ഗാസ യുദ്ധത്തില്‍ വളവും തിരിവും

HIGHLIGHTS
  • ഇസ്രയേല്‍ യുദ്ധക്യാബിനറ്റ് പിരിച്ചുവിട്ടു
  • യുദ്ധാനന്തര സ്ഥിതിയെപ്പറ്റി സംശയം
israel-attacked- JACK GUEZ-AFP
Image credit: JACK GUEZ-AFP
SHARE

രാജ്യം ശത്രുവുമായി യുദ്ധം ചെയ്യുമ്പോള്‍ ജനങ്ങളും അവരുടെ പാര്‍ട്ടികളും രാജ്യത്തിനു പിന്നില്‍ പൂര്‍ണ പിന്തുണയോടെ അണിനിരക്കുകയാണ് ലോകമൊട്ടുക്കുമുളള പതിവ്. എന്നാല്‍, എട്ടു മാസത്തിലേറെയായി ഗാസയില്‍ പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഹമാസുമായി ഘോരുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രയേല്‍ ഇപ്പോള്‍ ലോകത്തിനു മുന്നില്‍ കാഴ്ചവയ്ക്കുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്.

യുദ്ധം കൈകാര്യം ചെയ്യാനായി  പ്രത്യേകമായി രൂപീകരിച്ച ക്യാബിനറ്റില്‍ നിന്ന് ഈയിടെയുണ്ടായ രാജിയും തുടര്‍ന്ന് ആ ക്യാബിനറ്റ്തന്നെ പിരിച്ചുവിട്ടുകൊണ്ടുളള പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ പെട്ടെന്നുളള നടപടിയും അതിനു സാക്ഷ്യം വഹിക്കുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന്  ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് അവര്‍ക്കെതിരായ പ്രത്യാക്രമണത്തിനു ചുക്കാന്‍ പിടിക്കാനായി നാലാം ദിവസംതന്നെ രൂപീകരിച്ചതായിരുന്നു ഈ ആറംഗ യുദ്ധക്യാബിനറ്റ്. നെതന്യാഹുവിനു പുറമെ വകുപ്പില്ലാമന്ത്രിയും മുന്‍പ്രതിപക്ഷ നേതാവുമായ ബെന്നി ഗാന്‍റ്സ്, പ്രതിരോധമന്ത്രി യോവ് ഗല്ലാന്‍റ്, മന്ത്രിമാരായ ആര്യേഹ് ഡെറി, ഗാഡി ഐസന്‍കോട്ട്, റോണ്‍ ഡാര്‍നര്‍ എന്നിവരായിരുന്നു അതിലെ അംഗങ്ങള്‍. 

അവസാനത്തെ മൂന്നുപേര്‍ യഥാര്‍ഥത്തില്‍ നിരീക്ഷകരായിരുന്നു. നെതന്യാഹവും മറ്റു രണ്ടു പേരുമായിരുന്നു മുഖ്യ കാര്യകര്‍ത്താക്കള്‍. ബെന്നി ഗാന്‍റ്സും യോവ് ഗല്ലാന്‍റും മുന്‍പ് സൈന്യാധിപന്മാരായിരുന്നു. നെതന്യാഹുവും സൈന്യത്തിലുണ്ടായിരുന്നുവെങ്കിലും ജോലിക്കുവേണ്ടി തിരഞ്ഞെടുത്തത് നയതന്ത്ര രംഗമാണ്. അതിലൂടെയാണ് രാഷ്ടീയത്തിലെത്തിയതും. 

ഗാന്‍റസാണെങ്കില്‍ മുന്‍പ് പ്രതിരോധമന്ത്രിയായും സേവനം ചെയ്തിട്ടുണ്ട്. പിന്നീട് രാഷ്ട്രീയത്തിറങ്ങി സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയും നെതന്യാഹുവിനെ തോല്‍പ്പിച്ച് പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുകയും ചെയ്തു. നെതന്യാഹുവിനെപ്പോലെ ഗല്ലാന്‍റും ലിക്കുഡ് പാര്‍ട്ടിക്കാരനാണെങ്കിലും അവര്‍ തമ്മിലുളള ബന്ധവും ഊഷ്മളമല്ല. 

യുദ്ധക്യാബിനറ്റില്‍തന്നെ ഗാന്‍റ്സുമായും ഗല്ലാന്‍റുമായും നെതന്യാഹു ഇടഞ്ഞുകൊണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന്‍റെയെല്ലാം പരിസമാപ്തിയായിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍17) യുദ്ധക്യാബിനറ്റിനു സംഭവിച്ച അകാലമരണം. 

