ADVERTISEMENT

ന്യൂകാലിഡോണിയ എന്നൊരു പ്രദേശത്തെപ്പറ്റി ഏതാനും ദിവസം മുന്‍പ് വരെ അധികമാരും കേട്ടിരിക്കാനിടയില്ല. എന്നാല്‍ ദക്ഷിണ ശാന്തസമുദ്രത്തില്‍ കിടക്കുന്ന ആ ചെറിയ ദ്വീപസമൂഹം പെട്ടെന്ന് 17,000 കിലോമീറ്റര്‍ അകലെ യൂറോപ്പില്‍ സ്ഥിതിചെയ്യുന്ന ഫ്രാന്‍സിന് ഒരു തലവേദനയായിരിക്കുകയാണ്.

ഫ്രാന്‍സിന്‍റെ നിയന്ത്രണത്തിലുളള, അര്‍ധസ്വയംഭരണ പ്രദേശമായ അവിടെ ഇക്കഴിഞ്ഞ ബുധനാഴ്ച (മേയ് 15) പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതിനകം ഒരു പൊലീസുകാരനടക്കം ആറു പേര്‍ മരിച്ചു. കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. തലസ്ഥാന നഗരത്തിനും വിമാനത്താവളത്തിനും ഇടയിലുളള റോഡ് കലാപകാരികളുടെ നിയന്ത്രണത്തിലായി. കടകമ്പോളങ്ങള്‍ അടഞ്ഞതു കാരണം ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും കിട്ടാതെ ജനങ്ങള്‍ വലഞ്ഞു.

ക്രമസമാധാന പാലനത്തിനുവേണ്ടി നേരത്തെയുണ്ടായിരുന്ന 1700 പൊലീസുകാര്‍ക്കു പുറമെ ആയുധധാരികളായ 1000 പൊലീസുകാരെക്കൂടി ഫ്രഞ്ച് ഗവണ്‍മെന്‍റ് അങ്ങോട്ടേക്കയച്ചു. അതിനുശേഷവും കലാപം തുടര്‍ന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാന്വല്‍ മക്രോ ന്യൂകാലിഡോണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. 

ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്നതു നിരോധിക്കുകയും കര്‍ഫ്യൂ നടപ്പാക്കുകയും ചെയ്തു. മദ്യവില്‍പ്പനയും ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതും നിരോധിച്ചു. ഒട്ടേറെ പേര്‍ (അധികവും യുവാക്കള്‍) അറസ്റ്റിലായി. 

ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ജൂലൈ 26ന് ഉദ്ഘാടനം ചെയ്യുന്ന 33ാമത് ഒളിംപിക്സിന്‍റെ വേദിയില്‍ എത്തിക്കാനുളള ദീപശിഖ ജൂണ്‍ 11നു ന്യൂകാലിഡോണിയയിലൂടെ കടന്നുപോകേണ്ടതായിരുന്നു. അതൊഴിവാക്കപ്പെട്ടു. 

ന്യൂകാലിഡോണിയയിലെ ആദ്യകാല നിവാസികളുടെ പിന്‍മുറക്കാരും പില്‍ക്കാലത്ത് യൂറോപ്പില്‍നിന്ന് അവിടെ കുടിയേറിപ്പാര്‍ത്തവരും തമ്മിലുളള സംഘര്‍ഷമാണ് പെട്ടെന്നു പൊട്ടിത്തെറിച്ചത്. അതിനു കാരണമായിത്തീര്‍ന്നത് കനക് വംശജര്‍ എന്നറിയപ്പെടുന്ന ആദ്യകാല നിവാസികള്‍ക്കു ദോഷകരമെന്ന് അവര്‍ കരുതുന്ന ഒരു ബില്‍ ഫ്രഞ്ച് പാര്‍ലമെന്‍റ് ഈയിടെ പാസ്സാക്കിയതാണ്.  

ന്യൂകാലിഡോണിയയിലെ പ്രാദേശിക നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാര്‍ക്കു വോട്ടുണ്ടായിരുന്നില്ല. എന്നാല്‍ 1998ല്‍ ഉണ്ടായ ധാരണയനുസരിച്ച് അവരില്‍ അന്നുമുതല്‍ ജനിക്കുന്നവര്‍ക്കു വോട്ടവകാശം അനുവദിക്കാന്‍ തീരുമാനമായിരുന്നു. 

അതിനു പകരം ചുരുങ്ങിയത് പത്തു വര്‍ഷം മുന്‍പ് കുടിയേറിപ്പാര്‍ത്തവര്‍ക്കെല്ലാം വോട്ടവകാശം നല്‍കുന്നതാണ് പുതിയ ബില്‍. കുടിയേറ്റക്കാരായ വോട്ടര്‍മാരുടെ എണ്ണം ഇതോടെ ഗണ്യമായി വര്‍ധിക്കുന്നു. തലമുറകളായി തങ്ങള്‍ ജീവിച്ചുവരുന്ന നാട്ടിലെ ഭരണത്തില്‍ തങ്ങള്‍ക്കുളള സ്വാധീനവും പങ്കും കറയാന്‍ ഇതു കാരണമാകുമെന്ന് കനക് വംശജര്‍ ഭയപ്പെടന്നു. പുതിയ നിയമം കൊണ്ടുവരുന്നതിനെതിരെ അവര്‍ നേരത്തെതന്നെ ശബ്ദമുയര്‍ത്തിവരികയുമായിരുന്നു. 

ശാന്തസമുദ്രം, അറ്റ്ലാന്‍റിക് സമുദ്രം, ഇന്ത്യാസമുദ്രം എന്നിവിടങ്ങളിലായി ഒരു ഡസനിലേറെ ദ്വീപുകളും ദ്വീപസമൂഹങ്ങളും ഫ്രാന്‍സിന്‍റെ അധീനത്തിലുണ്ട്. ബ്രിട്ടന്‍റെ നിയന്ത്രണത്തിലുമുണ്ട് അത്രയും പ്രദേശങ്ങള്‍. ഇവ ഓവര്‍സീസ് ടെറിട്ടറീസ് എന്നറിയപ്പെടുന്നു. 

ദക്ഷിണ ശാന്ത സമുദ്രത്തില്‍ ഓസ്ട്രേലിയയ്ക്കും ഫിജിയ്ക്കും ഇടയിലുളള ന്യൂകാലിഡോണിയ (18,575 ചതുരശ്ര കിലോമീറ്റര്‍) പതിനെട്ടാം നൂറ്റാണ്ടില്‍ ആദ്യമായി കണ്ടെത്തിയ പാശ്ചാത്യ നാവികന്‍ ബ്രിട്ടനിലെ ജയിംസ് കുക്കാണ്. ബ്രിട്ടീഷുകാര്‍ അവിടത്തെ ആദിവാസികളെ പിടിച്ചുകൊണ്ടുപോയി സമീപമേഖലയിലെ ഫിജിയിലും മറ്റും എത്തിച്ചു തങ്ങളുടെ കരിമ്പ് തോട്ടങ്ങളില്‍ അടിമപ്പണിയെടുപ്പിച്ചു. 

മുക്കാല്‍ നൂറ്റാണ്ടിനു ശേഷം അതു ഫ്രഞ്ചുകാര്‍ പിടിച്ചടക്കി. സമാനമായ പ്രദേശങ്ങളില്‍ മിക്കതില്‍നിന്നും പില്‍ക്കാലത്തു വിട്ടുപോകാന്‍ ഫ്രാന്‍സ് നിര്‍ബന്ധിതമായെങ്കിലും മറ്റു പല പ്രദേശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുളള ഭാഗ്യമുണ്ടായില്ല. അക്കൂട്ടത്തിലാണ് ന്യൂ കാലിഡോണിയ. 

വാഹനങ്ങളിലെ ബാറ്ററി, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന ലോഹമായ നിക്കല്‍ ആ പ്രദേശത്തെ ഭൂമിക്കടിയില്‍ ധാരാളമായി ഉണ്ടെന്നത് അതിനുളള ഒരു കാരണമായി പറയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം (പത്തു ശതമാനംവരെ) നിക്കല്‍ കുഴിച്ചെടുക്കുന്നത് അവിടെ നിന്നാണത്രേ. 

ഒട്ടേറെ ചെറിയ ദ്വീപ് രാജ്യങ്ങള്‍ സ്ഥിതിചെയ്യുന്ന ദക്ഷിണ ശാന്ത സമുദ്രമേഖലയുടെ സൈനിക തന്ത്രപരമായ പ്രാധാന്യവും ന്യൂകാലിഡോണിയയുടെ മേലുള്ള തങ്ങളുടെ പിടി അയഞ്ഞു പോകാതിരിക്കാനുളള ഫ്രാന്‍സിന്‍റെ വ്യഗ്രതയില്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്.  

ചൈനീസ് നാവിക സേനയുടെ ഒരു സജീവ വിഹാരരംഗവുമാണ് ദക്ഷിണ ശാന്തസമുദ്രം. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനെതിരായ പോരാട്ടത്തില്‍ അമേരിക്കന്‍ സൈന്യത്തിന്‍റെ സുപ്രധാന താവളമായിരുന്ന ചരിത്രവും ന്യൂകാലിഡോണിയയ്ക്കുണ്ട്. 

അവിടെ ഇപ്പോഴുളള മൂന്നു ലക്ഷത്തോളം ജനങ്ങളില്‍ ഭൂരിപക്ഷം (ഏതാണ്ട് 40 ശതമാനം) ആദ്യകാല നിവാസികളുടെ പിന്മുറക്കാരായ കനക് വംശജരാണ്. ന്യൂകാലിഡോണിയയ്ക്കു ഫ്രാന്‍സ് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗവും അവരുടെ കൂട്ടത്തിലുണ്ട്. സ്വാതന്ത്ര്യം വേണമോ വേണ്ടയോ എന്നതു സംബന്ധിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നു തവണ (2018ലും 2020ലും 2021ലും) ഹിതപരിശോധന നടക്കുകയുമുണ്ടായി.

ആദ്യത്തെ രണ്ടു ഹിതപരിശോധനയിലും സ്വാതന്ത്ര്യാഹ്വാനം ജനങ്ങള്‍ നേരിയ ഭൂരിപക്ഷത്തോടെ തള്ളിക്കളയുകയാണ് ചെയ്തിരുന്നത്. അതേസമയം 2020ലെ ഭൂരിപക്ഷം ആദ്യത്തേതിലും കുറയുകയും ചെയ്തു. 

മൂന്നാമത്തെ ഹിതപരിശോധന 2021ല്‍ നടക്കുമ്പോള്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന കാലമായിരുന്നതിനാല്‍ വോട്ടെടുപ്പ് മാറ്റിവയക്കണമെന്ന് സ്വാതന്ത്ര്യവാദികള്‍ ആവശ്യപ്പെട്ടുവെങ്കിലും ഗവണ്‍മെന്‍റ് സമ്മതിച്ചില്ല. സ്വാതന്ത്ര്യവാദികള്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. 

വോട്ട് ചെയ്തവരില്‍ 96 ശതമാനം പേരും സ്വാതന്ത്ര്യാഹ്വാനം തള്ളിയെന്നായിരുന്നു വിധി. പക്ഷേ, വോട്ട് ചെയ്തവര്‍ വെറും 40 ശതമാനമായിരുന്നു. ഇതു സ്വീകാര്യമല്ലെന്ന പേരില്‍ കനക് വംശജര്‍ക്കിടയില്‍ അസംപ്തി ശക്തിപ്പെടാന്‍ തുടങ്ങുകയും ചെയതു. അതിനിടയിലാണ് കുടിയേറ്റക്കാരില്‍ കൂടുതല്‍ പേര്‍ക്കു വോട്ടവകാശം അനുവദിക്കുന്ന ബില്‍ ഫ്രഞ്ച് പാര്‍ലമെന്‍റ് പാസ്സാക്കിയത്.

കെട്ടുകഥയല്ലെന്നും യാഥാര്‍ഥ്യമാണെന്നും പറഞ്ഞുകൊണ്ട് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞ ഒരു കാര്യം ഇതിനിടയില്‍ കൗതുകമുണര്‍ത്തുന്നു. ന്യൂകാലിഡോണിയിലുണ്ടായ കുഴപ്പത്തില്‍ അസര്‍ബൈജാനു പങ്കുണ്ടെന്നാണ് അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തിയിരിക്കുന്നത്. കലാപം നടത്തിയ വിഘടനവാദികളുടെ കൈകളില്‍ അസര്‍ബൈജാന്‍റെ പതാക ഉണ്ടായിരുന്നുവത്രേ. 

ദക്ഷിണ യൂറോപ്പും പശ്ചിമേഷ്യയും കൂട്ടിമുട്ടുന്ന മേഖലയില്‍ കിടക്കുന്ന അസര്‍ബൈജാന്‍ ന്യൂകാലിഡോണിയയുടെ അടുത്തൊന്നുമുളള രാജ്യമല്ല. മുന്‍പ് സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു. സോവിയറ്റ് യൂണിയന്‍റെതന്നെ ഭാഗമായിരുന്ന അര്‍മീനിയയുമായുള്ള അതിന്‍റെ അതിര്‍ത്തിത്തര്‍ക്കവും യുദ്ധവും രാജ്യാന്തരതലത്തില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുകയുമുണ്ടായി. 

അര്‍മീനിയയുമായുളള തങ്ങളുടെ അതിര്‍ത്തിത്തര്‍ക്കത്തില്‍ ഫ്രാന്‍സ് അര്‍മീനിയയെ പിന്തുണയ്ക്കുകയാണെന്ന് അസര്‍ബൈജാന്‍ ആരോപിക്കുന്നു. അസര്‍ബൈജാന്‍ അതിനു ഫ്രാന്‍സിനോടു പകരംവീട്ടുകയാണെന്നു കരുതുന്നവരുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com