തയ്‌വാൻ: ചൈനയുടെ താക്കീതും ഭീഷണിയും വീണ്ടും

HIGHLIGHTS
  • വൈസ്പ്രസിഡന്‍റിന്‍റെ യുഎസ് സന്ദര്‍ശനത്തില്‍ പ്രതിഷേധം
  • മുക്കാല്‍ നൂറ്റാണ്ടു പഴക്കമുള്ള പ്രശ്നം
960493890
Representative image. Photo Credit: avdeev007/istockphoto.com
SHARE

തയ്‌വാൻ എന്നു കേള്‍ക്കുമ്പോള്‍ ചൈനയ്ക്കു കലികയറും. അമേരിക്കയും തയ്‌വാനും കൂടി ചൈനയ്ക്കെതിരെ ഗൂഡാലോന നടത്തുകയാണെന്നു തോന്നിയാല്‍ (തോന്നിയാല്‍മതി) താക്കീതും ഭീഷണിയും പിന്നാലെ വരും. ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുന്ന അത്തരമൊരു സന്ദര്‍ഭമാണ് ഇപ്പോള്‍. 

തയ്‌വാനിലെ വൈസ്പ്രസിഡന്‍റ് വില്യം ലായ് ഈയിടെ തെക്കെ അമേരിക്കയിലെ പാരഗ്വായില്‍ അവിടത്തെ പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. പോകുമ്പോഴും മടങ്ങുമ്പോഴും വഴിമധ്യേ അമേരിക്കയില്‍ (ന്യൂയോര്‍ക്കിലും സാന്‍ഫ്രാന്‍സിസ്ക്കോയിലും) ഇറങ്ങി. അമേരിക്കയിലെ തയ്‌വാൻകാരുടെയും അവരുടെ സുഹൃത്തുക്കളുടെയും ചില പരിപാടികളില്‍ പങ്കെടുത്തു. അതാണ് ചൈനയെ ചൊടിപ്പിച്ചത്. 

അതിനു മുന്‍പ് ഈ വര്‍ഷം ഏപ്രിലില്‍ ചൈന ഇതുപോലെ ചൊടിച്ചത് കൂടുതല്‍ ഉന്നതമായ പദവി വഹിക്കുന്ന മറ്റൊരു തയ്‌വാൻ നേതാവിന്‍റെ യുഎസ് സന്ദര്‍ശനത്തിന്‍റെ പേരിലായിരുന്നു. മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ പ്രസിഡന്‍റ്  സായ് വെങ് ഇന്നാണ് അമേരിക്കയില്‍ ഇറങ്ങിയത്. യുഎസ് പാര്‍ലമെന്‍റ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായും മറ്റു ചില അമേരിക്കന്‍ നേതാക്കളുമായും അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. 

യുഎസ് അധികാരശ്രേണിയില്‍ പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും കഴിഞ്ഞാലുള്ള സ്ഥാനമാണ് സ്പീക്കര്‍ക്ക്. അത്തരമൊരാള്‍ ചൈന ഏറ്റവുമധികം വെറുക്കുന്ന തയ്‌വാൻ നേതാവിന് ആതിഥ്യമരുളിയത് ബെയ്ജിങ്ങിലെ ഭരണകൂടത്തിന് ഒട്ടും രസിച്ചില്ല. മക്കാര്‍ത്തിയുടെ മുന്‍ഗാമിയായ നാന്‍സി പെലോസി രണ്ടു വര്‍ഷം മുന്‍പ് മറ്റു ചില നേതാക്കളോടൊപ്പം തയ്‌വാൻ സന്ദര്‍ശിച്ചപ്പോഴും ചൈന രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. 