ഒക്ടോബര്‍ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍  ഏതാണ്ട് 1200 ഇസ്രയേലികള്‍ കൊല്ലപ്പെടുകയു 250 പേര്‍ ബന്ദികളാക്കപ്പെടുകയുമാണ് ചെയ്തിരുന്നത്. ഇസ്രയേലിന്‍റെ മുക്കാല്‍ നൂറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും ഭീകരമായ ആക്രമണത്തെ മുന്‍പൊരിക്കലും നേരടേണ്ടിവന്നിരുന്നില്ല. 

രോഷത്തോടൊപ്പം നാണക്കേടും ഉണ്ടാക്കിയ ഈ സംഭവത്തിനു പകരം വീട്ടുക, ഇനിയൊരിക്കലും ആക്രമണത്തിനു മുതിരാന്‍ കഴിയാത്ത വിധത്തില്‍ ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളെ മുഴുവന്‍ മോചിപ്പിക്കുക-ഇതായിരുന്നു ഇസ്രയേലിന്‍റെ തുടര്‍ന്നുളള ലക്ഷ്യം. 

ആയിരക്കണക്കിനു ഹമാസ് പ്രവര്‍ത്തകര്‍, അവരുടെ ചില ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞതായി ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 37000 പേര്‍ (അധികവും നിരപരാധികള്‍) മൃതിയടഞ്ഞതായി ഹമാസ് വൃത്തങ്ങളും പറയുന്നു. 

ബന്ദികളില്‍ ചിലര്‍ സ്വയം രക്ഷപ്പെടുകയും മറ്റു ചിലരെ ഇസ്രയേലി പട്ടാളം മോചിപ്പിക്കുകയും ചെയ്തു. കുറേപേര്‍ മരിക്കുകയും ചെയ്തു. നൂറിലേറെ പേര്‍ എന്തു സംഭവിക്കുമെന്ന് അറിയാതെ ഇപ്പോഴും ബന്ധനത്തില്‍ തുടരുന്നു. ഇസ്രയേലി ജയിലികളിലുളള ആയിരക്കണക്കിനു പലസ്തീന്‍ തടവുകാര്‍ക്കു പകരമായി അവരെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അതിനുവേണ്ടി വെടിനിര്‍ത്താന്‍ ഇസ്രയേല്‍ ഒരുക്കമില്ല. 

ഇനി, ഹമാസിനെ ഉന്മൂലനം ചെയ്യുകയും അവശേഷിക്കുന്ന ബന്ദികളെ മുഴുവന്‍ മോചിപ്പിക്കുകയും ചെയ്തതിനു ശേഷമുളള ഗാസയെ സംബന്ധിച്ച ഇസ്രയേലിന്‍റെ നിലപാടെന്താണ്? ഒക്ടോബര്‍ ഏഴിനു മുന്‍പുണ്ടായിരുന്ന സ്ഥിതിയിലേക്കു തിരിച്ചുപോകാന്‍ ഗാസയെ അനുവദിക്കുമോ? ഈ ചോദ്യങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്നത്. 

ഗാസയെ പഴയതുപോലെ തുടരാന്‍ അനുവദിക്കുന്ന കാര്യം സങ്കല്‍പ്പിക്കാന്‍ പോലും ഇസ്രയേലിലെ മിക്കവര്‍ക്കും സാധിക്കുന്നില്ല. പലസ്തീന്‍കാരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി ഗാസയില്‍ സ്ഥിരമായി ഇസ്രയേലിന്‍റെ സൈന്യത്തെ വിന്യസിപ്പിക്കുകയും അങ്ങനെ ഗാസയെ സ്ഥിരമായി ഇസ്രയേലിന്‍റെ അധിനിവേശത്തില്‍ നിര്‍ത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് അവരില്‍ പലരും. 

രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് കുറച്ചുകാലം ഗാസ ഇസ്രയേലിന്‍റെ  പൂര്‍ണമായ അധിനിവേശത്തിലായിരുന്നു. ആരിയല്‍ ഷറോണ്‍ ആയിരുന്നു അന്ന് ഇസ്രയേലിന്‍റെ പ്രധാനമന്ത്രി. ആ പ്രദേശം ഒരിക്കലും പലസ്തീന്‍കാര്‍ക്കു വിട്ടുകൊടുക്കേണ്ടിവരില്ലെന്ന വിശ്വാസത്തില്‍ അവിടെ ജൂത കുടിയേറ്റ്ര കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹം അനുവദിക്കുകയുമുണ്ടായി. 

ഒടുവില്‍ പലസ്തീന്‍കാരുടെ എതിര്‍പ്പുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അതെല്ലാം പൊളിച്ചുനീക്കി അദ്ദേഹത്തിനു മടങ്ങേണ്ടിവന്നു. യുദ്ധാനന്തര ഗാസ പൂര്‍ണമായും ഇസ്രേയല്‍ സൈന്യത്തിന്‍റെ കര്‍ശന നിയന്ത്രണത്തിലായിരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഒന്നുകില്‍ അതൊന്നും ഓര്‍ക്കുന്നില്ല. അല്ലെങ്കില്‍ അവഗണിക്കന്നു. 

യുദ്ധാനന്തര ഗാസയുടെ കാര്യത്തില്‍ നെതന്യാഹുവിന്‍റെ മനസ്സിലുളള പ്ലാനെന്താണ്? ഹമാസിന്‍റെ തടവില്‍ എട്ടു മാസമായി അവശേഷിക്കുന്ന നൂറിലേറെ ബന്ദികളെ എങ്ങനെ മോചിപ്പിക്കാനാണ് അദ്ദേഹം ഉദ്ദേിക്കുന്നത്?  

യുദ്ധക്യാബിനറ്റിലെ അംഗമായ ബെന്നി ഗാന്‍റ്സ് ഒടുവില്‍് നെതന്യാഹുവെ നേരിട്ടത് ഈ രണ്ടു ചോദ്യങ്ങളുമായിട്ടാണ്. ജൂണ്‍ എട്ടിനകം വിശദമായ മറുപടി കിട്ടിയില്ലെങ്കല്‍ താന്‍ യുദ്ധ ക്യാബിനിറ്റില്‍നിന്നു രാജിവയക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നല്‍കുകകയും ചെയ്തു. 

ജൂണ്‍ എട്ടിനു നാലു ബന്ദികളെ ഇസ്രയേല്‍ സൈന്യം ഹമാസിന്‍റെ പിടിയില്‍നിന്നു മോചിപ്പിക്കുകയുണ്ടായി. ഗാന്‍റ്സ് തന്‍റെ അന്ത്യശാസനം നടപ്പാക്കുന്നത് ഒരു ദിവസത്തേക്കു മാറ്റിവയ്ക്കുകയും ചെയ്ു. അദ്ദേഹത്തോടൊപ്പം സ്വന്തം പാര്‍ട്ടിക്കാരനായ ഗാസി ഐസന്‍കോട്ടും പിറ്റേന്നു രാജിവച്ചു.

ഇവരുടെ രാജി നെതന്യാഹുവെ അസ്വസ്ഥനാക്കിയതായി റിപ്പോര്‍ട്ടുകളൊന്നമില്ല. നേരെ മറിച്ച്, ഗാന്‍റസും ഐസന്‍കോട്ടും രാജിവച്ച ഒഴിവില്‍ തന്‍റെ കൂട്ടുമന്ത്രിസഭയിലെ രണ്ടു തീവ്രവലതുപക്ഷക്കാരെ ഉള്‍പ്പെടുത്തേണ്ടിവരുമോയെന്ന ആശങ്കയായിരുന്നുവത്രേ അദ്ദേഹത്തിന്‍റെ മനസ്സില്‍. അതിനവര്‍ ആവശ്യപ്പെടുകയുമുണ്ടായി

ദേശീയ സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ (ജൂയിഷ് നാഷനല്‍ ഫ്രണ്ട്), ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ച് (റിലീജ്യസ് സയണിസ്റ്റ് പാര്‍ട്ടി) എന്നിവരാണിവര്‍. പലസ്തീന്‍കോരോട് കടുകിടപോലും വിട്ടുവീഴ്ചയക്ക് തയാറില്ലാത്ത ഇവര്‍ അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളെല്ലാം ഇസ്രയേലില്‍ ലയിപ്പിക്കണമെന്നു വാദിക്കുന്നവരാണ്. പ്രകോപനപരമായ പ്രസംഗങ്ങള്‍ ചെയ്യുന്നതില്‍ നേരത്തെതന്നെ കുപ്രസിദ്ധി നേടുകയുമുണ്ടായി.

പലസ്തീന്‍കാരോടുളള കര്‍ക്കശ നിലപാടിന്‍റ കാര്യത്തില്‍ നെതന്യാഹു ഇവരുടെ ഏറെയൊന്നും പിന്നിലല്ല. എങ്കിലും യുദ്ധക്യാബിനറ്റില്‍ അവരെ ഉള്‍പ്പെടുത്തുന്നത് സ്ഥിതിഗതികള്‍ തന്‍റെ കൈകളില്‍നിന്നു വിട്ടുപോകാന്‍ ഇടയാക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടുവത്രേ. യുദ്ധക്യാബിനറ്റില്‍നിന്നു രണ്ടുപേര്‍ രാജിവച്ചതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കകം ആ ക്യാബിനറ്റ്തന്നെ അദ്ദേഹം പിരിച്ചുവിട്ടതിനു കാരണം അതായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS