അര്‍ജന്‍റീനയിലും ഒരു ഡോണള്‍ഡ് ട്രംപ്

HIGHLIGHTS
  • തീവ്രവലതുപക്ഷ നേതാവിനു പ്രസിഡ്ന്‍റ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം
  • രാഷ്ട്രീയ ഭൂകമ്പമെന്നു നിരീക്ഷകര്‍
Javier Geraldo Milei
ഹവിയര്‍ ജെറള്‍ഡോ മിലേ, Picture Credit: AGUSTIN MARCARIAN / REUTERS
SHARE

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാട്. ഫുട്ബോള്‍ ഇതിഹാസങ്ങളായ ഡിയഗോ മറഡോണയുടെയും ലയണല്‍ മെസ്സിയുടെയും നാട്. സ്പാനിഷ് ഭാഷയിലെ വിശ്രുത സാഹിത്യകാരന്‍ ജോര്‍ജ് ലൂയിസ് ബോര്‍ഹെസിന്‍റെ നാട്. ഇങ്ങനെയെല്ലാമാണ് അര്‍ജന്‍റീനയുടെ ഖ്യാതി. ഇപ്പോള്‍ മറ്റൊരാളിലൂടെ മറ്റൊരു വിധത്തില്‍ കൗതുകവും ശ്രദ്ധയും പിടിച്ചു പറ്റുകയാണ് തെക്കെ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം.

ആ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി കൂടിയായ അര്‍ജന്‍റീനയുടെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അന്‍പത്തിമൂന്നുകാരനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹവിയര്‍ ജെറള്‍ഡോ മിലേ. നാട്ടിനകത്തും പുറത്തും അദ്ദേഹം ഏറെ അറിയപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും പക്ഷേ, തെറ്റായ കാരണങ്ങളാലാണെന്നുമാത്രം.

എതിരാളികള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ 'കിറുക്കന്‍' എന്ന അര്‍ഥമുള്ള 'എല്‍ ലോക്കോ' എന്ന സ്പാനിഷ് വാക്ക് ഉപയോഗിക്കുന്നു. അതേപേരില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പുസ്തകവും പുറത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത് അനാര്‍ക്കോ ക്യാപിറ്റാലിസ്റ്റ് അഥവാ അരാജകത്വത്തില്‍ വിശ്വസിക്കുന്ന മുതലാളിത്തവാദിയെന്നാണ്. 

അര്‍ജന്‍റീനയിലെ ഡോണള്‍ഡ് ട്രംപ് എന്ന പേരും കിട്ടിയിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റേതു പോലുള്ള അതേ ആശയങ്ങളും ചിന്താഗതിയും അതെല്ലാം വെട്ടിത്തുറന്നു പറയാനുള്ള അതേ കൂസലില്ലായ്മയും മിലേയെ വേര്‍തിരിച്ചു നിര്‍ത്തുന്നു. 

തെക്കെ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലെ ഡോണള്‍ഡ് ട്രംപ് എന്നറിയപ്പെടുന്ന മുന്‍പ്രസിഡന്‍റ് ജയ്ര്‍ ബോല്‍സനാറോയുമായും മിലേ താരതമ്യം ചെയ്യപ്പെടുന്നുണ്ട്. തലസ്ഥാന നഗരമായ ബ്യൂനസ് ഐറിസില്‍ ഡിസംബര്‍ പത്തിനു നടക്കുന്ന തന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍  പങ്കെടുക്കാന്‍ ട്രംപിനെയും ബോല്‍സനാറോയെയും അദ്ദേഹം ക്ഷണിച്ചിരിക്കുകയുമാണ്. 

ബ്രസീലിലെ ഇപ്പോഴത്തെ പ്രസിഡന്‍റായ ലൂയിസ് ഇനാസിയോ ഡാ സില്‍വ കമ്യൂണിസ്റ്റായതിനാല്‍ അദ്ദേഹത്തെ ക്ഷണിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എങ്കിലും, അദ്ദേഹം വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നു പിന്നീടു തിരുത്തി. 

ദീര്‍ഘകാലം പട്ടാളഭരണത്തിലായിരുന്ന അര്‍ജന്‍റീനയില്‍ ജനാധിപത്യം പുനഃസ്ഥാപിതമായതു നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്. അതിനുശേഷം ഭരണത്തില്‍ തീവ്രവലതുപക്ഷത്തേക്ക് ഇത്രയും വ്യക്തമായ ചായ്‌വുണ്ടാകുന്നത് ആദ്യമാണെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ ഭരണാധികാരികളുടെ വീഴ്ചകളും പാളിച്ചകളും അതിന് അവസരമുണ്ടാക്കുന്നതില്‍ വലിയ പങ്കു വഹിച്ചുവെന്നതിലും അധികമാര്‍ക്കും സംശയമില്ല.  

അര്‍ജന്‍റീന ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അതിന് ഉദാഹരണമാണ്. നാണയപ്പെരുപ്പം 140 ശതമാനത്തിലേറെയായി. നാലരക്കോടി ജനങ്ങളില്‍ നൂറില്‍ 40 പേര്‍ വീതം ജീവിക്കുന്നത് ദാരിദ്യരേഖയ്ക്കു താഴെയാണ്. രാജ്യാന്തര നാണ്യനിധയില്‍നിന്നു വാങ്ങിയ വായ്പയില്‍ 44 ശതകോടി ഡോളര്‍ തിരിച്ചടക്കാനുണ്ട്. ഏതാനും വര്‍ഷങ്ങളായി രാജ്യം കടുത്ത വരള്‍ച്ചയുടെ പിടിയിലൂമാണ്. 

എല്ലാം താന്‍ ശരിയാക്കും എന്നായിരുന്നു വോട്ടര്‍മാര്‍ക്കു മിലേ നല്‍കിയ വാഗ്ദാനം. രണ്ടു വര്‍ഷം മുന്‍പ് ലിബര്‍ട്ടി അഡ്വാന്‍സ് എന്ന പുതിയ പാര്‍ട്ടിക്ക് അദ്ദേഹം രൂപം നല്‍കിയതും ഇതേ ഉറപ്പിന്മേലായിരുന്നു. പക്ഷേ, ഒക്ടോബര്‍ 22ന് ആദ്യവട്ട വോട്ടെടുപ്പ് നടന്നപ്പോള്‍ മിലേക്കു കിട്ടിയത് മൂന്നാം സ്ഥാനമാണ് (30 ശതമാനം വോട്ട്). നിലവിലുള്ള മധ്യഇടതുപക്ഷ ഗവണ്‍മെന്‍റിലെ ധനമന്ത്രിയായ സെര്‍ജിയോ മാസ്സയായിരുന്നു 37 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്ത്. 

ജയിക്കാന്‍ ആവശ്യമായത്ര ഭൂരിപക്ഷം ആര്‍ക്കും കിട്ടാതിരുന്നതിനാല്‍ മുന്‍നിരയിലെ രണ്ടു സ്ഥാനാര്‍ഥികള്‍ തമ്മില്‍ നവംബര്‍ 19ന് വീണ്ടും മല്‍സരം നടന്നു. സര്‍വരെയും ഞെട്ടിച്ചുകൊണ്ട് മിലേ 56 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തും മാസ്സ (44 ശതമാനം) രണ്ടാം സ്ഥാനത്തുമായി. ഇത്രയും വലിയ ഭൂരിപക്ഷത്തോടെയുള്ള മിലേയുടെ വിജയത്തെ നിരീക്ഷകര്‍ രാഷ്ട്രീയ ഭൂകമ്പമെന്നു വിശേഷിക്കുന്നു. ഇതോടെ അദ്ദേഹം അര്‍ജന്‍റീനയ്ക്കു പുറത്തും സംസാര വിഷയമാകാന്‍ തുടങ്ങി. 