ഇത്തരം സന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും ചൈന കാണുന്നത് അമേരിക്കയുടെ സഹായത്തോടെ സ്വതന്ത്രരാഷ്ട്രപദവി നേടിയെടുക്കാനുളള തയ്‌വാന്‍റെ ശ്രമത്തിന്‍റെ ഭാഗമായിട്ടാണ്. അതു സമ്മതിച്ചുകൊടുക്കുന്നില്ലെന്ന ദൃഢനിശ്ചയത്തിലാണ് ചൈന. തയ്‌വാനെ ചൈനയില്‍ ലയിപ്പിക്കാനായി വേണ്ടിവന്നാല്‍ ബലപ്രയോഗം നടത്താനും മടിക്കില്ലെന്നു ചൈന പല തവണ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതു കാരണം, ലോകത്തില്‍ വച്ചേറ്റവും സംഘര്‍ഷം മുറ്റിനില്‍ക്കുന്ന മേഖലകളില്‍ ഒന്നായിരിക്കുകയാണ് ചൈനയ്ക്കും തയ്‌വാനും ഇടയിലുള്ള കടലിടുക്ക്. 

ചൈനീസ് വന്‍കരയുടെ തെക്കു കിഴക്കന്‍ തീരത്തുനിന്നു 180 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുകയാണ് ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന തയ്‌വാൻ എന്ന 36,197 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. ജനസംഖ്യ ഏതാണ്ട് രണ്ടരക്കോടി. ചൈനയുടെ കണ്ണില്‍ തയ്‌വാന്‍ തങ്ങളില്‍നിന്നു വേര്‍പിരിഞ്ഞുപോയ ഒരു ചൈനീസ് പ്രവിശ്യ മാത്രമാണെങ്കില്‍ 1949 മുതല്‍ അതു ഫലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്. 

മാത്രമല്ല, അമേരിക്കയുടെ സഹായത്തോടെ തയ്‌വാൻ ശരിക്കും ഒരു സ്വതന്ത്ര രാജ്യമാകാന്‍ കരുക്കള്‍ നീക്കുകയാണെന്നു ചൈന കലശലായി സംശയിക്കുകയും ചെയ്യുന്നു. അതാണ് ഏതാണ്ടു മുക്കാല്‍ നൂറ്റാണ്ടുകാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നത്തിന്‍റെ കേന്ദ്രബിന്ദുവും. അമേരിക്കയിലെയും തയ്‌വാനിലെയും നേതാക്കള്‍ തമ്മില്‍ ഇടയ്ക്കിടെ നടക്കുന്ന കൂടിക്കാഴ്ചകള്‍ ചൈനയെ ചൊടിപ്പിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്.  

തയ്‌വാനില്‍ അടുത്ത ജനുവരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ് പദവി നേടാന്‍ ഇടയുള്ള ആളാണ് വൈസ് പ്രസിഡന്‍റ് വില്യം ലായ്. പാരഗ്വായിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം അമേരിക്ക സന്ദര്‍ശിക്കുമെന്ന് അറിഞ്ഞതു മുതല്‍ക്കേ അതിനെതിരെ ചൈന താക്കീതും ഭീഷണിയും ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു. 

ഏപ്രിലില്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍ അമേരിക്ക സന്ദര്‍ശിക്കുന്നതിനു മുന്‍പും അതിനുശേഷവും ചൈനയില്‍നിന്നുണ്ടായ പ്രതികരണവും വ്യത്യസ്തമായിരുന്നില്ല. അവര്‍ തിരിച്ചുപോയ ഉടനെ തയ്‌വാന്‍റെ സമീപമേഖലയിലെ കടലില്‍ വന്‍തോതിലുള്ള സൈനികാഭ്യാസം നടത്തിക്കൊണ്ട് ചൈന ശക്തിപ്രകടനം നടത്തുകയും ചെയ്തു. 

ചൈനയുടെ ആക്രമണത്തെ ചെറുക്കാന്‍ കഴിയുന്ന വിധത്തിലുള്ള സൈനിക ബലമോ ആയുധ ശക്തിയോ തയ്‌വാന് ഇല്ല. 11,000 കിലോമീറ്റര്‍ അകലെ കിടക്കുന്ന അമേരിക്ക സഹായത്തിനെത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും തയ്‌വാൻ ആഗ്രഹിക്കുന്ന വിധത്തിലും ഝടുതിയിലും അമേരിക്കയ്ക്കു സഹായിക്കാനാകുമോ എന്ന സംശയം നിലനില്‍ക്കുകയും ചെയ്യുന്നു. 

അന്നത്തേതിന്‍റെ പതിന്മടങ്ങ് ഭീഷണസ്വഭാവത്തിലും സ്വരത്തിലുമുള്ളതായിരുന്നു രണ്ടു വര്‍ഷം മുന്‍പ് ഓഗസ്റ്റില്‍ അന്നത്തെ യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി നടത്തിയ തയ്‌വാൻ സന്ദര്‍ശനത്തിനെതിരായ ചൈനീസ് പ്രതികരണം. ഏതാണ്ടു കാല്‍ നൂറ്റാണ്ടു മുന്‍പ്, 1997ല്‍ അന്നത്തെ യുഎസ് സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ച് തയ്‌വാന്‍ സന്ദര്‍ശിച്ചശേഷം അത്രയും ഉന്നത പദവിയിലുള്ള ഒരു അമേരിക്കന്‍ നേതാവ് അവിടേക്കു പോയിരുന്നില്ല. 

ചൈനയെ അനാവശ്യമായി പ്രകോപിക്കുകയും അങ്ങനെ ആ മേഖലയില്‍ അപകടകരമായ വിധത്തിലുള്ള സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യേണ്ട എന്ന ധാരണയായിരുന്നു അതിന്‍റെ പിന്നില്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു പ്രമുഖ നേതാവുകൂടിയായ പെലോസിയെ യാത്രയില്‍നിന്നു വിലയ്ക്കാന്‍ അമേരിക്കയില്‍തന്നെ പലരും ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ അവര്‍ പിന്മാറിയില്ല.  

മാവോ സെ ദുങ്ങിന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ 1949ല്‍ ബെയ്ജിങ്ങില്‍ ഭരണം പിടിച്ചടയ്ക്കുകയും പീപ്പിള്‍സ് റിപ്പബ്ള്ക്ക് ഓഫ് ചൈന സ്ഥാപിക്കുകയും ചെയ്തതോടെ ഉടലെടുത്തതാണ് തയ്‌വാൻ പ്രശ്നം. അതുവരെയുള്ള രണ്ടു പതിറ്റാണ്ടുകാലം ചൈന ഭരിച്ചതു ജനറല്‍ ച്യാങ് കെയ്ഷെക്കിന്‍റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റായിരുന്നു.

ചൈനീസ് വന്‍കരയില്‍ നിന്നു വേറിട്ടുകിടക്കുന്ന തയ്‌വാനിലേക്ക് ച്യാങ്ങും കൂട്ടരും പലായനം ചെയ്യുകയും അവിടെ റിപ്പബ്ളിക ഓഫ് ചൈന എന്ന പേരില്‍ സ്വന്തം ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. യഥാര്‍ഥ ചൈനീസ് ഗവണ്‍മെന്‍റ് എന്ന് അവര്‍ അവകാശപ്പെട്ട അതിനെയാണ് മൂന്നു പതിറ്റാണ്ടുകാലം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളും മറ്റ് ഒട്ടേറെ രാജ്യങ്ങളും ചൈനയായി അംഗീകരിച്ചിരുന്നത്. 

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയ്ക്ക് ഐക്യരാഷ്ട്ര സംഘടനയില്‍ നീക്കിവച്ചിരുന്ന സ്ഥിരം സീറ്റുകളിലൊന്നും അവര്‍ക്കു കിട്ടി. പീന്നീട് അമേരിക്ക ഉള്‍പ്പെടെ ബഹുഭൂരിപക്ഷം രാജ്യങ്ങളും നിലപാടു മാറ്റുകയും  ചൈനയുടെ പേരിലുള്ള യുഎന്‍ സീറ്റ് തയ്‌വാനു നഷ്ടമാവുകയും ചെയ്തു. 

ചൈനയുടെ സമ്മര്‍ദ്ദം കാരണം ഒളിംപിക്സ് ഉള്‍പ്പെടെയുളള രാജ്യാന്തര വേദികളിലും തയ്‌വാനു ചൈനയെന്ന പേര് ഉപയോഗിക്കാന്‍ കഴിയാതായി. തലസ്ഥാന നഗരത്തിന്‍റെ പേര് ചേര്‍ത്തു 'ചൈനീസ് തായ്പെ' എന്നറിയപ്പെടുന്നു. പാരഗ്വായ് ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങള്‍ മാത്രമാണ് ഇപ്പോഴും തയ്‌വാനെ അംഗീകരിക്കുകയും അതുമായി നയതന്ത്ര ബന്ധം തുടരുകയും ചെയ്യുന്നത്.

ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച 1979 മുതല്‍ അമേരിക്ക പിന്തുടരുന്നത് ഏക ചൈനാ നയമാണ്. അതായത് ബെയ്ജിങ് ആസ്ഥാനമായുള്ള പീപ്പിള്‍സ് റിപ്പബ്ള്ക്ക് ഓഫ് ചൈനയെ ഒരേയൊരു ചൈനീസ് പരമാധികാര റിപ്പബ്ളിക്കായി അമേരിക്ക അംഗീകരിക്കുന്നു. 

അതേസമയം, തനിച്ചു നില്‍ക്കാനുളള തയ്‌വാന്‍റെ (റിപ്പബ്ളിക്ക് ഓഫ് ചൈന) തീരുമാനത്തെ മാനിക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധമായിരിക്കുകയും ചെയ്യുന്നു. ചൈന ആക്രമിച്ചാല്‍ അതിനെ ചെറുക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ നല്‍കുന്നതും ഈ സഹായങ്ങളില്‍ ഉള്‍പ്പെടുന്നു. 

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായശേഷം യുഎസ്-തയ്‌വാൻ ബന്ധം ശക്തിപ്പെടുകയും തയ്‌വാനുള്ള യുഎസ് ആയുധ സഹായം വര്‍ധിക്കുകയുമുണ്ടായി. അതേ മാര്‍ഗം പിന്തുടരുകയാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ജോ ബൈഡനും. 

ഒരു പ്രത്യേക രാഷ്ട്രമാണെന്ന് അവകാശപ്പെടുന്നതല്ലാതെ തയ്‌വാന്‍ ഇതുവരെ സ്വാതന്ത്രൃം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം രാജ്യത്തിനു സ്വതന്ത്രരാഷ്ട്ര പദവി നേടിക്കൊടുക്കുകയാണ് പ്രസിഡന്‍റ് സായ് ഇങ് വെന്‍, വൈസ്പ്രസിഡന്‍റ് വില്യം ലായ് എന്നിവരുടെയും അവര്‍ നയിക്കുന്ന ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടിയുടെയും സ്വപ്നമെന്ന വസ്തുത അവശേഷിക്കുന്നു. ഏഴു വര്‍ഷമായി ആ പാര്‍ട്ടിയാണ് അധികാരത്തില്‍. ജനുവരിയിലെ തിരഞ്ഞെടുപ്പിലും അവര്‍തന്നെ ജയിക്കാനാണ് സാധ്യതയും. 

അമേരിക്കയിലെയും തയ്‌വാനിലെയും പ്രമുഖ നേതാക്കള്‍ തമ്മിലുളള സന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും ചൈന നോക്കിക്കാണുന്നത് ഈ പശ്ചാത്തലത്തിലാണ്. അവര്‍ തീകൊണ്ടു കളിക്കുന്നുവെന്നായിരുന്നു തയ്‌വാന്‍ വൈസ് പ്രസിഡന്‍റിന്‍റെ ഇക്കഴിഞ്ഞ യുഎസ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ചൈനീസ് പ്രതിരോധമന്ത്രിയുടെ പ്രതികരണം. 

Content Highlights: Taiwan | China | America | Videsharangam | Opinion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS