പതിനേഴു വര്‍ഷം മുന്‍പ് കലിഫോര്‍ണിയയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നടന്നതായി പറയപ്പെടുന്ന സംഭവം അമേരിക്കയിലെ മുന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ജീവിതത്തിലെ ഒരു തകര്‍പ്പന്‍ അധ്യായമായി മാറിയിരിക്കുകയാണ്. 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ആ സംഭവം അദ്ദേഹത്തിനു മുന്നില്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും അതിനെ മറികടക്കാന്‍ അദ്ദേഹത്തിനു പ്രയാസമുണ്ടായിരുന്നില്ല. നാലു വര്‍ഷത്തിനുശേഷം ട്രംപ് വൈറ്റ്ഹൗസില്‍ നിന്ന് ഇറങ്ങിയതോടെ പൊതുവില്‍ എല്ലാവരും അതു മറക്കുകയും ചെയ്തു. പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍ ഉള്‍പ്പെടെ പല യുഎസ് നേതാക്കളുടെയും ജീവിതത്തിലെ ഇത്തരം സംഭവങ്ങള്‍ കാലക്രമത്തില്‍ വിസ്മൃതിയിലായ പശ്ചാത്തലത്തില്‍ അതിലാര്‍ക്കും അദ്ഭുതം തോന്നിയതുമില്ല.
എന്നാല്‍, 2024ല്‍ ഒരിക്കല്‍കൂടി പ്രസിഡന്‍റാകാന്‍ ട്രംപ് ഇപ്പോള്‍ തന്നെ കച്ചകെട്ടിക്കൊണ്ടിരിക്കേ ആ പഴയ സംഭവം ഒരു ക്രിമിനല്‍ കേസിന്‍റെ രൂപത്തില്‍ അദ്ദേഹത്തെ ആഞ്ഞുകൊത്തിയിരിക്കുകയാണ്. സംഭവത്തോടനുബന്ധിച്ച് നടന്ന വിവാദപരമായ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയ ന്യൂയോര്‍ക്ക് മാന്‍ഹറ്റന്‍ കോടതിയിലെ ഗ്രാന്‍ഡ് ജൂറി ട്രംപിന്‍റെമേല്‍ കുറ്റം ചുമത്തുകയും കോടതി മുന്‍പാകെ ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ യുഎസ് രാഷ്ട്രീയം ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും തിളച്ചുമറിയാന്‍ തുടങ്ങി.
ഇനിയെന്ത് എന്നറിയാന്‍ ലോകം മുഴുവന്‍ അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ് ഇപ്പോള്‍. മാന്‍ഹറ്റന്‍ കോടതിയില്‍ കീഴടങ്ങാനായി തിങ്കളാഴ്ച (ഏപ്രില്‍ മൂന്ന്) ട്രംപ് ഫ്ളോറിഡയില്‍ നിന്നു സ്വന്തം വിമാനത്തില്‍ ന്യൂയോര്‍ക്കിലേക്കു പുറപ്പെടും. ചൊവ്വാഴ്ചയാണ് കോടതിയില്‍ ഹാജരാവുക. അറസ്റ്റ് രേഖപ്പെടുത്തുകയും സാധാരണ എല്ലാ ക്രിമിനല്‍ കേസ് പ്രതികളുടെയും കാര്യത്തില്‍ ചെയ്യുന്നതുപോലെ മുഖത്തിന്‍റെ ഫോട്ടോ എടുക്കുകയും വിരലടയാളം പകര്‍ത്തുകയും ചെയ്യും.
ക്രിമിനല്‍ കേസ് പ്രതികള കൈയാമം വയ്ക്കുന്ന പതിവുണ്ടെങ്കിലും ട്രംപിന്‍റെ കാര്യത്തില്‍ അതൊഴിവാക്കാനാണ് സാധ്യതയെന്നു പറയപ്പെടുന്നു. ട്രംപിനെ കുറ്റം വായിച്ചു കേള്‍പ്പിക്കും. അദ്ദേഹത്തിന് അതു സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. ഒരു സിറ്റിങ് പ്രസിഡന്‍റോ മുന്‍പ്രസിഡന്‍റോ ഇത്തരമൊരു ദുരവസ്ഥയെ നേരിടുന്നത് അമേരിക്കയുടെ രണ്ടു നൂറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ ആദ്യമാണ്.
നീലച്ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന സ്റ്റോമി ഡാനിയല്‍സ് എന്ന നടിയുമായി 2006 ജൂലൈയില്‍ ട്രംപ് കിടക്ക പങ്കിട്ടതായി പറയപ്പെടുന്ന സംഭവമാണ് കേസിന്‍റെ കേന്ദ്രബിന്ദു. സംഭവം ട്രംപ് നിഷേധിക്കുന്നു. എങ്കിലും 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍ നടി അതു പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ ട്രംപ് തന്‍റെ അഭിഭാഷകനായിരുന്ന മൈക്കല്‍ കോഹന്‍ മുഖേന 130,000 ഡോളര്‍ കൊടുത്തു പ്രശ്നം ഒതുക്കിത്തീര്‍ത്തു. അതോടനുബന്ധിച്ചുള്ള കേസിലാണ് മാന്‍ഹറ്റന്‍ കോടതിയിലെ ഗ്രാന്‍ഡ് ജൂറി ട്രംപില്‍ കുറ്റം ചുമത്തിയത്.
കേസുണ്ടായാല്‍ അതുമായി മുന്നോട്ടുപോകാന്‍ മാത്രമുള്ള തെളിവുണ്ടോ എന്നു തീരുമാനിക്കുന്നതു സംസ്ഥാനങ്ങളിലെ ഗ്രാന്‍ഡ് ജൂറിയാണ്. പത്തിരുപതു പേരടങ്ങിയ ഗ്രാന്‍ഡ് ജൂറി അതിനുവേണ്ടി പ്രാഥമിക വിചാരണ നടത്തുകയും സാക്ഷികളെ വിസ്തരിക്കുകയും ചെയ്യും. മാന്‍ഹാറ്റന്‍ കോടതിയില്‍ ഗ്രാന്‍ഡ് ജൂറിയുടെ മുന്നില്‍ സാക്ഷികളായി ഹാജരായി മൊഴിനല്‍കിയവരില്‍ നടിയും ട്രംപിന്‍റെ അഭിഭാഷകനായിരുന്ന കോഹനും ഉള്‍പ്പെടുന്നു. അതിനകം ട്രംപുമായി പിണങ്ങിപ്പിരിഞ്ഞിരുന്ന കോഹന്‍റെ മൊഴി ട്രംപിനു ദോഷം ചെയ്യുന്ന വിധത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. ട്രംപിനെയും സാക്ഷിയായി വിളിച്ചിരുന്നുവെങ്കിലും അദ്ദേഹം പോയില്ല. ഗ്രാന്‍ഡ് ജൂറിയുടെ തീരുമാനം അനുസരിച്ചാണ് ട്രംപിന്‍റെ മേല്‍ കുറ്റം ചുമത്തിയിരിക്കുന്നത്. എങ്കിലും ഗ്രാന്‍ഡ് ജൂറിയുടെ വിധിയുടെ വിശദവിവരങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
പണം നല്‍കി പ്രശ്നം ഒത്തുതീര്‍ത്തത് ന്യൂയോര്‍ക്ക് സംസ്ഥാനത്തു കുറ്റമല്ല. കോഹന്‍ സ്വന്തം പണം നടിക്കു നല്‍കുകയും ആ തുക ട്രംപ് കോഹനു നല്‍കുകയുമായിരുന്നു. അതിനു പുറമെ 290,000 ഡോളർ വേറെയും കോഹനു നല്‍കി. ഇതെല്ലാം വക്കീല്‍ ഫീസ് ഉള്‍പ്പെടെയുള്ള ബിസിനസ് സംബന്ധമായ ചെലവായി അദ്ദേഹം തന്‍റെ കമ്പനിയുടെ എക്കൗണ്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇതു കണക്കില്‍ കൃത്രിമം കാണിക്കലാണെന്നും നിയമവിരുദ്ധമാണെന്നുമാണ് ആരോപണം.
നടിക്കു പണം നല്‍കിയതു 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയിലാണെന്നതും ട്രംപിനു കുരുക്കായി. വിജയം ഉറപ്പിക്കാനായി അവിഹിത മാര്‍ഗം ഉപയോഗിച്ചുവെന്നും അതു തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നുമുള്ള ആരോപണം ഉയര്‍ന്നു. ഇതെല്ലാം ചേര്‍ന്നാണ് ക്രിമിനല്‍ കേസിന്‍റെ രൂപത്തില്‍ ട്രംപിനെ പിടികൂടിയത്.
ഇപ്പോള്‍ 44 വയസ്സുളള സ്റ്റോമി ഡാനിയല്‍സ് ട്രംപിനെ പരിചയപ്പെട്ടത് 27ാം വയസ്സില്‍ കലിഫോര്‍ണിയിയിലെ ഒരു ഗോള്‍ഫ് ടൂര്‍ണമെന്‍റ് സ്ഥലത്തുവച്ചായിരുന്നു. ട്രംപിന്‍റെ ഭാര്യ മെലാനിയ പ്രസവത്തെ തുടര്‍ന്നു വീട്ടില്‍ കഴിയുകയായിരുന്നുവത്രേ. തന്നെ അദ്ദേഹം ഹോട്ടല്‍ മുറിയിലേക്കു ക്ഷണിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പ്രതിഫലമായി പണം നല്‍കുകയും ചെയ്തതായി നടി പറയുന്നു.
പ്രസിഡന്‍റാകുന്നതിനു മുന്‍പ് ഒരു ടിവി അവതാരകനായി അറിയപ്പെടുകയായിരുന്നു കോടീശ്വരനായ ട്രംപ്. തന്‍റെ ഒരു ടിവി പരിപാടിയില്‍ അതിഥിയായി ക്ഷണിക്കാമെന്നു ട്രംപ് നടിക്കു വാക്ക് നല്‍കുകയും ചെയ്തിരുന്നുവത്രേ. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാക്ക് പാലിക്കപ്പെട്ടില്ല. അതില്‍ നടി അരിശം പൂണ്ടിരിക്കേയായിരുന്നു 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള ട്രംപിന്‍റെ ശ്രമത്തിന്‍റെ തുടക്കം. ഇതു തന്‍റെ അരിശം തീര്‍ക്കാന്‍ പറ്റിയ അവസരമായി നടി കണ്ടു.
ഈ സന്ദര്‍ഭത്തില്‍ ട്രംപിനെക്കുറിച്ചുള്ള തന്‍റെ കഥ അഭിമുഖങ്ങളിലൂടെ മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നതു കാശു സമ്പാദിക്കാനുള്ള വഴിയായും നടി കണ്ടെത്തി. അതിനുവേണ്ടി ചില മാധ്യങ്ങളെ സമീപിക്കുകയും ചെയ്തു. ഇതു മണത്തറിഞ്ഞ ട്രംപിന്‍റെ ആളുകള്‍ തന്നെയും മകളെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു. മിണ്ടാതിരിക്കാനും അതിനുള്ള പ്രതിഫലമായി 130,000 ഡോളർ സ്വീകരിക്കാനും ഒടുവില്‍ നടി സമ്മതിച്ചു.
പക്ഷേ, അധ്യായം അവിടെ അവസാനിച്ചില്ല. സ്റ്റോമി ഡാനിയല്‍സ് 2018ല്‍ തന്‍റെ ജീവിതകഥ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ ആ സംഭവവും അതില്‍ ഉള്‍പ്പെടുത്തി. കാരന്‍ മഗ്ഡൂഗല്‍ എന്ന മറ്റൊാരു സ്ത്രീയും 2006 മുതല്‍ മാസങ്ങളോളം താന്‍ ട്രംപുമായി ലൈംഗികബന്ധത്തിലായിരുന്നുവെന്ന കഥയുമായി മുന്നോട്ടുവന്നു. അഭിമുഖരൂപത്തില്‍ അതു പ്രസിദ്ധീകരിക്കാനായി ഒരു ടാബ്ളോയിഡ് പത്രവുമായി കരാറിലേര്‍പ്പെടുകയും പ്രതിഫലമായി 150,000 ഡോളര്‍ സ്വീകരിക്കുകയും ചെയ്തു.
പക്ഷേ, പത്രം ആ അഭിമുഖം പ്രസിദ്ധീകരിച്ചില്ല. ഒരു തവണ വിറ്റുകഴിഞ്ഞ കഥ മറ്റേതെങ്കിലും പത്രത്തിലൂടെ പുറത്തുകൊണ്ടുവരാന്‍ പകര്‍പ്പവകാശ നിയമം കാരണം സാധ്യമായതുമില്ല. ഇങ്ങനെ ആ സ്ത്രീയെയും 'നിശ്ശബ്ദ'യാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു ട്രംപിന്‍റെ കൈകളാണെന്നാണ് ആരോപണം. ആ ഇടപാടിലും ഇടയാളായി പ്രവര്‍ത്തിച്ചതു ട്രംപിന്‍റെ പ്രശ്ന പരിഹാരക്കാരന്‍ എന്നറിയപ്പെട്ടിരുന്ന അഭിഭാഷകന്‍ കോഹനായിരുന്നു.
ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ കോഹന്‍തന്നെ കേസില്‍ കുടുങ്ങുകയും അറസ്റ്റിലാവുകയും ചെയ്തു. നികുതി വെട്ടിപ്പ്, തിരഞ്ഞെടുപ്പ്
നിയമലംഘനം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ 2018ല്‍ മൂന്നു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. 2021ല്‍ മോചിതനായി. 'ട്രംപിനുവേണ്ടി വെടിയേല്‍ക്കാന്‍പോലും തയാര്‍' എന്നു മേനി പറഞ്ഞിരുന്ന കോഹന്‍ ഇപ്പോള്‍ ട്രംപിന്‍റെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളായി. ട്രംപിനെതിരെയുള്ള മാന്‍ഹാറ്റന്‍ കോടതിയുടെ വിചാരണയില്‍ മുഖ്യപ്രോസിക്യൂഷന്‍ സാക്ഷിയായിരിക്കും ഒരുപക്ഷേ കോഹന്‍.
Content Summary: Videsharangam by K Obeidulla about Story of Porn Star Stormy Daniels and Her Alleged Tryst with Donald Trump