ബിരുദാനന്തര ബിരുദമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ് മിലേയെങ്കിലും അടുത്ത കാലംവരെ രാഷ്ട്രീയ രംഗത്ത് മിക്കവാറും അജ്ഞാതനായിരുന്നു. 2020ല്‍ പുതിയ പാര്‍ട്ടിയുമായി അദ്ദേഹം രാഷ്ട്രീയ രംഗത്തിറങ്ങിയപ്പോള്‍ അധികമാരും ഗൗരവത്തിലെടുത്തിരുന്നുമില്ല. പക്ഷേ, ടെലിവിഷന്‍ അദ്ദേഹത്തിനു പ്രശസ്തി നേടിക്കൊടുത്തു. ടിവി ചാനലുകളിലെ ചര്‍ച്ചകളില്‍ അദ്ദേഹം നിറസാന്നിധ്യമായി. 

മിലേയുടെ വിവാദപരവും സഭ്യേതരവുമായ പരാമര്‍ശങ്ങളും ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മറ്റുള്ളവരോടുള്ള പരുക്കന്‍ പെരുമാറ്റവും അവര്‍ക്കെതിരെ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന മൂര്‍ച്ചയേറി വിമര്‍ശനങ്ങളുമെല്ലാം പ്രേക്ഷകരെ ഹരംപിടിപ്പിക്കുകയായിരുന്നു. അവരുടെ കൈയടി നേടുന്ന വിധത്തില്‍ അദ്ദേഹം രാഷ്ട്രീയക്കാരെ കള്ളന്മാരെന്നും ക്രിമിനലുകളെന്നും വിളിക്കുകയും ചെയ്തു.

തന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചെയിന്‍സോ (മരം മുറിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രവല്‍കൃത കൈവാള്‍) ഉയര്‍ത്തിപ്പിടിച്ചാണ് മിലേ പലപ്പോഴും പൊതുവേദികള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എതിര്‍പ്പുകളെയെല്ലാം താന്‍ വെട്ടിനിരത്തുമെന്നു ധ്വനിപ്പിക്കാനും അത് അദ്ദേഹത്തിന് ഉപകരിച്ചുവത്രേ.   

അര്‍ജന്‍റീന നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം ഉണ്ടാകണമെങ്കില്‍ ഭരണച്ചെലവ് പരമാവധി വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെടുയായിരുന്നു മിലേ. പല രംഗങ്ങളിലുമുള്ള ഗവണ്‍മെന്‍റിന്‍റെ ഇടപെടല്‍ അവസാനിപ്പിക്കണം. നീതിന്യായം, നിയമസമാധാന പാലനം, രാജ്യരക്ഷ എന്നിവ പോലുള്ള ചില പ്രധാന കാര്യങ്ങളില്‍ മാത്രം ഗവണ്‍മെന്‍റ് ശ്രദ്ധ പതിപ്പിച്ചാല്‍മതി. വിദ്യാഭ്യാസം, സംസ്ക്കാരം, പരിസ്ഥിതി, വനിതാക്ഷേമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്മെന്‍റുകള്‍ നിര്‍ത്തലാക്കണം. പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവല്‍ക്കരിക്കണം. തോക്കുകള്‍ നിയന്ത്രിക്കുന്ന നിയമത്തില്‍ അയവു വരുത്തണം. ഇങ്ങനെപോകുന്നു മിലേയുടെ മറ്റു ചില ആശയങ്ങള്‍. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആശങ്കകള്‍ അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ സോഷ്യലിസ്റ്റ് ഗൂഡാലോചനയാണ്. 

അര്‍ജന്‍റീനയുടെ കറന്‍സിയായ പെസോയെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതിരിക്കാനായി യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു കാര്യമില്ലെന്നും പെസോയെ തീര്‍ത്തും ഉപേക്ഷിച്ചുകൊണ്ട് സ്വന്തം കറന്‍സിയായി യുഎസ് ഡോളര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. നാണ്യപ്പെരുപ്പത്തെ നേരിടാനായി കറന്‍സി നോട്ടുകള്‍ അച്ചടിച്ചിറക്കുന്നതു തടയാന്‍ സെന്‍ട്രല്‍ ബാങ്ക് (നമ്മുടെ റിസര്‍വ് ബാങ്കിനു തുല്യം) അടച്ചുപൂട്ടുക എന്നതും പുതിയ അര്‍ജന്‍റീന പ്രസിഡന്‍റിന്‍റെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നു.

അടുത്ത കാലത്ത് ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ രാജ്യമാണ് അര്‍ജന്‍റീന. പക്ഷേ, ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന അഭിപ്രായമാണ് മിലേയ്ക്ക്. അവയങ്ങളുടെ വില്‍പ്പന അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അവിവാഹിതനാണ്. സ്വാഭാവികമായും മക്കളില്ല. എങ്കിലും മക്കളെയോ കൊച്ചുമക്കളെയോ പോലെ അദ്ദേഹം കരുതുന്ന കോനനും മില്‍ട്ടനും മുറേയും ലൂക്കാസും റോബര്‍ട്ടുമുണ്ട്. തന്‍റെ നാല്‍ക്കാലി ഉപദേഷ്ടാക്കളെന്നും അദ്ദേഹം വിളിക്കാറുള്ള അവ പക്ഷേ, പട്ടികളാണ്. അവയുമായി ആലോചിച്ച് മാത്രമേ ഏതു കാര്യവും ചെയ്യാറുള്ളൂവെന്ന് അദ്ദേഹം തുറന്നു പറയുകയും ചെയ്യുന്നു.

അഞ്ചു വര്‍ഷംമുന്‍പ് ചത്തുപോയ കോനന്‍ എന്ന പട്ടിയില്‍നിന്നു തുടങ്ങുന്നതാണ് ആ കഥ. മകനെപ്പോലെ സ്നേഹിച്ചിരുന്ന കോനന്‍റെ വിയോഗം മിലേക്കു സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന്‍റെ ടീഷ്യു ഉപയോഗിച്ചു അരലക്ഷം ഡോളര്‍ ചെലവില്‍ ഒരു യുഎസ് കമ്പനിയില്‍നിന്ന് അഞ്ചു പട്ടിക്കുട്ടികള്‍ക്ക് ക്ളോണിങ്ങിലൂടെ രൂപം നല്‍കി. 

അവയിലൊന്നിനു കോനന്‍റെ പേരും മറ്റു നാലെണ്ണത്തിനു വലതുപക്ഷ പാശ്ചാത്യ സാമ്പത്തിക ശാസ്ത്രജഞരുടെ പേരും നല്‍കി. ഉദാഹരണമായി മില്‍ട്ടന്‍ എന്ന പട്ടിക്കു നല്‍കിയത് നൊബേല്‍ സമ്മാനം നേടിയ യുഎസ് വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞനായ മില്‍ട്ടന്‍ ഫ്രീഡ്മാന്‍റെ പേരാണ്. 

ചത്തുപോയ കോനനുമായി ടെലിപ്പതിയിലൂടെ താന്‍ സംസാരിക്കാറുണ്ടെന്നും മിലേ അവകാശപ്പെടുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ കോനനും താനും രണ്ടായിരം വര്‍ഷംമുന്‍പ് മുന്‍ജന്മത്തില്‍ റോമിലെ കൊളീസിയത്തില്‍വച്ച തമ്മില്‍ കണ്ടുമുട്ടിയിരുന്നു. താനൊരു റോമന്‍ ഗ്ളാഡിയേറ്ററും കോനന്‍ സിംഹവുമായിരുന്നു. പക്ഷേ, പരസ്പരം പോരാടാതെ സ്നേഹപൂര്‍വം ആശ്ളേഷിച്ച് പിരിയുകയാണ് ചെയ്തത്. ഇത്തരം കഥകള്‍ ഇനിയും പുറത്തുവരാന്‍ കാത്തിരിക്കുകയായിരിക്കും ഒരുപക്ഷേ അര്‍ജന്‍റീനയിലെ ജനങ്ങള്‍. 

Content Summary: Javier Geraldo Milei Wins Presidency: Argentina's Political Landscape Takes a Hard Right Turn

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS