ട് ഇരട്ടിയാവുകയുണ്ടായി. ഒറ്റക്കുട്ടി നിയമം കൊണ്ടുവന്നത് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ഡെങ് സിയാവോപിങ് ആയിരുന്നു. മുതലാളിത്ത മാര്‍ഗത്തിലൂടെയുള്ള ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തിനു തുടക്കമിട്ടതും മറ്റാരുമായിരുന്നില്ല. നിയമം ലംഘിക്കുന്നവര്‍ക്കു കനത്ത പിഴ നല്‍കേണ്ടി വരികയും പിഴ നല്‍കാന്‍ കഴിയാത്തവര്‍ക്കു ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ക്കു നിര്‍ബന്ധ ഗര്‍ഭഛിദ്രത്തിനു വഴങ്ങേണ്ടി വന്നു. സാധാരണഗതിയില്‍ ഗവണ്‍മെന്‍റില്‍നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ രണ്ടാമതും അതിനു  ശേഷവും ജനിക്കുന്ന കുട്ടികള്‍ക്കു നിഷേധിക്കപ്പെട്ടു. 

ജനസംഖ്യാ വര്‍ധയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ ഇടിവുണ്ടായതായിരുന്നു ഇതിന്‍റെ ഫലം. സാമ്പത്തിക വളര്‍ച്ചയ്ക്കു ഭീഷണിയാകാന്‍ തുടങ്ങിയതോടെ നയം മാറ്റേണ്ടിവന്നു. ഒരു ഭാര്യക്കും ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ എന്ന നയം 2016 മുതല്‍ നിലവില്‍വന്നു. സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാത്തവിധത്തില്‍ ജനസംഖ്യാ വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ അതും പരാജയപ്പെടുകയായിരുന്നു. മൂന്നു കുട്ടികള്‍വരെയാവാമെന്നാണ് 2021 മുതല്‍ക്കുള്ള പുതിയനയം. 

പക്ഷേ,  സമയം വൈകിപ്പോയി. കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹം ഇപ്പോള്‍ ചൈനക്കാരില്‍ അധികപേര്‍ക്കുമില്ല. ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചതുതന്നെ മുഖ്യകാരണം. ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വിശ്വാസം പലരുടെയും മനസ്സില്‍ ഉറക്കുകയും ചെയ്തു കഴിഞ്ഞു. വിവാഹം വൈകിക്കുന്നവരുടെയും വിവാഹമേ വേണ്ടെന്നു കരുതുന്നവരുടെയും വിവാഹിതരായാലും കുട്ടികള്‍ വേണ്ടെന്നു തീരുമാനിക്കുന്നവരുടെയും എണ്ണം കൂടിവരുന്നു. ജോലിചെയ്യുന്ന പ്രായമുള്ളവര്‍ ഒരു പതിറ്റാണ്ടുമുന്‍പ് 70 ശതമാനമായിരുന്നത് 63.4 ശതമാനമായി കുറഞ്ഞു. അതേസമയം അറുപതും അതിനു മുകളിലും പ്രായമുള്ളവരുടെ എണ്ണം കുടുകയും 26.4 കോടിയാവുകയും ചെയ്തു. ആകെ ജനസംഖ്യയുടെ ഏതാണ്ട് 18 ശതമാനമാണിത്. ഇങ്ങനെ പോയാല്‍ 2025 ആകുമ്പോഴേക്കു ചൈനയിലെ ജനങ്ങളില്‍ അഞ്ചിലൊന്ന് ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരായിരിക്കുമത്രേ.  

ലോകത്തെ ഏറ്റവും  വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാവാന്‍ ചൈനയെ സഹായിച്ച ഒരു കാര്യം താരതമ്യേന കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാന്‍ അവിടെ വേണ്ടത്ര ആളുകളുണ്ടെന്നതാണ്. ജനസംഖ്യാ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നതു തുടര്‍ന്നാല്‍ കാലക്രമത്തില്‍ അതിനു തടസ്സം നേരിടും. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലെയും പല വ്യവസായങ്ങളും മുന്നോട്ടുപോകുന്നത് ചൈനയില്‍ അവര്‍ക്കു വേണ്ടത്ര തൊഴിലാളികളെ കിട്ടുന്നതു കൊണ്ടാണ്. അതിനു തടസ്സം നേരിട്ടാല്‍ ചൈനയിലെ അവരുടെ യൂണിറ്റുകളുടെ ഭാവി അവതാളത്തിലാവുകയും ചെയ്യൂം.

Content Summary : Videsharangom Column about Japan Population

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS