നിങ്ങള്‍ എന്‍റെ രാജാവല്ല
Mail This Article
"നിങ്ങള്‍ എന്‍റെ രാജാവല്ല. ഇത് എന്‍റെ ഭൂമിയാണ്. ഞങ്ങളുടെ വംശനശീകരണം നടത്തിയവരാണ് നിങ്ങള്‍. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്കു തിരിച്ചുതരണം. ഞങ്ങളില്‍നിന്നു നിങ്ങള്‍ മോഷ്ടിച്ചതെല്ലാം തിരിച്ചുതരണം....നിങ്ങള്‍ ഞങ്ങളുടെ ഭൂമി നശിപ്പിച്ചവരാണ്....".
തിളച്ചുമറിയുന്ന രോഷത്തോടെയുളള ഈ കുറ്റാരോപണം ഓസ്ട്രേല്യയില്‍ നേരിടേണ്ടിവന്നത് ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിനാണ്.
ഓസ്ട്രേലിയയുടെയും ഒരു ഡസനിലേറെ വരുന്ന മറ്റു മുന്‍ ബ്രിട്ടീഷ് കോളണികളുടെയം രാജാവാണദ്ദേഹം. പുതിയ രാജാവ് എന്ന നിലയില്‍ ആദ്യമായി പത്നി കാമില്ലയോടൊപ്പം ഓസ്ട്രേലിയ സന്ദര്‍ശിക്കുകയായിരുന്നു.
കിരീടാവകാശിയായ രാജകുമാരന്‍ എന്ന നിലയില്‍ ചാള്‍സ് നേരത്തെ ഒരു ഡസനിലേറെ തവണ ഓസ്ട്രേലിയ സന്ദര്‍ശിച്ചിരുന്നു. അര്‍ബുദ രോഗത്തിനുളള കീമോതെറപ്പിക്കുശേഷം അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രധാന വിദേശ പര്യടനവുമായിരുന്നു ഇത്.
തലസ്ഥാന നഗരമായ കാന്‍ബറയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബര്‍ 21) പാര്‍ലമെന്‍റിലെ സ്വീകരണത്തിനൊടുവില്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു രാജാവ്. അപ്പോഴാണ് ഒരു വനിതാ സെനറ്റര്‍ (പാര്‍ലമെന്‍റിന്‍റെ ഉപരി സഭയിലെ അംഗം) പ്രത്യക്ഷത്തില്‍ രാജാവിനു നേരെയാണെങ്കിലും ഫലത്തില്‍ ബ്രിട്ടനു നേരെതന്നെ ചെന്നുകൊള്ളുന്ന വിമര്‍ശനത്തിന്‍റെ കൂരമ്പുകള്‍ എയ്തുവിട്ടത്.
മറ്റ് എംപിമാര്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ അവരും സെക്യൂരിറ്റി ഉദ്യോഗസ്ഥരുംകൂടി തളളിപ്പുറത്താക്കി.
ബ്രിട്ടന്‍റെ അനേകം കോളണികളില്‍ ഒന്നായിരുന്ന ഓസ്ട്രലിയ 1901 മുതല്‍ സ്വതന്ത്ര രാജ്യമാണെങ്കിലും ഔപചാരികമായി ഇപ്പോഴും ബ്രിട്ടന്‍റെ അധീനത്തിലാണ്. ബ്രിട്ടനിലെ രാജാവോ രാജ്ഞിയോ ആയിരിക്കും അതിന്‍റെയും രാജാവ് അല്ലെങ്കില്‍ രാജ്ഞി. ഒരു ഗവര്‍ണര്‍ ജനറല്‍ അവരെ പ്രതിനിധീകരിക്കുന്നു.
രാജാവിനു നല്‍കിയ സ്വീകരണത്തില്‍ ബഹളമുണ്ടാക്കിയ ലിഡിയ തോര്‍പ് എന്ന അന്‍പത്തൊന്നുകാരി എംപി ഇതിനു മുന്‍പും വിവാദപരമായ ഒരു രംഗം സൃഷ്ടിച്ചിരുന്നു. വിക്ടോറിയ പ്രവിശ്യയില്‍നിന്നു 2020ല്‍ രണ്ടാം തവണ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമായിരുന്നു അത്. അന്ന് എലിസബത്ത് രാജഞിയുടെ കാലമായിരുന്നു.
സത്യപ്രതിജ്ഞാ വാചകത്തില്‍ 'ഞാന്‍ രാജ്ഞിയോടു കൂറുളളവളായിരിക്കും' എന്ന ഭാഗം അതേപടി വായിക്കാന്‍ ലിഡിയ വിസമ്മതിച്ചു. അതിനു പകരം കോളണിക്കാരിയായ രാജ്ഞിയെന്നു വായിച്ചു. ഒടുവില്‍ അതു സ്വീകരിക്കപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ ശരിയായ രീതിയില്‍തന്നെ വായിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ നേരെയുളള ലിഡിയ തോര്‍പിന്‍റെ പരസ്യവും നാടകീയവുമായ രോഷപ്രകടനം ഓസ്ട്രേലിയ അഭിമുഖീകരിക്കുന്ന രണ്ടു പ്രധാന പ്രശ്നങ്ങളിലേക്കു ലോകശ്രദ്ധയാകര്‍ഷിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്തന്നെ ഓസ്ട്രേലിയയില്‍ ജീവിച്ചിരുന്നുവരുടെ സന്താന പരമ്പരയില്‍പ്പെട്ടവരുടെ പ്രശ്നമാണ് ഇവയിലൊന്ന്. ഇവരെ ആദിവാസികള്‍ എന്ന അര്‍ഥത്തില്‍ അബോറിജിന്‍സ് എന്നു വിളിക്കുന്നു.
ഓസ്ട്രേലിയ ഇനിയും ബ്രിട്ടീഷ് രാജകീയ മേധാവിത്വത്തിനു വിധേയമായി തുടരണമോ, അതല്ല, ഇന്ത്യ ഉള്‍പ്പെടെയുളള മറ്റു മുന്‍ ബ്രിട്ടീഷ് കോളണികളെപ്പോലെ പൂര്‍ണ സ്വതന്ത്രമായ റിപ്പബ്ളിക്കാകണമോ? ഇതാണ് രണ്ടാമത്തെ പ്രശ്നം.
ലോകത്തില്‍ വച്ചേറ്റവും വലിയ ദ്വീപും ഏറ്റവും ചെറിയ ഭൂഖണ്ഡവുമാണ് ദക്ഷിണ ശാന്ത്ര സമുദ്രവും ഇന്ത്യ മഹാ സമുദ്രവും കൂടിച്ചേരുന്ന സ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഓസ്ട്രേലിയ. മുഖ്യദ്വീപിനു പുറമെ കുറേ ചെറിയ അനുബന്ധ ദ്വീപുകളുമുണ്ട്. വെളളക്കാരുടെ രാജ്യമായി കരുതപ്പെടുന്നു.
പക്ഷേ, രാജ്യേത്തിന്‍റെ യഥാര്‍ഥ ഉടമകള്‍ അവരല്ലെന്നും തങ്ങളാണെന്നും അവകാശപ്പെടുകയാണ് ഒുരു ചെറിയ ന്യൂനപക്ഷമായ പ്രത്യേക ജനവിഭാഗം.
ആദിമനിവാസികള്‍ എന്ന അര്‍ഥത്തില്‍ അബോറിജിന്‍സ് എന്നറിയപ്പെടുന്നത് ഇവരാണ്.
"ഇത് എന്‍റെ ഭൂമിയാണ്. ഞങ്ങളുടെ വംശനശീകരണം നടത്തിയവരാണ് നിങ്ങള്‍. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്കു തിരിച്ചുതരണം. ഞങ്ങളില്‍നിന്നു നിങ്ങള്‍ മോഷ്ടിച്ചതെല്ലാം തിരിച്ചുതരണം........നിങ്ങള്‍ ഞങ്ങളുടെ ഭൂമി നശിപ്പിച്ചവരാണ്...." എന്നു ചാള്‍സ് രാജാവിന്‍റെ മുഖത്തു നോക്കി പരസ്യമായി ആക്രോശിച്ച ലിഡിയ തോര്‍പ് എന്ന വനിതാ സെനറ്റര്‍ അവരിലൊരാളാണ്. അത്തരം ആളുകള്‍ നയിക്കുന്ന ചെറു സംഘടനകള്‍ ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലുമുണ്ട്.
രണ്ടര നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ക്യാപ്റ്റന്‍ ജെയിംസ് കുക്കിനെപ്പോലുള്ള സാഹസികരായ ബ്രിട്ടീഷ് നാവികര്‍ ഓസ്ട്രേലിയ കണ്ടെത്തുന്നതിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്തന്നെ അവിടെ മനുഷ്യവാസമുണ്ടായിരുന്നു. കുക്കിനെയും മറ്റും തുടര്‍ന്നെത്തിയ ബ്രിട്ടീഷുകാര്‍ അവിടത്തെ ഫലഭൂയിഷ്ടമായ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി.
പരമ്പരാഗതമായി അവിടെ ജീവിച്ചുവന്നവരുമായി അവര്‍ ഏറ്റുമുട്ടി. പുതിയ ആയുധങ്ങളുമായും സാങ്കേതിക വിദ്യകളുമായും എത്തിയ അവരുമായി യുദ്ധം ചെയ്യുക അതൊന്നുമില്ലാത്ത തദ്ദേശീയര്‍ക്ക് എളപ്പമായിരുന്നില്ല. പല യുദ്ധങ്ങളും അവസാനിച്ചത് കൂട്ടക്കൊലകളിലായിരുന്നു. കാലക്രമത്തില്‍ വെളളക്കാരുടെ എണ്ണം കൂടുകയും തദ്ദേശീയരുടെ എണ്ണം കുറയുകയും ചെയ്തു. ഇപ്പോള്‍ മൂന്നു കോടിയോളം വരുന്ന ജനസംഖ്യയുടെ വെറും 3.8 ശതമാനമാണ് അബോര്‍ജിനുകള്‍.
അവരാണെങ്കില്‍, ഭരണകൂടം ഉള്‍പ്പെടെ മിക്കവാറും എല്ലാവരില്‍നിന്നും കടുത്ത അവഗണനയും വിവേചനവും അനുഭവിച്ചുവരുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും അവരുടെ സ്ഥിതി പരിതാപകരമാണന്നു ഗവണ്‍മെന്‍റിന്‍റെ തന്നെ പക്കലുളള കണക്കുകള്‍ വിളിച്ചുപറയുന്നു. അതിനോടെല്ലാം കൂടിയുളള തിളച്ചുമറിയുന്ന പ്രതിഷേധമാണ് ചാള്‍സ് രാജാവിനോടുളള വനിത എംപിയുടെ കര്‍ക്കശമായ ആക്രോശത്തിലൂടെ പുറത്തുവന്നത്.
ഇതോടെതന്നെ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഓസ്ട്രേലിയ ഇനിയും ബ്രിട്ടീഷ് മേധാവിത്തത്തിനു കീഴില്‍ (ഭരണഘടനാ വിധേയമായ രാജകീയ ഭരണത്തില്‍) തുടരണമോ, അതല്ല ഒരു റിപ്പബ്ളിക്കാകണമോ എന്ന ചോദ്യം. ചുരുങ്ങിയതു ഒന്നേമുക്കാല്‍ നൂറ്റാണ്ടെങ്കിലും പഴക്കമുള്ളതാണ് ഇതു സംബന്ധിച്ച തര്‍ക്കം. മൊണാര്‍ക്കിസ്റ്റുകളും (രാജകീയ ഭരണവാദികളും) റിപ്പബ്ളിക്കന്മാരും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. പോംവഴിയെന്ന നിലയില്‍ ഹിതപരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
പ്രധാന മന്ത്രി ആന്‍റണി ആല്‍ബനീസ് നയിക്കുന്ന ലേബര്‍ പാര്‍ട്ടി റിപ്പബ്ളക്കിനു വേണ്ടി വാദിക്കുന്നവരുടെ കൂടെയാണ്. മുഖ്യ പ്രതിപക്ഷ കക്ഷിയായ ലിബറല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗവും അവരെ അനുകൂലിക്കുന്നു. മറ്റൊരു പ്രമുഖ കക്ഷിയായ ഗ്രീന്‍ പാര്‍ട്ടിയുടെ നിലപാടും വ്യത്യസ്തമല്ല.
ഇവരെല്ലാം ആവശ്യപ്പെട്ടതനുസരിച്ച് 1999ല്‍ ഒരു ഹിതപരിശോധന നടത്തിയിരുന്നു. പക്ഷേ, അതിന്‍റെ ഫലം എല്ലാവരെയും അല്‍ഭുതപ്പെടുത്തുകയാണ് ചെയ്തത്. നിലവിലുളള സ്ഥിതി തുടരണമെന്നായിരുന്നു ജനവിധി. രാജകീയ വാഴ്ചയ്ക്കു ശേഷം നടപ്പാകുന്നത് പാര്‍ലമെന്‍ററി ഭരണരീതിയോ അതല്ല പ്രസിഡന്‍ഷ്യല്‍ രീതിയോ എന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പമായിരുന്നു അതിനൊരു കാരണം.
അതിനുശേഷം 25 വര്‍ഷം കഴിഞ്ഞു. രാജകീയ ഭരണം തുടരണമോ വേണ്ടയോ എന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും ഉടന്‍തന്നെ വീണ്ടുമൊരു ഹിതപരിശോധന നടത്തണമെന്ന ആവശ്യം അധികമാരും ഉയര്‍ത്തുന്നില്ല. അതേസമയം ഓസ്ട്രേലിയയ്ക്കു സമീപമുളള ന്യൂസീലന്‍ഡ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും രാജവാഴ്ചയ്ക്കെതിരായ വികാരം ശക്തിപ്പെട്ടുവരുന്നുമുണ്ട്.
ഏറ്റവുമൊടുവില്‍ ബ്രിട്ടീഷ് മേധാവിത്തത്തില്‍നിന്നു പുറത്തു കടന്നു റിപ്പബ്ളിക്കായത് കരീബിയന്‍ കടലിലെ ദ്വീപ് രാജ്യമായ ബാര്‍ബഡോസാണ്.
2021ല്‍. അതു സംബന്ധിച്ച ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയത് അന്നു കിരീടാവകാശിയായ രാജകുമാരനായിരുന്ന ചാള്‍സായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ തദ്ദേശീയര്‍ക്ക് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍ക്ക് മാപ്പ് പറഞ്ഞുകൊണ്ടായിരുന്നു അവിടെ അദ്ദേഹം ചെയ്ത പ്രസംഗം.