ഇറാന്‍: പ്രതീക്ഷകളും വെല്ലുവിളികളും

HIGHLIGHTS
  • പരിഷ്ക്കരണ വാദികള്‍ക്ക് നേരിയ വിജയം
  • പുതിയ പ്രസിഡന്‍റ് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍
masoud-pezeshkian
മസൂദ് പെസഷ്കിയാൻ (Photo: ATTA KENARE / AFP)
SHARE

ഒന്നര മാസം മുന്‍പ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ഇറാനിലെ ജനങ്ങള്‍. അത്രതന്നെ ആകാംക്ഷ ചുറ്റുമുളള രാജ്യങ്ങള്‍ക്കുമുണ്ടായിരുന്നു. കാരണം, അവരുടെയെല്ലാം വര്‍ത്തമാനവും ഭാവിയും ഏറെക്കുറേ ഇറാനെ ആശ്രയിച്ചിരിക്കുന്നു. 

പരിഷ്ക്കരണവാദിയായി വിശേഷിപ്പിക്കപ്പെടുന്ന ഡോ. മസൂദ് പെസഷ്ക്കിയാനാണ് പുതിയ പ്രസിഡന്‍റായി തിരഞ്ഞെക്കപ്പെട്ടിരിക്കുന്നത്. ജൂണ്‍ 30, ജൂലൈ അഞ്ച് തീയതികളിലായി രണ്ടു ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍പ്പിച്ചത്  യാഥാസ്ഥിതികനായി അറിയപ്പെടുന്ന സഈദ് ജലീലിയേയാണ്. 

അതിനാല്‍ പെസഷ്ക്കിയാന്‍റെ വിജയം ഇറാനിലെ യാഥാസ്ഥിതികരും പരിഷ്ക്കരണ വാദികളും തമ്മില്‍ നടന്നുവരുന്ന വടംവലിയില്‍ പരിഷ്ക്കരണ വാദികള്‍ നേടിയ വിജയമായി എണ്ണപ്പെടുന്നു. പക്ഷേ, പെസഷ്ക്കിയാന്‍ ജയിച്ചത് 53 ശതമാനം വോട്ടുകളോടെയാണ്. പോളിങ് ശതമാനം രണ്ടാം ഘട്ടത്തില്‍ 50 ശതമാനവും ഒന്നാം ഘട്ടത്തില്‍ വെറും 40 ശതമാനവുമായിരുന്നു. അതെല്ലാം നോക്കുമ്പോള്‍ ഇതൊരു വ്യക്തമായ വിജയമായി കരുതാത്തവരുമുണ്ട്. 

കൊല്ലപ്പെട്ട റഈസി കടുത്ത യാഥാസ്ഥികരില്‍ ഒരാളായിരുന്നു. പ്രസിഡന്‍റിനേക്കാള്‍ അധികാരമുളള പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയാകാന്‍ പോലും പരിഗണിക്കപ്പെട്ടു വരികയായിരുന്നു. അതിനാല്‍ റഈസിയുടെ പകരക്കാരനാകുന്നതും അത്തരം ഒരാളായിരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. 

അന്‍പത്തെട്ടുകാരനായ ജലീലിക്കു പുറമെ, ഖമനയിയുടെ മകന്‍ മുജ്തബ (55), കൊല്ലപ്പെട്ട പ്രസിഡന്‍റ് റഈസിയുടെ ഒഴിവില്‍ ഇടക്കാല പ്രസിഡന്‍റായ മുന്‍ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബര്‍ (68), പാര്‍ലമെന്‍റ് സ്പീക്കറും രാജ്യതലസ്ഥാന നഗരമായ ടെഹറാനിലെ മുന്‍മേയറുമായ മുഹമ്മദ് ബാഗര്‍ ഘാലിബാവ് (62), മറ്റൊരു മുന്‍ സ്പീക്കറായ അലി ലാരിജാനി (65), എന്നിവരുടെ പേരുകള്‍ പ്രചരിക്കുകയുമുണ്ടായി. 

നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 80 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. അവരുടെ യോഗ്യതകള്‍ പരിശോധിക്കാന്‍ നിയുക്തമായ ഗാര്‍ഡിയന്‍ കൗണ്‍സില്‍ ആറു പേരൊഴികെ എല്ലാവരുടെയും പത്രികകള്‍ തളളിക്കളഞ്ഞു. രണ്ടു പേര്‍ പിന്നീടു സ്വയം പിന്‍വാങ്ങി. 

ബാക്കിയായ നാലുപേര്‍ തമ്മിലുളള മല്‍സരത്തിലാണ് 40 ശതമാനം മാത്രം വോട്ടര്‍മാര്‍ പോളിങ് ബര്‍ൂത്തുകളിലെത്തിയത്. അത്രയും കുറഞ്ഞ വോട്ടിങ് ശതമാനം മുന്‍പൊരിക്കലുമുണ്ടായിട്ടില്ല. എല്ലാം ഒരു പ്രഹസനമാണെന്ന തോന്നല്‍ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞു പോയതു കാരണം പലരും മനഃപൂര്‍വം അകന്നു നിന്നതാണത്രേ. 

ആദ്യഘട്ടത്തില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടിയ രണ്ടു പേര്‍ (പെസഷ്ക്കിയാനും ജലീലിയും) രണ്ടാം ഘട്ടത്തില്‍ നേരിട്ട് ഏറ്റുമുട്ടിയപ്പോഴാണ് 10 ശതമാനം പേര്‍കൂടി വോട്ട് ചെയ്യാനെത്തിയത്. 53 ശതമാനം വോട്ടുകള്‍ നേടി പെസഷ്ക്കിയാന്‍ ജയിക്കുകയും ചെയ്തു. 

അറുപത്തൊന്‍പതുകാരനായ പെസഷ്ക്കിയാന്‍ ഇറാന്‍റെ പ്രസിഡന്‍റാവുന്ന ഏറ്റവും പ്രായംചെന്ന ആളാണ്. മജ്ലിസ് (പാര്‍ലമെന്‍റ്) അംഗമായിരുന്നു. ഡപ്യൂട്ടി സ്പീക്കറായും മന്ത്രിയായും സേവനം ചെയ്തുു. മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കില്ലാത്ത ഒരു സവിശേഷതകൂടി അദ്ദേഹത്തിനുണ്ട്. ഹൃദയ ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു. 

മുപ്പതു വര്‍ഷം മുന്‍പ് പെസഷ്ക്കിയാന്‍റെ ജീവിതത്തിലുണ്ടായ ഒരു ദുരന്തവും ഇപ്പോള്‍ പരാമര്‍ശിക്കപ്പെട്ടുവരുന്നു.  കാറപകടത്തില്‍ അദ്ദേഹത്തിന്‍റെ ഭാര്യയും മകനും മരിച്ചു. പക്ഷേ, പുനര്‍വിവാഹത്തിനു തയാറായില്ല. അവശേഷിച്ച മൂന്നു മക്കളെയും തനിച്ചു പരിപാലിച്ചു വളര്‍ത്തി.  

അതുപോലെ ജലീലിയുടെ ജീവചരിത്രത്തിലുമുണ്ട് എടുത്തു പറയപ്പെടന്ന ഒരു സംഭവം. ഇറാഖുമായുളള 1980-1988 കാലത്തെ യുദ്ധത്തില്‍ ഇറാന്‍റെ സൈന്യത്തിലെ അംഗമായിരന്നു അദ്ദേഹം. വലതു കാലിന്‍റെ മുട്ടിനു താഴെ നഷ്ടപ്പെട്ടു. 

ഇനിയെന്ത് എന്നതാണ് ഇപ്പോള്‍ പെസഷ്ക്കിയാന്‍റെ മുന്നിലുളള ചോദ്യം. സാധാരണ ഗതിയില്‍ ഒരു രാജ്യത്തിനു നേരിടേണ്ടിവരുന്ന പ്രശിനങ്ങളുടെ എത്രയോ ഇരട്ടി പ്രശ്നങ്ങളാണ് ഇറാന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അവ കൈയാളുന്നതില്‍ യാഥാസ്ഥിതികര്‍ക്കും പരിഷ്ക്കരണ വാദികള്‍ക്കും ഇടയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. 

എണ്ണ-പ്രകൃതി വാചക സമ്പന്നമാണ് ഇറാന്‍. എന്നാല്‍ അത്തരത്തിലുളള മറ്റു രാജ്യങ്ങളെപ്പോലെ അവ വിറ്റു കാശാക്കി ജനക്ഷേമ പരിപാടികള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ ഇറാനു കഴിയുന്നില്ല.  മറ്റു രാജ്യങ്ങളുമായുളള വ്യാപാര ഇടപാടുകളില്‍നിന്നും ആഗോള ബാങ്കിങ് സംവിധാനങ്ങളില്‍നിന്നും ഇറാനെ ഒറ്റപ്പെടുത്തുന്ന രാജ്യാന്തര സാമ്പത്തിക ഉപരോധങ്ങള്‍ നിലവിലുളളതാണ് കാരണം. 

വളരെ ഉയര്‍ന്ന തോതിലുളള പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ പോലുളള പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകണമെങ്കില്‍ ഈ ഉപരോധങ്ങള്‍ (മിക്കതും അമേരിക്കയുടെ നിര്‍ബന്ധ പ്രകാരം നടപ്പാക്കിയത്) പിന്‍വലിക്കപ്പെടണം. അതിന് അമേരിക്കയെ പ്രേരിപ്പിക്കുന്ന വിധത്തില്‍ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്താന്‍ ഇറാന്‍ തയാറാകുമോ? എങ്കില്‍ എത്രത്തോളം? 

പുതിയ പ്രസിഡന്‍റായ പെസഷ്ക്കിയാന്‍ പ്രതിനിധാനം ചെയ്യുന്ന പരിഷ്ക്കരണ വാദികള്‍ക്കും പ്രസിഡന്‍റിനേക്കാളധികം അധികാരമുളള  പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖമനയി പ്രതിനിധാനം ചെയ്യുന്ന യാഥാസ്ഥിതികര്‍ക്കും ഒരുപോലെ സ്വീകാര്യമായ ഒരു ഫോര്‍മുല കണ്ടെത്താന്‍ കഴിയുമോ? 

ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തേടുന്നവര്‍ ഒടുവില്‍ എത്തിച്ചേരുന്നത് കൂടുതല്‍ വിശാലവും സങ്കീര്‍ണവുമായ ഒരു സമസ്യയിലാണ്. അതാണ് ആണവപ്രശ്നം. നിയമാനുസൃത രീതിയിലുളള സമാധാനപരമായ ആണവ പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നതെന്ന് ഇറാന്‍ വാദിക്കുമ്പോള്‍, ആണവ ബോംബ് നിര്‍മാണമാണ് നടക്കുന്നതെന്നു പാശ്ചാത്യ രാജ്യങ്ങള്‍  കുറ്റപ്പെടുത്തുന്നു. 

പരിഷ്ക്കരണ വാദിയായ ഹസ്സന്‍ നൂറാനി ഇറാനിലും ബറാക് ഒബാമ അമേരിക്കയിലും പ്രസിഡന്‍റുമാരായിരുന്ന കാലത്ത് 2015ല്‍ അതു സംബന്ധിച്ച് ഒത്തുതീര്‍പ്പുണ്ടായത് ഒരു ചരിത്ര സംഭവമായിരുന്നു. സ്വാഭാവികമായും നൂറാനിയുടെ നീക്കത്തെ ഖമനയി അടക്കമുഉള യാഥാസ്ഥിതികരും എതിര്‍പ്പോടു കൂടിയാണെങ്കിലു അംഗീകരിച്ചിരിക്കണം.

ഫ്രാന്‍സ്, ബ്രിട്ടന്‍-ജര്‍മനി എന്നീ പാശ്ചാത്യ രാജ്യങ്ങളും റഷ്യ, ചൈന എന്നിവയും അതില്‍ പങ്കാളികളായിരുന്നു. ഒത്തുതീര്‍പ്പനുസരിച്ച് ഇറാന്‍ അതിന്‍റെ ആണവ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയും അതിനു പകരമായി ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. 

പക്ഷേ, ഒബാമയെ തുടര്‍ന്നു യുഎസ് പ്രസിഡന്‍റായ ഡോണള്‍ഡ് ട്രംപ് ആ കരാര്‍ പിച്ചിച്ചീന്തി. അതു തികച്ചും ഇറാനു മാത്രം ഗുണം ചെയ്യുന്നതാണെന്നും കാര്യമായ മാറ്റങ്ങളോടെ ഉടച്ചുവാര്‍ക്കണമെന്നുമാണ് അദ്ദേഹത്തിന്‍റെ നിലപാട്. കരാറിലെ മറ്റു കക്ഷികള്‍ ട്രംപിനെ അനുകൂലിക്കുന്നില്ലെങ്കിലും ശക്തമായി എതിര്‍ക്കുന്നുമില്ല. 

ഫലം: മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകളില്‍നിന്നു രൂപംകൊണ്ട ആണവകരാര്‍ ചത്തതിനു തുല്യമായി. അതിനെ പുനരുജ്ജീവിപ്പിക്കുന്നതുനുവേണ്ടി കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനു സമ്മതിക്കാന്‍ പുതിയ ഇറാന്‍ പ്രസിഡന്‍റ് ധൈര്യപ്പെടുമോ? യാഥാസ്ഥിതികര്‍ അതിന് അദ്ദേഹത്തെ അനുവദിക്കുമോ? ചോദ്യങ്ങള്‍ പിന്നെയും അവശേഷിക്കുന്നു. 

സാമൂഹിക-സാംസ്ക്കാരിക തലങ്ങളില്‍ എന്തു മാറ്റമായിരിക്കും ജനങ്ങള്‍ ഇനി പ്രതീക്ഷിക്കുകയെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ ഒരുപക്ഷേ, എത്തിച്ചേരുക രണ്ടു വര്‍ഷം മുന്‍പ് ഇറാനെ പിടിച്ചുകുലുക്കിയ അഭൂതപൂര്‍വമായ ഒരു സംഭവത്തെക്കുറിച്ചുളള ഓര്‍മകളിലായിരിക്കും. 

അന്നു പ്രസിഡന്‍റ് റഈസിയുടെ ഭരണമായിരുന്നു. മഹ്സ അമീനിയെന്ന ഒരു യുവതിയെ ടെഹ്റാനില്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ നിര്‍ബന്ധമായി ധരിച്ചിരിക്കേണ്ട ശിരോവസ്ത്രം നിശ്ചിത രീതിയില്‍ ധരിച്ചില്ല എന്നതായിരുന്നു കേസ്. പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കേ മഹ്സയ്ക്കു ബോധക്കേടുണ്ടാവുകയും ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. 

പൊലീസിന്‍റെ മര്‍ദ്ദനമാണ് അതിനു കാരണമെന്നായിരുന്നു ജനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ആരോപണം. പൊലീസ് നിഷേധിച്ചുവെങ്കിലും ജനരോഷം അടങ്ങിയില്ല. നാടൊട്ടുക്കും പ്രതിഷേധ പ്രകടനങ്ങളുണ്ടാവുകയും ജനങ്ങള്‍ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അഞ്ഞൂറിലേറെ പേര്‍ മരിക്കുകയും 20,000 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. 

പൊലീസിന്‍റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചവരില്‍ ഒരാളായിരുന്നു ഇപ്പോള്‍ ഇറാന്‍റെ ഒന്‍പതാമത്തെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മസൂദ് പെസഷ്ക്കിയാന്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS