സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയില്‍പെട്ടു ജനം നട്ടംതിരിയുമ്പോഴും പാക്കിസ്ഥാനില്‍ രാഷ്ട്രീയ കോളിളങ്ങള്‍ക്കു ശമനമില്ല. അതിനിടയില്‍ തന്നെ ഇപ്പോള്‍ ജുഡീഷ്വറിയുമായുള്ള ഭരണകൂടത്തിന്‍റെ ഏറ്റുമുട്ടലും നടന്നുകൊണ്ടിരിക്കുന്നു.രാജ്യത്തിന്‍റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇതൊരു അസാധാരണ സംഭവവികാസമാണ്.
ഇടയ്ക്കിടെ ഭരണം പിടിച്ചടയ്ക്കുകയും അല്ലാത്തപ്പോള്‍ രാഷ്ട്രീയത്തില്‍ മറ്റു വിധത്തില്‍ ഇടപെടുകയും തങ്ങള്‍ക്കിഷ്ടമുള്ളവരെ അധികാരത്തില്‍ അവരോധിക്കുകയും ചെയ്യുന്നുവെന്നതു പാക്ക് പട്ടാളത്തെക്കുറിച്ചുള്ള പരാതിയായിരുന്നു. അതിനുവേണ്ടി പട്ടാളത്തെ ജുഡീഷ്യറി സഹായിച്ച സന്ദര്‍ഭങ്ങളും അപൂര്‍വമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ തല്‍ക്കാലം പട്ടാളം മാറിനില്‍ക്കുന്നു. എത്ര കാലത്തേക്കെന്ന് ആര്‍ക്കും അറിയില്ലെന്നു മാത്രം.
രാഷ്ട്രീയത്തില്‍ ഇടപെടുകയും രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നുവെന്ന ആരോപണത്തെ ഇപ്പോള്‍ നേരിടുന്നത് സുപ്രീം കോടതിയാണ്. പ്രത്യേകിച്ച് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത ബാന്ദിയാല്‍. പ്രതിപക്ഷ നേതാവും മൂന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ അധികാരത്തിലേക്കു തിരിച്ചുവരാന്‍ നടത്തിവരുന്ന ശ്രമങ്ങളെ അദ്ദേഹം വഴിവിട്ടു സഹായിക്കുന്നുവെന്നാണ് ആരോപണം.
ഭരണകൂടങ്ങളോട്, പ്രത്യേകിച്ച് പട്ടാള ഭരണകൂടങ്ങളോട് വിധേയത്തം കാണിക്കുകയും അവരുടെ നടപടികളെ ന്യായീകരിക്കുകയും ചെയ്യുന്നതില്‍ പാക്ക് ജുഡീഷ്യറി പലപ്പോഴും പിശുക്ക് കാട്ടിയിരുന്നില്ല. സിവിലിയന്‍ ഗവണ്‍മെന്‍റുകളെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചടക്കിയതിനെ ചോദ്യം ചെയ്തപ്പോഴെല്ലാം ഉന്നത ന്യായപീഠങ്ങള്‍ പട്ടാളത്തിന്‍റെ നടപടിയെ ന്യായീകരിക്കുകയും അതിനെതിരായ ഹര്‍ജികള്‍ തള്ളിക്കളയുകയും ചെയ്തു.
നിലവിലുള്ള സാഹചര്യത്തില്‍ പട്ടാളത്തിന്‍റെ ഇടപെടല്‍ ആവശ്യമായി വന്നുവെന്നായിരുന്നു ന്യായീകരണം. പില്‍ക്കാലത്ത് പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവ് നവാസ് ഷരീഫ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുകയും അയോഗ്യനാക്കപ്പെടുകയും ചെയ്പ്പോള്‍ അതു രാഷ്ട്രീയത്തിലുള്ള ജുഡീഷ്യറിയുടെ മറ്റൊരു ഇടപെടലാണെന്ന ആരോപണവും ഉയരുകയുണ്ടായി.
ഇപ്പോഴത്തെ സാഹചര്യം വ്യസ്തമാണ്. 2018 ജൂലൈയിലെ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി പ്രധാനമന്ത്രിയാവുകയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍നിന്നു പുറത്താവുകയും ചെയ്ത പാക്കിസ്ഥാന്‍ തെഹ്രീഖെ ഇന്‍സാഫ് (പിടിഐ) നേതാവ് ഇമ്രാന്‍ ഖാനാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. എത്രയും വേഗം അധികാരത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന അദ്ദേഹം അതിനുവേണ്ടി എല്ലാ അടവുകളും പയറ്റിവരുന്നു.
പാര്‍ലമെന്‍റിന്‍റെ അധോസഭയായ (നമ്മുടെ ലോക്സഭയ്ക്കു തുല്യം) നാഷനല്‍ അസംബ്ളിയിലേക്കു എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തിക്കിട്ടാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം അതിന്‍റെ ഭാഗമാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചുവേണം വീണ്ടും അധികാരത്തിലെത്താന്‍. മൂന്നില്‍ രണ്ടു ഭൂരിപക്ഷംവരെ തങ്ങള്‍ നേടുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
പക്ഷേ, പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവ് ഷഹബാസ് ഷരീഫിന്‍റെ നേതൃത്വത്തിലുള്ളതും പത്തിലേറെ കക്ഷികള്‍ അടങ്ങിയതുമായ ഭരണ സഖ്യം ഉടനൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറല്ല. 2018 ജൂലൈയില്‍ തിരഞ്ഞെടുക്കപ്പെട്ട നാഷനല്‍ അസംബ്ളിയുടെ അഞ്ചു വര്‍ഷക്കാലാവധി പൂര്‍ത്തിയാകാന്‍ ഇനിയും ഈ വര്‍ഷം ഓഗസ്റ്റ് വരെ സമയമുണ്ട് എന്നതാണ് അവര്‍ അതിനു പറയുന്ന ഒരു കാരണം. മറ്റൊരു കാരണം തോല്‍ക്കുമെന്ന ഭീതിയാകാം.
അവരുടെ എതിര്‍പ്പിനെ മറികടക്കാന്‍ ഇമ്രാന്‍ വഴികണ്ടെത്തിയത് പഞ്ചാബ്, ഖൈബര്‍പഖ്തുന്‍ഖ്വ എന്നീ പ്രവിശ്യകളിലെ നിയമസഭകള്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ പിരിച്ചുവിട്ടുകൊണ്ടാണ്. പാക്കിസ്ഥാനില്‍ ഏറ്റവുമധികം ജനങ്ങളുള്ള പ്രവിശ്യയായ പഞ്ചാബിലും മുന്‍പ് വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ എന്നറിയപ്പെട്ടിരുന്ന ഖൈബര്‍പഖ്തൂന്‍ഖ്യയിലും ഭരണം ഇമ്രാന്‍റെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരുന്നു. അതിനാല്‍ സഭകള്‍ പിരിച്ചുവിടാന്‍ അവര്‍ക്കു പ്രയാസമുണ്ടായില്ല. സഭ നിലവിലില്ലാതായാല്‍ 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്.
നാഷനല്‍ അസംബ്ളിയിലേക്കും പ്രവിശ്യാ നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുന്നതാണ് പാക്കിസ്ഥാനിലെ പതിവ്. അതിനാല്‍ രണ്ടു പ്രവിശ്യാ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ നാഷനല്‍ അസംബ്ളി തിരഞ്ഞെടുപ്പും നടത്താന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമാകുമെന്നു ഇമ്രാന്‍ കരുതി. ഏപ്രിലില്‍ ഈ തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ഇലക്ഷന്‍ കമ്മിഷന്‍റെ വിജ്ഞാപനത്തിനുവേണ്ടി അദ്ദേഹം കാത്തിരിക്കുകയും ചെയ്തു.
എന്നാല്‍, ഗവണ്‍മെന്‍റിന്‍റെ പക്കല്‍ വേണ്ടത്ര പണമില്ലാത്തതിനാലും രാജ്യത്തെ അരക്ഷിതാവസ്ഥ കാരണം സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്‍റിനു പ്രയാസമുള്ളതിനാലും ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലെന്നായിരുന്നു ഇലക്ഷന്‍ കമ്മിഷന്‍റെ നിലപാട്. സുപ്രീംകോടതി പ്രശ്നത്തില്‍ ഇടപെട്ടത് അപ്പോഴാണ്. സ്വമേധയാ കേസെടുക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് സ്വന്തം നേതൃത്വത്തില്‍ ഒരു അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു 3-2 ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആ ബെഞ്ചിന്‍റെ വിധി.
അതനുസരിച്ച് ഏപ്രില്‍ 30നു പഞ്ചാബ് തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. നാഷനല്‍ അസംബ്ളിയുടെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അതിലേക്കും ഒപ്പം പ്രവിശ്യാ നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ എട്ടിനു നടത്താമെന്ന് അറിയിക്കുകയും ചെയ്തു. ഇതു ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അതിനെതിരെ ഇമ്രാന്‍റെ പാര്‍ട്ടി നല്‍കിയ ഹര്‍ജിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രില്‍ നാല്) സുപ്രീംകോടതിയുടെ വിധി. 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന ഭരണഘടനാ വ്യവസ്ഥയെ മറികടക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മേയ് 14നു നടത്തണമെന്നാണ് ഇലക്ഷന്‍ കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്കുവേണ്ടി ഏപ്രില്‍ പത്തിനകം ഗവണ്‍മെന്‍റ് 2100 കോടി രൂപ അനുവദിക്കണെമെന്നും അതു കിട്ടിയോ എന്ന കാര്യം അതിന്‍റെ പിറ്റേന്നു കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പോളിങ്ങിനോട് അനുബന്ധിച്ചുള്ള സുരക്ഷാ സംവിധാനത്തെ കുറിച്ചുളള അന്തിമ റിപ്പോര്‍ട്ട് ഏപ്രില്‍ 17നകം നല്‍കുകയുംവേണം.
ഇതു തങ്ങളുടെ ഒരു വന്‍വിജയമായി ഇമ്രാനും പിടിഐയും ആഘോഷിക്കുമ്പോള്‍ സ്വാഭാവികമായും ഗവണ്‍മെന്‍റ് രോഷം കൊള്ളുന്നു. ഇമ്രാനെ വീണ്ടും അധികാരത്തില്‍ എത്തിക്കാനായി ചീഫ് ജസ്റ്റിസ് ബാന്ദിയാല്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്ന ആരോപണം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇതേ ആരോപണം അവര്‍ പ്രസിഡന്‍റ് ആരിഫ് അലവിക്കെതിരെയും ഉന്നയിക്കുന്നുണ്ട്. വേഗം തിരഞ്ഞെടുപ്പ് നടത്താന്‍ അദ്ദേഹം ഇലക്ഷന്‍ കമ്മിഷനില്‍ സമ്മര്‍ദം ചെലുത്തിയത്രേ.
പ്രസിഡന്‍റ് മുന്‍പ് ഇമ്രാന്‍റെ കക്ഷിക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം ഇമ്രാന്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിനെ തുടര്‍ന്നു പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവ് ഷഹബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിനു സത്യപ്രതിഞ്ജ ചൊല്ലിക്കൊടുക്കാന്‍ പ്രസിഡന്‍റ് അലവി സന്നിഹിതനായിരുന്നില്ല. പകരം സെനറ്റ് ചെയര്‍മാന്‍ സാദിഖ് സന്‍ജറാനിയാണ് ആ കൃത്യം നിര്‍വഹിച്ചത്.
Read More :ട്രംപിനെ പ്രതിക്കൂട്ടിലാക്കിയ നീലക്കഥ; യുഎസ് രാഷ്ട്രീയം വീണ്ടും തിളച്ചുമറിയുന്നു
തിരഞ്ഞെടുപ്പ് പ്രശ്നത്തില്‍ ചീഫ് ജസ്റ്റിസ് സ്വമേധയാ കേസെടുത്തതു തന്നെ ഭരണ സഖ്യത്തിന് ഇഷ്ടമായിരുന്നില്ല. സ്വമേധയാ കേസെടുക്കാനുള്ള ചീഫ് ജസ്റ്റിസിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന ഒരു പ്രമേയം അവര്‍ പാര്‍ലമെന്‍റില്‍ പാസ്സാക്കിയെടുത്തു. അതു സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ഭരണകക്ഷി അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചീഫ് ജസ്റ്റിനെ രൂക്ഷമായി അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്ന വിധത്തിലുളളതായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനോട് സുപ്രീം കോടതിയിലെ മറ്റു ചില ജഡ്ജിമാര്‍ക്കു കടുത്ത വിയോജിപ്പുണ്ടെന്നും അവര്‍ പറഞ്ഞുവത്രേ.
ഒടുവില്‍, മേയ് 14നു പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി വിധിയെ 44 വര്‍ഷംമുന്‍പ് നടന്ന സുല്‍ഫിഖാര്‍ അലി ഭൂട്ടോ വധവുമായിപ്പോലും ചിലര്‍ താരതമ്യപ്പെടുത്തി. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ ഭൂട്ടോയ്ക്കു പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് 1977ല്‍ പട്ടാളത്തലവന്‍ ജനറല്‍ സിയാവുല്‍ ഹഖ് നടത്തിയ അട്ടിമറിയിലായിരുന്നു. തന്‍റെ ഭരണകാലത്തു നടന്ന ഒരു കൊലപാതകം സംബന്ധിച്ച കേസില്‍ ഭൂട്ടോ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും 1977 ഏപ്രില്‍ നാലിനു തൂക്കിലേറ്റപ്പെടുകയും ചെയ്തു.
പട്ടാളത്തിന്‍റെ താളത്തിനൊത്തു തുള്ളുന്ന ചില ജഡ്ജിമാരുടെ ഒത്താശയോടെ നടന്ന ഒരു ജുഡീഷ്യല്‍ കൊലപാതകം എന്നാണ് പലരും അതിനെ വിശേഷിപ്പിച്ചിരുന്നത്. അത്തരമൊരു കുറ്റകൃത്യമാണ് ചീഫ് ജസ്റ്റിസ് ബാന്ദിയാലിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും ഭരണകക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. രണ്ടു സംഭവങ്ങളും നടന്ന ഏപ്രില്‍ നാലിനെ പാക്ക് ചരിത്രത്തിലെ ഒരു കറുത്തദിവസമായി അവര്‍ കാണുകയും ചെയ്യുന്നു. വരും ദിനങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായേക്കാമെന്നാണ് ഇതെല്ലാം നല്‍കുന്ന സൂചനകള്‍.
Content summary : Tug of war between Pak government and Judiciary