ചോര ചിന്തുന്ന യുഎസ് രാഷ്ട്രീയം

HIGHLIGHTS
  • അക്രമിയുടെ ഉദ്ദേശ്യം ഇപ്പോഴും അജ്ഞാതം
  • 60 വര്‍ഷശേഷം വീണ്ടും ഗുരുതരമായ സുരക്ഷാവീഴ്ച
attack-on-donald-trump-image-6
പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. (Photo: AFP)
SHARE

രാഷ്ട്രീയ നേതാക്കള്‍ ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നത് അമേരിക്കയില്‍ പുതിയ കാര്യമല്ലെങ്കിലും ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമം അവയില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. അമേരിക്കയിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ നടന്നുവരുന്നതും ദിനംപ്രതി രാജ്യാന്തരീക്ഷം കൂടുതല്‍ക്കൂടുതല്‍ കലുഷമാക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു തിരഞ്ഞെടുപ്പ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ സംഭവം. ട്രംപിനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരുമായി ജനങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു.

നാലു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട പ്രസിഡന്‍റ് സ്ഥാനം തിരിച്ചുപിടിക്കാന്‍ ട്രംപ് ശ്രമിക്കുമ്പോള്‍ അടുത്ത നാലു വര്‍ഷംകൂടി ആ സ്ഥാനത്ത് തുടരാനുളള ശ്രമത്തിലാണ് നിലവിലുളള പ്രസിഡന്‍റ് ജോ ബൈഡന്‍. അതിനിടയിലായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച (ജൂലൈ 13) പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ഒരു  തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ ട്രംപിനു നേരെയുണ്ടായ വെടിവയ്പ്. 

donald-trump-shot
വെടിയേറ്റ ചെവിയിൽ ബാൻഡേജുമായി യുഎസിലെ മിൽവോക്കിയിൽ റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിൽ പങ്കെടുക്കുന്ന ഡ‍ോണൾഡ് ട്രംപ്. (Photo by LEON NEAL / AFP)

ഭാഗ്യത്തിനു ട്രംപ് തലനാരിഴകൊണ്ടു രക്ഷപ്പെടുകയായിരുന്നു. വലതു ചെവിക്കു മുകളില്‍ ചര്‍മ്മത്തില്‍ ഉരസി വെടിയുണ്ട കടന്നുപോയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം അറിയുകപോലും ചെയ്തില്ലത്രേ. ചെവിയില്‍നിന്നു കവിളിലൂടെ ചോര ഒലിച്ചിറങ്ങി. വേദിയില്‍ അദ്ദേഹത്തിന്‍റെ പിന്നിലിരുന്ന ഒരാള്‍ വെടിയേയറ്റു മരിക്കുകയും മറ്റു രണ്ടു പേര്‍ക്കു സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

പ്രസംഗ വേദിയില്‍നിന്നു 140 മീറ്റര്‍ അകലെയുളള ഒരു കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍നിന്നു ട്രംപിനുനേരെ നാലു തവണ വെടിവച്ചയാളെ  പ്രസിഡന്‍റിന്‍റെ സുരക്ഷാവിഭാഗത്തിലെ അംഗങ്ങള്‍ നിമിഷങ്ങള്‍ക്കകം വെടിവച്ചുകൊന്നു. അയാളെ ജീവനോടെ പിടികൂടാനുളള ശ്രമം നടന്നില്ലെന്നു തോന്നുന്നു. തോമസ് മാത്യു ക്രുക്സ് എന്ന ഇരുപതുകാരനാണ് പ്രതിയെന്നു പിന്നീട് തിരിച്ചറിഞ്ഞു. ഇയാള്‍ മുന്‍പ് ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ അംഗമായിരുന്നുവത്രേ. പിന്നീട് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കു പണം സംഭാവന ചെയ്തതിന്‍റെ രേഖകള്‍ അയാളുടെ വീടു പരിശോധിച്ചപ്പോള്‍ കണ്ടെത്തുകയും ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുളളതായി ഇതുവരെ വിവരമൊന്നും പുറത്തുവന്നിട്ടില്ല. 

മുന്‍ പ്രസിഡന്‍റ്, അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടപ്പിലെ  ഒരു പ്രധാന സ്ഥാനാര്‍ഥി എന്നീ നിലകളില്‍ ട്രംപിന് അര്‍ഹമായ സുരക്ഷ ലഭിച്ചില്ലെന്ന ആരോപണം ഉടന്‍തന്നെ ഉയരുകയുണ്ടായി. പ്രസിഡന്‍റ് പസംഗിക്കുന്ന വേദിക്കടുത്തുളള കെട്ടിടത്തിന്‍റെ മുകളില്‍ ഒരു അന്യനു കയറിക്കൂടാന്‍ കഴിഞ്ഞതെങ്ങനെ?. നേരത്തതന്നെ അയാള്‍ അവിടെ നില്‍ക്കുന്നത് പലരും കണ്ടിരുന്നുവത്രേ. വേറൊരാളെയും കണ്ടതായി പറയുന്നവരുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് ഈ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്. 

attack-on-donald-trump-image-5
പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. (Photo: AFP)

ട്രംപിനെ വെടിവയക്കാന്‍ ക്രൂക്സിനെ പ്രേരിപ്പിച്ചതെന്ത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വെടിവയ്പിനുശേഷം സുരക്ഷാ സൈനികരുടെ സംരക്ഷണത്തിലിരിക്കുമ്പോള്‍ അറിഞ്ഞേരാ അറിയാതെയോ ട്രംപിന്‍റെ നാവില്‍നിന്ന് ഉതിര്‍ന്നുവീണ വാക്കുകളില്‍ അതിന്‍റെ സൂചന കണ്ടെത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്നുമാത്രം.

ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ് (പോരാടൂ, പോരാടൂ, പോരാടൂ) എന്നാണ് അദ്ദേഹം മുഷ്ടിചൂരുട്ടി ഉയര്‍ത്തിക്കൊണ്ട് തന്‍റെ അനുയായികളെ ആഹ്വാനം ചെയ്തത്. ആരോടാണ് പോരാടേണ്ടതെന്ന് അദ്ദേഹം പറഞ്ഞില്ലെങ്കിലും ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് സന്ദര്‍ഭത്തില്‍നിന്ന് ഊഹിക്കാനാകുമായിരുന്നു. ട്രംപും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും പോരാടിക്കൊണ്ടിരിക്കുന്നതു ബൈഡനോടും ഡമോക്രാറ്റിക് പാര്‍ട്ടിയോടുമാണ്. 

ട്രംപിനെ ആക്രമിക്കാന്‍ ആളെവിട്ടത് ബൈഡനാണെന്നു സാമൂഹിക മാധ്യമത്തിലൂടെ പരസ്യമായി കുറ്റപ്പെടുത്താന്‍ പോലും ഒരു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് (ജോര്‍ജിയയില്‍നിന്നുളള പ്രതിനിധി സഭാംഗം) മടിക്കുകയുണ്ടായില്ല, ബൈഡനെതിരെ കേസെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. 

അപകടകരവും നിരുത്തരവാദപരവുമായ ഇത്തരം ആരോപണങ്ങള്‍ക്കു പ്രചാരണം നല്‍കാന്‍ ഭാഗ്യവശാല്‍ മുഖ്യധാരാ മാധമങ്ങള്‍ തയാറായില്ല.  അത്തരം ഊഹാപോഹങ്ങളില്‍നിന്നു മാറി നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. സംയമനം പാലിക്കാന്‍   രണ്ടു പാര്‍ട്ടികളും അണികളെ ആഹ്വാനം ചെയ്യുകയുമുണ്ടായി. 

ആസൂത്രിതം, മുന്‍കൂട്ടി എഴുതി തയാറാക്കിയ നാടകം എന്നെല്ലാം അര്‍ഥം വരുന്ന സ്റ്റേജ്ഡ് എന്ന വാക്കിനും ഇതോടനുബന്ധിച്ച്  വലിയ  പ്രചാരണമാണ് ലഭിച്ചത്. പെന്‍സില്‍വാനിയയില്‍ നടന്നത് യഥാര്‍ഥ വധശ്രമമല്ലെന്നും ഡമോക്രാറ്റിക് പാര്‍ട്ടിക്കാരെ അക്രമികളായി ചിത്രീകരിക്കാനുളള ഉദ്ദേശ്യത്തോടെ ട്രംപിന്‍റെ ആളുകള്‍ നടത്തിയ ഒരു നാടകം മാത്രമാണെന്നുമായിരുന്നു അതിലെ വ്യംഗ്യം. ആ സംഭവത്തോടെ  ട്രംപിന് ആരെയും എന്തിനെയും ഭയമില്ലാത്ത, ഒന്നിന്‍റെ മുന്നിലും പതറാത്ത ധീരയോദ്ധാവിന്‍റെ പരിവേഷം ലഭിച്ചു. ട്രംപിന്‍റെ സ്ഥാനത്തു ബൈഡനായിരുന്നെങ്കിലെന്നു ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവണം.

attack-on-donald-trump-image-3
പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിന് സുരക്ഷാ ഉദ്യോഗസ്ഥർ കവചമൊരുക്കുന്നു. (Photo: AFP)

അധികാരത്തിലിരിക്കേ നാല് പ്രസിഡന്‍റുമാര്‍ അമേരിക്കയില്‍ കൊല്ലപ്പെടുകയുണ്ടായി. ആദ്യത്തെയാള്‍ ഏബ്രഹാം ലിങ്കണും (1865) അവസാനത്തെയാള്‍ ജോണ്‍ എഫ്. കെന്നഡിയും (1963) ആയിരുന്നു. തിയോഡര്‍ റൂസ്വെല്‍റ്റും (1912) റോണൾഡ് റെയ്ഗനും (1981) വെടിയേറ്റു പരുക്ക് പറ്റിയവരില്‍ ഉള്‍പ്പെടുന്നു. പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനിടയില്‍ വധിക്കപ്പെട്ട ഒരാള്‍കൂടിയുണ്ട്-ജോണ്‍ എഫ്. കെന്നഡിയുടെ അനുജന്‍ റോബര്‍ട്ട് എഫ്. കെന്നഡി (1968). അദ്ദേഹത്തിന്‍റെ മകന്‍ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ ഇത്തവണ പ്രസിഡന്‍റാകാനായി  ഒരു മൂന്നാം കക്ഷിയുടെ സ്ഥാനാര്‍ഥിയായി ട്രംപിനും ബൈഡനും എതിരേ മല്‍സരിക്കുന്നുമുണ്ട്. 

ട്രംപിനെതിരെ നടന്ന ആക്രമണത്തെ പ്രസിഡന്‍റ് കെന്നഡിയുടെ വധവുമായി താരതമ്യം ചെയ്യപ്പെടുന്നു.. രണ്ടു സംഭവങ്ങളെയും ആവരണം ചെയ്ത നിഗൂഡതകളാണ് അതിനൊരു കാരണം. ശ്രദ്ധേയമായ സാദൃശ്യങ്ങളുമുണ്ട്. കെന്നഡിക്കുനേരെയും വെടിവയ്പുണ്ടായത് അടുത്തുളള ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നായിരുന്നു. 

ടെക്സസിലെ ഡാല്ലസില്‍, മുകള്‍ഭാഗം തുറന്ന കാറിലിരുന്ന് റോഡിന്‍റെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട്  യാത്രചെയ്യുകയായിരുന്നു കെന്നഡി. വഴിയരികിലെ ഒരു കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്നുണ്ടായ വെടിവയ്പില്‍ കെന്നഡിയുടെ തല തകര്‍ന്നു. ആറു ദശകങ്ങള്‍ക്കുശേഷം ഒരു മുന്‍ പ്രസിഡന്‍റിന്‍റെ തലയ്ക്കു നേരെ വെടിവയ്പുണ്ടായതും സമീപത്തെ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാണെന്നത് അല്‍ഭുതമുളവാക്കുന്നു.  

കെന്നഡിയുടെ ഘാതുകനായ ലീ ഹാര്‍വി ഓസ്വാള്‍ഡ് സംഭവ സ്ഥലത്തുനിന്ന് ഉടന്‍ രക്ഷപ്പെട്ടുവെങ്കിലും അരമണിക്കൂറിനകം പിടിയിലായി. പക്ഷേ, പ്രയോജനമുണ്ടായില്ല. രണ്ടു ദിവസത്തിനു ശേഷം പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കേ അയാളെ തൊട്ടുമുന്നില്‍വച്ച് ജാക്ക് റൂബി എന്ന നിശാക്ളബ് ഉടമ വെടിവച്ചുകൊന്നു. 

ഓസ്വാള്‍ഡ് കൊല നടത്തിയത് ഒറ്റയ്ക്കല്ലെന്നും അയാളുടെ പിന്നില്‍ മറ്റാരെങ്കിലും ഉണ്ടാവണമെന്നുമുള്ള സംശയം തുടക്കം മുതല്‍ക്കേ ഉയര്‍ന്നിരുന്നു. റൂബിതന്നെ ഒറ്റയാനല്ലെന്ന സംശയവും ഉടലെടുക്കുകയുണ്ടായി. സംഭവത്തിന്‍റെ പിന്നില്‍ ഗൂഡാലോചന നടന്നിരുന്നുവെന്നും വെടിവച്ചത് ഒരാളല്ല, രണ്ടാളുകളാണെന്നുമുളള അഭ്യൂഹങ്ങളുമുണ്ടായി. പക്ഷേ, കൊലയാളി കൊല്ലപ്പെട്ടതിനാല്‍ അതു സംബന്ധിച്ച എല്ലാ വിവരങ്ങളും കണ്ടെത്താനായില്ല.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഏള്‍ വാറന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ജൂഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നടത്തുകയുണ്ടായി. കെന്നഡിയെ വധിച്ചത് ഓസ്വാള്‍ഡ് തനിച്ചാണെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നും ഗൂഡാലോചന നടന്നുവെന്നതിനു തെളിവില്ലെന്നുമായിരുന്നു പത്തു മാസത്തെ അന്വേഷണത്തിനു ശേഷം കമ്മിഷന്‍ സമര്‍പ്പിച്ച 888 പേജുള്ള റിപ്പോര്‍ട്ടിലെ നഗമനം. പക്ഷേ, സംശയങ്ങളും അഭ്യൂഹങ്ങളും അതിനുശേഷവും തുടര്‍ന്നു.  

Donald Trump
പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപ്. (Photos: AFP)

കെന്നഡിയടെ വധത്തില്‍ സംശയിക്കപ്പെടുന്നവരുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ടായിരുന്നു. ക്യൂബ, സോവിയറ്റ് യൂണിയന്‍, അമേരിക്കയിലെ ക്യൂബന്‍ വിമതര്‍, അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന് കെന്നഡി അന്ത്യം കുറിക്കുമെന്നു ഭയപ്പെട്ടിരുന്നവര്‍, അമേരിക്കയിലെ ആയുധ നിര്‍മാതാക്കള്‍, കൊലപാതകം നടന്ന ടെക്സസിലെ വലതുപക്ഷ തീവ്രവാദികള്‍, സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാഫിയകള്‍, അമേരിക്കയുടെ സ്വന്തം ചാരവിഭാഗമായ സിഐഎ എന്നിങ്ങനെ വിവിധ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. ഇത്തരമൊരു പട്ടിക ട്രംപിന്‍റെ കാര്യത്തിലും വരുമോയെന്നു നോക്കിയിരിക്കുകയാണ് പലരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS